ആയിരം മാസമെന്നാല്‍ എണ്‍പത്തിമൂന്ന് വര്‍ഷവും നാല് മാസവുമാണ്. ഒരു മനുഷ്യന്റെ ശരാശരി ജീവിത കാലത്തിനേക്കാള്‍ ശ്രേഷ്ഠകരമാണ് പ്രസ്തുത രാവെന്നര്ഥം. അല്ലാഹുവിന്റെ അനുഗ്രഹവും, കാരുണ്യവും, സമാധാനവും കൊണ്ട് മാലാഖമാര്‍ വന്നിറങ്ങുന്ന രാവ്. പ്രഭാതം വരെ ശാന്തി അലയടിക്കുന്ന നിമിഷങ്ങള്‍. എത്രയധികം നബി വചനങ്ങളാണ് ഈ രാവിന്റെ മഹത്വത്തെ അടയാളപ്പെടുത്തുന്നത്. റമദാനിന്റെ അവസാന പത്തില്‍ അതിനെ പ്രതീക്ഷിക്കണമെന്നും പ്രവാചകന്(സ) അരുള്‍ ചെയ്തിരിരിക്കുന്നു.
ഈ രാവിനെ അവഗണിക്കുന്നവര്‍ക്ക് താക്കീത് നല്‍കുന്നുണ്ട് റസൂല്‍ കരീം(സ). ലൈലതുല്‍ ഖദ്റിന്റെ കാര്യത്തില്‍ അശ്രദ്ധനായി അതിന്റെ നന്മകള് നിഷേധിക്കപ്പെട്ടവന്ന് ജീവിതത്തില്‍ യാതൊരു നന്മയുമില്ലെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ‘ഈ പുണ്യകരമായ മാസം നിങ്ങള്ക്കെത്തിയിരിക്കുന്നു. ആയിരം മാസങ്ങളേക്കാള്‍ ഉത്തമമായ ഒരു രാവുണ്ട് അതില്‍. അതിന്റെ പുണ്യം നിഷേധിക്കപ്പെട്ടവന്ന് സകല നന്മകളും നിഷേധിക്കപ്പെട്ടിരിക്കുന്നു. എല്ലാം നഷ്ടപ്പെട്ടവന് മാത്രമെ അതിന്റെ നന്മ പാഴാവുകയുള്ളൂ.’
നൂറ് ശതമാനവും ലാഭകരമെന്ന് വിശ്വസിച്ചിരുന്ന ഒരു കച്ചവടം നഷ്ടപ്പെട്ടാല്‍ നാമെത്ര ദുഖിക്കും? അങ്ങനെയുള്ള നാം മുപ്പതിനായിരം മടങ്ങ് ലാഭം ലഭിക്കുന്ന കച്ചവടം നഷ്ടപ്പെടുത്തുന്നതില്‍ എന്ത് കൊണ്ട് പ്രയാസമനുഭവിക്കുന്നില്ല? ലൈലതുല്‍ ഖദര്‍ എപ്പോള്‍? റമദാനിലാണെന്നതില് സംശയമില്ല. കാരണം വിശുദ്ധ വേദം അവതരിപ്പിക്കപ്പെട്ട രാവാണല്ലോ അത്. ഖുര്‍ആന്‍ അവതരിച്ചത് റമദാനിലാണെന്നത് ഖുര്‍ആനിന്റെ തന്നെ സാക്ഷ്യമാണ്. (അല്‍ ബഖറ : 185)
റമദാനിലെ അവസാന പത്ത് ദിനങ്ങളിലാണ് അതിന്റെ സ്ഥാനമെന്ന് പ്രവാചക വചനങ്ങള്‍ സൂചിപ്പിക്കുന്നു. ആഇശ(റ) പറയുന്നു. നബി തിരുമേനി(സ) റമദാനിലെ അവസാന പത്തില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അദ്ദേഹം പറയും. ‘റമദാന്റെ അവസാന പത്തില്‍ നിങ്ങള്‍ ലൈലതുല്‍ ഖദര്‍ തേടുക.’ അവയില്‍ തന്നെ ഒറ്റയായ രാവുകളിലാണ് ഇതെന്നും ചില നിവേദനങ്ങള്‍ സൂചിപ്പിക്കുന്നു.
