റമദാനെ മനോഹരമാക്കുന്ന എട്ട് കാര്യങ്ങൾ
റമദാൻ മാസത്തിലെ ആരാധനകൾ നിർവഹിക്കുന്നത് ചിലർക്ക് പ്രയാസമായി അനുഭവപ്പെടാറുണ്ട്. റമാദാനിലെ മിക്ക ആരാധനകളും പതിവായ ആരാധനകളല്ലെന്നത് തന്നെയാണ് കാരണം. സ്ഥിരമായി വ്രതമെടുക്കുന്നതോ ദിവസത്തിന്റെ വിലയൊരു സമയം ഖുർആൻ പാരായണത്തിൽ മുഴുകുന്നതോ പതിവില്ല. ഫർള് നമസ്കരാങ്ങൾക്കപ്പുറം തറാവീഹ് എന്ന ദീർഘ നമസ്കാരമില്ല. രാപകലുകളിൽ പ്രത്യേകമായ ദിക്റുകൾ, സ്വദഖകൾ… അങ്ങനെ നീളുന്ന റമദാനിലെ പ്രത്യേകമായ ആരാധനാ കർമങ്ങൾ.
പതിവില്ലാത്തതിനാൽ തന്നെ ഈ ആരധനാ കർമങ്ങൾ പലർക്കും പൂർണമായ രീതിയിൽ നിർവഹിക്കാൻ സാധ്യമാകാറില്ല. ചിലർ റമദാനെ വ്രതത്തിലും ഫർള് നമസ്കാരങ്ങളിലും മാത്രമായി ചുരുക്കും. റമദാനാണെങ്കിൽ വ്യത്യസമായ ആരാധനാ കർമങ്ങളെ തേടുന്ന മാസമാണു താനും. അതുകൊണ്ട് റമദാൻ മാസത്തിൽ പ്രത്യേകമായ ആരാധനാ കർമങ്ങളെ ശക്തിപ്പെടുത്താൻ സഹായകമാകുന്ന ചില കാര്യങ്ങളുണ്ട്:
1 അല്ലാഹുവിനോടുള്ള സഹായാഭ്യാർഥന: ആരാധന അല്ലാഹുവിന് മാത്രമായതുകൊണ്ട് അവനോട് തന്നെ സഹായമഭ്യർഥിക്കുക. ആരാധനാ കർമങ്ങൾ നിർവഹിക്കുന്നതിൽ പ്രയാസങ്ങൾ അനുഭവിക്കുമ്പോഴെല്ലാം അത് അകറ്റിനൽകുവാൻ അവനിലേക്ക് കരങ്ങളുയർത്തുക. ആരാധനയിൽ സഹായം തേടി തിരുനബിയും സ്വഹാബത്തും അല്ലാഹുവിനോട് പ്രാർഥിക്കാറുണ്ടായിരുന്നു. മുആദ് ബ്നു ജബൽ നിവേദനം ചെയ്യുന്നു: തിരുനബി(സ്വ) മുആദിന്റെ കൈപിടിച്ചുകൊണ്ട് പറഞ്ഞു: ‘ഓ മുആദ്, അല്ലാഹുവാണ് സത്യം, എനിക്ക് നിന്നെ വല്ലാത്ത ഇഷ്ടമാണ്. നിനക്ക് നന്നായി ഇബാദത്ത് ചെയ്യാനും സ്മരിക്കാനും അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കാനും അല്ലാഹുവേ നീയെന്നെ സഹായിക്കണേ എന്ന് ഓരോ നമസ്കരാത്തിന് ശേഷവും പ്രാർഥിക്കാൻ നിന്നോട് ഞാൻ വസ്വിയത്ത് ചെയ്യുന്നു'(നസാഈ, അബൂ ദാവൂദ്).
