വ്രതാനുഷ്ഠാനം: ആത്മീയത, ആരോഗ്യം
ലോകത്ത് നൂറ്റിയറുപത് കോടിയിലേറെ മുസ്ലിംകൾ വിശുദ്ധ റമദാനിനെ സ്വാഗതം ചെയ്യാൻ തയാറെടുത്തുകൊണ്ടിരിക്കുന്നു. ആത്മവിശുദ്ധിയാണ് വ്രതത്തിലൂടെ ലക്ഷ്യമിടുന്നത്. വിശുദ്ധ ഖുർആൻ വ്രതാനുഷ്ഠാനം നിർബന്ധമായി പ്രഖ്യാപിക്കുന്ന ആദ്യ വചനത്തിൽ ഇക്കാര്യം ഊന്നിപ്പറഞ്ഞത് കാണാം: ”വിശ്വാസികളേ, മുമ്പുള്ളവർക്കെന്ന പോലെ നിങ്ങൾക്കും വ്രതാനുഷ്ഠാനം നിർബന്ധമാണ്. നിങ്ങൾ ജീവിത വിശുദ്ധി നേടാൻ” (2:183).
നോമ്പനുഷ്ഠിക്കുമ്പോൾ എങ്ങനെ ആത്മവിശുദ്ധി നേടാനാവുന്നുവെന്നത് ധാരാളം ചർച്ച ചെയ്യപ്പെട്ടതാണ്. അതേറ്റം പ്രധാനപ്പെട്ടതുമാണ്. എന്നാൽ വ്രതാനുഷ്ഠാനം യഥാവിധി നിർവഹിക്കുന്നവർക്ക് ലഭിക്കുന്ന സൽഫലങ്ങൾ അനേകമാണ്.
മനസ്സിനും ശരീരത്തിനും ലഭിക്കുന്ന ഗുണങ്ങളാണ് അതിലാദ്യത്തേത്. ഇതിലേക്ക് വെളിച്ചം വീശുന്നത് വിശുദ്ധ ഖുർആനിൽ നോമ്പിനെക്കുറിച്ച് പ്രതിപാദിക്കുന്ന 2:184-ാം വചനമാണ്. അതിന്റെ അവസാനം ‘നിങ്ങൾ നോമ്പനുഷ്ഠിക്കുന്നത് നിങ്ങൾക്ക് ഗുണകരമാണ്, നിങ്ങൾ ജ്ഞാനമുള്ളവരെങ്കിൽ’ എന്നു കാണാം. നോമ്പിന്റെ സൽഗുണങ്ങൾ ഗ്രഹിക്കാൻ ഗവേഷണവും ജ്ഞാനവും ആവശ്യമാണെന്ന സൂചനകളും ഈ വചനത്തിൽ നൽകുന്നുണ്ട്. നബിവചനങ്ങളിലും ഈ സൽഫലങ്ങളിലേക്ക് സൂചന കാണാം. നോമ്പ് ആരോഗ്യദായകമാണെന്നും രോഗപ്രതിരോധ മാർഗമാണെന്നും നബി(സ) പഠിപ്പിച്ചിരിക്കുന്നു.
നോമ്പിന്റെ സൽഫലങ്ങൾ ലഭ്യമാവാനുള്ള പ്രധാന നിബന്ധന നബി(സ)യുടെ മാതൃക പിന്തുടരുകയെന്നതാണ്. നോമ്പ് തുറക്കുമ്പോൾ ധാരാളം ഭക്ഷണം കഴിക്കരുത്. ഏതാനും ഈത്തപ്പഴം മാത്രമായിരുന്നു നബി ഭക്ഷിച്ചിരുന്നത്. പഴനീരും മറ്റും ആവശ്യം പോലെ-ദാഹമടക്കാൻ- കഴിക്കാം. മൂന്നു മണിക്കൂർ കഴിഞ്ഞ് ലഘുവായി സാധാരണ കഴിക്കുന്ന രാത്രി ഭക്ഷണം കഴിക്കാം. അത്താഴം പ്രഭാത നമസ്കാരത്തിന് മുമ്പ് വളരെ ലഘുവായി കഴിക്കണം; ഉടനെ ഉറങ്ങരുത്. ഫജ്ർ കൃത്യസമയത്ത് നമസ്കരിക്കണം. ഉപവാസമനുഷ്ഠിക്കുന്നത് ദൃഢമായ ഒരു തീരുമാനത്തിനു ശേഷമാണ്. സാധാരണ പോലെ ആഹാരപാനീയങ്ങൾ കഴിക്കുകയില്ലെന്ന് മനസ്സിൽ ഉറച്ചുകഴിഞ്ഞു. അതോടെ ശരീരം ഒരടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു. ആഹാരം കഴിക്കാതിരുന്നാലും ശാരീരിക ധർമങ്ങൾ വീഴ്ചകൂടാതെ നിർവഹിക്കാൻ ആവശ്യമായ തയാറെടുപ്പ് നടക്കുന്നു. ഇതിനായി ശരീരം സ്വീകരിക്കുന്ന പ്രതിപ്രവർത്തനം ലളിതമായി വിവരിക്കാം.
