ഇഅ്തികാഫ്- എങ്ങിനെ നിർവഹിക്കാം
1. അർഥം- ഒരു കാര്യം സ്ഥിരമായി അനുഷ്ഠിക്കുകയും മനസ്സിൽ ധ്യാനിക്കുകയും ചെയ്യുന്നതിന്നാണ് അറബി ഭാഷയിൽ ഇഅ്തികാഫ് എന്നു പറയുന്നത്. അല്ലാഹു പറഞ്ഞു: ما هذه التماثيل التي أنتم لها عاكفون (الأنبياء ٥٢) (നിങ്ങൾ ഉപാസിച്ചുകൊണ്ടിരിക്കുന്ന ഈ പ്രതിമകൾ എന്താകുന്നു?
സർവശക്തനായ അല്ലാഹു തആലായുടെ സാമീപ്യം ഉദ്ദേശിച്ച് ഭക്തിപൂർവം പള്ളിയിൽ വസിക്കുകയാണ് ഇസ്ലാമിന്റെ സാങ്കേതിക ഭാഷയിൽ ഇഅ്തികാഫ്.
2. നിയമപരത
അത് നിയമപരമാണ് എന്നതിൽ പണ്ഡിതൻമാർ ഏകോപിച്ചിരിക്കുന്നു. നബി(സ) എല്ലാ റമദാൻ കാലത്തും പത്ത് ദിവസം ഇഅ്തികാഫ് അനുഷ്ഠിക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹം മരണമടഞ്ഞ വർഷം ഇരുപതുനാൾ ഇഅ്തികാഫ് അനുഷ്ഠിച്ചുവെന്നും ബുഖാരി, അബൂദാവൂദ്, ഇബ്നുമാജഃ തുടങ്ങിയവർ നിവേദനം ചെയ്തിട്ടുണ്ട്. നബി(സ)യോടൊപ്പവും നബി(സ)യുടെ കാലശേഷവും അവിടത്തെ സഹാബികളും പത്നിമാരും ഇഅ്തികാഫ് ചെയ്തിരുന്നു. ഇഅ്തികാഫ് ഒരു പുണ്യകർമമാണെങ്കിലും അതിന്റെ ശ്രേഷ്ഠത സംബന്ധിച്ച് ഒറ്റ ഹദീസും സാധുവായി ഉദ്ധരിക്കപ്പെടുന്നില്ല. അബൂദാവൂദ് പറയുന്നു: “ഞാൻ ഇമാം അഹ്മദി(റ)നോട് ചോദിച്ചു: ഇഅ്തികാഫിന്റെ ശ്രേഷ്ഠതയെ സംബന്ധിച്ച് താങ്കൾക്ക് വല്ലതും (ഹദീസുക ളും) അറിയാമോ? അദ്ദേഹം പറഞ്ഞു: ഇല്ല; ബാലിശമായ വസ്തു (ഹദീസുകൾ) അല്ലാതെ.
3. ഇനങ്ങൾ
ഇഅ്തികാഫ് സുന്നത്ത്, വാജിബ് എന്നിങ്ങനെ രണ്ടിനമുണ്ട്. അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും കാംക്ഷിച്ചും പ്രവാചകനെ അനുകരിച്ചും ഒരു മുസ്ലിം ഐഛികമായി അനുഷ്ഠിക്കുന്ന ഇഅ്തികാഫാണ് സുന്നത്തായത്. നേരത്തെ സൂചിപ്പിച്ച ഹദീസിന്റെ അടിസ്ഥാനത്തിൽ, അത് റമദാനിലെ അവസാനത്തെ പത്തു നാളുകളിലായിരിക്കുന്നത് ഏറെ പ്രബലമാകുന്നു. ഒരാൾ തന്നിൽ സ്വയം നിർബന്ധമാക്കുന്നതാകുന്നു വാജിബായ ഇതികാഫ്. സ്വയം നിർബന്ധമാക്കുന്നത് നിരുപാധികമായ നേർച്ചയിലൂടെ ആവാം. ഉദാഹരണമായി അയാൾ പറയുക: ‘ഞാൻ ഇത്ര സമയം ഇഅ്തികാഫ് അനുഷ്ഠിക്കുക അല്ലാഹുവിനുവേണ്ടി എന്റെ പേരിൽ നിർബന്ധ ബാധ്യതയാകുന്നു.’
നേർച്ച സോപാധികവുമാകാം. ഉദാ: ‘അല്ലാഹു എന്റെ രോഗത്തിന് ആശ്വാസം നല്കിയാൽ തീർച്ചയായും ഞാൻ ഇത്ര സമയം ഇഅ്തികാഫ് അനുഷ്ഠിക്കും സ്വഹീഹുൽ ബുഖാരിയിൽ ഇപ്രകാരം കാണാം നബി(സ) പ്രസ്താവിച്ചു: من نذر أن يطيع الله فليطعه (ആരെങ്കിലും അല്ലാഹുവിന് വണങ്ങാൻ നേർന്നിട്ടുണ്ടെങ്കിൽ അവൻ വണങ്ങിക്കൊള്ളട്ടെ. അതിൽ ഇങ്ങനെയുണ്ട്.) ഹ. ഉമർ (റ) പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേ, ഞാൻ ഒരു രാവിൽ മസ്ജിദുൽ ഹറാമിൽ ഇഅ്തികാഫ് ചെയ്യാൻ നേർന്നിരിക്കുന്നു. അവിടന്ന് പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ നേർച്ച വീട്ടുക.
4. സമയം
വാജിബായ (നിർബന്ധം) ഇഅ്തികാഫ്, അത് നേർന്നവൻ നിശ്ചയിച്ച സമയമാണ് നിർവഹിക്കേണ്ടത്. ഒരാൾ ഒരു ദിവസമോ അതിലധികമോ ഇഅ്തികാഫ് നേർന്നിട്ടുണ്ടെങ്കിൽ അത്രയും സമയം അയാൾ അത് അനുഷ്ഠിക്കേണ്ടത് നിർബന്ധമായി.
ഐഛികമായ ഇഅ്തികാഫിന് നിർണിതമായ സമയമില്ല. ഇഅ്തികാഫിന്റെ ഉദ്ദേശ്യത്തോടെ പള്ളിയിൽ തങ്ങുന്നവർക്ക് സമയം ഏറട്ടെ, കുറയട്ടെ അത് സഫലമാവുകയും പള്ളിയിൽ ശേഷിക്കുന്നതിനനുസരിച്ച് പ്രതിഫലം ലഭിക്കുകയും ചെയ്യുന്നു. പള്ളിയിൽനിന്ന് അയാൾ പുറത്തുപോവുകയും പിന്നെ തിരി ച്ചുവരികയും ചെയ്താൽ ഇഅ്തികാഫ് ഉദ്ദേശിക്കുന്നു വെങ്കിൽ നിയ്യത്ത് പുതുക്കേണ്ടതാണ്. യഅ്ലബ്ന് ഉമവായിൽനിന്ന് നിവേദനം ചെയ്യപ്പെടുന്നു. ഞാൻ ഒരു മണിക്കൂർ പള്ളിയിൽ താമസിക്കാറുണ്ട്.
ഇഅ്തികാഫിനുവേണ്ടിയല്ലാതെ ഞാൻ താമസിക്കാറില്ല. അതാ പറയുന്നു: “അവിടെ താമസിച്ചത് ഇതികാഫാ കുന്നു. പുണ്യം കാംക്ഷിച്ച് ഒരാൾ പള്ളിയിൽ ഇരുന്നാൽ അയാൾ ഇതികാഫുകാരനാണ്. അങ്ങനെ കാംക്ഷിക്കുന്നില്ലെങ്കിൽ അല്ല.”
ഐഛികമായ ഇഅ്തികാഫ് അത് അനുഷ്ഠിക്കുന്നവർക്ക് വേണമെങ്കിൽ ഉദ്ദേശിച്ച സമയം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ അവസാനിപ്പിക്കാവുന്നതാണ്.
