പകയ്ക്ക് വേണം നോമ്പ്; വിദ്വേഷത്തിനും
നന്മയും സ്നേഹവും സൗഹാർദവും പുലരുന്ന മാസമാണ് റമദാൻ. നാം ശരിക്കും നോമ്പെടുക്കുന്നവരെങ്കിൽ പകകളിൽ നിന്നും
മുക്തമാവണം നമ്മുടെ പകലിരവുകൾ . ഭക്ഷണവും വെള്ളവും കാമവും ഉപേക്ഷിക്കുന്നതു പോലെ എല്ലാ പാപങ്ങളിൽ നിന്നും തിന്മകളിൽ നിന്നും നോമ്പെടുക്കുവാൻ കഴിയുന്നതാവണം നമ്മുടെ നോമ്പ്. അഥവാ പകമുക്ത ജീവിതത്തിന് നമ്മെ പ്രാപ്തരാക്കുന്നതാവണം നമ്മുടെ നോമ്പ്.
പക/ വിദ്വേഷമില്ലാത്ത ജീവിതമാണ് യഥാർഥ നോമ്പ്. ആ വലിയ നോമ്പിനു വേണ്ടി നമ്മെ സജ്ജരാക്കാൻ കഴിയുന്ന ചെറിയ നോമ്പാണ് ഈ മാസം നാം ശീലിക്കുന്നത്.’പക’ ഒരു തീക്കനലാണ്. ചൂട് കൂടുന്തോറും അതിന്റെ കാഠിന്യവും കൂടും. വിദ്വേഷം ,വൈരം, വെറുപ്പ്
എന്നിവ നെഞ്ചിനെ നെരിപ്പോടാക്കും. അതിനെ തണുപ്പിക്കാനുള്ള ചാറ്റൽ മഴപോലെ നോമ്പിനെ പരിവർത്തിപ്പിക്കാനാവണം. “ഒരു പൊരി മതി എല്ലാം ഒടുങ്ങാൻ , ഒരു ചിരി മതി എല്ലാം ഒതുങ്ങാൻ” എന്ന് പറയുന്നത് വെറുതെയല്ല. പകയുടെ ഒരു പൊരി കൊണ്ട് നോമ്പ് മാത്രമല്ല; നമ്മുടെ സകല നന്മകളും സന്തോഷവും സമാധാനവും കെട്ടടങ്ങും. വീട്ടിൽ വരുന്ന സാധുക്കളായ യാചകരോട് ഒന്നു പുഞ്ചിരിച്ചു നോക്കൂ. അതവരെ ഉന്മേഷഭരിതരാക്കുന്നു. കാലങ്ങളേറെയായി മങ്ങിയ സൗഹൃദങ്ങളെ തെളിച്ചമുള്ളതാക്കാൻ ഈ മാസത്തിൽ നമുക്കാവണം. വെറുമൊരു മൊബൈൽ കോൾ കൊണ്ട് നന്നാവില്ലെന്ന് തോന്നിയാൽ മുഖാമുഖമുള്ള സംസാരം കൊണ്ട് ആ ബന്ധങ്ങളെ തിരിച്ചു പിടിക്കാൻ നമുക്ക് സാധിക്കും.
റമദാന്റെ പകലിൽ ഭക്ഷണം ഉപേക്ഷിച്ച് സഹോദരന്മാരുടെ പച്ചമാംസം തിന്നുകയും, മദ്യപാനം ഒഴിവാക്കുകയും, വായെടുത്താൽ കള്ളം പറയുകയും ,പുറമെ ചിരിച്ച് കാണിച്ച് ഉള്ളിലൂടെ വഞ്ചന കാണിക്കുകയും എന്തോ കാര്യത്തിന് പിണങ്ങിയ ആളുകളോട് അതിക്രമം കാണിക്കുകയും ചെയ്യുന്ന നോമ്പുകാരന് കർമശാസ്ത്ര പരമായ നോമ്പുണ്ടായാലും ധർമശാസ്ത്ര പരമായി നോമ്പില്ല എന്ന് ഉറപ്പിച്ച് പറയാൻ കഴിയും.
കള്ളം പറയുന്നതിൽ നിന്നും ഒരു പരിധിവരെ സൂക്ഷിക്കുന്ന വിശ്വാസികൾ പകയിൽ നിന്നും വിദ്വേഷത്തിൽ നിന്നും പരദൂഷണത്തിൽ നിന്നും കുശുകുശുപ്പിൽ നിന്നും വഞ്ചനയിൽ നിന്നും രഹസ്യമായും പരസ്യമായും ആളുകളെ ഉപദ്രവിക്കുന്നതിൽ നിന്നും വിട്ടു നില്ക്കാൻ ബോധപൂർവ്വം ശ്രമിക്കേണ്ടതുണ്ട്. ഈ നിയന്ത്രണത്തിന്റെ / ഇംസാകിന്റെ പേരാണ് സ്വിയാം / നോമ്പ്. റമദാൻ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും മാസമായി ആചരിക്കാൻ കഴിയണം. സൗഹൃദ ഇഫ്ത്വാർ മേശവട്ടങ്ങളിൽ അവസാനിക്കുന്നതാവരുത് ആ നന്മകൾ . വിമർശനങ്ങളെ സ്വാഗതം ചെയ്യുന്ന
വിശാലമായ നെഞ്ചകവും ശത്രുക്കളോട്പോലും അനുവർത്തിക്കുന്ന മൃദുവായ നാവും കലഹങ്ങളിൽ നിന്നും തിന്മകളിൽ നിന്നും അകന്നു നിൽക്കുന്ന പ്രകൃതവുമാണ് വാസ്തവത്തിൽ നബി പഠിപ്പിച്ച ഇന്നീ സ്വാഇമുൻ ( ഞാൻ നോമ്പുകാരനാണ് ) എന്ന പ്രഖ്യാപനം.
മറ്റുള്ളവരുടെ ആഭ്യന്തര വിഷയങ്ങളിൽ കൈകടത്തുന്നതിൽ നിന്നും വിട്ടു നിൽക്കാൻ പഠിപ്പിക്കുന്ന പാഠങ്ങൾ നോമ്പ് നമുക്ക് നല്കണം.
പരദൂഷണത്തിൽ നിന്നും നുണകളിൽ നിന്നും, അപരനെ ഇകഴ്ത്തുന്നതിൽ നിന്നും, മറ്റുള്ളവരിൽ തിന്മ ആരോപിക്കാൻ പ്രേരിപ്പിക്കുന്ന അന്ധമായ അഹങ്കാരങ്ങളിൽ നിന്നും നമുക്ക് വ്രതമനുഷ്ഠിക്കാനാവണം. ഹൃദയങ്ങളുടെ സ്വാർത്ഥതയിൽ നിന്നും ഞാനെന്ന ഭാവത്തിൽ നിന്നും വിദ്വേഷത്തിൽ നിന്നും കാപട്യത്തിൽ നിന്നും മുക്തമായ നോമ്പ് സാധ്യമല്ലെങ്കിൽ നാം എത്ര നോമ്പ് പിടിച്ചിട്ടെന്ത് ?! എത്ര നിന്ന് നമസ്ക്കരിച്ചിട്ടെന്ത് ?! എല്ലാം വെറും പുക .
📲 വാട്സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1