ശരീരം അതിസങ്കീർണമായ അനേകം യന്ത്രങ്ങളുള്ള സ്വയം നിയന്ത്രിതമായ ഒരു നിർമാണശാലയാണ്. ഉപയോഗശൂന്യമായതോ പ്രവർത്തനക്ഷമമല്ലാത്തതോ ആയ ശരീരഭാഗങ്ങളെ പുനർനിർമിച്ചും കേടുപാടുകൾ തീർത്തും പ്രവർത്തന യോഗ്യമാക്കുന്ന ഒരു സംവിധാനമുണ്ട് ശരീരത്തിൽ. ഓട്ടോഫജി (Autophagy) എന്ന സാങ്കേതിക നാമത്തിൽ അറിയപ്പെടുന്ന ഈ നവീകരണ പ്രക്രിയ നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. ഉപവാസമനുഷ്ഠിക്കുമ്പോൾ ശരീരത്തിനു ലാഭിക്കാൻ കഴിയുന്ന ഊർജമുപയോഗിച്ച് ഈ പുനർനിർമാണവും ശുദ്ധീകരണവും പൂർവാധികം വേഗതയിൽ നടക്കുന്നു. ഉപവാസത്തെക്കുറിച്ച് പഠനം നടത്തിയ നിരീക്ഷകർ ഈ ത്വരിതഗതിയിലുള്ള പ്രവർത്തനത്തിന്റെ കാരണം ആഹാരത്തിന്റെ ക്രമീകരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
മസ്തിഷ്കത്തിന്റെ പ്രവർത്തനക്ഷമത നിലനിർത്താനും വികസിപ്പിക്കാനും അത്യന്താപേക്ഷിതമായ ഒരു പ്രോട്ടീൻ (മാംസ്യം) ഉൽപാദിപ്പിക്കാനുള്ള സംവിധാനമുണ്ട് ശരീരത്തിൽ. Brain Derived Neurotrophic Factor (BDNF) എന്നാണിതിന്റെ സാങ്കേതിക നാമം. ഈ പ്രോട്ടീനിന്റെ പ്രധാന ധർമങ്ങൾ ചുവടെ:
1. മസ്തിഷ്ക സെല്ലുകൾ നിർജീവമാകാതെ സൂക്ഷിക്കുക. ഇതര ശരീര ഭാഗങ്ങളിലെല്ലാം സെല്ലുകൾ മരിച്ചുപോവുകയും തൽസ്ഥാനത്ത് പുതിയവ ഉണ്ടാവുകയും ചെയ്യുന്നു്. തലച്ചോറിൽ ഇങ്ങനെ സംഭവിക്കാതെ സൂക്ഷിക്കുന്നത് BDNF എന്ന പ്രോട്ടീനാണ്.
2. തലച്ചോറിൽ അനേകം കോടി ന്യൂറോണുകൾ ഉണ്ട്. അവയെ പരസ്പരം ബന്ധിപ്പിക്കുകയും പ്രവർത്തനക്ഷമമാക്കുകയും ചെയ്യുന്നത് സിനാപ്സിസ് എന്ന ഘടകമാണ്. ഈ രണ്ട് പ്രധാന മസ്തിഷ്ക ഭാഗങ്ങളെയും ഉൽപാദിപ്പിക്കുകയും വളർത്തുകയും ചെയ്യുന്നത് BDNF പ്രോട്ടീനാണ്.
3. മുകളിൽ പറഞ്ഞ ധർമങ്ങൾ യഥാവിധി നിർവഹിക്കുമ്പോൾ ഗ്രാഹ്യശക്തി വർധിക്കുന്നു. മസ്തിഷ്കത്തിന്റെ ഏറ്റവും പ്രധാന ധർമമാണത്. പുതിയ കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനും സഹായിക്കുന്നത് ഗ്രാഹ്യശക്തിയാണ്.
BDNF ആവശ്യമായ അളവിൽ ഉൽപാദിപ്പിക്കപ്പെടുന്നില്ലെങ്കിൽ മാരകമായ പ്രത്യാഘാതങ്ങൾക്ക് കാരണമാവും. പ്രാണശക്തി ക്ഷയിച്ച് അകാല വാർധക്യം ബാധിക്കുക, മറവിരോഗം (അൾഷിമേഴ്സ്) പിടിപെടുക, ബുദ്ധിശക്തി ക്ഷയിക്കുക, വിഷാദരോഗം, മാനസിക വിഭ്രാന്തി(ഷിസോഫ്രീനിയ) മുതലായ മനോരോഗങ്ങളുണ്ടാവുക, പൊണ്ണത്തടി മൂലം ശരീരം ദുർബലമാവുക എന്നിവയെല്ലാം BDNF പ്രോട്ടീനിന്റെ കുറവ് മൂലം സംഭവിക്കാം.
നാഡീവ്യൂഹത്തിന്റെ പ്രവർത്തനം നിയന്ത്രിക്കാനും പുതിയ നാഡീകോശങ്ങൾ ഉൽപാദിപ്പിക്കാനും BDNF അനിവാര്യമാണ്. അതിനാൽ ഈ പ്രോട്ടീൻ ഉൽപാദനം സന്തുലിതമായി നിലനിർത്തിയാൽ മാത്രമേ ശരീരാരോഗ്യം സൂക്ഷിക്കാനാവൂ.
