ഖുർആന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തതാണ്

വിശുദ്ധ ഖുർആനിന്റെ മാസത്തിലാണല്ലോ നാമുള്ളത്. ദിവ്യഗ്രന്ഥത്തിന്റെ ദാർശനിക മികവും വശ്യമായ തികവും, ആ മഹാഗ്രന്ഥം എങ്ങനെ റബ്ബ് സംരക്ഷിച്ചു എന്നും നാം സൂക്ഷമായി മനസ്സിലാക്കേണ്ടതുണ്ട്. ലോകത്ത് ഒരു ഗ്രന്ഥവും സംരക്ഷിക്കപ്പെടാത്ത വിധത്തിലാണ് വിശുദ്ധ ഖുർആൻ അല്ലാഹു സംരക്ഷിച്ചത്. ആ സംരക്ഷണത്തിലുള്ള അത്ഭുതവും അത് നമ്മുടെ ഓർമ്മയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് നാം സൂക്ഷമമായി മനസ്സിലാക്കേണ്ടതുണ്ട്. അല്ലാഹു നൽകിയ ഒരു വാഗ്ദാനമാണ് സൂറത്തുൽ ഹിജ്റിന്റെ 9-ാം വചനത്തിൽ നാം കാണുന്നത്.
“إِنَّا_نَحۡنُ_نَزَّلۡنَا_ٱلذِّكۡرَ_وَإِنَّا_لَهُۥلَحَـٰفِظُونَ” (തീർച്ചയായും നാമാണ് ആ ഉൽബോധനം അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്). ഇവിടെ ശ്രദ്ധേയമായ കാര്യം, സംരക്ഷണത്തത്തിലേക്ക് വരുന്നതിനു മുമ്പ് ഈ ഒരായത്തിനെക്കുറിച്ച് നാം സൂക്ഷമമായി ചിന്തിക്കുകയാണെങ്കിൽ , അല്ലാഹു ഇവിടെ പരാമർശിച്ചത് ‘إنا نحن نزلنا القرآن’ എന്നല്ല. മറിച്ച് الذكر എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. الذكر എന്ന പദത്തിന് ഭാഷാ പണ്ഡിതന്മാർ പ്രധാനമായും മൂന്ന് അർത്ഥങ്ങളാണ് കൊടുത്തിട്ടുള്ളത്. ഒന്ന്: ‘ ഒരു കാര്യത്തെ സൂചിപ്പിക്കുന്നഅർഥത്തിൽ ‘. രണ്ട്: ‘ ഒരു കാര്യം ഓർമ്മിക്കുന്നതിന് ‘. മൂന്ന്: ‘ ഒരു കാര്യത്തെക്കുറിച്ച ഓർമ്മപ്പെടുത്തുന്നതിനും’. ചുരുക്കത്തിൽ അല്ലാഹു ഉപയോഗിച്ച പദം അത് ഓർമ്മയുമായി ബന്ധപ്പെട്ടതാണ് എന്നുള്ളതാണ്. രണ്ടാമതായി അതേ വചനത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം സംരക്ഷണം എന്നർത്ഥം വരുന്ന حافظون എന്ന പദമാണ്. ഇതേ അർത്ഥത്തിൽ വിശുദ്ധ ഖുർആന്റെ മറ്റു സ്ഥലങ്ങളിലും ഉപയോഗിച്ചതായി കാണാം. ഉദാ: സൂറത്തുൽ മുഅ്മിനൂന്റെ 5-ാം വചനത്തിൽ; ” وَٱلَّذِینَ هُمۡ لِفُرُوجِهِمۡ حَـٰفِظُونَ ” ( തങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്നവരുമത്രെ അവർ). അതുപോലെ സൂറത്തുൽ ബഖറയിൽ നമസ്കാരത്തെക്കുറിച്ച് പരാമർശിച്ചപ്പോൾ 238-ാം വചനം; ” حَـٰفِظُوا۟ عَلَى ٱلصَّلَوَ ٰتِ وَٱلصَّلَوٰةِ ٱلۡوُسۡطَىٰ وَقُومُوا۟ لِلَّهِ قَـٰنِتِینَ ” ( പ്രാർത്ഥനകൾ (അഥവാ നമസ്കാരങ്ങൾ) നിങ്ങൾ സൂക്ഷ്മതയോടെ നിർവഹിച്ചു പോരേണ്ടതാണ്. പ്രത്യേകിച്ചും ഉൽകൃഷ്ടമായ നമസ്കാരം.