റമദാന്റെ ആരംഭം വിവിധ രാഷ്ട്രങ്ങളില്‍ വ്യത്യസ്തമായിരിക്കും. അതിനാല്‍ തന്നെ ഒറ്റയായ രാവുകള്‍ അവിടങ്ങളില്‍ വ്യത്യസ്തമായിരിക്കും. അതിനാല്‍ അവസാന പത്ത് ദിനങ്ങളിലെല്ലാം അവ തേടണമെന്നതാണ് സൂചന. അവസാന പത്തില്‍ തന്നെ രാവുകളില്‍ തന്നെ ഒടുവിലത്തെ ഏഴ് ദിനങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയുണ്ടെന്ന് ഇബ്നു ഉമര്‍(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസ് വ്യക്തമാക്കുന്നുണ്ട്. റമദാനിലെ ഇരുപത്തേഴാം രാവിലാണ് ലൈലതുല്‍ ഖദര്‍ എന്നാണ് ഇബ്നു അബ്ബാസ്, ഉബയ്യ് ബിന്‍ കഅ്ബ്(റ) തുടങ്ങിയ സഹാബാക്കളുടെ അഭിപ്രായം. ഉബയ്യ്(റ) ഇക്കാര്യത്തില്‍ ആണയിട്ടിരുന്നു. മഹാഭൂരിപക്ഷം മുസ്ലിംകളുടെ അടുത്തും ഇത് പ്രശസ്തമായിരിക്കുന്നു. ചിലയാളുകള്‍ ഈ രാത്രി ഔദ്യോഗികമായി ആഘോഷിക്കാറ് പോലുമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഉറപ്പില്ല എന്നതാണ് സത്യം. ലൈലതുല്‍ ഖദ്റിന്റെ കാര്യത്തില്‍ ധാരാളം അഭിപ്രായങ്ങളുണ്ട്. എത്രത്തോളമെന്നാല്‍ ഈ വിഷയത്തില്‍ നാല്പത്തിയാറോളം അഭിപ്രായങ്ങളുണ്ട് എന്നാണ് ഹാഫിള് ഇബ്നു ഹജര്‍ പറയുന്നത്. അവസാന പത്തിലെ ഒറ്റയായ രാവുകളിലാണ് എന്നത് അവയില്‍ മുന്‍ഗണനയര്‍ഹിക്കുന്ന അഭിപ്രായമാണ്.
രഹസ്യമാക്കിയതിലെ യുക്തി
ലൈലതുല്‍ ഖദറിന്റെ യഥാര്‍ഥ സമയം നമ്മില്‍ നിന്ന് മറച്ച് വെച്ചത് അല്ലാഹുവിന്റെ അങ്ങേയറ്റത്തെ യുക്തിയെയാണ് കുറിക്കുന്നത്. നാം ആ രാവിനെക്കുറിച്ച് നിര്‍ണിതമായി മനസ്സിലാക്കിയിരുന്നുവെങ്കില്‍ പരിശുദ്ധ റമദാനെ ഇത്രയധികം പരിഗണനയോടെ സ്വീകരിക്കുമായിരുന്നില്ല. മറിച്ച് ആ രാവില്‍ മാത്രം ആരാധനകളര്‍പ്പിച്ച് കഴിഞ്ഞ് കൂടുമായിരുന്നു. അതിനാല്‍ തന്നെ അവയെ രഹസ്യമാക്കി വെച്ചത് ഈ മാസം മുഴുവന്‍ കഠിനാധ്വാനം ചെയ്യാനുള്ള കാരണമായി. മാത്രമല്ല അതില്‍ തന്നെ അവസാന പത്തില്‍ കൂടുതല്‍ പരിഗണന നല്‍കുന്നതിനും അത് വഴിവെച്ചു. ഇതില്‍ വ്യക്തിക്കും സമൂഹത്തിനും ധാരാളം നന്മയുണ്ട്.