2- ഇബാദത്ത് കൊണ്ട് അല്ലാഹുവിനെ മാത്രം ലക്ഷ്യം വെക്കുക: താൻ ചെയ്യുന്ന ആരാധന അല്ലാഹുവിന് വേണ്ടിയാണെന്ന് ഓർത്തുകഴിഞ്ഞാൽ ചെയ്യുന്ന ഏത് പ്രവർത്തനവും ലളിതമായി മാറും. ഒരു മനുഷ്യന് വേണ്ടി ഒരാൾ നിർബന്ധിതനായി വഴിപ്പെടുന്നതും അല്ലാഹുവിനെ ലക്ഷ്യം വെച്ച് ആരാധന നിർവഹിക്കുന്നതും തമ്മിലുള്ള വ്യത്യാസം, അല്ലാഹുവിനെ ലക്ഷ്യം വെച്ചുള്ള കർമങ്ങളിൽ പ്രത്യേക ആസ്വാദനം ലഭിക്കുമെന്നതാണ്. കാരണം, സ്നേഹത്തിൽ നിന്നാണത് ഉത്ഭവിക്കുന്നത്. ആ സ്നേഹമാണ് അടിമക്ക് ആ കർമം ലളിതമാക്കിക്കൊടുത്തത്. അതുകൊണ്ടുകൂടിയാണ് തിരുനബി(സ്വ) കൊണ്ടുവന്ന കാര്യങ്ങളെല്ലാം പിന്തുടരുന്നത് അവനോടുള്ള സ്നേഹത്തിന്റെ അടയാളമാക്കി അല്ലാഹു മാറ്റിയത്. അല്ലാഹു പറയുന്നു: ‘നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുണ്ടെങ്കിൽ എന്നെ പിന്തുടരുക; എന്നാൽ അവൻ നിങ്ങൾക്ക് സ്നേഹം വർഷിക്കുകയും പാപങ്ങൾ പൊറുത്തു തരികയും ചെയ്യും'(ആലു ഇംറാൻ: 31).
3 ധർമസമരം: സ്വന്തം ആത്മാവിനോടുള്ള പോരാട്ടമാണ് റമദാനിൽ ആരാധനകളെ ലളിതമാക്കുന്ന മറ്റൊരു കാര്യം. കാരണം, മനുഷ്യൻ സ്വന്തം ശരീരേച്ഛകൾക്കനുസരിച്ച് ശരീരത്തെ വിട്ടുകഴിഞ്ഞാൽ ഒരു ആരാധനയും മനസ്സറിഞ്ഞ് ക്ഷമാപൂർവം ചെയ്യാനാകില്ല. അതിന്റെ ശ്രേഷ്ഠതകൾ നേടാനുമാകില്ല. സ്വന്തം ആത്മാവിനോട് പടയോട്ടം നടത്തുമ്പോൾ അല്ലാഹുവിനോടുള്ള വിധേയത്വത്തിന് അവൻ തന്നെ നമ്മെ സഹായിക്കും. അല്ലാഹു പറയുന്നത് കാണുക: ‘നമ്മുടെ പാന്ഥാവിൽ ധർമസമരമനുഷ്ഠിക്കുന്നവർക്ക് നാം നിശ്ചയം, നേർമാർഗം കാണിച്ചുകൊടുക്കുക തന്നെ ചെയ്യുന്നതാണ്'(അൻകബൂബത്ത്: 69). ധർമസമരം ഒരുതരം രാഷ്ട്രീയ പ്രവർത്തനം തന്നെയാണ്. അന്യനെ ഉപേക്ഷിക്കാതിരികാനും സ്വേച്ഛകളെ പിടിച്ചുനിർത്താനുമുള്ള മാർഗമാണത്. സ്വേച്ഛകൾ നിർബന്ധിതവും പ്രതിഫലാർഹവുമായ എല്ലാ കാര്യങ്ങളിൽ നിന്നും പിന്തിരിപ്പിക്കുമെന്ന് മാത്രമല്ല, നിഷിദ്ധമായ കാര്യങ്ങളിലേക്ക് പ്രേരിപ്പിക്കുകയും ചെയ്യും. ശരീരവും മനസ്സുമെപ്പോഴും വികാരങ്ങൾക്ക് അടിപ്പെട്ടിരിക്കും. ആരാധനകൾ ഉപേക്ഷിക്കാനും തിന്മകൾ ചെയ്യാനും സദാ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അതെല്ലാം മറികടക്കാനാവുകയെന്നതാണ് പ്രധാനം.