അല്ലാഹുവിന്റെ മുമ്പിൽ ഭയഭക്തിയോടു കൂടി നിന്നുകൊണ്ടാകണം നിങ്ങൾ പ്രാർത്ഥിക്കുന്നത്). ഇങ്ങനെ തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഈ പദം തന്നെ ഉപയോഗിച്ചതായി കാണാം. ഇവിടെ ചേർത്ത് വായിക്കേണ്ട ഒരു കാര്യം, ഇതേ പദത്തിൽ നിന്നും വരുന്ന حِفظ എന്ന പദത്തിന്റെ അർത്ഥവും ഓർമ്മയിൽ സൂക്ഷിക്കുക എന്നതാണ്. ഒരു കാര്യം മന:പ്പാഠമാക്കുന്നതിന് ഹിഫ്ളാക്കുക എന്നാണ് പറയുന്നത്. അല്ലെങ്കിൽ വിശുദ്ധ ഖുർആൻ മന:പ്പാഠമുള്ള വ്യക്തിയെ നാം حافظ എന്നും വിളിക്കും. പടച്ച റബ്ബ് സംരക്ഷണവുമായി ബന്ധപ്പെടുത്തി പറയുന്നിടത്തെല്ലാം ഉപയോഗിച്ച പദം ഓർമ്മയുമായി ബന്ധപ്പെട്ടതാണ്. മാത്രമല്ല, ചരിത്രാതീത കാലം മുതൽ നമ്മുടെ വിജ്ഞാനങ്ങളെല്ലാം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട രൂപം പ്രധാനമായും രണ്ട് രൂപത്തിലാണ്. ഒന്ന്: എഴുത്തിലൂടെ, രണ്ട്: വാക്കുകളിലൂടെ.
ചരിത്രം ഗവേഷണം ചെയ്ത് പഠിക്കുന്ന പ്രഗൽഭരായ ആളുകൾ അവർ പഴയകാല താളിയോലകളും കയ്യെഴുത്ത് പ്രതികളും കണ്ടെത്താറുണ്ട്. ഈ കണ്ടെത്തുന്നതിന്റെ കാലപ്പഴക്കം കൃത്യമായി കണ്ടുപിടിക്കാനുള്ള സംവിധാനങ്ങൾ ഇന്ന് നമുക്കുണ്ട്. ചുരുക്കത്തിൽ നമ്മെ സംബന്ധിച്ചിടുത്തോളം വിജ്ഞാനം സംരക്ഷിക്കുന്ന ഒന്നാമത്തെ രീതി അത് എഴുതിവെക്കലാണ്. രണ്ടാമത്തത്, വാക്കുകളിലൂടെ അഥവാ സംസരത്തിലൂടെ. ഇവിടെ ചിന്തിക്കേണ്ട ഒരു കാര്യം നമുക്കറിയാം, വാക്കുകളിലൂടെയുള്ള സംരക്ഷണം എന്നത് വളരെ ദുർബലമായിട്ടുളള പ്രക്രിയയാണ്. കാരണം ഒരോ വ്യക്തികളിൽ നിന്നും അത് കൈമാറ്റം ചെയ്യുമ്പോഴും അതിന് മാറ്റം വരാനുള്ള സാധ്യത വരെ കൂടുതലാണ്. ഒരാൾ മറ്റൊരാൾക്ക് ഒരു കാര്യം കൈമാറ്റം ചെയ്യുമ്പോൾ ആ കാര്യത്തിന്റെ ഭാഷയിലും ആശയത്തിലും അദ്ദേഹത്തിന്റേതായ അഭിപ്രായങ്ങൾ കടന്നു കൂടിയിട്ടുണ്ടാകും. അങ്ങനെ അതൊരു അമ്പതാം ആളിലേക്ക് എത്തുമ്പോഴേക്കും ആ കാര്യത്തിൽ മൊത്തത്തിൽ മാറ്റം വന്നിട്ടുണ്ടാകും. അതുകൊണ്ട് തന്നെ എന്തുകൊണ്ടും സുരക്ഷിത സംരക്ഷണം എന്നത് എഴുത്താണ്. ഈ ഒരു കാര്യം മനസ്സിൽ കണ്ടു കൊണ്ട് നാം വിശുദ്ധ ഖുർആനിലേക്ക് വരുമ്പോൾ കാണുന്നത് അത് സംസാരരൂപത്തിലായിരുന്നു എന്നതാണ്.! പ്രവാചകൻ(സ ) അന്ന് പാരായണം ചെയ്തത് പോലെ തന്നെ ഒരക്ഷരം പോലും വ്യത്യാസമില്ലാതെയാണ് ഇന്നും നാം പാരായണം ചെയ്യുന്നത്. ഏറ്റവും വലിയ ഉദാ: വിശുദ്ധ ഖുർആൻ ഉപയോഗിച്ച ഖണ്ഡാക്ഷരങ്ങളുടെ വിന്യാസം (الحروف المقطعة) വളരെ അതിശയകരമാണ്. എന്തുകൊണ്ട് നാമെല്ലാം ഒരേ രൂപത്തിൽ വായിക്കുന്നു എന്ന് ചിന്തിച്ചാൽ മാത്രം മതി.! റസൂൽ(സ)യുടെ ഹൃദയത്തിലുള്ള ഖുർആൻ നാവിൻ തുമ്പിലൂടെ മധുരമായി പ്രവഹിച്ച് അത് സ്വഹാബത്തിൽ എത്തുകയായിരുന്നു. റസൂൽ(സ ) ഗ്രന്ഥം നോക്കി ആയിരുന്നില്ല ഖുർആൻ ഓതിയിരുന്നത്.