ഇതികാഫ് അനുഷ്ഠിക്കാൻ നിശ്ചയിച്ചാൽ സുബ്ഹ് നമസ്കാരാനന്തരം ഇതികാഫിന്റെ സ്ഥാനത്ത് പ്രവേശിക്കുകയായിരുന്നു നബി(സ)യുടെ സമ്പ്രദായമെന്നും ഒരിക്കൽ അവിടന്ന് റമദാനിലെ അവസാനപത്തുകളിൽ ഇഅ്തികാഫ് ചെയ്യാൻ തീരുമാനിക്കുകയും അതിന് സ്ഥലം സജ്ജീകരിപ്പിക്കുവാൻ കല്പിക്കുകയും ( ഇതികാഫ് ചെയ്യുന്നവർക്ക് ഏകാന്തരായി ഒഴിഞ്ഞിരിക്കുന്നതിന് ആ ഘട്ടത്തിൽ പള്ളിയിൽ സ്ഥലം സ്വന്തമാക്കാവുന്നതാണെന്ന് ഇത് തെളിയിക്കുന്നു. എന്നാൽ അത് ജനങ്ങൾക്ക് ബുദ്ധിമുട്ടാവാനിടയാവരുത്. പ്രത്യേകം സ്ഥലം സജ്ജീകരിക്കുകയാണെങ്കിൽ അത് പള്ളിയുടെ പിന്നറ്റത്തോ നടുമുറ്റത്തോ ആയിരിക്കണം. മറ്റുള്ളവർക്ക് വിഷമമുണ്ടാവാതിരിക്കുന്നതിനും പൂർണമായ ഏകാന്തത ലഭിക്കുന്നതിനും അതാണ് ഉത്തമം.) അപ്രകാരം സജ്ജീകരിക്കപ്പെടുകയും ചെയ്തുവെന്ന് ആഇശ(റ)യിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അവർ തുടരുന്നു. അത് കണ്ടപ്പോൾ എനിക്കും ഒരു ഇഅ്തികാഫ് സങ്കേതം സജ്ജീകരിക്കാൻ ഞാൻ ആവശ്യപ്പെട്ടു. അതും സജ്ജീകരിക്കപ്പെട്ടു. പ്രവാചകന്റെ മറ്റു പത്നിമാരും അപ്രകാരം ആവശ്യപ്പെട്ടു. അവർക്കും സ്ഥലങ്ങൾ സജ്ജീകരിക്കപ്പെട്ടു. സുബ്ഹ് നമസ്കരിച്ചപ്പോൾ നബി(സ) ആ തമ്പുകൾ കണ്ടു. അവിടന്ന് ചോദിച്ചു: “എന്താണിത്? നിങ്ങൾ പുണ്യമാണോ ഉദ്ദേശിക്കുന്നത്? ( നബി(സ) വിമർശിച്ചതിന്റെ കാരണം ശർഹു മുസ്ലിമിൽ ഇപ്രകാരം വിശദീകരിച്ചിരിക്കുന്നു; ഇഅ്തികാഫ് അനുഷ്ഠിക്കുന്നതിൽ അവർ നിഷ്കളങ്കരല്ല എന്ന് അവിടന്ന് ആശങ്കിച്ചു. അവർക്ക് അദ്ദേഹത്തോടോ അദ്ദേഹത്തിന് അവരോടോ ഉള്ള വ്യഗ്രത നിമിത്തം സാമീപ്യം കാംക്ഷിക്കുകയാണവരെന്നദ്ദേഹം സംശയിച്ചു. അതുകൊണ്ട് പള്ളിയിൽ അവരുടെ സഹവാസം നബി(സ) ഇഷ്ടപ്പെട്ടില്ല. കൂടാതെ പള്ളി ജനങ്ങൾ ഒത്തുകൂടുന്ന സ്ഥലവുമാണല്ലോ. അപരിഷ്കൃതരായ അറബികളും കപടവിശ്വാസികളും അവിടെ വരുന്നു. സ്ത്രീകൾക്കാകട്ടെ, അത്യാവശ്യങ്ങൾക്ക് വേണ്ടി പുറത്തിറങ്ങേണ്ടതായും വരും. അങ്ങനെ അനാശാസ്യതകൾക്ക് പഴുതുണ്ടാകുന്നു. അല്ലെങ്കിൽ ഭാര്യമാരോടൊപ്പം പള്ളിയിൽ പാർക്കുന്നത് വീട്ടിൽ താമസിക്കുന്നതുപോലെത്തന്നെയാണെന്നും ഇഅ്തികാഫിന്റെ ഉദ്ദേശ്യം അതു മൂലം സഫലമാവുകയില്ലെന്നും നബി(സ)ക്ക് തോന്നിയിരിക്കാം. കളത്രങ്ങളിൽ നിന്നും സംസാര ബന്ധങ്ങളിൽ നിന്നുമുള്ള മുക്തിയാണല്ലോ അത്. അതുമല്ലെങ്കിൽ ഭാര്യമാരുടെ തമ്പുകളാൽ പള്ളി കുടുസ്സായിപ്പോകുന്നതുകൊണ്ടാവാം) ആഇശ പറയുന്നു. സ്വന്തം തമ്പ് പൊളിച്ചുകളയുവാൻ അവിടന്ന് കല്പിച്ചു. അതു പൊളി ക്കപ്പെടുകയും ചെയ്തു. പത്നിമാരുടെ തമ്പുകൾ പൊളിക്കുവാൻ അവരും ആവശ്യപ്പെടുകയും അവ പൊളിക്കപ്പെടുകയും ചെയ്തു. പിന്നീടവിടന്നു ഇഅ്തികാഫ് (ശവ്വാലിലെ) ആദ്യത്തെ പത്തിലേക്ക് നീട്ടിവചു.
നബി(സ) ഭാര്യമാരുടെ തമ്പുകൾ പൊളിച്ചുനീക്കാൻ കല്പിച്ചതും അവർ ഇഅ്തികാഫ് ചെയ്യാൻ നിയ്യത്തു ചെയ്തശേഷം ഉപേക്ഷിച്ചതും അത് അനുഷ്ഠിക്കാൻ തുടങ്ങിയ ശേഷവും ഉപേക്ഷിക്കാമെന്നതിന് തെളിവാകുന്നു. തന്റെ സമ്മതമില്ലാതെ ഇഅ്തികാഫിൽ ഏർപ്പെടുന്ന സ്ത്രീയെ തടയുവാൻ ഭർത്താവിന് അവകാശമുണ്ട് എന്നതിനും ഈ ഹദീസിൽ തെളിവുണ്ട്. അങ്ങനെയാണ് പണ്ഡിതൻമാർ പൊതുവിൽ അഭിപ്രായപ്പെട്ടിട്ടുള്ളത്. എന്നാൽ ഭാര്യക്ക് അനുമതി നൽകിയ ശേഷം അതും തടയാമോ എന്നതിൽ ഭിന്നാ ഭിപ്രായമുണ്ട്. തടയാമെന്നും ഐഛികമായ ഇഅ്തി കാഫിൽ നിന്ന് അവളെ പുറത്തിറക്കാമെന്നുമാണ് ശാഫിഈയുടെയും അഹ്മദിന്റെയും ദാവൂദിന്റെയും അഭിപ്രായം.
5. നിബന്ധനകൾ
ഇഅ്തികാഫ് അനുഷ്ഠിക്കുന്നവർ മുസ്ലിമായിരിക്കുക, വിവേചന ബോധമുള്ളവരായിരിക്കുക, വലിയ അശുദ്ധികളിൽനിന്ന് മുക്തരായിരിക്കുക എന്നീ നിബന്ധനകൾ തികഞ്ഞവരായിരിക്കണം. കാഫിർ, വിവേചനബോധമില്ലാത്ത കുട്ടി, വലിയ അശുദ്ധിയുള്ളവർ എന്നിവരുടെ ഇഅ്തികാഫ് സാധുവാകുന്നതല്ല.
6. ഘടകങ്ങൾ
അല്ലാഹുവിന്റെ സാമീപ്യമുദ്ദേശിച്ച് പള്ളിയിൽ പാർക്കുകയാണ് ഇഅ്തികാഫിന്റെ കാതലായ വശം. താമസം പള്ളിയിലായില്ല, അല്ലെങ്കിൽ ഇബാദത്ത് ഉദ്ദേശിച്ചില്ല എങ്കിൽ അത് ഇഅ്തികാഫാവുകയില്ല. നിയ്യത്ത് (ഉദ്ദേശ്യം) നിർബന്ധമാണെന്നതിന് പ്രമാണം, “അനുസരണം അല്ലാഹുവിന് മാത്രമാക്കിയവരായി ക്കൊണ്ട് അല്ലാഹുവിന് ഇബാദത്ത് ചെയ്യാൻ മാത്രമാണ് അവൻ കല്പിക്കപ്പെട്ടിട്ടുള്ളത് “എന്ന ഖുർആൻ വാക്യവും ഉദ്ദേശ്യം അനുസരിച്ച് മാത്രമാണ് പ്രവർത്തനങ്ങൾ, ഓരോ മനുഷ്യനും അവൻ ഉദ്ദേശിക്കുന്നത് ലഭിക്കുന്നു’ എന്ന നബിവചനവുമാകുന്നു.