BDNF- ന്റെ അളവ് വർധിപ്പിക്കാൻ ഗവേഷകർ അനേകം നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടവ ഇതെല്ലാമാണ്: ഉപവാസമനുഷ്ഠിക്കുകയും ആഹാരക്രമം മാറ്റുകയും ചെയ്യുക. കലോറി കുറക്കുക. ഒന്നിടവിട്ട് ദീർഘകാലം ഉപവസിക്കുന്നതാണുത്തമം. പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ ഉപഭോഗം ഒഴിവാക്കുന്നത് ഈ പ്രോട്ടീന്റെ ഉൽപാദനം വർധിപ്പിക്കും. പ്രകൃതിയിൽനിന്ന് ലഭിക്കുന്ന ഒരാനുകൂല്യമാണ് സൂര്യപ്രകാശം. ധാരാളമായി സൂര്യപ്രകാശം ശരീരത്തിലേൽപിച്ചാൽ BDNF പ്രോട്ടീൻ വർധിക്കും. വിറ്റമിൻ ഡിയുടെ വർധനവിനും ഇത് സഹായകമാണ്. വെയിലിൽ ജോലി ചെയ്യുന്നവർക്കും നടക്കുന്നവർക്കും ഇതിന്റെ ഫലം ലഭ്യമാകുന്നു.
ശരീരഭാരം കുറക്കുന്നതിലൂടെ BDNF-ന്റെ ഉൽപാദനം വർധിക്കും. പൊണ്ണത്തടിക്ക് ഈ മാംസ്യത്തിന്റെ കുറവ് കാരണമാകുമെന്ന് നാം കണ്ടു. സ്ത്രീകളിൽ ഭാരനിയന്ത്രണം അനേകം ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമാണെന്ന് ഗവേഷകർ പറയുന്നു. സജീവമായ സാമൂഹിക ഇടപെടലുകൾ നടത്തുന്നതും ജനസമ്പർക്കം വർധിപ്പിക്കുന്നതും BDNF-ന്റെ വർധനവിനു സഹായകമാകുന്നു.
മേൽപറഞ്ഞ ഉപാധികളെല്ലാം വിശുദ്ധ റമദാനിലെ വ്രതാനുഷ്ഠാനത്തിൽ ഒത്തുകൂടിയതായി കാണാം. ഉപവാസത്തോടൊപ്പം ആഹാരരീതികൾ മാറുന്നു. നോമ്പ് തുറക്കുമ്പോൾ ഈത്തപ്പഴം, വെള്ളം, പഴച്ചാറുകൾ മുതലായവയാണ് കഴിക്കേണ്ടത്. പഞ്ചസാരക്ക് പകരം ശർക്കരയാണ് മധുരത്തിനുപയോഗിക്കേണ്ടത്. മധ്യാഹ്ന നമസ്കാരത്തിനും അസ്വ്ർ നമസ്കാരത്തിനും പള്ളിയിലേക്ക് നടക്കുമ്പോൾ വെയിൽ കൊള്ളാനുള്ള അവസരമുണ്ട്. ആഹാരം നിയന്ത്രിച്ചാൽ ശരീരഭാരം ക്രമേണ കുറയും. നമസ്കാരം സംഘടിതമായി നിർവഹിക്കാൻ പള്ളിയിൽ ഒത്തുചേരുന്നത് ജനസമ്പർക്കം മുഖേനയുള്ള സൽഗുണങ്ങൾ ലഭിക്കാൻ കാരണമാകുന്നു. BDNF വർധിപ്പിക്കാൻ ആവശ്യമായ എല്ലാ ഘടകങ്ങളും ഒത്തുചേർന്ന കർമമാണ് അതിനാൽ വ്രതാനുഷ്ഠാനം.
വർഷം തോറും ചിട്ടയോടെ നോമ്പനുഷ്ഠിക്കുന്നുണ്ടെങ്കിലും ഈ സൽഫലങ്ങൾ മുസ്ലിംകൾക്ക് ലഭിക്കാതിരിക്കാനുള്ള കാരണം വ്യക്തമാണ്. ആഹാരം ആമാശയത്തിന്റെ മൂന്നിലൊന്ന്, അത്രതന്നെ പാനീയങ്ങൾ, ബാക്കി മൂന്നിലൊരു ഭാഗം വായുവിന് എന്നാണ് നബി(സ) പഠിപ്പിച്ചത്. നാം ശീലിച്ച രീതി ഇതല്ലല്ലോ. വയറു നിറയെ ആഹാരം, അതിനു മീതെ പാനീയവും. ശ്വസിക്കാൻ പ്രയാസപ്പെട്ടുകൊണ്ടാണെഴുന്നേൽക്കുക. ഇത് നിയന്ത്രിക്കാതെ നോമ്പിന്റെ സൽഫലങ്ങൾ നമുക്കെങ്ങനെ ലഭ്യമാകും?