പ്രവാചകന്റെ ഹൃദയത്തിലായിരുന്നു വിശുദ്ധ ഖുർആൻ. സൂറത്തു: ശുഅറാഇന്റെ 193,194 വചനങ്ങളിൽ അല്ലാഹു പറയുന്നു: ” نَزَلَ بِهِ ٱلرُّوحُ ٱلۡأَمِینُ”
(വിശ്വസ്താത്മാവ് (ജിബ്രീൽ) അതും കൊണ്ട് ഇറങ്ങിയിരിക്കുന്നു). ” عَلَىٰ قَلۡبِكَ لِتَكُونَ مِنَ ٱلۡمُنذِرِینَ ” (നിൻറെ ഹൃദയത്തിൽ നീ താക്കീത് നൽകുന്നവരുടെ കൂട്ടത്തിലായിരിക്കുവാൻ വേണ്ടിയത്രെ അത്).മാത്രമല്ല, മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം; “كأنه مكتوب على قلبي” (വിശുദ്ധ ഖുർആൻ എന്റെ ഹൃദയത്തിൽ എഴുതപ്പെട്ടത് പോലെയാണ്). എന്നാണ് വിശേഷിപ്പിച്ചത്. അങ്ങനെ ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കെന്ന പോലെയാണ് വിശുദ്ധ ഖുർആൻ കൈമാറ്റം ചെയ്യപ്പെട്ടതും സംരക്ഷിക്കപ്പെട്ടതും. നേരെത്തെ സൂചിപ്പിച്ചത് പോലെ ദിക്റ്, ഹാഫിളൂൻ എന്നീ രണ്ടു പദങ്ങൾ ഇതിനോട് ചേർത്ത് വായിക്കുക.!
നമ്മെ സംബന്ധിച്ചിടുത്തോളം ഏറ്റവും ദുർബലമായ രീതിയാണ് വാക്കുകളിലൂടെയുള്ള സംരക്ഷണം എന്നത്. പക്ഷെ, വിശുദ്ധ ഖുർആന്റെ കാര്യത്തിൽ അത് ഏറ്റവും ശക്തമാകുകയാണ് ചെയ്യുന്നത്. ഒന്ന് പുറകോട്ട് സഞ്ചരിച്ചാൽ നമുക്ക് മനസ്സിലാകും സംരക്ഷിച്ചു വെക്കാനുളള യാതൊരു ഉപകരണും ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ തെറ്റായി ഓർത്തു വെക്കാൻ സാധ്യത വളരെ കൂടുതലാണ്. പ്രവാചകന്റെ കാലഘട്ടത്തിനു ശേഷം ഓരോ സ്വഹാബിയും ഓരോ പ്രവിശ്യയിലേക്ക് നീങ്ങുകയുണ്ടായി. അവിടെ പഠിപ്പിക്കുന്ന ആൾക്കു തെറ്റ് വന്നാൽ ആ തെറ്റാകും പിന്നെ കീഴിലുള്ള എല്ലാവരും മന:പ്പാഠമാക്കുക. പക്ഷെ അവയിൽ നിന്നെല്ലാം നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും വളരെ അതിശയകരമായി പടച്ച റബ്ബ് അവന്റെ കലാമിനെ സംരക്ഷിച്ചു എന്നതാണ്.