മഹാനായ ഇബ്നു ഖയ്യിം പറയുന്നു: പരലോക പാഥേയം തേടിയുള്ള ധർമസമരം നാലു തരത്തിലാണ്;
ഒന്ന്) ശരിയായ ദീനും വഴിയും പഠിച്ചെടുക്കുന്നതിൽ മുഴുകിയുള്ള ധർമസമരം. ആ അറിവില്ലാതെ ഒരുനിലക്കും ഇഹപരവിജയം സാധ്യമാകില്ല. അതിനെക്കുറിച്ചുള്ള അറിവ് നഷ്ടമാകുന്നതോടെ മനുഷ്യൻ ഇരുലോകത്തും പരാജയപ്പെട്ടു പോകുന്നു.
രണ്ട്) ലഭിച്ച അറിവനുസരിച്ച് പ്രവർത്തിച്ചുള്ള ധർമസമരം. പ്രവർത്തനമില്ലാത്ത ജ്ഞാനം അതുകൊണ്ട് ഉപദ്രവമില്ലെങ്കിലും യാതൊരു ഉപകാരവും ലഭിക്കുകയില്ല.
മൂന്ന്) പഠിച്ച അറിവിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള സമരം. അത് അറിയാത്തവർക്ക് പഠിപ്പിച്ചുകൊടുക്കുക. അല്ലായെങ്കിൽ അറിവ് മറച്ചുവെച്ച കുറ്റക്കാരിൽ അകപ്പെട്ടുപോകും. അത് അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുന്ന കാര്യമല്ല.
നാല്) അല്ലാഹുവിലേക്കുള്ള ക്ഷണത്തിലും ജനങ്ങളുടെ പ്രയാസപ്പെടുത്തലുകളിലും തളരാതെ ക്ഷമാപൂർവം നിലകൊണ്ടുള്ള ധർമസമരം. ഈ നാല് രീതിയും പൂർണമായൊരുത്തൻ റബ്ബാനിയുകളിൽ പെട്ടവനായിത്തീരും. ഹഖിന്റെ പൊരുളറിയുകയും അതനുസരിച്ച് പ്രവർത്തിക്കുകയും പഠിപ്പിച്ച് പ്രവർത്തിപ്പിക്കുകയും ചെയ്യുന്നത് വരെ ഒരാൾക്കും ആ പദവി അലങ്കരിക്കാനാകില്ലെന്നത് മുൻകാല പണ്ഡിതന്മാരെല്ലാം ഏകോപിച്ച കാര്യമാണ്. ഒരാൾ ഒരറിവ് നേടുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്താൽ ആകാശലോകത്തും അവന് സ്വീകാര്യതയുണ്ടാകും.
4 ആരാധനകളെല്ലാം കഴിവതും കൂട്ടമായി നിർവഹിക്കുക: മനുഷ്യനൊരു സാമൂഹിക ജീവിയാണ്. തനിക്ക് ചുറ്റുമുള്ളതെന്തും അവനെ സ്വാധീനിക്കും. സമൂഹത്തിലെ ഭൂരിപക്ഷത്തിന്റെ വഴിയേ ആയിരിക്കും അവൻ, നന്മയാണെങ്കിൽ നന്മയും തിന്മയാണെങ്കിൽ തിന്മയും. ജനങ്ങളെല്ലാം അല്ലാഹു നിർദ്ദേശിച്ച രീതിയിൽ ആരാധിക്കുന്നുവെങ്കിൽ അവനും നിർവഹിക്കും. ജനങ്ങളെല്ലാം തെമ്മാടികളാണെങ്കിൽ അവർ ചെയ്യുന്ന ഏതെങ്കിലും നീച പ്രവർത്തിയിൽ അവൻ ഭാഗമാകാതിരിക്കുന്നത് വിരളമായിരിക്കും. അല്ലാഹിവനോടുള്ള വിധേയത്വത്തിൽ മനുഷ്യന് സഹായകമാകുന്ന മാർഗങ്ങളിൽ പ്രധാനമാണ് സംഘമെന്നത്. ഖുർആനിലൂടെയുള്ള ദൈവിക അഭിസംബോധനകളെല്ലാം സംഘങ്ങളെ അഭിമുഖീകരിച്ചാണ്. കൂട്ടമായി ആരാധനാ കർമങ്ങൾ നിർവഹിക്കുന്നതിനെ തിരുനബിയും ഒരുപാട് പ്രോത്സാഹിപ്പിച്ചതാണ്. നമസ്കാരവും ഹജ്ജുമെല്ലാം കൂട്ടമായി നിർവഹിക്കണം. സകാതിലുമുണ്ട് കൂട്ടായ്മയുടെ അന്തരാർഥങ്ങൾ. കുടുംബബന്ധം ചേർക്കൽ അതിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ ഏതൊരു ആരാധനക്ക് ആഗ്രഹിക്കുമ്പോഴും അതെല്ലാം കൂട്ടമായി ചെയ്യാൻ ശ്രമിക്കുക.