നമ്മുടെ BDNF ന്റെ തോത് വ്രതാനുഷ്ഠാനത്തിലൂടെ വർധിപ്പിച്ചാൽ ശാരീരികമായ അനേകം അസുഖങ്ങൾക്ക് അത് പ്രതിവിധിയാണ്. ഓർമശക്തി വർധിക്കാനും മറവി കുറക്കാനും സാധിക്കുന്നു. പുതിയ പഠനങ്ങളുടെ വെളിച്ചത്തിൽ ശാസ്ത്രജ്ഞർ കണ്ടെത്തിയത് കാൻസർ പോലെയുള്ള മാരകരോഗങ്ങൾ തടയാനും പ്രതിരോധിക്കാനും ആഉചഎ-ന്റെ വർധനവ് സഹായകമാവുമെന്നാണ്. മസ്തിഷ്കത്തിന്റെ സംരക്ഷണത്തിന് അനിവാര്യമായ ഒരു രാസവസ്തുവാണ് കീടോൺ. നോമ്പനുഷ്ഠിക്കുമ്പോൾ ഈ രാസവസ്തുവിന്റെ ഉൽപാദനം വർധിക്കുന്നു. ഇത് മസ്തിഷ്കാഘാതം വരാതിരിക്കാൻ സഹായിക്കുന്നു. BDNF-ന്റെ വർധന ആഘാതത്തിനു ശേഷമുണ്ടാകുന്ന മസ്തിഷ്ക ക്ഷതം ഒഴിവാക്കാൻ സഹായിക്കുന്നു.
ചുരുക്കത്തിൽ മനസ്സും നാഡീവ്യൂഹവുമായി ബന്ധപ്പെട്ട എല്ലാവിധ അസുഖങ്ങൾക്കുമുള്ള ഒറ്റമൂലിയാണ് വ്രതാനുഷ്ഠാനം. മനസ്സിന്റെ ശാന്തതയും ഓർമശക്തിയും ഗ്രാഹ്യശേഷിയും പഠന സാമർഥ്യവും അതുമൂലം വർധിക്കുന്നു. ശാന്തമായ മനസ്സ് അരോഗമായ ഹൃദയം പ്രദാനം ചെയ്യുന്നു.
ഉപവാസരീതികളിൽ ഏറ്റവും ഉത്തമം ഇസ്ലാം പഠിപ്പിക്കുന്ന വ്രതാനുഷ്ഠാനമാണ്. പകൽ സമയം മാത്രം പൂർണമായി ആഹാരപാനീയങ്ങൾ ഒഴിവാക്കി 13-14 മണിക്കൂർ ഉപവസിക്കുന്നതാണ് ഏറ്റവും പ്രയോജനപ്രദം. രാത്രി ആഹാരം നിയന്ത്രിച്ച് അതിന്റെ സൽഫലം നിലനിർത്തണം. ഉപവസിക്കുമ്പോൾ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക: ദഹനേന്ദ്രിയങ്ങൾക്ക് വിശ്രമം ലഭിക്കുന്നു. ഇത് ശരീരം ശുദ്ധീകരിക്കാനും വിഷമുക്തമാക്കാനും സഹായിക്കുന്നു. ആഹാര രീതിയിലും സമയത്തിലും മാറ്റമുണ്ടാകുന്നു. മനസ്സ് ഏകാഗ്രമാകുന്നു. വൈകാരിക ദുശ്ശീലങ്ങൾ ദൂരീകരിക്കുന്നു. ശരീരത്തിന്റെ ഊർജം വർധിക്കുന്നു. മനശ്ശാന്തിയും ആത്മീയ ചിന്തയും സജീവമാകുന്നു.
ഉപവാസം ശരീരത്തിൽ പ്രവർത്തിക്കുന്നതെങ്ങനെ?
ശരീരത്തിന് അനിവാര്യമാണ് ആഹാരം. എന്നാൽ ആഹാരം അമിതമാകുമ്പോൾ അത് ഗുണത്തിനു പകരം ദോഷമാണ് ചെയ്യുക. അമിതമായാൽ അമൃതും വിഷം എന്നാണല്ലോ.
നമ്മുടെ കഴിവിനപ്പുറം ജോലി ചെയ്യാൻ നിർബന്ധിതരായാൽ നാമെന്തു ചെയ്യും? ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്തു തീർക്കും. ബാക്കി മാറ്റിവെക്കും. കുറേനാൾ ഇങ്ങനെ മാറ്റിവെച്ചാൽ ഒരു വലിയ കൂമ്പാരമായി അത് കുന്നുകൂടും. പിന്നീടത് ചെയ്തുതീർക്കുക ക്ഷിപ്രസാധ്യമല്ല. ഇതുപോലെത്തന്നെയാണ് ശരീരവും ചെയ്യുന്നത്. അമിതമായി ആഹാരം കഴിക്കുമ്പോൾ വളരെ പ്രയാസപ്പെട്ട് അത് ദഹിപ്പിക്കാനും പോഷകങ്ങൾ വലിച്ചെടുക്കാനും ശരീരകോശങ്ങൾക്ക് എത്തിച്ചുകൊടുക്കാനുമാണ് ആദ്യ പരിഗണന നൽകുക. ഇതുപോലെ ആവശ്യമായ മറ്റൊരു ശാരീരിക ധർമമാണ് ശരീരത്തിലടിഞ്ഞുകൂടിയ വിഷങ്ങളിൽനിന്ന് മുക്തി നേടുകയെന്നത്. നിഷ്ക്രിയമായ കോശങ്ങളും പേശീഭാഗങ്ങളും പുനഃസൃഷ്ടിക്കപ്പെടാതിരുന്നാൽ അവ രോഗങ്ങൾക്ക് കാരണമാകുന്നു. ഇതിന് ശരീരത്തിന് അവസരം നൽകാതെ നാം ആഹാരം തുടരുകയാണ്. ഇവിടെയാണ് വ്രതാനുഷ്ഠാനം ശരീരത്തിന് അനുഗ്രഹമാകുന്നത്. ഭക്ഷണത്തിന്റെ അനുസ്യൂതമായ പ്രവാഹം നിലക്കുന്നു. ഒരൊഴിവ് കാലം മാറ്റിവെച്ച് പലതും പരിഗണിക്കാൻ ലഭിക്കുന്ന ഒരു സുവർണാവസരം!