2015-ൽ യു.കെയിലെ ബേമിഹാം യൂണിവേഴ്സിറ്റി ഖുർആൻ ഗവേഷകർ ലോകത്ത് ഏറ്റവും പഴക്കമുള്ള ഖുർആന്റെ കയ്യെഴുത്ത് പ്രതി അവർ കണ്ടിടുക്കുകയുണ്ടായി. ഹിജാസി സ്ക്രിപ്റ്റിൽ രജിക്കപ്പെട്ട ഏറ്റവും പഴക്കമേറിയ ഖുർആന്റെ കോപ്പിയായിരുന്നു അവർ കണ്ടെത്തിയത്. അതവർ റേഡിയോ കാർബണിൽ വിധേയമാക്കിയപ്പോൾ അവർക്ക് മനസ്സിലായത് ഈ കൃതിക്ക് 1370 വർഷത്തിലധികം പഴക്കമുണ്ടെന്നായിരുന്നു. ശേഷം അതവർ ഇന്നത്തെ ഖുർആനുമായി ബന്ധിപ്പിച്ചപ്പോൾ ഒരക്ഷരം പോലും വ്യത്യാസമില്ല എന്ന അത്ഭുതം കൂടി അ വർ പങ്കു വെക്കുന്നു. ഹൃദയങ്ങളിൽ നിന്നും ഹൃദയങ്ങളിലേക്ക് ജീവിക്കുന്ന വിശുദ്ധ ഖുർആൻ ഒരക്ഷരം ആരെങ്കിലും കൂട്ടിച്ചേർത്താൽ ഉടനടി അത് പിടിക്കപ്പെടും എന്നതാണ്.! വിശേഷിച്ചും ഖുർആൻ പാരായണത്തിൽ അതീവ ശ്രദ്ധ പുലർത്തുന്ന ഉദാ: ശൻഖീത്, ഗനിയ, ഇന്തോനേഷ്യ, ജോഹന്നസ്ബർഗ്, തെക്കെ അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഖുർആന്റെ പാരായണ ശാസ്ത്രമായ തജ് വീദ് തെറ്റിച്ചാൽ പോലും അത് ഉടനടി തിരുത്തുന്നത് കാണാം.! ലോകത്തിറങ്ങിയ മറ്റ് ഒരു വേദഗ്രന്ഥവും സംരക്ഷിക്കപ്പെടാത്ത വിധമാണ് വിശുദ്ധ ഖുർആന്റെ അത്ഭുതകരമായ സംരക്ഷരണം. മാത്രമല്ല, ലോകത്ത് ഏറ്റവും കൂടതൽ മനപ്പാഠമാക്കപ്പെട്ടത് ഖുർആനല്ലാതെ വേറെ ഏത് ഗ്രന്ഥമാണ്.!? ഒരു മാരക വൈറസിനാൽ ലോകത്തുള്ള മഴുവൻ ടെക്നോളജികളും നശിച്ചാലും , മത ഗ്രന്ഥങ്ങൾ എല്ലാം തന്നെ കത്തി നശിച്ചാലും ചുരുങ്ങിയ നേരം കൊണ്ട് വിശുദ്ധ ഖുർആൻ പുനർ നിർമ്മിക്കാനാകും എന്നതാണ്. കാരണം മുസ്ലീങ്ങൾ ഖുർആനിനെ സൂക്ഷിച്ചതും സംരക്ഷിച്ചതും തങ്ങളുടെ ഹൃദയങ്ങളിലായിരുന്നു എന്നുള്ളതാണ്. സൂറത്തുൽ അൻകബൂത്തിന്റെ 49-ാം വചനത്തിൽ അല്ലാഹു പറയുന്നു: “بَلۡ هُوَ ءَایَـٰتُۢ بَیِّنَـٰتࣱ فِی صُدُورِ ٱلَّذِینَ أُوتُوا۟ ٱلۡعِلۡمَۚ وَمَا یَجۡحَدُ بِـَٔایَـٰتِنَاۤ إِلَّا ٱلظَّـٰلِمُونَ” (എന്നാൽ ജ്ഞാനം നൽകപ്പെട്ടവരുടെ ഹൃദയങ്ങളിൽ അത് സുവ്യക്തമായ ദൃഷ്ടാന്തങ്ങളാകുന്നു. അക്രമികളല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല).