പള്ളി ഇക്കാര്യത്തിന് അനിവാര്യമാകുന്നു. ഈ ഖുർആൻ വാക്യമാണ് പ്രമാണം:
ولا تباشروهن وأنتم عاكفون في المساجد (البقرة ١٨٧ )
(നിങ്ങൾ പള്ളിയിൽ ഇഅ്തികാഫ് അനുഷ്ഠിച്ചുകൊണ്ടിരിക്കെ അവരു(സ്ത്രീകളു)മായി സംസർഗത്തിലേർ പ്പെടാതിരിക്കുക. പള്ളിയല്ലാത്തിടങ്ങളിൽ ഇഅ്തികാഫ് സാധുവാകുമെങ്കിൽ സ്ത്രീ സംസർഗം പള്ളിയിൽ ഇഅ്തികാഫ് ചെയ്യുന്നവർക്ക് മാത്രം നിരോധിക്കുകയില്ല. കാരണം ഇഅ്തികാഫിനുതന്നെ വിരുദ്ധമാണത് എന്നതാണ് ഇതിലെ തെളിവിന്റെ ന്യായം. ഇഅ്തികാഫ് പള്ളിയിലേ ഉണ്ടാകൂ എന്നു വിശദീക രിക്കലാണുദ്ദേശ്യമെന്ന് അതിൽ സ്പഷ്ടമായി.
7. സാധുവാകുന്ന പള്ളി
ഇഅ്തികാഫ് സാധുവാകുന്ന പള്ളിയെ സംബന്ധിച്ച് കർമശാസ്ത്ര പടുക്കൾ ഭിന്നാഭിപ്രായക്കാരാണ്. അഞ്ചു നേരത്തെ നമസ്കാരവും ജമാഅത്തും നടക്കുന്ന എല്ലാ പള്ളികളിലും ഇഅ്തികാഫ് സാധുവാകുമെന്നാണ് അബൂഹനീഫ, അഹ്മദ്, ഇസ്ഹാഖ്, അബൂഥൗർ എന്നിവരുടെ വീക്ഷണം. ത്വബറാനി ഉദ്ധരിച്ച, തെളിവിന് യോഗ്യമല്ലാത്തതും നിവേദനമണി ദുർബലവും അപൂർണവുമായ ഒരു ഹദീസാണ് അവരുടെ തെളിവ്. നബി(സ) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നുവെന്നാണ് ഹദീസ്: “മുഅദ്ദിനും (ബാങ്ക് കൊടു ക്കുന്നവൻ) ഇമാമുമുള്ള എല്ലാ പള്ളിയിലും ഇഅ്തികാഫ് ശരിയാകുന്നതാണ്. ഏതു പള്ളിയിലും ഇഅ്തികാഫ് സാധുവാകുമെന്ന അഭിപ്രായമാണ് മാലിക്ക്, ശാഫിഈ, ദാവൂദ് തുടങ്ങിയവർ പ്രകടിപ്പിച്ചിട്ടുള്ളത്.
ശാഫിഈകൾ പറയുന്നു: ഇഅ്തികാഫ് അനുഷ്ഠിക്കുന്നത് ജമാഅത്ത് നടക്കുന്ന പള്ളിയിലായിരിക്കുന്നതാണ് ഏറ്റം ശ്രേഷ്ഠം. എന്തുകൊണ്ടെന്നാൽ റസൂൽ (സ) ഇഅ്തികാഫ് ചെയ്തത് ജമാഅത്ത് നടക്കുന്ന പള്ളിയിലായിരുന്നു. അവിടത്തെ നമസ്കാരങ്ങളിലധികവും ജമാഅത്തായിട്ടുമായിരുന്നു. അതല്ലാത്ത പള്ളിയിൽ ഇഅ്തികാഫ് പറ്റുകയില്ല; ജുമുഅ നമസ്കാരം ഇഅ്തികാഫിൽ, അതിനെ പാഴാക്കും വിധം വിടവുണ്ടാക്കുമെങ്കിൽ.
ഇഅ്തികാഫ് ചെയ്യുന്നവന് ബാങ്കിനുള്ള സ്തുപത്തിൽ ബാങ്ക് വിളിക്കാവുന്നതാണ്. അതിന്റെ കവാടം പള്ളിയിലോ പള്ളിയുടെ മുറ്റത്തോ ആണെങ്കിൽ അയാൾക്ക് പള്ളിയുടെ ഉപരിതലത്തിൽ കയറുകയു മാവാം. അതെല്ലാം പള്ളിയിൽ പെട്ടതുതന്നെയാകുന്നു. ബാങ്ക് സ്തൂപത്തിന്റെ കവാടം പള്ളിക്കു പുറത്താണങ്കിൽ, മനഃപൂർവം അങ്ങോട്ട് പോകുന്നതുമൂലം ഇഅ്തി കാഫ് അസാധുവാകും. പള്ളിയുടെ മുറ്റം ഹനഫികളുടെയും ശാഫിഈകളുടെയും വീക്ഷണത്തിൽ പള്ളിയിൽ പെട്ടതാണ്. ഒരു നിവേദനപ്രകാരം ഇമാം അഹ്മദും ഇതേ വീക്ഷണക്കാരനാണ്. ഇമാം മാലിക്കിന്റെയും ഒരു നിവേദനപ്രകാരം ഇമാം അഹ്മദിന്റെയും അഭിപ്രായം അത് പള്ളിയിൽ പെട്ടതല്ല എന്ന്. അതനു സരിച്ച് ഇഅ്തികാഫുകാരൻ അങ്ങോട്ട് ഇറങ്ങിക്കൂടാ.
സ്ത്രീകൾ വീട്ടിലെ പള്ളിമുറിയിൽ ഇഅ്തികാഫ് ചെയ്യുന്നത് സാധുവല്ല എന്നാണ് ഭൂരിഭാഗം പണ്ഡി തൻമാരുടെ നിലപാട്. വീട്ടിന്റെ പള്ളിമുറി പള്ളി എന്നു വിളിക്കപ്പെടുന്നതല്ല. അത് ക്രയവിക്രയം ചെയ്യുന്നത് അനുവദനീയമാണെന്നതിൽ തർക്കമില്ലല്ലോ. പ്രവാചക പത്നിമാർ മസ്ജിദുന്നബവിയിൽ ഇഅ്തികാഫ് ചെയ്യാറുണ്ടായിരുന്നുവെന്ന് പ്രബലമായ പരമ്പരയിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്.
ഇഅ്തികാഫുകാരന്റെ വ്രതം
ഇഅ്തികാഫുകാരൻ നോമ്പനുഷ്ഠിക്കുന്നുവെങ്കിൽ, അത് നല്ലതാണ്. നോമ്പനുഷ്ഠിച്ചില്ലെങ്കിലും ഒന്നുമില്ല. ഇബ്നു ഉമറിൽ(റ)നിന്ന് ബുഖാരി ഉദ്ധരിക്കുന്നു: ഉമർ(റ) റസൂൽ തിരുമേനിയോട് പറഞ്ഞു: “ജാഹിലിയ്യാ കാലത്ത്, ഒരു രാത്രി മസ്ജിദുൽഹറാമിൽ ഇഅ്തികാഫനുഷ്ഠിക്കാൻ ഞാൻ നേർന്നിട്ടുണ്ടായിരുന്നു. നബി(സ) പറഞ്ഞു , (നിങ്ങൾ നിങ്ങളുടെ നേർച്ച വീട്ടുക.)
നേർച്ച വീട്ടുവാനുള്ള നബി(സ)യുടെ കല്പന ഇഅ്തികാഫ് സാധുവാകുന്നതിന് വ്രതം ഒരു നിബസനയല്ലെന്ന് തെളിയിക്കുന്നു. എന്തുകൊണ്ടെന്നാൽ രാത്രിയിൽ വ്രതാനുഷ്ഠാനമില്ലല്ലോ. സഈദുബ്നു മൻസൂർ അബൂസഹ് ലിൽ നിന്ന് ഉദ്ധരിക്കുന്നു.