ഭക്ഷണമാണ് ശരീരത്തിന് ഊർജം പകരുന്നത്. എന്നാൽ ഭക്ഷണത്തിൽനിന്ന് ഊർജസ്രോതസ്സുകൾ ശരീര കോശങ്ങളിലെത്തിക്കാൻ തുടർച്ചയായ മൂന്നു പ്രക്രിയകൾ ആവശ്യമാണ്. ദഹനം, പോഷകങ്ങൾ വലിച്ചെടുക്കൽ, കോശങ്ങൾക്ക് പോഷകങ്ങൾ പകർന്നു കൊടുക്കൽ എന്നിവയാണ് ഈ പ്രക്രിയകൾ. ഇതിന് ധാരാളം ഊർജം ശരീരം ചെലവഴിക്കേണ്ടതുണ്ട്. കനത്ത ആഹാരം കഴിച്ചാൽ ശരീരത്തിന്റെ 65 ശതമാനം ഊർജവും ഈ പ്രക്രിയകൾക്കായി ചെലവാകുന്നു. ഭക്ഷണം കഴിച്ചാൽ നമുക്ക് ക്ഷീണം അനുഭവപ്പെടുന്നതിന്റെ കാരണമിതാണ്.
വ്രതമനുഷ്ഠിക്കുമ്പോൾ ഇത്രയും ഊർജം രോഗശമന പ്രവർത്തനങ്ങൾക്കാണ് ശരീരം ഉപയോഗപ്പെടുത്തുന്നത്. ദുഷിച്ചതും നശിച്ചതുമായ ശരീര ഭാഗങ്ങൾ വിഷമാണ്, രോഗ കാരണമാണ്. അവ ശുദ്ധീകരിച്ച് ശരീരത്തിൽനിന്നും വിസർജിക്കാനാണ് ഈ ഊർജം ഉപയോഗിക്കുന്നത്. വ്രതാനുഷ്ഠാനം ആരോഗ്യത്തിന് അനുഗ്രഹമായി മാറുന്നതങ്ങനെയാണ്.
ഉപവാസം ഒരു രോഗശമന കാരണമല്ല. രോഗ ശമനത്തിന് കളമൊരുക്കുക മാത്രമാണത് ചെയ്യുന്നത്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും രോഗശമന ശക്തിയും പ്രവർത്തനക്ഷമമാവാൻ പ്രതിബന്ധമായി നിൽക്കുന്നവയെ ദൂരീകരിക്കുകയാണ് വ്രതാനുഷ്ഠാനം. ശാരീരിക ധർമങ്ങൾ നിർവഹിക്കുമ്പോൾ അടിഞ്ഞുകൂടുന്ന വിസർജ്യങ്ങൾ പുറത്തുപോകുമ്പോൾ രോഗശമനശക്തി വർധിക്കുന്നു. അങ്ങനെ ശരീരത്തിന് പ്രവർത്തനത്തിൽ സന്തുലനം വീണ്ടെടുക്കാൻ സാധിക്കുന്നു.
ആധുനിക ഔഷധങ്ങൾ രോഗത്തെ ചെറുത്തുതോൽപിക്കുകയാണല്ലോ. ഇതിന്റെ ഫലമായുണ്ടാകുന്ന വിഷങ്ങൾ മറ്റു രൂപത്തിൽ ശരീരധർമം നിർവഹിക്കുന്നതിന് പ്രതിബന്ധമായിത്തീരുന്നു. ഔഷധങ്ങൾക്ക് സുഖപ്പെടുത്താൻ സാധിക്കാത്ത രോഗങ്ങൾക്ക് ശരീരത്തിന്റെ പ്രാണശക്തി പ്രതിവിധി കണ്ടെത്തി രോഗം സുഖപ്പെടുത്തുന്നു. ഇതിനു വേണ്ട സാഹചര്യമൊരുക്കാനും ഉപവാസം സഹായകമാണ്. ശരീരത്തിന്റെ ഊർജം സ്വതന്ത്രമാകുമ്പോൾ അതിന്റെ പ്രവർത്തനമേഖലയായി മാറുകയാണ് ഈ രോഗശമന പ്രക്രിയകൾ.
ശരീരഭാരം കൂടുന്നത് അനേകം അസുഖങ്ങൾക്ക് കാരണമാകുന്നു. വർഷം തോറും വ്യവസ്ഥാപിതമായി വ്രതാനുഷ്ഠാനം നടത്തുന്നവർക്ക് ഭാരം വർധിക്കാതെ നിയന്ത്രിക്കാൻ ഇത് സഹായകമാണ്. നോമ്പ് നോൽക്കുമ്പോൾ ഏതെല്ലാം ഭക്ഷണങ്ങളാണ് ശരീരത്തിന് പഥ്യമെന്ന് സ്വയം കണ്ടെത്താൻ അവസരം ലഭിക്കുന്നു. ഇത് ഉപയോഗപ്പെടുത്തി ഒരു വിവേചനബോധത്തോടെ ആഹാരങ്ങൾ നിയന്ത്രിക്കുകയാണെങ്കിൽ ഭാരക്കുറവ് പൂർണതയിലെത്തിക്കാൻ സാധിക്കും. ഭിഷഗ്വരന്മാരുടെ മേൽനോട്ടത്തിൽ നടത്തുന്ന ഉപവാസത്തിലൂടെ അമിത ഭാരം പൂർണമായും സുഖപ്പെടുത്താൻ സാധിക്കും.