ഖുർആൻറെ പരിശുദ്ധതക്ക് യാതൊരു കളങ്കവും ബാധിക്കാതെ സുരക്ഷിതമായിരിക്കുവാൻ ഇതും കാരണമാകുന്നു. അതുകൊണ്ട് ഖുർആൻ ജീവിക്കുന്നത് സത്യവിശ്വാസികളുടെ ഹ്യദയങ്ങളിലാണ്. മുസ്ലിം സംഘടനകൾ തമ്മിൽ ചരിത്രപരമായും ആശയപരമായും അല്ലെങ്കിൽ ഫിഖ്ഹീ പരമായും ഒരുപാട് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പക്ഷെ, എല്ലാവരും തന്നെ വിശുദ്ധ ഖുർആന്റെ കാര്യത്തിൽ ഭിന്നതയില്ല എന്നുള്ളതാണ്. പ്രസിദ്ധനായ ഓറിയന്റലിസ്റ്റ് കെന്നത്ത് ക്രയ് അദ്ധേഹത്തിന്റെ ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നത്: ” Quran is perhaps the only book, religious or secular, that has been memorized completely by millions of people”.( ലോകത്തുള്ള ലക്ഷക്കണക്കിന് ആളുകൾ സമ്പൂണ്ണമായി മനപ്പാഠമാക്കിയ വേറെയൊരു ഗ്രന്ഥവും കാണാൻ സാധ്യമല്ല എന്നതാണ്).
ഖുർആൻ വിമർഷകരാണ് ഈ പറയുന്നത്. മാത്രമല്ല, അറബി ഭാഷയുടെ അടിസ്ഥാനം പോലും ഇല്ലാത്ത എത്ര പിഞ്ചു കുഞ്ഞുങ്ങളാണ് വിശുദ്ധ ഖുർആൻ പൂർണ്ണമായും മന:പ്പാഠമാക്കുന്നത്. ഇപ്പോൾ ഇംഗ്ലീഷ് ഭാഷ അറിയാത്ത ഒരാളോട് നാം ഷേക്സ്പിയറിന്റെ ഗ്രന്ഥത്തിലെ രണ്ട് പേജ് മന:പ്പാഠമാക്കാൻ പറഞ്ഞാൽ എന്തായിക്കും അവസ്ഥ.! ഇനി മന:പ്പാഠമാക്കിയാൽ തന്നെ എത്ര നാൾ അദ്ദേഹം അത് ഓർത്തിരിക്കും.! അല്ലെങ്കിൽ ചൈനീസ് ഭാഷയിലെ ഒരു പദ്യം …
കിറുകൃത്യമായി ഖുർആൻ വചനങ്ങളെ ഹൃദിസ്ഥമാക്കാൻ നബി (സ)യും അനുചരന്മാരും തങ്ങളുടെ ഹൃദയങ്ങളെ തരപ്പെടുത്തിയിരുന്നു. ഖുർആനിലെ ഒരക്ഷരം പോലും നഷ്പ്പെടാത്ത വിധം അതീവ ശ്രദ്ധയോടും കരുതലോടും കൂടിയാണ് നബിയും കൂട്ടരും അത് ഹൃദിസ്ഥമാക്കിയത്. നബി (സ) യിൽ നിന്നും പകർന്നു കിട്ടിയ ഓരോ വചനങ്ങളും കൃത്യമായി മനസ്സിൽ കോറിയിട്ട് വിശുദ്ധ ഖുർആനിനെ സംരക്ഷിക്കുന്നതിൽ സ്വഹാബാക്കളും ബദ്ധശ്രദ്ധരായിരുന്നു.അഗ്രേശ്വരായ ഹാഫിളുകൾ പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്. നാലു ഖലീഫമാർക്ക് പുറമേ ത്വൽഹ(റ), സഅ്ദ്(റ), അബ്ദുല്ലാഹിബ്നു മസ്ഊദ്(റ), ഹുദൈഫ(റ), അബൂഹുറൈറ(റ), ഇബ്നുഉമർ(റ), ഇബ്നു അബ്ബാസ്(റ), അംറുബ്നു ആസ്വ്, അബ്ദുല്ലാഹിബ്നു അംറ്(റ), മുആവിയ(റ), അബ്ദുല്ലാഹിബ്നു സുബൈർ(റ), അബ്ദുല്ലാഹിബ്നു സാഇബ്(റ), ആഇശ(റ), ഹഫ്സ(റ), ഉമ്മുസലമ(റ) എന്നിവർ മുഹാജിരീങ്ങളിൽ നിന്നും ഉബയ്യുബ്നു കഅ്ബ്(റ), മുആദുബ്നു ജബൽ(റ), സൈദ് ബ്നു സാബിത്(റ), അബൂദ്ദർദാഅ്(റ), മുജമ്മിഅ് ബ്നു ഹാരിസ(റ), അനസ് ബ്നു മാലിക്(റ), മസ്ലമത്തുബ്നു മുഖല്ലിദ്(റ), ഉഖ്ബതുബ്നു ആമിർ(റ), തമീമുദ്ദാരി(റ), അബൂമൂസൽ അശ്അരി(റ), അബൂസൈദ്(റ) എന്നിവർ അൻസാരികളിൽ നിന്നുമായിരുന്നു.