അദ്ദേഹം പറഞ്ഞു: “എന്റെ കുടുംബത്തിൽ ഒരു സ്ത്രീ ഇഅ്തികാഫ് അനുഷ്ഠിക്കാൻ നേർന്നിരുന്നു. അവൾ ഉമറുബ്നു അബ്ദിൽഅസീസിനോട് അതേപ്പറ്റി അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു. അവൾ നോമ്പെടുക്കേണ്ടതില്ല. അവൾ അത് നേർച്ചയാക്കിയിട്ടുണ്ടെങ്കിലല്ലാതെ അപ്പോൾ സുഹ്രി പറഞ്ഞു: “നോമ്പില്ലാതെ ഇതികാഫ് ഇല്ല. ഉമറുബ്നു അബ്ദിൽ അസീസ് ചോദിച്ചു. “അത് നബിയിൽ നിന്നുള്ള ഹദീസാണോ?” “അല്ല. “എങ്കിൽ അബൂബക്കറിൽ നിന്നുള്ള റിപ്പോർട്ടാണോ?” “അല്ല.” “എന്നാൽ ഉമറിൽ നിന്നുള്ള റിപ്പോർട്ടാണോ?” “അതുമല്ല. എന്നാൽ ഉസ്മാൻ അപ്രകാരം പ്രസ്താ വിച്ചിരിക്കുമെന്ന് ഞാൻ കരുതുന്നു.” “അതുമില്ല….. സുഹ്രി പറയുന്നു: ഞാൻ ഉമറിന്റെ സന്നിധിയിൽ നിന്ന് പുറത്തുവന്നു. അനന്തരം അത്വാഇനെയും ത്വാവൂസിനെയും കണ്ടു. അവരോട് അന്വേഷിച്ചു. ത്വാവൂസ് പറഞ്ഞു: “ഇന്ന് പണ്ഡിതൻ അവൾ നോമ്പ് നോൽക്കാൻ നേർന്നെങ്കിലല്ലാതെ നോമ്പെടുക്കേണ്ടതില്ലെന്നഭിപ്രായപ്പെട്ടിരിക്കുന്നു.” അത്വാഅ് പറഞ്ഞു: “സ്വയം നിർബന്ധമാക്കിയാലല്ലാതെ അവൾ നോമ്പെടുക്കേണ്ടതില്ല. ഖത്വാബി പ്രസ്താവിച്ചു. ഇക്കാര്യത്തിൽ പണ്ഡിതൻമാർ ഭിന്നിച്ചിരിക്കുന്നു. ഹസനുൽ ബസ്വരി പറയുന്നു: നോമ്പില്ലാതെ ഇഅ്തികാഫ് അനുഷ്ഠിച്ചാലും മതിയാകും. ശാഫിഈയും ഇതേ അഭിപ്രായക്കാരനാണ്. അലിയും ഇബ്നു മസ്ഊദും പറഞ്ഞതായി നിവേദനം ചെയ്യപ്പെടുന്നു. അവനിഷ്ടമുണ്ടങ്കിൽ നോമ്പെടുക്കാം. ഇല്ലെങ്കിൽ ഉപേക്ഷിക്കാം. നസാഇയും മാലിക്കും പറയുന്നു: നോമ്പില്ലാതെ ഇതികാഫില്ല. അഹ് ലുറർഅ്ന്റെ മദ്ഹബ് അതത്രെ. ഇബ്നു ഉമർ, ഇബ്നു അബ്ബാസ്, ആഇശ, സഈദു ബ്നുൽ മുസയ്യബ്, ഉർവതുബുസ്സുബൈർ, സുഹ്രി തുടങ്ങിയവരിൽ നിന്ന് അപ്രകാരം ഉദ്ധരിക്കപ്പെടുന്നുണ്ട്.
സമയം
ഐഛികമായ ഇഅ്തികാഫിന് നിർണിതമായ സമയമില്ലെന്ന് നേരത്തെ പറഞ്ഞുവല്ലോ. ഇഅ്തികാഫ് ചെയ്യുന്നവൻ പള്ളിയിൽ പ്രവേശിക്കുകയും അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി അതിൽ വസിക്കാൻ നിശ്ചയിക്കുകയും ചെയ്യുന്നതെപ്പോഴാണോ അപ്പോൾ മുതൽ പുറത്തുപോകുംവരെ അയാൾ ഇഅ്തികാഫുകാരനായി. റമദാനിലെ അവസാന പത്തുകളിൽ ഇഅ്തികാഫ് ചെയ്യാൻ നിയ്യത്ത് ചെയ്യുന്നുവെങ്കിൽ അയാൾ, സൂര്യാസ്തമയത്തിന് മുമ്പായി ഇഅതികാഫിന്റെ സ്ഥാനത്ത് പ്രവേശിക്കേണ്ടതാണ്. ബുഖാരി അബൂ സഈദിൽ നിന്ന് ഉദ്ധരിക്കുന്നു: നബി(സ) പറഞ്ഞു: فليعتكف العشر الأواخر معی من كان اعتكف (ആരെങ്കിലും എന്നോടൊപ്പം ഇഅ്തികാഫ് അനുഷ്ഠിക്കുന്നുവെങ്കിൽ അവസാനത്തെ പത്തിൽ ഇഅ്തികാഫ് ചെയ്തുകൊള്ളട്ടെ.) العشر (പത്ത്) എന്നത് രാവുകളുടെ സംഖ്യയാകുന്നു. പത്തു രാവുകളിലെ ആദ്യരാവ് ഇരുപത്തൊന്നാം രാത്രിയോ ഇരുപതാം രാത്രിയോ ആകുന്നു.
നബി(സ) ഇഅ്തികാഫ് ഉദ്ദേശിച്ചാൽ സുബ്ഹ് നമസ്കാരാനന്തരം ഇഅതികാഫിന്റെ സ്ഥലത്ത് പ്രവേശിച്ചിരുന്നു എന്ന റിപ്പോർട്ടിന്റെ അർഥം, ഇഅ്തികാഫിനു വേണ്ടി സജ്ജീകരിച്ച സ്ഥാനത്ത് പ്രവേശിച്ചിരുന്നു എന്നാണ്. പക്ഷേ, പള്ളിയിൽ പ്രവേശിച്ചിരുന്ന സമയം രാത്രിയുടെ ആരംഭമായിരുന്നു.
റമദാനിലെ അവസാനത്തിൽ ഇഅ്തികാഫ് അനുഷ്ഠിക്കുന്നവർക്ക് അവസാന ദിവസം സൂര്യാസ്തമയത്തിന് ശേഷം പുറത്തു പോരാവുന്നതാണെന്ന് ഇമാം അബൂഹനീഫയും ശാഫിഈയും നിർദേശിക്കുന്നു. മാലിക്കും അഹ്മദും പറയുന്നതിങ്ങനെയാണ്: സൂര്യാസ്തമയത്തിന് ശേഷം പുറത്തുപോന്നാൽ അത് മതിയാകും. എങ്കിലും പെരുന്നാൾ നമസ്കാരത്തിന് വേണ്ടി പുറപ്പെടും വരെ പള്ളിയിൽ ശേഷിക്കൽ പണ്ഡിതൻമാരുടെ വീക്ഷണത്തിൽ ഏറെ അഭിലഷണീയമാകുന്നു.
അഥ്റെ, അബൂഖിലാബയിൽ നിന്ന് ഉദ്ധരിക്കുന്നു. അദ്ദേഹം പെരുന്നാൾ രാവിൽ പള്ളിയിൽ പാർക്കുമായിരുന്നു. എന്നിട്ട് അതേപടി പെരുന്നാൾ പ്രഭാതത്തിൽ പുറത്തുവരും. അദ്ദേഹം ഇഅ്തികാഫിൽ ഇരിക്കാൻ പായയോ നമസ്കാരപ്പടമോ വിരിക്കാറുണ്ടായിരുന്നില്ല.
സാധാരണക്കാരെപ്പോലെ തന്നെ അദ്ദേഹവും ഇരുന്നു. അബൂഖിലാബ് തുടരുന്നു; പെരുന്നാൾ തലേന്ന് പകൽ ഞാൻ അദ്ദേഹത്തെ സന്ദർശിച്ചു. അപ്പോൾ അദ്ദേഹത്തിന്റെ മുറിയിൽ അലങ്കാരങ്ങളണിഞ്ഞ ഒരു പെൺകുട്ടിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകളായിരിക്കുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ അവൾ അദ്ദേഹത്തിന്റെ അടിമയായിരുന്നു. അദ്ദേഹം അവളെ മോചിപ്പിച്ചു. അതേപടി പെരുന്നാൾ കൊള്ളുകയും ചെയ്തു. ഇബ്റാഹീം പറയുന്നു: റമദാനിലെ അവസാന പത്തിൽ ഇഅ്തികാഫ് അനുഷ്ഠിക്കുന്നവൻ അവസാന രാത്രി പള്ളിയിൽ പാർക്കുന്നതും എന്നിട്ട് പള്ളിയിൽനിന്ന് പെരുന്നാൾ നമസ്കാരത്തിന് പുറപ്പെടുന്നതും അവർ ഇഷ്ടപ്പെട്ടിരുന്നു.