നോമ്പനുഷ്ഠിക്കുന്നത് ഭാരം കുറയാൻ വേണ്ടിയല്ല, ആരോഗ്യം വർധിക്കാനാവണം. അടുത്ത കാലത്ത് നടന്ന ചില പഠനങ്ങളിൽ മൂന്നു ദിവസം തുടർച്ചയായി നോമ്പനുഷ്ഠിക്കുമ്പോൾ നല്ല ഫലമുണ്ടാകുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. നോമ്പിനു ശേഷം കഴിക്കുന്ന ആഹാരങ്ങൾ സാധാരണ ഭക്ഷണമാവരുത്. അവയിലും മാറ്റമുണ്ടാവണം. ഈ മാറ്റങ്ങൾ ശരീരത്തെ വളരെയേറെ സ്വാധീനിക്കുന്നു. തുടർന്നും നോമ്പനുഷ്ഠിക്കുമ്പോൾ ശരീരശേഷിയും ഉത്സാഹവും വർധിക്കുന്നു. ഉന്മേഷദായകമായ ഗാഢനിദ്ര ലഭ്യമാകുന്നു.
വിശുദ്ധ റമദാനിലെ വ്രതാനുഷ്ഠാനത്തിന്റെ മഹത്വം ഇതാണ്. ആദ്യത്തെ പത്തു ദിവസത്തേക്കാൾ ഗുണകരമാണ് രണ്ടാമത്തെ പത്തു ദിവസം. അവസാനത്തെ പത്തു ദിവസം ഏറ്റവും കൂടുതൽ ശരീരത്തിന് ഗുണകരമാണ്. അതോടൊപ്പം മനസ്സും ആത്മീയ ചിന്തയും ധർമബോധവുമെല്ലാം സജീവമാകുന്നു, ഇതേ ക്രമത്തിൽ.
മനസ്സിനെയെന്ന പോലെ വികാരത്തെയും സ്വാധീനിക്കുന്നുണ്ട് ഉപവാസം. മനസ്സിൽ ദുഷ്ചിന്തകളുണ്ടാകുന്നതും അസൂയ, പക, ഈർഷ്യ, വിദ്വേഷം, ക്രോധം തുടങ്ങിയ ദുർവികാരങ്ങളുണ്ടാകുന്നതും ധർമജീവിതത്തെ മാത്രമല്ല, ആരോഗ്യത്തെയും ഹാനികരമായി ബാധിക്കുമെന്ന് വൈദ്യശാസ്ത്രം തെളിയിച്ചിരിക്കുന്നു. ഹൃദയസംബന്ധിയായ മിക്ക രോഗങ്ങളുടെയും കാരണം ദുഷ്ചിന്തകളും ദുർവികാരങ്ങളുമാണ്. വ്രതാനുഷ്ഠാനം എല്ലാ ദുർവികാരങ്ങൾക്കും അറുതിവരുത്തുന്നു. മനസ്സിന് ശാന്തതയും സന്തുഷ്ടിയുമുണ്ടാക്കുന്നു. ഉപവാസത്തിന്റെ ആരംഭത്തിൽ വികാരവിക്ഷോഭങ്ങൾ സംഭവിച്ചേക്കാം. അത് പ്രത്യേകം ശ്രദ്ധിച്ച് നിയന്ത്രിക്കണം. എന്നാൽ തുടർനാളുകളിൽ മനസ്സ് തെളിഞ്ഞുവരും. എല്ലാ ദുഷ്ചിന്തകളും ദുർവികാരങ്ങളും മാറും. ഈ മനോനൈർമല്യം നോമ്പുകാലത്തെ നമസ്കാരങ്ങളിൽ അനുഭവവേദ്യമാണ്. നോമ്പിന്റെ ആത്മചൈതന്യം ഒരു യാഥാർഥ്യമായി അനുഭവപ്പെടാൻ വികാരങ്ങളെ നിയന്ത്രിച്ച് ശീലിക്കണം. മനസ്സിനെയും ഹൃദയവികാരങ്ങളെയും നിർമലമാക്കാൻ കെൽപുള്ള ഒരു പരിശീലനമാണ് വ്രതാനുഷ്ഠാനം.
വൈദ്യശാസ്ത്ര വിശാരദരായ വ്യക്തിത്വങ്ങൾ ഉപവാസത്തെക്കുറിച്ച് രേഖപ്പെടുത്തിയ സാക്ഷ്യങ്ങളാണ് ഇനി ചേർക്കുന്നത്.
