ദുഖം എന്നത് മനുഷ്യസഹജമായ ഒരു ജൈവികവികാരമാണ്. ഏതെങ്കിലുമൊരു പ്രശ്നത്തിന്റെ പേരില്‍ ദുഖമനുഭവിക്കാത്തവരോ മാനസികപ്രയാസമനുഭവിക്കാത്തവരോ ആയി നമ്മില്‍ ആരുമുണ്ടാവില്ല. എന്നാല്‍ നമ്മെ മദിച്ചുകൊണ്ടിരിക്കുകയും നമ്മെ അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്ന ഈ ദുഖങ്ങളുടെ കാരണം എന്താണ്? ദാരിദ്ര്യത്തിന്റെ പേരില്‍, സന്താനഭാഗ്യമില്ലാത്തതിന്റെ പേരില്‍, രോഗത്തിന്റെ പേരില്‍, ഉറ്റവരുടെ മരണത്തിന്റെ പേരില്‍, വീടില്ലാത്തതിന്റെ പേരില്‍, കച്ചവടം നഷ്ടമായതിന്റെ പേരില്‍…..ഇങ്ങനെ വ്യത്യസ്ത കാരണങ്ങളാല്‍ ദുഖിക്കുന്നവരുണ്ട്. ഭൗതികമായ ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും കേന്ദ്രീകരിച്ചാണ് മനുഷ്യരുടെ ദുഖങ്ങള്‍ പ്രധാനമായും നിലകൊള്ളുന്നത് എന്നു നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ ഈ ഭൗതികമായ ദുഖങ്ങള്ക്കപ്പുറത്ത് ആത്മീയമായതും ഇസ് ലാമികമായതുമായ വല്ല ദുഖവും നമ്മെ വേട്ടയാടുന്നുവോ എന്നാണ് തൗബ സൂറയിലെ 92-ാം വാക്യം നമ്മോട് ചോദിക്കുന്നത്.
ആത്മീയമായ ദുഖം എന്താണ്, ഇസ് ലാമികമായ വ്യസനം ഏതുരീതിയില്‍ എന്നതിനെ കുറിച്ച് നമുക്ക് സംശയങ്ങളുണ്ടാവാം. ആരാധനകളില്‍ നിഷ്ഠ പുലര്‍ത്താന്‍ കഴിയാത്തതിന്റെ പേരില്‍, പരിശുദ്ധ ഖുര്‍ആന്‍ റമദാനില്‍ ഒരാവര്‍ത്തി പാരായണം ചെയ്യാന്‍ കഴിയാത്തതിന്റെയോ പഠിക്കാന്‍ സാധിക്കാതെ വരികയോ ചെയ്തതിന്റെ പേരില്‍, സംഭവിച്ച വീഴ്ചകളുടെ പേരിലെല്ലാമുള്ള ദുഖം നമ്മെ വേട്ടയാടുന്നുണ്ടോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഭൗതികമായ കാരണങ്ങളുടെ പേരില്‍ ദുഖിക്കരുത് എന്ന് ഇസ് ലാം പറയുന്നില്ല. ഖദീജ ബീവിയും അബൂത്വാലിബും മരണപ്പെട്ട വര്‍ഷം പ്രവാചക ജീവിതത്തില്‍ ആമുല്‍ ഹുസ്ന് അഥവാ ദുഖ വര്‍ഷമെന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഈ വര്‍ഷത്തില്‍ പ്രവാചകന് ഏറെ ദുഖിച്ചതിന്റെ പേരിലാണ് ദുഖവര്ഷമെന്ന് അറിയപ്പെട്ടിട്ടുള്ളത്. ഇത് മനുഷ്യസഹജവുമാണ്. എന്നാല്‍ ഇതിനിടയില്‍ ആത്മീയമായ മറ്റുവല്ല ദുഖവും നമ്മെ മദിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. പ്രവാചകന് പഠിപ്പിച്ചു : ‘നിന്റെ നന്മകള് നിന്നെ സന്തോഷിപ്പിക്കുകയും തിന്മകള് ദുഖിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ നീയാണ് വിശ്വാസി’. ഇവിടെ ഒരാളില്‍ വിശ്വാസമുണ്ട് എന്നതിന്റെ ലക്ഷണം വിശദീകരിക്കുകയാണ് പ്രവാചകന്. നാം ചെയ്ത നന്മയില് ഒരു സന്തോഷവും അനുഭവപ്പെടുന്നില്ലെങ്കില്‍ നമ്മുടെ ഈമാനിന് എന്തോ കുറവ് ഉണ്ട് എന്ന് നാം മനസ്സിലാക്കണം. ഇസ് ലാമിക മാര്‍ഗത്തിലുള്ള പ്രവര്‍ത്തനത്തിന്റെ പേരില്‍ തീര്‍ച്ചയായും ഒരു വിശ്വാസിക്ക് സന്തോഷവും സംതൃപ്തിയും ലഭിക്കേണ്ടതുണ്ട്. അതോടൊപ്പം നമ്മുടെ പാപങ്ങളും വീഴ്ചകളും നമ്മെ ദുഖിപ്പിക്കുന്നത് വിശ്വാസത്തിന്റെ ലക്ഷണമായി പ്രവാചകന് നമ്മെ പഠിപ്പിക്കുന്നുണ്ട്. ഇതു തന്നെയാണ് ആത്മീയമായ ദുഖം.