ഖുർആൻ സംരക്ഷണത്തിന്റെ രണ്ടാമത്തെ തലമാണ് അത് ലിഖിത രൂപത്തിലാവുക എന്നത്.വിശുദ്ധ ഖുർആന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തത് കൊണ്ട് തന്നെ ലിഖിതമായ ഈ തലത്തിൽ അത് നഷ്ടപ്പെടാനോ കൈകടത്തലുകൾക്ക് വിധേയപ്പെടാനോ നിർവ്വാഹമില്ല. ഖുർആനിൽ തന്നെ അതി സൂക്ഷമമായി പരിശോധിച്ചാൽ നമുക്ക് ഈ സൂചന കാണാം. സൂറ: അൻആ മിന്റെ 19-ാം വചനത്തിൽ അല്ലാഹു പറയുന്നു: ” وَأُوحِیَ إِلَیَّ هَـٰذَا ٱلۡقُرۡءَانُ لِأُنذِرَكُم بِهِۦ وَمَنۢ بَلَغَۚ ..” (ഈ ഖുർആൻ എനിക്ക് ദിവ്യബോധനമായി നൽകപ്പെട്ടിട്ടുള്ളത്, അത് മുഖേന നിങ്ങൾക്കും അത് (അതിൻറെ സന്ദേശം) ചെന്നെത്തുന്ന എല്ലാവർക്കും ഞാൻ മുന്നറിയിപ്പ് നൽകുന്നതിന് വേണ്ടിയാകുന്നു). ഇവിടെ لِأُنذِرَكُم بِهِۦ وَمَنۢ بَلَغَۚ എന്ന പ്രയോഗം ശ്രദ്ധേയമാണ്.
ഇത് സൂക്ഷമതലത്തിൽ നിരീക്ഷിച്ചാൽ വിശുദ്ധ ഖുർആന്റെ ഗ്രന്ഥരൂപവും അവരിലേക്ക് കൃത്യമായി എത്തിയിരുന്നു എന്നതാണ് അല്ലാഹു സൂചിപ്പിക്കുന്നത്. ചുരുക്കത്തിൽ ഗ്രന്ഥരൂപത്തിലും അല്ലാഹു വിശുദ്ധ ഖുർആനെ കൃത്യമായി സംരക്ഷിച്ചു എന്നതാണ്.! പ്രവാചകന്റെ കാലഘട്ടത്തിൽ തന്നെ എല്ലാ വ്യവഹാരങ്ങളുടെയും അടിസ്ഥാനം എന്നത് ഖുർആനായിരുന്നു. നിയമം, ധാർമ്മികത, സദാചാരം, സാമൂഹികം, രാഷ്ട്രീയം, സാമ്പത്തിക കാര്യങ്ങൾ അങ്ങനെ തുടങ്ങി വിവിധങ്ങളായ വ്യവഹാരങ്ങൾ. പ്രവാചകൻ (സ) ആവിഷ്കരിച്ച വിദ്യാഭ്യാസ രീതിയുടെ കാതലും ഖുർആനായിരുന്നു. മാത്രമല്ല, നെപ്പോളിയൻ അദ്ദേഹത്തിന്റെ നിയമങ്ങളുടെ വ്യവസ്ഥ നിർണ്ണയിച്ചത് ഖുർആനിൽ നിന്നായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇന്നും അമേരിക്കയുടെ ജുഡീഷറിയിൽ രണ്ട് പ്രധാനപ്പെട്ട റഫറൻസുകളിൽ ഒന്ന് പ്രവാചകൻ (സ) മദീനയിൽ നടപ്പാക്കിയ നിയമ പരിഷ്കരണങ്ങളും ഖുർആന്റെ നിയമ തത്വങ്ങളുടെ ഒരു ഭാഗമാണ്. ഇങ്ങനെ തുടങ്ങി ലോകത്തിന്റെ എല്ലാ വികാസങ്ങളിലും മുന്നോട്ട് പോക്കുകളിലും വിശുദ്ധ ഖുർആന്റെ ഏതെങ്കിലും തരത്തിലുള്ള ഒരംശം കാണാൻ കഴിയും.