ഒരാൾ ഒരു പകലോ നിർണിതമായ കുറേ പകലുകളോ ഇഅ്തികാഫ് നേർന്നു. അല്ലെങ്കിൽ ഐഛികമായി ഇഅ്തികാഫ് ചെയ്യാൻ ഉദ്ദേശിച്ചു. എങ്കിൽ പ്രഭാതം തെളിയുന്നതിന് മുമ്പായി അയാൾ ഇഅ്തികാഫിൽ പ്രവേശിക്കേണ്ടതും സൂര്യബിംബം പൂർണമായി അപ്രത്യക്ഷമായശേഷം അതിൽനിന്ന് പുറത്തു പോരേണ്ടതുമാകുന്നു. അത് റമദാനിലായാലും അല്ലെങ്കിലും വ്യത്യാസമില്ല. ഇനി ഒരാൾ ഒന്നോ അതിലധികമോ രാവ് ഇഅ്തികാഫനുഷ്ഠിക്കാൻ നേർന്നു അല്ലെങ്കിൽ ഐഛികമായ ഇഅ്തികാഫ് ഉദ്ദേശിചു. അല്ലെങ്കിൽ ഐഛികമായ ഇഅ്തികാഫ് ഉദ്ദേശിച്ചു. എങ്കിൽ അയാൾ സൂര്യബിംബം പൂർണമായി അസ്തമിക്കുന്നതിന് മുമ്പായി ഇഅ്തികാഫിൽ പ്രവേശിക്കുകയും പ്രഭാതോദയം തെളിഞ്ഞാൽ അതിൽ നിന്ന് മുക്തനാവുകയും ചെയ്യണം. ഇബ്നുഹസം പറയുന്നു. സൂര്യാസ്തമയത്തിന്റെ ഉടനെയാണ് രാത്രിയുടെ ആരംഭം. പ്രഭാതോദയത്തോടെയാണ് പകലിന്റെ തുടക്കം. സൂര്യാസ്തമയത്തോടെ അതവസാനിക്കുന്നു. ഉദ്ദേശിച്ചതോ, സ്വയം നിർബന്ധമാക്കിയതോ അല്ലാതെ ഒന്നും ചെയ്യാൻ ആർക്കും ബാധ്യതയില്ല. ഒരാൾ ഒരു മാസക്കാലം ഇതികാഫ് നേർന്നാൽ, അല്ലെങ്കിൽ ഉദ്ദേശിച്ചാൽ മാസാരംഭം അതിലെ ആദ്യരാത്രിയോടെയാകുന്നു. അതിനാൽ സൂര്യബിംബം മുഴുവനായി അസ്തമിക്കും മുമ്പ് അയാൾ ഇഅ്തികാഫിൽ പ്രവേശിക്കുകയും മാസാവസാന നാൾ സൂര്യാസ്തമയം പൂർത്തിയായാൽ അതിൽ നിന്ന് വിരമിക്കുകയും ചെയ്യേണ്ടതാകുന്നു. റമദാനിലും മറ്റു കാലങ്ങളിലും ഇത് ഒരുപോലെ തന്നെയാണ്.
ഇഅ്തികാഫ് വേളയിലെ ഹിതാഹിതങ്ങൾ
ഇഅ്തികാഫ് അനുഷ്ഠിക്കുന്നവൻ ഐഛികമായ ഇബാദത്തുകൾ വർധിപ്പിക്കുന്നത് അഭിലഷണീയമാകുന്നു. ഖുർആൻ പാരായണം, സ്തുതികൾ, തഹ് ലീൽ, തക്ബീർ, പാപമോചന പ്രാർഥന, നബിയുടെ പേരിലുള്ള സ്വലാത്ത് സലാമുകൾ, പ്രാർഥന തുടങ്ങി മനുഷ്യനെ അവന്റെ പരിശുദ്ധനായ സ്രഷ്ടാവിലേക്കടുപ്പിക്കുകയും പ്രീതിനേടിക്കൊടുക്കുകയും ചെയ്യുന്ന പുണ്യകർമങ്ങളിൽ നിരതനായിരിക്കണം അയാൾ.
വിജ്ഞാന സമ്പാദനവും, ഖുർആൻ വ്യാഖ്യാനം ഹദീസ്, ഫിഖ്ഹ്, പ്രവാചകൻമാരുടെയും പുണ്യാത്മാ ക്കളുടെയും ചരിത്രങ്ങൾ, മറ്റു ദീനീ ഗ്രന്ഥങ്ങൾ എന്നി വയുടെ പാരായണവും ഇക്കൂട്ടത്തിൽ പെടുന്നു. നബി (സ)യെ അനുകരിച്ച് അയാൾ പള്ളിയുടെ നടുമുറ്റത്ത് തമ്പ് കെട്ടുന്നതും അഭിലഷണീയമാകുന്നു. അനാവശ്യമായ സംസാരങ്ങളും കർമങ്ങളും ഇഅ്തികാഫുകാരന് അനഭിലഷണീയമാണ്. തിർമിദിയും ഇബ്നുമാജയും അബീബുസ്റയിൽനിന്ന് ഉദ്ധരിക്കുന്നു: നബി( സ) പ്രസ്താവിച്ചു: “തനിക്കാവശ്യമില്ലാത്തത് വർജിക്കുക ഒരാളുടെ ഇസ്ലാമിക നൻമയിൽ പെട്ടത്.
സംസാരം ഉപേക്ഷിക്കുന്നത് അല്ലാഹുവിലേക്കടുപ്പിക്കുന്ന കാര്യമാണ്. എന്നു കരുതി മൗനം ദീക്ഷിക്കുന്നത് കറാഹത്താകുന്നു. ബുഖാരി, അബൂദാവൂദ്, ഇബ്നുമാജഃ എന്നിവർ ഇബ്നു അബ്ബാസിൽനിന്ന് ഉദ്ധരിക്കുന്നു: “നബി(സ) ഞങ്ങളോട് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ ഒരാൾ നില്ക്കുന്നതായി കണ്ടു. തിരുമേനി അയാളെക്കുറിച്ച് ചോദിച്ചു. ആളുകൾ പറഞ്ഞു. “അത് അബൂഇസ്റാഈലാണ്. നില്ക്കാനും ഇരുത്ത മുപേക്ഷിക്കാനും തണൽ കൊള്ളാതിരിക്കാനും സംസാരം വർജിക്കാനും വ്രതമനുഷ്ഠിക്കാനും അയാൾ നേർച്ചയാക്കിയിരിക്കുന്നു. നബി(സ) പറഞ്ഞു:
مروه فليتكلم وليستظل وليقعد وليتم صومه (അയാളോട് കല്പിക്കുക. അയാൾ സംസാരിക്കട്ടെ, തണൽ കൊള്ളട്ടെ, ഇരിക്കട്ടെ, നോമ്പ് പൂർത്തിയാക്കട്ടെ). നബി(സ) പ്രസ്താവിച്ചതായി അബൂദാവൂദ് അലി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു.
لا يتم بعد احتلام ولا صمات يوم إلى الليل (പ്രായപൂർത്തിക്കുശേഷം അനാഥത്വമില്ല. (പ്രായപൂർത്തിക്കുശേഷം പിതാവ് മരണപ്പെട്ടവർ അനാഥരായി ഗണിക്കപ്പെടുകയില്ല എന്നർഥം) ഒരു ദിവസം രാത്രിവരെ മൗനമാചരിക്കലുമില്ല.)
അനുവദനീയമായ കാര്യങ്ങൾ
താഴെ പറയുന്ന കാര്യങ്ങൾ ഇതികാഫ് അനുഷ്ഠിക്കുന്നവർക്ക് അനുവദനീയമാകുന്നു.
1. കുടുംബക്കാരെ യാത്രയയക്കാൻ ഇഅ്തികാഫിന്റെ സ്ഥലത്തുനിന്ന് പുറത്തുപോവുക.