മഹാനായ മുഹമ്മദ് ബ്നു വാസിഅ് പറയുന്നു: സ്നേഹിതന്മാരെ കണ്ടുമുട്ടുന്നതിലും നമസ്കാരം കൂട്ടമായി നിർവഹിക്കുന്നതിലും മനോഹരമായ മറ്റൊന്നും ദുനിയാവിലില്ല(ഹിൽയത്തുൽ ഔലിയാഅ്, 4/291). മുഹമ്മദ് ബ്നു മുബാറക് പറയുന്നു: നമസ്കാരത്തിൽ ജമാഅത്ത് നഷ്ടപ്പെട്ടാൽ സഈദ് ബ്നു അബ്ദിൽ അസീസ് കരയുമായിരുന്നു. നമസ്കാരം തന്നെ ഉപേക്ഷിക്കുന്ന നമ്മുടെ അവസ്ഥയെന്താണ്!(6/126). സഈദ് ബ്നു മുസയ്യിബ് പറയുന്നു: അമ്പത് വർഷമായി ഒറ്റതവണയും ഇമാമിനോടൊത്തുള്ള ആദ്യ തക്ബീർ എനിക്ക് നഷ്ടമായിട്ടില്ല(2/163). മുഹമ്മദ് ബ്നു വാസിഅ് ഒരിക്കൽ ചോദിക്കപ്പെട്ടു; ദുനിയാവിൽ ഏത് പ്രവർത്തനമാണ് ഉത്തമമായത്? അദ്ദേഹം പറഞ്ഞു: സ്നേഹിതരോട് കൂട്ടുകൂടൽ. നന്മയുടെ വഴിയിൽ സൗഹൃദം സ്ഥാപിക്കൽ(ഇബ്നു അബിദ്ദുൻയാ, കിതാബുൽ ഇഖാവൻ, പേ. 50).
5 ആരാധനയെ സമയത്തോട് ചേർത്തുവെച്ചു നോക്കുക: തറാവീഹ് നമസ്കാരം ഭാരമായി തോന്നുന്ന ഒരാൾ നിശ്ചിത സമയത്ത് അവന് എത്ര റക്അത്ത് നമസ്കരിക്കാനാകുന്നുണ്ടെന്ന് നോക്കുക. ഖുർആൻ പാരായണം ഭാരമായി തോന്നുന്ന വ്യക്തി നിശ്ചിത സമയത്ത് എത്ര പാരായണം ചെയ്യാൻ സാധിക്കുന്നുവെന്ന് കണക്കുകൂട്ടുക. അവ അരമണിക്കൂറിലും കുറവാണെങ്കിൽ അവൻ ചിന്തിക്കേണ്ടത് തന്റെ ആയുസ്സ് മുഴുവൻ അല്ലാഹുവിന്റെ അനുഗ്രഹമാണ്, എന്നിട്ടും തനിക്കെന്തുകൊണ്ടാണ് ഇതെല്ലാം ഭാരമായി തോന്നുന്നത് എന്നാണ്. തന്റെ സ്വേച്ഛകൾക്ക് പിന്നാലെ താൻ പോകുന്ന സമയവും അല്ലാഹുവിന് വേണ്ടി നീക്കിവെക്കുന്ന