20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ വിശുദ്ധ ഖുർആന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു വലിയ പഠനം നടന്നിരുന്നു. ജർമ്മനിയിലെ കുറെ ബിഷപ്പുമാർ ക്രിസ്തീയ പുരോഹിതന്മാരുടെ നേതൃത്വത്തിൽ അവർ ആദ്യം പഠന വിധേയമാക്കിയത് ബൈബിളായിരുന്നു. ലോകത്ത് ബൈബിളിന്റെ മൂലഭാഷ എന്നത് അരാമിക്കാണ്. പക്ഷെ ബൈബിളിന്റെ ആദ്യത്തെ കോപ്പി കണ്ടെടുത്തതിൽ കാണാൻ കഴിഞ്ഞത് ഗ്രീക്ക് ഭാഷയിലുള്ള ബൈബിളായിരുന്നു. അതായത് മൂല ഭാഷയിലുള്ള കൃതി നഷ്ടപ്പെടുകയും കണ്ടെടുത്തത് വിവിധങ്ങളായ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുക യുമാണ് ഉണ്ടായത്. ആഴത്തിലുള്ള പഠനത്തിന് ശേഷം അവർ എത്തിച്ചേർന്നത് ; രണ്ടു ലക്ഷത്തിലധികം വിരുദ്ധ പരാമർശങ്ങളും വൈരുദ്ധ്യങ്ങളും അവർ കണ്ടെത്തി എന്നതാണ്. ഇതോടു കൂടി ഖുർആനിലും വൈരുദ്ധ്യങൾ ഉണ്ട് എന്ന് സമർത്ഥിക്കുവാൻ വേണ്ടി ഒരു വലിയ പഠനശ്രമം ജർമ്മനി കേന്ദ്രമായി തന്നെ നടന്നു. അങ്ങനെ അവർ വിശുദ്ധ ഖുർആന്റെ 43,000 വരുന്ന കോപ്പികൾ വ്യത്യസ്ഥങ്ങളായ നാടുകളിൽ നിന്നും ശേഖരിച്ചു. അന്ന് പാരിസിൽ ഉണ്ടായിരുന്ന വലിയ പണ്ഡിതൻ ഡോ: മുഹമ്മദ് ഹമീദുള്ള അദ്ദേഹം പറയുന്നത് : ” ഞാൻ പാരിസിൽ പഠിച്ചു കൊണ്ടിരിക്കവെ 1933 -ൽ യൂണിവേഴ്സിറ്റിയിൽ ഉണ്ടായിരുന്ന ഖുർആൻ പുരാതന കോപ്പികൾ മുഴുവൻ ഈ ആവിശ്യത്തിന് വേണ്ടി കൊണ്ടുപോയിരുന്നു എന്നതാണ് “. പഴയതും പുതിയതും കയ്യെഴുത്ത് പ്രതിയും കൂടി ഏകദേശം 43,000 കോപ്പികൾ അവർ ശേഖരിച്ചു. അതിനെ വിപുലമായ രീതിയിൽ പഠന വിധേയമാക്കുകയും ചെയ്തു. ബൈബിളിൽ ഇത്രയധികം വൈരുദ്ധ്യങ്ങൾ കണ്ടെത്തിയ സ്ഥിതിക്ക് ഖുർആനിൽ അതിനേക്കാൾ തെറ്റുകൾ ഉണ്ടാകണം എന്ന തീർപ്പിലായിരുന്നു പഠനം. അങ്ങനെ ആഴമേറിയ പഠനത്തിനൊടുവിൽ അവർ എത്തിച്ചേർന്ന റിപ്പോട്ടും നിഗമനവും ഇങ്ങനെയാണ്- ‘ വിശുദ്ധ ഖുർആനിൽ കാലിഗ്രഫിയുടെ വ്യത്യാസമല്ലാതെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന അല്ലെങ്കിൽ പരസ്പര വിരുദ്ധമായ ഒരൊറ്റ പരാമർശം പോലുമില്ല എന്നതാണ് .!’. വിശുദ്ധ ഖുർആന്റെ സംരക്ഷണത്തിന്റെ ഏറ്റവും വലിയ തെളിവുകളിൽ ഒന്നാണ് ഈ അടുത്ത കാലത്ത് നടന്ന ഈ സംഭവം. ഇത്രയേറെ അതി സൂക്ഷമമായ പഠനങ്ങൾ നടന്നിട്ടും ഒരൊറ്റ വൈരുദ്ധ്യവും ഖുർആനിൽ ഇല്ല എന്നത് തന്നെ അതിന്റെ അമാനുഷികതക്കും ദൈവികതക്കും തെളിവാണ്. അതിനെക്കുറിച്ച് ഖുർആൻ തന്നെ പറയട്ടെ:
” أَفَلَا یَتَدَبَّرُونَ ٱلۡقُرۡءَانَۚ وَلَوۡ كَانَ مِنۡ عِندِ غَیۡرِ ٱللَّهِ لَوَجَدُوا۟ فِیهِ ٱخۡتِلَـٰفࣰا كَثِیرࣰا ” (അവർ ഖുർആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കൽ നിന്നുള്ളതായിരുന്നെങ്കിൽ അവരതിൽ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു).[Surah An-Nisa 82]. അതുകൊണ്ട് വിശുദ്ധ ഖുർആൻ വളരെ കൃത്യമായി സംരക്ഷിക്കപ്പെടുന്നു എന്ന കേവല അവകാശവാദത്തിലുപരി, അതിന്റെ കൃത്യമായ പഠനങ്ങളും ബുദ്ധിജീവികളുടെ നിരീക്ഷണങ്ങളും അത് കാണിച്ചു തരുന്നു. വിശുദ്ധ ഖുർആന്റെ സംരക്ഷണം കേവലം മനുഷ്യമനസ്സുകളിൽ മാത്രമല്ല എന്നും തെളിയിക്കുന്നു. ഇന്ന് തർജുമകളിലും വ്യാഖാനങ്ങളിലും വ്യത്യാസങ്ങൾ കാണാം പക്ഷെ അതൊന്നും തന്നെ അല്ലാഹു അവതരിപ്പിച്ച ഖുർആനല്ല. ഇത്രയേറെ അത്ഭുതകരമായ സംരക്ഷണം ലോകത്ത് മറ്റൊരു ഗ്രന്ഥത്തിനും അവകാശപ്പെടാൻ കഴിയാത്തതാണ്.!
ചിന്താപരമായ സജീവത എല്ലാ കാലത്തും നിലനിർത്തുക എന്ന അനിതര സാധാരണമായ കാര്യം ഖുർആന് മാത്രം അവകാശപ്പെട്ടതാണ്. ഭാഷയറിയാത്ത എത്ര ആളുകളാണ് ഖുർആൻ സമ്പൂണ്ണമായും മന:പ്പാഠമാക്കുന്നത്.! ചരുക്കത്തിൽ ഖുർആനോടുള്ള തീവ്രമായ സ്നേഹം കൊണ്ട് ഒരു മനുഷ്യനത് പഠിക്കാൻ ഇറങ്ങിത്തിരിച്ചാൽ അല്ലാഹു അവനത് വളരെ എളുപ്പമാക്കി കൊടുക്കും എന്നുള്ളതാണ്. മാത്രവുമല്ല, എത്രയേറെ പാരായണം ചെയ്താലും മടുപ്പ് അനുഭവപ്പെടാത്ത ഗ്രന്ഥം.! ഒരു നോവൽ തന്നെ നാം എടുത്താൽ അത് എത്ര മനോജ്ഞമാണെങ്കിൽ പോലും കൂടിയാൽ രണ്ടോ മുന്നോ തവണ മാത്രമാണ് നാമത് വായിക്കുക. വിശുദ്ധ ഖുർആൻ ഓർമ്മ വെച്ച കാലം മുതലേ വായിച്ചു പോരുന്നു.! അത് ഓരോ തവണ വായിക്കുമ്പോഴും പുതിയ പുതിയ അറിവുകളും അനുഭൂതികളും സമ്മാനിക്കുന്നു.! വ്യത്യസ്ഥങ്ങളായ ആളുകളെ വ്യത്യസ്ഥ തലങ്ങളിൽ നിന്നുകൊണ്ട് ഒരേ ഗ്രന്ഥം സ്വാധീനിച്ചു കൊണ്ടിരിക്കുന്നു. ഒരേ സമയം ബുദ്ധിജീവികൾക്കും സാധാരണക്കാർക്കും സമീപിക്കാൻ കഴിയുന്ന, വക്രതയോ വളച്ചുകെട്ടോ ഇല്ലാത്ത, കെട്ടുപിണയലോ ചുറ്റിത്തിരിയലോ ഇല്ലാത്ത, പടച്ചറബ്ബിന്റെ വരതാനം.!