സഫിയ്യ പറയുന്നു: റസൂൽ(സ) ഇഅ്തികാഫിലായിരുന്നപ്പോൾ രാത്രിയിൽ ഞാനവിടത്തെ സന്ദർശിച്ചു. അവിടത്തോട് സംസാരിച്ച ശേഷം തിരിച്ചുപോരാൻ എഴുന്നേറ്റപ്പോൾ അവിടുന്ന് എന്നെ തിരിച്ചയക്കുന്നതിന് എന്നോടൊപ്പം എഴുന്നേറ്റുവന്നു.(ഖത്വാബി പറയുന്നു. അവരെ വീട്ടിലെത്തിക്കുന്നതിന് അദ്ദേഹം പള്ളിയിൽനിന്ന് പുറത്തുവന്നു എന്ന് ഇതിലുണ്ട്. നിർബന്ധകാര്യങ്ങൾക്കുവേണ്ടി പുറത്തിറങ്ങുന്നതുകൊണ്ട് ഇഅ്തികാഫ് അസാധുവാകയില്ല എന്നും ഇഅ്തികാഫുകാരൻ ന്യായമായ കാര്യങ്ങൾ ചെയ്യുന്നതിന് തടസ്സമില്ല എന്നും വാദിക്കുന്നവർക്ക് ഇതിൽ തെളിവുണ്ട്.) ഉസാമതുബ്നു സൈദിന്റെ വീട്ടിലായിരുന്നു അവരുടെ താമസം. അപ്പോൾ രണ്ടു അൻസ്വാരി പുരുഷൻമാർ നടന്നു പോയിരുന്നു. അവർ നബി(സ)യെ കണ്ടപ്പോൾ നടത്തത്തിന് വേഗം കൂട്ടി. നബി അവരോട് പറഞ്ഞു: “സാവധാനം നടന്നോളൂ. ഇത് ഹുയയ്യിന്റെ പുതി സഫിയ്യയാണ്. അവർ പറഞ്ഞു: “സുബ്ഹാനല്ലാഹ് തിരുദൂതരേ!’ അവിടന്ന് പറഞ്ഞു: “പിശാച് മനുഷ്യനിൽ ചോരപോലെ ഒഴുകുകയാണ്. അവൻ നിങ്ങളുടെ മനസ്സിൽ തിൻമ നിക്ഷേപിക്കുമോ എന്നു ഞാൻ ഭയപ്പെട്ടു.” (ബുഖാരി, അബൂദാവൂദ്)
2. മുടി ചീകിവക്കുക, തല വടിക്കുക, നഖം മുറിക്കുക, ചേറും ചളിയും കളഞ്ഞു ദേഹം വൃത്തിയാക്കുക, നല്ല വസ്ത്രങ്ങൾ ധരിക്കുക, സുഗന്ധം പൂശുക.
ആഇശ(റ) പ്രസ്താവിച്ചതായി ബുഖാരിയും മുസ്ലിമും അബൂദാവൂദും ഉദ്ധരിക്കുന്നു.
“നബി(സ) ഇഅ്തികാഫിലായിരിക്കുമ്പോൾ, മുറിയുടെ വിടവിലൂടെ അവിടത്തെ ശിരസ്സ് എനിക്ക് നീട്ടി തരുമായിരുന്നു. ഞാൻ ഋതുമതിയായിരിക്കെ, അദ്ദേഹത്തിന്റെ ശിരസ്സ് കഴുകിക്കൊടുക്കുമായിരുന്നു.’ “ഞാനത് ചീകിക്കൊടുക്കുമായിരുന്നു’ എന്നാണ് മുസദ്ദദിന്റെ റിപ്പോർട്ടിലുള്ളത്.
3. പ്രകൃതിപരമായ ആവശ്യങ്ങൾക്കുവേണ്ടി പുറത്തുപോകൽ.
ആഇശ(റ)യിൽ നിന്ന് ബുഖാരിയും മുസ്ലിമും മറ്റും ഉദ്ധരിക്കുന്നു. അവർ പറഞ്ഞു: “റസൂൽ(സ) ഇഅ്തികാഫ് അനുഷ്ഠിക്കുമ്പോൾ അവിടത്തെ ശിരസ്സ് എന്റെ നേരെ നീട്ടുകയും ഞാനത് ചീകിക്കൊടുക്കുകയും ചെയ്യാറുണ്ടായിരുന്നു. പ്രകൃതിയുടെ ആവശ്യങ്ങൾക്ക് വേണ്ടിയല്ലാതെ അദ്ദേഹം വീട്ടിൽ പ്രവേശിക്കാറുണ്ടായിരുന്നില്ല.”
ഇബ്നുൽ മുൻദിർ പ്രസ്താവിക്കുന്നു: “മലമൂത വിസർജനത്തിനുവേണ്ടി ഇതികാഫുകാർക്ക് പുറത്തുപോകാമെന്നതിൽ പണ്ഡിതൻമാർ ഏകാഭിപ്രായക്കാരാകുന്നു. അത് പ്രകൃത്യാവശ്യങ്ങളാണല്ലോ. പള്ളിയിൽ അത് സാധ്യമല്ല. അന്നപാനീയങ്ങളുടെ അവസ്ഥയും ഇതുതന്നെ. അവ പള്ളിയിൽ എത്തിച്ചുകൊടുക്കാൻ ആളില്ലാത്തവർക്ക് അതിനായി പുറത്തുപോകാം. ഛർദ്ദി വന്നാൽ അതിന്നായും; പള്ളിക്കുള്ളിൽ ചെയ്തുകൂടാത്ത മറ്റനിവാര്യ സംഗതികൾക്കും പുറത്തുപോകാം. സമയം ദീർഘിക്കുന്നില്ലെങ്കിൽ അതു മൂലം ഇഅ്തികാഫിന് ഭംഗമുണ്ടാകുന്നതല്ല. ജനാബത്തു കുളി, ദേഹവും വസ്ത്രങ്ങളും മാലിന്യങ്ങളിൽനിന്ന് ശുചീകരിക്കുക എന്നിവക്ക് വേണ്ടി പുറത്തു പോകുന്നതും ഇപ്രകാരം തന്നെ.
സഈദുബ്നു മൻസൂർ നിവേദനം ചെയ്യുന്നു. അലിയ്യുബ്നു അബീത്വാലിബ് പറഞ്ഞു: “ഒരുവൻ ഇഅ്തികാഫ് അനുഷ്ഠിക്കുകയാണെങ്കിൽ ജുമുഅയിൽ പങ്കെടുത്തുകൊള്ളട്ടെ. മയ്യിത്ത് സംസ്കരണത്തിലും പങ്കെടുത്തുകൊള്ളട്ടെ. രോഗിയെ സന്ദർശിക്കുകയും ചെയ്യട്ടെ. വീട്ടുകാരോട് നിന്നുകൊണ്ട് തന്റെ ആവശ്യങ്ങൾ പറയേണ്ടതിന് വീട്ടുകാരുടെ അടുത്തു പോവുകയും ചെയ്തുകൊള്ളട്ടെ.”
ഖതാദയിൽനിന്ന് ഉദ്ധരിക്കപ്പെടുന്നു മയ്യിത്ത് സംസ്കരണത്തിൽ പങ്കെടുക്കുന്നതിനും രോഗിയെ സന്ദർശിക്കുന്നതിനും അദ്ദേഹം ഇഅ്തികാഫുകാരന് ഇളവ് അനുവദിക്കാറുണ്ടായിരുന്നു. എന്നാൽ അയാൾ ഇരിക്കാൻ പാടില്ല. ഇബ്റാഹീമുന്നഖഈ പറയുന്നു: ഇഅ്തികാഫുകാരൻ ഈ നിബന്ധനകൾ പാലിക്കുന്നത് പണ്ഡിതൻമാർ ഇഷ്ടപ്പെട്ടിരുന്നു. അവ നിബന്ധനകളല്ലെങ്കിലും രോഗ സന്ദർശനം, പുരക്കുള്ളിൽ പ്രവേശിക്കാതിരിക്കുക, ജുമുഅക്ക് പോവുക, ജനാസ സംസ്കരണത്തിൽ പങ്കെടുക്കുക, പ്രകൃത്യാവശ്യങ്ങൾക്കായി പുറത്തുപോവുക. അദ്ദേഹം പറഞ്ഞു: ഇഅ്തികാഫുകാരൻ അത്യാവശ്യത്തിനുവേണ്ടിയല്ലാതെ ഒരു പുരക്കുള്ളിൽ പ്രവേശിക്കരുത്. ഖത്വാബി പറഞ്ഞു: ഇഅ്തികാഫുകാരന് ജുമുഅയിൽ പങ്കെടുക്കുക, രോഗസന്ദർശനം, ജനാസ സംസ്കരണത്തിൽ പങ്കെടുക്കുക തുടങ്ങിയവ ആവാമെന്ന് ഒരു കൂട്ടം പണ്ഡിതൻമാർ പറഞ്ഞിട്ടുണ്ട്. അലി(റ)യിൽ നിന്നും അപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. സഈദുബ്നു ജുബൈറിന്റെയും ഹസനുൽ ബസ്വരിയുടെയും നഖഈയുടെയും അഭിപ്രായവും അതാകുന്നു.