സമയവും ഒന്ന് തുലനം ചെയ്ത് നോക്കിയാൽ മാത്രം മതി റമദാനിലെ ഓരോ കർമവും അവന് വളരെ ലളിതമായി അനുഭവപ്പെടും. സമയത്തിലുള്ള ബർക്കത് അത് അല്ലാഹു നൽകുന്നതാണ്. അല്ലാഹു അനുഗ്രഹിച്ചവർക്ക് മാത്രമേ അത് ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താനാകൂ. ഇമാം ദഹബി പറയുന്നു: സ്വദഖ ചെയ്യാത്ത ഒരു മണിക്കൂറും സുലൈമാനുത്തൈമിയെ കടന്നുപോയിട്ടില്ല. സ്വദഖ ചെയ്യുന്നില്ലെങ്കിൽ ഏറ്റവും ചുരുങ്ങിയത് രണ്ട് റക്അത്തെങ്കിലും അദ്ദേഹം നമസ്കരിക്കും(സിയറു അഅ്ലാമിന്നുബലാഅ്: 6/199). മഹാനായ അബൂബക്കർ ബ്നു അയ്യാശ് പറയുന്നു: ഒരാളുടെ കയ്യിൽ നിന്നും ഒരു ദിർഹം നഷ്ടപ്പെട്ടാൽ ദിവസം മുഴുവൻ തന്റെ ദിർഹം പോയെന്ന് അവൻ വേവലാതിപ്പെടും. എന്തുകൊണ്ട് നിഷ്ക്രിയമായ ദിവസങ്ങൾ കടന്നുപോകുന്നതിനെക്കുറിച്ച് അവൻ ആശങ്കപ്പെടുന്നില്ല!(ഹിൽയത്തു ഔലിയാഅ്: 8/303).
6 ഓരോ ആരാധനക്കുമുള്ള പ്രതിഫലത്തെക്കുറിച്ച് ഓർക്കുക: ചെയ്യുന്ന ഓരോ ആരാധനക്കു ശേഷവും അതിനുള്ള പ്രതിഫലവും സ്വർഗത്തിൽ അതിനല്ലാഹു ഒരുക്കിവെച്ചിരിക്കുന്ന അനുഗ്രഹങ്ങളും ഓർക്കുന്നത് ഒരു മുസ്ലിമിനെ ഇബാദത്ത് വർധിപ്പിക്കാൻ സഹായിക്കും. താൻ ചെയ്യുന്ന ആരാധനക്ക് തന്നെ കാത്തിരിക്കുന്ന സുഭിക്ഷ ജീവിതത്തെക്കുറിച്ചും സ്വർഗലബ്ദിയെക്കുറിച്ചുമെല്ലാം ചിന്തിക്കുക. അത് ഹൃദയത്തിൽ ഹിദായത്തിനെ ഊട്ടിയുറപ്പിക്കും. മനസ്സിന് ശാന്തി നൽകും. വിധേയത്വം ദൈവസ്നേഹവും സംതൃപ്തിയും നൽകും. ജീവിതം ഐശ്വര്യപൂർണമാകും.