പാശ്ചാത്യ വൈദ്യശാസ്ത്രത്തിന്റെ പിതാക്കളിൽ ഒരാളായ ഫിലിപ്സ് പാരാസിൽസസ്: ”ഉപവാസം ഏറ്റവും നല്ല ഔഷധമാണ്; ശരീരത്തിനകത്തുള്ള ഭിഷഗ്വരൻ.” ഹിപ്പോക്രാറ്റസ് (പാശ്ചാത്യ വൈദ്യശാസ്ത്രത്തിന്റെ മറ്റൊരു പിതാവാണിദ്ദേഹം): ”രോഗിയായിരിക്കുമ്പോൾ ആഹാരം കഴിക്കുന്നത് രോഗത്തിന് ആഹാരം കൊടുക്കലാണ്.”
ഉപവാസത്തെക്കുറിച്ച് ജി.ബി ഷാ എഴുതി: ”ഏതൊരു വിഡ്ഢിക്കും നോമ്പ് നോൽക്കാം, വിജ്ഞർക്ക് മാത്രമേ എങ്ങനെ നോമ്പ് തുറക്കാമെന്നറിയുകയുള്ളൂ.” എൽസൺ ഹാസ് എം.ഡി: ”ഉപവാസം പ്രകൃതിദത്തമായ ചികിത്സാ രീതിയാണ്. അനേകം അസുഖങ്ങൾക്ക് പുരാതനവും സാർവലൗകികവുമായ ചികിത്സയാണത്. മൃഗങ്ങൾ നൈസർഗികമായി രോഗം വന്നാൽ ഉപവസിക്കുന്നു.”
ബെഞ്ചമിൻ ഫ്രാങ്ക്ലിൻ: ”എല്ലാ ഔഷധങ്ങളേക്കാളും ഉത്തമം വിശ്രമവും ഉപവാസവുമാണ്.”
ഹീൽസ് ഫഹർസർ എം.ഡി: ”വ്രതാനുഷ്ഠാനമാണ് മനുഷ്യന്റെ പ്രകൃത്യായുള്ള രോഗശമനശേഷി ഏറ്റവും ശക്തിയായി പ്രയോഗിക്കാനുള്ള രീതി. അത് യൗവനം തിരിച്ചുകൊണ്ടുവരും, ആത്മീയമായും ഭൗതികമായും.”
ഉപവാസം രോഗചികിത്സക്കായി ഉപയോഗിക്കുന്ന രോഗികളെ നിരീക്ഷിച്ചുകൊണ്ട് ഗബ്രിയേൽ കോസിൻസ് എം.ഡി എഴുതുന്നു: ”ഉപവാസം നിർവഹിക്കുന്നവരിൽ ഞാൻ കണ്ടെത്തിയ കാര്യങ്ങൾ: നാലാമത്തെ ദിവസം അവരുടെ ഏകാഗ്രത പുരോഗമിച്ച് ക്രിയാത്മക ചിന്ത വികസിച്ചു, വിഷാദം അപ്രത്യക്ഷമായി, ഉറക്കക്കുറവ് മാറി, ഉത്കണ്ഠ കുറഞ്ഞു. മനസ്സ് കൂടുതൽ ശക്തമായി, നിസർഗമായ ഒരു സന്തുഷ്ടി പ്രകടമായി. ഞാൻ കരുതുന്നതിതാണ്: ശാരീരിക വിഷങ്ങൾ ശുദ്ധീകരിച്ച് മസ്തിഷ്കം സംസ്കൃതമായപ്പോൾ മനസ്സും മസ്തിഷ്കവും കാര്യക്ഷമമായി പ്രവർത്തിച്ചു. ആത്മീയചൈതന്യവും വർധിച്ചു.”
അനേകം സാക്ഷ്യങ്ങളിൽ ചിലതാണ് നാമിവിടെ കണ്ടത്. നോമ്പിലൂടെ രോഗശമനം നേടിയ ചില സാക്ഷ്യങ്ങൾ കൂടി കാണുക. ഈജിപ്തുകാരി ഇൽഹാം ഹുസൈൻ തന്റെ കഥ പറയുന്നു: ”പത്തു വയസ്സ് പ്രായമുള്ളപ്പോൾ എനിക്ക് കഠിനമായ സോറിയാസിസ് ബാധിച്ചു. ത്വക് രോഗ വിദഗ്ധരായ പല ഡോക്ടർമാരെയും കണ്ടു. അവരെല്ലാം പിതാവിനോട് പറഞ്ഞു; ഇത് നിങ്ങൾ ഒരു പ്രശ്നമാക്കാതെ ശീലിക്കുക മാത്രമേ വഴിയുള്ളൂ. പെട്ടെന്ന് മാറാത്ത അസുഖമാണ് സോറിയാസിസ്. ഇതെല്ലാം കേട്ട് ഞാൻ തീർത്തും നിരാശയായി. ഒരിക്കലും മാറാത്ത ഒരു രോഗമാണ് എന്നെ ബാധിച്ചിരിക്കുന്നതെന്നുറപ്പായി. വിവാഹപ്രായമായപ്പോൾ എനിക്ക് കഠിനമായ വിഷാദവും ഏകാന്തതയും അനുഭവപ്പെട്ടു. സമൂഹത്തിൽനിന്നെല്ലാം ഒറ്റപ്പെട്ട പോലെ തോന്നി. അങ്ങനെയിരിക്കെ പിതാവിന്റെ സുഹൃത്തുക്കളിലൊരാൾ എന്നോട് നോമ്പനുഷ്ഠിക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു. എന്റെ പത്നിക്ക് പല അസുഖങ്ങൾക്കും നോമ്പുകൊണ്ട് ശമനം ലഭിച്ചിട്ടുണ്ട്. അതിനാൽ ഒന്നു പരീക്ഷിച്ചുനോക്കൂ. ഒന്നിടവിട്ട് നോമ്പനുഷ്ഠിച്ചുനോക്കൂ. അല്ലാഹുവിൽ വിശ്വാസമർപ്പിച്ച് രോഗശമനം അല്ലാഹുവിൽനിന്ന് മാത്രമാണെന്നുറപ്പിക്കുക. നോമ്പനുഷ്ഠിക്കുക. എന്തെങ്കിലും ഒരു പോംവഴി തേടിക്കൊണ്ടിരിക്കുകയായിരുന്നു ഞാൻ. അങ്ങനെ ഞാൻ നോമ്പ് നോറ്റു തുടങ്ങി. നോമ്പ് തുറക്കുമ്പോൾ പഴങ്ങളും പച്ചക്കറിയും കഴിക്കും. മൂന്നു മണിക്കൂറിനു ശേഷം പ്രധാന ഭക്ഷണം കഴിക്കും. പിറ്റേന്ന് നോമ്പെടുക്കുകയില്ല. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് രണ്ടു മാസം കഴിഞ്ഞപ്പോൾ രോഗം മാറിത്തുടങ്ങി. അത് തുടർന്നുകൊണ്ടിരുന്നു. അവസാനം എന്റെ ചർമം സാധാരണ പോലെയായി. രോഗം ബാധിച്ച പാടുപോലും അവശേഷിച്ചില്ല.”
മറ്റൊരനുഭവ കഥ ന്യൂയോർക്കിൽനിന്നാണ്. സുലൈമാൻ റോജർസ് തന്റെ അനുഭവം വിവരിക്കുന്നു: ”മൂന്നു വർഷമായി എന്നെ സന്ധിവാതം പിടികൂടി. രോഗം എന്റെ ചലനങ്ങൾക്ക് വിഘാതമായി. അര മണിക്കൂർ ഇരുന്നാൽ കാലുകൾ മരവിച്ചുപോകും. പല രീതിയിലും ചികിത്സിച്ചു. എല്ലാം വിഫലം. പിന്നീട് ഞാനൊരു സുഹൃത്തിനെ പരിചയപ്പെട്ടു. ഒരു നീഗ്രോ യുവാവ്. അദ്ദേഹം എന്നെ പള്ളിയിലേക്ക് കൊണ്ടുപോയി. എനിക്ക് ഇസ്ലാം പരിചയപ്പെടുത്തി. അത് നോമ്പുകാലമായിരുന്നു. നോമ്പ് ഒരു നല്ല കാര്യമായി എനിക്ക് അനുഭവപ്പെട്ടു. ഇസ്ലാമാശ്ലേഷിക്കാൻ കുറച്ചുകൂടി സാവകാശം വേണമെന്നെനിക്ക് തോന്നി. എന്നാൽ നോമ്പ് ഞാനും തുടങ്ങി. പച്ചക്കറികളും പഴങ്ങളും ഈത്തപ്പഴവും മാത്രമേ നോമ്പു തുറക്കുമ്പോൾ ഞാൻ കഴിച്ചിരുന്നുള്ളൂ. പിന്നീട് അത്താഴസമയത്ത് പ്രധാന ഭക്ഷണം കഴിക്കും. എന്റെ രോഗം പൂർണമായും സുഖപ്പെട്ടു. എനിക്ക് നന്നായി ഓടാൻ കഴിയും. ഇങ്ങനെ ആരോഗ്യം വീണ്ടുകിട്ടിയതിന് അല്ലാഹുവിന് നന്ദി പറഞ്ഞുകൊണ്ട് ഞാൻ ഇസ്ലാമാശ്ലേഷിച്ചു. നോമ്പിനോട് എനിക്ക് വലിയ കടപ്പാടുണ്ട്. ഞാൻ വിശുദ്ധ റമദാനിനെ സ്വാഗതം ചെയ്യുന്നതു കണ്ടാൽ നിങ്ങൾ വിചാരിക്കും ഇതൊരു ശുഭപ്രതീക്ഷയുള്ള കൊച്ചു ബാലനാണ്, നാൽപത്തഞ്ച് കഴിഞ്ഞ മധ്യവയസ്കനല്ലെന്ന്.”
നിഷ്ഠയോടെ നോമ്പനുഷ്ഠിച്ചാൽ ആത്മീയമായ ആനന്ദവും അനുഭൂതിയും ലഭിക്കുന്നതോടൊപ്പം രോഗശമനവും ആരോഗ്യവർധനവും ജീവിത സന്തുഷ്ടിയും ലഭിക്കുമെന്നാണ് ഇതിൽനിന്നെല്ലാം വ്യക്തമാകുന്നത്. ”നോമ്പനുഷ്ഠിക്കുന്നത് നിങ്ങൾക്ക് ഗുണകരമാണ്, നിങ്ങൾ അഭിജ്ഞരാണെങ്കിൽ” (2:184). ഈ റമദാൻ പൂർണ ചൈതന്യത്തോടെ നോമ്പനുഷ്ഠിക്കാനുള്ള അവസരമാക്കാൻ നമുക്ക് തീരുമാനിക്കാം.