അബൂദാവൂദ് ആഇശയിൽ നിന്ന് ഉദ്ധരിക്കുന്നു: “നബി(സ) ഇഅ്തികാഫുകാരനായിരിക്കെ രോഗിയുടെ സമീപത്തിലൂടെ നടക്കാറുണ്ടായിരുന്നു. അവിടന്ന് നടന്നുകൊണ്ടേയിരിക്കും. നില്ക്കാതെത്തന്നെ രോഗിയെകുറിച്ചന്വേഷിക്കുകയും ചെയ്യും. ഇഅതികാഫുകാരൻ രോഗിയെ സന്ദർശിക്കാതിരിക്കലാണ് സുന്നത്ത് എന്ന് അവരിൽ നിന്ന് ഉദ്ധതമായിട്ടുള്ളതിനർഥം, ഇഅ്തികാഫിന്റെ സ്ഥാനത്തുനിന്ന് രോഗസന്ദർശനമുദ്ദേശിച്ച് പുറത്തുപോകരുത് എന്നാകുന്നു. രോഗിയുടെ സമീപത്ത് നടക്കുന്നതിന് നില്ക്കാതെ അയാളോട് സുഖവിവരമന്വേഷിക്കുന്നതിനും കുഴപ്പമില്ല.
4. പള്ളിയിൽ അന്നപാനീയങ്ങൾ കഴിക്കലും നിദ്രയും. പള്ളിയുടെ വൃത്തിയും വെടിപ്പും സംരക്ഷിച്ചുകൊണ്ടായിരിക്കണം അവ ചെയ്യുന്നത്. പള്ളിയിൽ വെച്ച് വിവാഹം, ക്രയവിക്രയം എന്നിവപോലുള്ള ഇടപാടുകൾ നടത്തുന്നതിനും അയാൾക്കനുവാദമുണ്ട്.
അസാധുവാകുന്നതെങ്ങനെ?
താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് ഇഅ്തികാഫ് അസാധുവാകുന്നതാണ്.
1. ആവശ്യമില്ലാതെ മനഃപൂർവം പള്ളിയിൽ നിന്ന് പുറത്തുപോവുക. അതെത്ര കുറഞ്ഞ നേരമായാലും ശരി. പുറത്തുപോക്കു മൂലം പള്ളിയിലെ നിവാസം ഇല്ലാതാകുന്നു. ആ നിവാസമാകട്ടെ ഇഅതികാഫിന്റെ അടിസ്ഥാന ഘടകമാകുന്നു.
2. മതപരിത്യാഗം. അത് ഇബാദത്തിന് വിരുദ്ധമാണ്. അല്ലാഹു പറഞ്ഞു: “നീ ബഹുദൈവത്വം സ്വീകരിച്ചാൽ നിന്റെ കർമം നശിച്ചതുതന്നെ.”
3,4,5. ഭ്രാന്തോ ലഹരിയോമൂലം ബുദ്ധി നഷ്ടപ്പെടുക, ആർത്തവമുണ്ടാവുക, പ്രസവരക്തം സ്രവിക്കുക. ബുദ്ധി നഷ്ടം മൂലം വിവേചന ബോധവും ആർത്ത പ്രസവാദികൾ മൂലം ശുദ്ധിയും നഷ്ടപ്പെടുന്നുവെന്നതാണ് കാരണം.
6. സംഭോഗം. അല്ലാഹു പറഞ്ഞു: “നിങ്ങൾ പള്ളികളിൽ ഇഅ്തികാഫുകാരായിരിക്കെ അവരോട് (സ്ത്രീകളോട്) അടുക്കരുത്.”
എന്നാൽ വികാരമില്ലാതെ സ്പർശിക്കുന്നതിൽ തെറ്റില്ല. നബി(സ) ഇഅ്തികാഫിലായിരിക്കുമ്പോൾ അവിടത്തെ ഒരു പത്നി മുടി ചീകിക്കൊടുക്കാറുണ്ടായിരുന്നുവല്ലോ. പക്ഷേ, വികാരത്തോടെ ചുംബിക്കുന്നതും സ്പർശിക്കുന്നതും തെറ്റാണെന്നാണ് അബൂ ഹനീഫയുടെയും അഹ്മദിന്റെയും വീക്ഷണം. കാരണം അയാൾ തനിക്ക് നിഷിദ്ധമായത് പ്രവർത്തിക്കുന്നു. എങ്കിലും, സ്ഖലനമുണ്ടായിട്ടില്ലെങ്കിൽ ഇഅ്തികാഫ് അസാധുവാകുന്നതല്ല. മാലിക്ക് പറഞ്ഞു: അവന്റെ ഇഅ്തികാഫ് തകർന്നു. കാരണം അത് നിഷിദ്ധമായ സംസർഗമാകുന്നു. അതുമൂലം സ്ഖലനമുണ്ടായാലെന്നപോലെ ഇഅ്തികാഫിന് ഭംഗമുണ്ടാകും. ശാഫിഈയുടേതായി ഈ രണ്ട് മദ്ഹബുകൾക്കനുസൃതമായ രണ്ട് റിപ്പോർട്ടുകളാണുദ്ധരിക്കപ്പെട്ടിട്ടുള്ളത്. ഇബ്നു റുശ്ദ് പ്രസ്താവിക്കുന്നു. യാഥാർഥ്യമായിരിക്കാനും അലങ്കാരമായിരിക്കാനും സാധ്യതയുള്ള പദം അവ രണ്ടിനെയും പൊതുവായി ഉൾക്കൊള്ളുന്നുണ്ടോ ഇല്ലേ എന്നതാണ് തർക്കത്തിന് നിദാനം. നാനാർഥങ്ങളുടെ കൂട്ടത്തിലൊന്നാണത്. അതിന് പൊതുസ്വഭാവമുണ്ടെന്ന് അഭിപ്രായപ്പെടുന്നവർ, “നിങ്ങൾ പള്ളികളിൽ ഇഅ്തികാഫിലായിരിക്കെ അവരോട് സംസർഗംചെയ്യരുത്’ എന്ന ഖുർആൻ വാക്യം സംഭോഗത്തിനും അതിനു താഴെയുള്ള വ്യവഹാരങ്ങൾക്കും ബാധകമാണെന്ന് വാദിക്കുന്നു. അങ്ങനെ അഭിപ്രായമില്ലാത്തവർ- അതാണ് കൂടുതൽ പ്രശസ്തവും പ്രചരിതവും വാദിക്കുന്നത്, അത് ഒന്നുകിൽ സംഭോഗത്തെ കുറിക്കുന്നു, അല്ലെങ്കിൽ സംഭോഗത്തിൽ കുറഞ്ഞ വ്യവഹാരങ്ങളെ കുറിക്കുന്നു എന്നാണ്. സംഭോഗത്തെ കുറിക്കുന്നു എന്നു പറഞ്ഞാൽ സംഭോഗമല്ലാത്തതിനെ കുറിക്കുന്നുവെന്ന് പറയുന്നത് സാധുവല്ല. കാരണം ഒരു പദം ഒരേസമയം യാഥാർഥ്യത്തെയും അലങ്കാരത്തെയും ഒന്നിച്ചു കുറിക്കുകയില്ല. സ്ഖലനത്തെ ചിലർ സംഭോഗത്തിന്റെ സ്ഥാനത്ത് പരിഗണിച്ചിട്ടുള്ളത്, അത് ആ അർഥത്തിൽ ഉൾപ്പെടുന്നതുകൊണ്ടാണ്. അതിനെ ആരെങ്കിലും എതിർക്കുന്നുവെങ്കിൽ, അതിനു കാരണം, സംഭോഗത്തിനുള്ള യഥാർഥ പദമായി അത് ഉപയോഗിക്കപ്പെടുന്നില്ല എന്നതാകുന്നു.
ഖദാ വീട്ടൽ
ഒരാൾ ഐഛികമായ ഇഅ്തികാഫ് ആരംഭിക്കുകയും അത് മുഴുമിക്കും മുമ്പ് അതിൽനിന്ന് വിരമിക്കുകയും ചെയ്താൽ അത് ഖദാ വീട്ടുന്നത് അയാൾക്ക്സുന്നത്താകുന്നു. നിർബന്ധമാണെന്നും അഭിപ്രായമുണ്ട്.