7 അല്ലാഹുവിന് വഴിപ്പെടുന്നവരിലേക്ക് നോക്കുക: അല്ലാഹുവിന്റെ മാർഗത്തിൽ തന്റെ മുന്നേ സഞ്ചരിച്ചവരിലേക്ക് നോക്കുക. ദൈവാരാധനയുടെ മൈതാനത്തിൽ താൻ തനിച്ചല്ലെന്ന് ഓർക്കുക. പള്ളിയിൽ വെച്ച് നമസ്കാരം ഭാരമായി തോന്നുന്ന വ്യക്തി തന്നെപ്പോലെ അവിടെ ഒത്തുചേർന്നവരിലേക്ക് നോക്കുക. ഖുർആൻ പരായണം പ്രയാസമായി തോന്നുന്നവർ പള്ളയിൽ വന്ന് പാരായണം ചെയ്യുന്നവരെ നിരീക്ഷിക്കുക. അതെല്ലാം അവനിൽ ഇബാദത്തിനുള്ള താൽപര്യം വർധിപ്പിക്കും. ഇബാദത്തിന്റെ കാര്യത്തിൽ മാത്സര്യബോധമുള്ളവരാവുക. അല്ലാഹു പറയുന്നത് നോക്കുക: ‘നാഥങ്കൽ നിന്നുള്ള പാപമോചനത്തിലേക്കും ഭുവന-വാനങ്ങളുടെ വിസ്തൃതിയുള്ള സ്വർഗത്തിലേക്കും അതിദ്രുതം ചെല്ലുക. സന്തോഷാവസ്ഥയിലും സന്താപഘട്ടത്തിലും ധനം ചെലവഴിക്കുകയും ക്രോധം ഒതുക്കുകയും ജനങ്ങൾക്ക് മാപ്പരുളുകയും ചെയ്യുന്ന സൂക്ഷ്മാലുക്കൾക്കായി സജ്ജീകൃതമാണത്. പുണ്യവാന്മാരെ അല്ലാഹു സ്നേഹിക്കുന്നു'(ആലു ഇംറാൻ: 133, 134). നന്മയിലേക്ക് ധൃതി കാണിക്കാൻ അല്ലാഹുവിന്റെ റസൂലും പ്രോത്സാഹിപ്പിക്കുന്നുണ്ട്. അവിടുന്ന് പറയുന്നു: ‘ഏഴു കാര്യങ്ങൾകൊണ്ട് നിങ്ങൾ ധൃതി കാണിക്കുക; എല്ലാം മറപ്പിച്ചുകളയുന്ന ദാരിദ്ര്യത്തെയാണോ നിങ്ങൾ പ്രതീക്ഷിക്കുന്നത്. അതോ വഴികേടിലാക്കുന്ന ഐശ്വര്യത്തെയോ. അതല്ലെങ്കിൽ, വിനാശകാരിയായ രോഗത്തെയോ ചെന്നിയുണ്ടാക്കുന്ന വാർധക്യത്തെയാണോ നിങ്ങൾ കാത്തിരിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന മരണത്തെയോ ദജ്ജാലിനെയോ അവന്റെ അഗോചരമായ തിന്മയെയോ ആണോ നിങ്ങൾ നോക്കിയിരിക്കുന്നത്. അതുമല്ലെങ്കിൽ, കൈപേറിയതും പ്രയാസമേറിയതുമായ അന്ത്യനാളിനെയാണോ നിങ്ങൾ കാത്തിരിക്കുന്നത്'(തിർമിദി).
8 പരലോകത്തെക്കുറിച്ച് ഓർക്കുക: ദുനിയാവിൽ താൻ ചെയ്ത ഓരോ പ്രവർത്തനവും പരലോകത്തിന് വേണ്ടിയാണെന്ന് ചിന്തിക്കുക. നല്ലത് ചെയ്തിട്ടുണ്ടെങ്കിൽ നന്മയും തിന്മയാണെങ്കിൽ തിന്മയുമായി അതിന് പ്രതിഫലം നൽകപ്പെടും. സ്വിറാഥും ഹിസാബും സ്വർഗവും നരഗവും ഓർക്കുക. ഇതെല്ലാം ഐഹികലോകത്തെ ആരാധനകളെ ലളിതമാക്കിത്തരും. ഹസനുൽ ബസ്വരി പറയുന്നു: ഓ ആദം സന്തതി, നീ ഏതാനും ചില ദിവസങ്ങൾ മാത്രമാണ്. ഓരോ ദിവസവും കടന്നുപോകുന്നതിനൊപ്പം നീയുംകൂടിയാണ് തീർന്നുപോകുന്നത്(തഹ്ദീബുസ്സിയർ: 2/563). ആരാധനക്ക് പ്രേരകമാകുന്ന ഏതൊരു കാര്യവും അന്വേഷിക്കാനും അത് പ്രാവർത്തികമാക്കാനും മുസ്ലിം ബാധ്യസ്ഥനാണ്. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.
വിവ: മുഹമ്മദ് അഹ്സൻ പുല്ലൂർ