ജുമുഅ ദിനത്തില്‍ പ്രാര്‍ത്ഥന സ്വീകരിക്കുന്ന സമയം അല്ലാഹു മറച്ച് വെച്ചതും ഇതുപോലെയാണ്. ആ ദിവസം മുഴുവന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതിന് വേണ്ടിയാണത്. അല്ലാഹു ഇഷ്ടപ്പെട്ട അവന്റെ നാമം അവന് മറച്ച് വെച്ചു. എല്ലാ നാമങ്ങളിലും അവനെ വിളിക്കുന്നതിന് വേണ്ടിയാണത്. ഇമാം ബുഖാരി ഉബാദത് ബിന്‍ സാമിതി(റ)ല്‍ നിന്നും ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു. ‘ പ്രവാചകന് തിരുമേനി(സ) ഞങ്ങള്‍ക്ക് ലൈലതുല്‍ ഖദ്ര് നിര്‍ണയിച്ച് തരുന്നതിന് വേണ്ടി പുറപ്പെട്ടു. അപ്പോഴുണ്ട് മുസ്ലിംകളിലെ രണ്ട് പേര് പരസ്പരം തര്‍ക്കിക്കുന്നു. അതുകണ്ട പ്രവാചകന് പറഞ്ഞു. ‘ലൈലതുല്‍ ഖദര്‍ നിങ്ങള്‍ക്ക് അറിയിച്ച് തരുന്നതിന് വേണ്ടിയാണ് ഞാന്‍ പുറപ്പെട്ടത്. പക്ഷെ അപ്പോഴുണ്ട് രണ്ട്പേര് പരസ്പരം ശണ്ഠ കൂടുന്നു. അപ്പോഴത് എന്നില്‍ നിന്നും ഉയര്‍ത്തപ്പെട്ടു. ഒരു പക്ഷെ അത് നിങ്ങള്‍ക്ക് നന്മയായേക്കും.’
ലൈലതുല്‍ ഖദറിന്റെ അടയാളങ്ങള്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ അവയില്‍ മിക്കതും രാവ് കഴിഞ്ഞതിന് ശേഷം വെളിവാകുന്നവയാണ്. ഉദാഹരണമായി അതിന്റെ പ്രഭാതത്തില്‍ സൂര്യന് കിരണങ്ങളില്ലാതെ പ്രത്യക്ഷപ്പെടും. അല്ലെങ്കില്‍ ദുര്‍ബലമായ ചുവപ്പ് കിരണത്തോട് കൂടി. മഴയും കാറ്റുമുള്ള രാത്രിയായിരിക്കുമത്. ശക്തമായ ചൂടോ തണുപ്പോ ഉണ്ടാവില്ല. ഇവയെല്ലാം ഇമാം ഹാഫിള് ഇബ്നു ഹജര്‍ അദ്ദേഹത്തിന്റെ ഫത്ഹുല്‍ ബാരിയില്‍ ഉദ്ധരിച്ചതാണ്. ഈ അടയാളങ്ങള്‍ പോലും അതിനെ നിര്ണയിക്കുവാന് പര്യാപ്തമല്ല. കാരണം ലൈലതുല്‍ ഖദ്ര് കേവലം ഒരു രാഷ്ടത്തിന് അല്ലല്ലോ. മഴയോ, കാറ്റോ ഇല്ലാത്ത ചില അറബ് രാഷ്ട്രങ്ങളുണ്ട്. മഴ ലഭിക്കുന്നതിന് നമസ്കരിക്കുന്നവരുണ്ട് അവരില്‍. ചൂടും തണുപ്പും ഇപ്രകാരം തന്നെ. അതിനാല്‍ തന്നെ ഈ അടയാളങ്ങള്‍ ഒരിക്കലും യോജിച്ച് വരണമെന്നില്ല.
ലൈലതുല്‍ ഖദ്ര് അത് ആഗ്രഹിക്കുന്നവര്‍ക്ക് മാത്രം ലഭിക്കുന്ന മഹത്വമാണ്. അല്ലാഹുവിന്റെ അടുക്കലുള്ള പ്രതിഫലയും നന്മയും കാംക്ഷിക്കുന്നവര്ക്കാണത്. അനുസരണത്തിന്റെയും അനുഷ്ഠാനത്തിന്റെയും, നമസ്കാരത്തിന്റെയും പ്രാര്‍ത്ഥനയുടെയും സല്‍ക്കര്‍മങ്ങളുടെയും രാവാണത്.
വിവ : അബ്ദുല്‍ വാസിഅ് ധര്‍മഗിരി