തിർമിദി പറയുന്നു: നിയ്യത്ത് ചെയ്തതനുസരിച്ച് ഇഅ്തികാഫ് പൂർത്തിയാക്കാതെ വിരമിച്ചവന്റെ കാര്യത്തിൽ പണ്ഡിതൻമാർ ഭിന്നാഭിപ്രായക്കാരാകുന്നു. മാലിക് പറഞ്ഞു: ഇഅ്തികാഫ് ലംഘിച്ചാൽ അത് ഖദാ വീട്ടേണ്ടത് നിർബന്ധമാകുന്നു. നബി(സ) ഇഅതികാഫിൽ നിന്ന് മുക്തനാവുകയും എന്നിട്ട് ശവ്വാലിൽ പത്ത് ദിവസം ഇഅ്തികാഫ് അനുഷ്ഠിക്കുകയും ചെയ്തുവെന്ന് കുറിക്കുന്ന ഹദീസാണ് അവരുടെ തെളിവ്. ശാഫിഈ പറഞ്ഞു: അവന്റെ പേരിൽ ഇഅ്തികാഫ് നേർച്ചയോ സ്വയം നിർബന്ധമാക്കിയ കാര്യമോ ഇല്ലെങ്കിൽ അത് ഐഛികമാണെങ്കിൽ അയാൾ പുറത്തുപോയാൽ ഖദാ വീട്ടേണ്ടതില്ല. സ്വമേധയാ അതിഷ്ടപ്പെട്ടാലല്ലാതെ. ശാഫിഈ പറഞ്ഞു: നിങ്ങൾക്ക് ചെയ്യാതിരിക്കാൻ അവകാശമുള്ള ഏത് കർമത്തിലും നിങ്ങൾ പ്രവേശിക്കുകയും പൂർത്തിയാക്കാതെ അതിൽനിന്നു വിരമിക്കുകയും ചെയ്താൽ ഖദാ വീട്ടാൻ ബാധ്യതയില്ല. ഹജ്ജും ഉംറയുമൊഴിച്ച്.
എന്നാൽ ഒരു ദിവസമോ കുറേ ദിവസങ്ങളോ ഇഅ്തികാഫ് നേരുകയും അതു തുടങ്ങുകയും അനന്തരം പൂർത്തിയാക്കാതെ വിരമിക്കുകയും ചെയ്താൽ സാധ്യമാകുമ്പോൾ ഖദാ വീട്ടേണ്ടതു നിർബന്ധമാണന്നതിൽ ഇമാമുകൾ ഏകകണ്ഠരാകുന്നു. ഇനി ഖദാ വീട്ടും മുമ്പ് അയാൾ മരണപ്പെട്ടാൽ, അയാൾക്കുവേണ്ടി മറ്റുള്ളവർ ഖദാ വീട്ടേണ്ടതില്ല. അയാളുടെ കൈകാര്യാധികാരി അതു വീട്ടേണ്ടതു നിർബന്ധമാണെന്ന് ഇമാം അഹ്മദിൽ നിന്ന് ഒരു റിപ്പോർട്ടുണ്ട്. അബ്ദുർറസാഖ് അബ്ദുൽ കരീമുബ്നു ഉമയ്യത്തിൽനിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: അബ്ദുല്ലാഹിബ്നു അബ്ദില്ലാഹിബ്നി ഉത്ബർ പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു. ഞങ്ങളുടെ മാതാവ് മരണപ്പെട്ടു. അവരുടെ പേരിൽ ഇഅ്തികാഫ് നേർച്ചയുണ്ടായിരുന്നു. ഞാൻ ഇബ്നു അബ്ബാസിനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: “അവർക്കുവേണ്ടി നിങ്ങൾ ഇഅ്തികാഫ് ചെയ്യുക, നോമ്പനുഷ്ഠിക്കുക” ആഇശ(റ) തന്റെ സഹോദരന്റെ മരണശേഷം അദ്ദേഹത്തിനുവേണ്ടി ഇഅ്തികാഫ് അനുഷ്ഠിച്ചതായി സഈദുബ്നു മൻസൂർ ഉദ്ധരിച്ചിട്ടുണ്ട്.
ഇഅ്തികാഫുകാരൻ പള്ളിയിൽ ഒരിടത്ത്സ്ഥിര മായിരിക്കുകയും അവിടെ തമ്പ് കെട്ടുകയും ചെയ്യേണ്ടതാകുന്നു. റസൂൽ(സ) റമദാനിലെ അവസാനത്തെ പത്തിൽ ഇഅ്തികാഫ് അനുഷ്ഠിച്ചിരുന്നുവെന്ന് ഇബ്നുമാജ, ഇബ്നു ഉമർ മുഖേന ഉദ്ധരിക്കുന്നു. അതേപറ്റി നാഫിഅ് പറയുന്നു: റസൂൽ ഇഅ്തികാഫ് ചെയ്യാറുണ്ടായിരുന്ന സ്ഥലം ഇബ്നു ഉമർ എനിക്ക് കാണിച്ചുതന്നിട്ടുണ്ട്.
നബി(സ) ഇഅ്തികാഫ് ചെയ്യുമ്പോൾ അദ്ദേഹത്തിന് വേണ്ടി തൗബാ സ്തംഭത്തിനു പുറകിലായി ഒരു വിരിപ്പ് വിരിക്കുകയോ കട്ടിൽ ഇടുകയോ ചെയ്യാറുണ്ടായിരുന്നുവെന്നും ഇബ്നു ഉമർ നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു.
നബി(സ) ടർക്കിഷ് ഗോപുരത്തിൽ ഇഅ്തികാഫ് അനുഷ്ഠിച്ചുവെന്നും അതിന്റെ കവാടത്തിൽ ഒരു പായകഷ്ണം വച്ചിരുന്നുവെന്നും അബൂസഈദിൽ ഖുദ്രിയിൽനിന്നു നിവേദനം ചെയ്യപ്പെടുന്നു
നിർണിത മസ്ജിദിൽ
ഒരാൾ മസ്ജിദുൽ ഹറാമിലോ മസ്ജിദുന്നബവിയിലോ മസ്ജിദുൽ അഖ്സായിലോ ഇഅ്തികാഫ് അനുഷ്ഠിക്കാൻ നേർന്നാൽ നിശ്ചിത പള്ളിയിൽ തന്നെ ഇഅ്തികാഫ് ചെയ്യൽ നിർബന്ധമാകുന്നു. ഒരു നബി വചനമാണിതിനു പ്രമാണം:
لا تشد الرحال إلا إلى ثلاثة مساجد المـسـجـد الحـرام والمسجد الأقصى ومسجدى هذا (മൂന്ന് പള്ളികളിലേക്ക് മാത്രമേ ഒരുങ്ങിപ്പുറപ്പെടേണ്ടതുള്ളൂ. മസ്ജിദുൽ ഹറാം, മസ്ജിദുൽ അഖ്സ, എന്റെ ഈ മസ്ജിദ്). ഇവയല്ലാത്ത ഏതെങ്കിലും പള്ളിയിൽ ഇഅ്തികാഫ് നേർന്നാൽ, ആ നിർണിത പള്ളിയിൽ തന്നെ അത് അനുഷ്ഠിക്കണമെന്നു നിർബന്ധമില്ല. അയാൾക്കിഷ്ടമുള്ള ഏതു പള്ളിയിലും ആവാം. കാരണം, അല്ലാഹു അവനുവേണ്ടിയുള്ള ഇബാദത്തിന് പ്രത്യേകം സ്ഥലം നിർണയിച്ചിട്ടില്ല. പ്രസ്തുത മൂന്ന് പള്ളികൾക്കല്ലാതെ ഒരു പള്ളിക്കും മറ്റു പള്ളികളെക്കാൾ ശ്രേഷ്ഠതയുമില്ല. നബി(സ) ഇപ്രകാരം പ്രസ്താവിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്: “എന്റെ ഈ പള്ളിയിലെ ഒരു നമസ്കാരം മസ്ജിദുൽ ഹറാമല്ലാത്ത മറ്റു പള്ളി കളിലെ ആയിരം നമസ്കാരത്തെക്കാൾ ശ്രേഷ്ഠമാകുന്നു. മസ്ജിദുൽ ഹറാമിലെ ഒരു നമസ്കാരം എന്റെ ഈ പള്ളിയിലെ ആയിരം നമസ്കാരത്തെക്കാൾ ശ്രേഷ്ഠമാകുന്നു.”
മസ്ജിദുന്നബവിയിൽ ഇഅ്തികാഫ് അനുഷ്ഠിക്കാൻ നേർന്നവൻ മസ്ജിദുൽ ഹറാമിൽ ഇഅ്തികാഫ് അനുഷ്ഠിക്കുന്നത് അനുവദനീയമാകുന്നു. കാരണം, മസ്ജിദുൽ ഹറാം മസ്ജിദുന്നബവിയെക്കാൾ ശ്രേഷ്ഠതയുള്ളതാകുന്നു.