ഭൗതികമായ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും സംബന്ധിച്ച ദുഖങ്ങള്‍ മാത്രം കണ്ടുശീലിച്ച നമുക്ക് മുമ്പില്‍ ദുഖത്തിന്റെ തികച്ചും വ്യത്യസ്തമായ ഒരു മുഖം തൗബയിലെ ഈ ആയത്തിലൂടെ അല്ലാഹു അവതരിപ്പിക്കുന്നു. ഈ ആയത്ത് അവതീര്‍ണമാകുന്നത് തബൂക്ക് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ്. ഇസ് ലാമിക ചരിത്രത്തിലെ സുപ്രധാനമായ ഒരു സംഭവമായിരുന്നു തബൂക്ക് യുദ്ധം. ഇസ് ലാം ഏറ്റവും വലിയ വെല്ലുവിളി അഭിമുഖീകരിച്ചതും ഈ യുദ്ധത്തിലായിരുന്നുവല്ലോ. അതുവരെയും പ്രവാചകനും അനുചരന്മാര്ക്കും നേരിടേണ്ടിവന്നിട്ടുള്ളത് മക്കയിലെ ഗോത്രങ്ങളോടും മദീനയിലെ ജൂതന്മാരോടൊക്കെയായിരുന്നു. അല്ലെങ്കില്‍ ആ സഖ്യകക്ഷികളെല്ലാം സംഘടിച്ചുവന്ന യുദ്ധമായിരുന്നു അഹ്സാബ്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി അന്ന് ലോകത്തെ ഏറ്റവും വലിയ സൈനിക-സാമ്രാജ്യത്വ ശക്തിയായ റോമയോടായിരുന്നു തബൂക്കില്‍ പ്രവാചകന് നേരിടാനുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ സൈന്യങ്ങളുളള റോമന്‍ സൈന്യത്തെയാണ് പ്രവാചകന് നേരിടാനുണ്ടായിരുന്നത്. മാത്രമല്ല, മദീന കടുത്ത ക്ഷാമവും വരള്‍ച്ചയും അനുഭവിക്കുന്ന ഒരു സന്ദര്‍ഭവുമായിരുന്നു. ഒരു യുദ്ധത്തിനൊരുങ്ങാന്‍ പറ്റുന്ന ഭൗതികവും മാനസികവുമായ സാഹചര്യം മുസ് ലിംകള്ക്കില്ലായിരുന്നു. ഈ യുദ്ധത്തില്‍ പങ്കെടുക്കുന്നത് ആത്മഹത്യാപരമാണ്, ജീവന് വെടിയുന്നതാണ്. അതിനാല്‍ വ്യത്യസ്ത കാരണങ്ങള്‍ ബോധിപ്പിച്ചുകൊണ്ട് മദീനയിലെ കപടവിശ്വാസികള്‍ പ്രവാചകനോട് വിടുതല്‍ ചോദിക്കുന്നു. ചോദിച്ചവര്‍ക്കൊക്കെ പ്രവാചകന് അനുവാദവും കൊടുത്തു. നബി ഇളവ് കൊടുത്തപ്പോള്‍ സന്തോഷത്തോടെ അവര്‍ അവരുടെ വീടുകളിലേക്ക് മടങ്ങുകയും ചെയ്തു.
എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ആത്മാര്‍ഥമായി അധ്വാനപരിശ്രമങ്ങളിലേര്പ്പെടുന്ന ഒരു പറ്റം ദരിദ്രരായ സത്യവിശ്വാസികള്‍ അവിടെയുണ്ടായിരുന്നു. വര്‍ഷങ്ങളായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടിയ ഞങ്ങള്‍ക്ക് ഇസ് ലാമും കുഫ്റും തമ്മില്‍ പോരാടുന്ന നിര്‍ണായകമായ ഈ തബൂക്ക് യുദ്ധത്തില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ക്കനുമതി വേണം എന്നായിരുന്നു അവരുടെ ആവശ്യം. പക്ഷെ, അവരെ തബൂക്കിലേക്ക് കൊണ്ടു പോകാനുള്ള വാഹനസൗകര്യവും ഭൗതിക സാഹചര്യവും പ്രവാചകന്റെയടുക്കലില്ലാത്തതിനാല് പ്രവാചകന് അവരോട് ആവശ്യപ്പെട്ടു. നിങ്ങള്‍ വരേണ്ടതില്ല. നിങ്ങള്‍ നിങ്ങളുടെ വീടുകളിലേക്ക് തിരിച്ചു പോയ്ക്കോളൂ, അര്‍ഹമായ പ്രതിഫലം അല്ലാഹു നിങ്ങള്‍ക്ക് നല്‍കും എന്ന് പ്രവാചകന് അവരോട് പറഞ്ഞു. എന്നാല്‍ പ്രവാചകന് അവരെ തിരിച്ചയച്ചപ്പോള്‍ സന്തോഷിച്ചുകൊണ്ടല്ല അവര്‍ വീട്ടിലേക്ക് തിരിച്ചുപോയതെന്ന് വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നു. ‘പ്രവാചകരേ, ഞങ്ങളെ കൂടി സൈന്യത്തില്‍ ചേര്‍ത്തുകൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിക്കാന്‍ അവസരം തേടിയെത്തിയ വിഭാഗമുണ്ടല്ലോ, നിങ്ങളെ കൊണ്ടുപോകാന്‍ ഒരു വഴിയും എന്റെ മുന്നിലില്ല എന്ന് പറഞ്ഞുകൊണ്ട് താങ്കള്‍ അവരെ തിരിച്ചയച്ചപ്പോള്‍ അവരുടെ കണ്ണുകളില്‍ നിന്ന് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഞങ്ങള്‍ക്കൊന്നും സമര്‍പ്പിക്കാന്‍ സാധിച്ചില്ലല്ലോ എന്ന അങ്ങേയറ്റത്തെ ദുഖഭാരത്താല്‍ കണ്ണുനീര് ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു. ഈ വെല്ലുവിളികളില്‍ നിന്ന് ഞങ്ങള്‍ രക്ഷപ്പെട്ടല്ലോ എന്ന സന്തോഷമായിരുന്നില്ല അവര്‍ക്കുണ്ടായിരുന്നത് എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ഇതായിരുന്നു അവര്‍ അനുഭവിച്ച ആത്മീയമായ ദുഖം. ഭൗതികമായ ആഗ്രഹങ്ങള്‍ക്കപ്പുറത്ത് ഇസ് ലാമികമായ ദുഖം അനുഭവിക്കാന്‍ നമുക്ക് സാധിക്കുമ്പോഴാണ് നമ്മുടെ ഈമാന്‍ പൂര്‍ത്തിയാകുന്നത്.
പ്രവാചകന് പറഞ്ഞു : നിങ്ങളുടെ ഐഹിക കാര്യങ്ങളില്‍ നിങ്ങളേക്കാള്‍ മുകളിലേക്ക് നോക്കരുത്. മറ്റൊരു ഹദീസില്‍ പ്രവാചകന് വിശദീകരിച്ചു : ആരെങ്കിലും ദീനിന്റെ കാര്യത്തില്‍ തന്നെക്കാള്‍ താഴെയുള്ളവനിലേക്ക് നോക്കി തൃപ്തിയടയുകയും ദുനിയാവിന്റെ കാര്യത്തില്‍ തന്നെക്കാള്‍ മുകളിലുള്ളവരിലേക്ക് നോക്കിയിട്ട് ദുഖിക്കുകയും ചെയ്യുന്നവന് അല്ലാഹുവിന്റെയടുത്ത് നന്ദികെട്ടവനും അക്ഷമനുമാണ്’. ഈ ഹദീസിലൂടെ നമ്മുടെ ദുഖത്തിന്റെ മാനദണ്ഡമെന്താകണമെന്നാണ് പ്രവാചകന്(സ) പഠിപ്പിക്കുന്നത്. പരിശുദ്ധ റമദാനിന്റെ അനുഗ്രഹീത രാവുകളില്‍ ഇത്തരത്തിലുള്ള ആത്മീയമായ ദുഖം നമ്മെ വേട്ടയാടേണ്ടതുണ്ട്.
പ്രവാചകന് പറഞ്ഞു : അല്ലാഹു ചിരിക്കുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. ഹംസാ(റ)വും അദ്ദേഹത്തിന്റെ കരള്‍ പറിച്ചു ഹിന്ദിന് കൊടുത്ത വഹ്ശിയും ഒന്നിച്ചുവരുന്ന സന്ദര്‍ഭം അത്തരത്തിലുള്ളതാണ്. കൊല്ലപ്പെട്ടവനും കൊലയാളിയും ഒന്നിച്ചു സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന സന്ദര്‍ഭം. വഹ്ശിക്ക് ഹംസ പ്രവേശിക്കുന്ന സ്വര്‍ഗത്തില്‍ കടക്കാനായത് അദ്ദേഹം തന്റെ തെറ്റില്‍ ആത്മാര്‍ഥമായി ദുഖിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു പശ്ചാത്തപിച്ചതിനാലാണ്. ഇത്തരത്തില്‍ ആത്മപരിശോധനയും ആത്മദുഖവും അനുഭവിക്കുന്നവരാകാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. അല്ലാഹു അതിന് നമ്മെ അനുഗ്രഹിക്കട്ടെ.