റമദാനിലെ രാത്രി നമസ്കാരം
അഞ്ചു നേരത്തെ നമസ്കാരം നിർബന്ധമാക്കുന്നതിനു മുമ്പ് തന്നെ നബിയോടും സത്യവിശ്വാസികളോടും നിർദേശിക്കപ്പെട്ട ഐഛിക കർമമാണ് രാത്രി നമസ്കാരം. ആദ്യമിറങ്ങിയ ഖുർആൻ അധ്യായങ്ങളിലൊന്നിൽ പറയുന്നു: ”മൂടിപ്പുതച്ചവനേ, രാത്രി എഴുന്നേറ്റ് നമസ്കരിക്കുക. കുറച്ചുനേരമൊഴികെ. അതായത് രാവിന്റെ പാതി. അല്ലെങ്കിൽ അതിൽ അൽപം കുറക്കുക. അല്ലെങ്കിൽ അൽപം വർധിപ്പിക്കുക. ഖുർആൻ നിർത്തി നിർത്തി സാവധാനം ഓതുക” (73:1-4). മറ്റൊരിടത്ത് ഇങ്ങനെയും വന്നിരിക്കുന്നു. ”രാവിൽ ഖുർആൻ പാരായണം ചെയ്ത് ‘തഹജ്ജുദ്’ നമസ്കരിക്കുക. ഇത് നിനക്ക് കൂടുതൽ അനുഗ്രഹം നേടിത്തരുന്ന ഒന്നാണ്. അതുവഴി നിന്റെ നാഥൻ നിന്നെ സ്തുത്യർഹമായ സ്ഥാനത്തേക്കുയർത്തിയേക്കാം” (17:79).
മുഹമ്മദ് നബിയുടെ ഉമ്മത്ത് മാത്രമല്ല മുൻകാല വേദക്കാരും രാത്രി പ്രാർഥന നിർവഹിച്ചവരായിരുന്നു. ”അവരെല്ലാം ഒരുപോലെയല്ല. വേദക്കാരിൽ നേർവഴിയിൽ നിലകൊള്ളുന്ന ഒരു വിഭാഗമുണ്ട്. അവർ രാത്രി വേളകളിൽ സാഷ്ടാംഗം പ്രണമിച്ച് അല്ലാഹുവിന്റെ വചനങ്ങൾ പാരായണം ചെയ്യുന്നു” (3:113). വിനയവും പ്രത്യാശ
യും അഹങ്കാരമില്ലായ്മയും മനുഷ്യനിൽ രൂപപ്പെടുന്നതിൽ രാത്രി നമസ്കാരത്തിന് വലിയ പങ്കു്. ”നമ്മുടെ വചനങ്ങൾ വഴി ഉദ്ബോധനം നൽകിയാൽ സാഷ്ടാംഗ പ്രണാമമർപ്പിക്കുന്നവരും തങ്ങളുടെ നാഥനെ വാഴ്ത്തുന്നവരും കീർത്തിക്കുന്നവരും മാത്രമാണ് നമ്മുടെ വചനങ്ങളിൽ വിശ്വസിക്കുന്നവർ. അവരൊട്ടും അഹങ്കരിക്കുകയില്ല. പേടിയോടും പ്രത്യാശയോടും കൂടി തങ്ങളുടെ നാഥനോട് പ്രാർഥിക്കാനായി കിടപ്പിടങ്ങളിൽനിന്ന് അവരുടെ പാർശ്വങ്ങൾ ഉയർന്നു അകന്നുപോകും. നാം അവർക്ക് നൽകിയതിൽനിന്ന് അവർ ചെലവഴിക്കുകയും ചെയ്യും. ആർക്കുമറിയില്ല, തങ്ങൾക്കായി കൺകുളിർപ്പിക്കുന്ന എന്തൊക്കെയാണ് രഹസ്യമായി സൂക്ഷിച്ചുവെച്ചിരിക്കുന്നതെന്ന്. അവർ പ്രവർത്തിച്ചതിനുള്ള പ്രതിഫലമാണ് അതെല്ലാം” (32:15-17).
ഈ രാത്രി നമസ്കാരം റമദാനിൽ ‘തറാവീഹ്’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ‘റമദാനിലെ നിശാ നമസ്കാരത്തിന്റെ ശ്രേഷ്ഠത’ എന്ന അധ്യായത്തിൽ, ഇമാം ബുഖാരി അബൂഹുറയ്റയിൽനിന്ന് റിപ്പോർട്ട് ചെയ്യുന്നു. നബി(സ) പറഞ്ഞു: ”സത്യവിശ്വാസത്തോടും പ്രതിഫലേഛയോടും കൂടെ ആർ റമദാനിൽ രാത്രി നമസ്കാരം നിർവഹിച്ചുവോ അവന്റെ മുൻ പാപങ്ങളെല്ലാം പൊറുത്തുകൊടുക്കുന്നതാണ്.” നബി(സ)യുടെ പ്രവൃത്തിയെക്കുറിച്ച് ഇമാം ബുഖാരി ഉർവയിൽനിന്ന് റിപ്പോർട്ട് ചെയ്യുന്നു. ആഇശ(റ) പറഞ്ഞു: ”നബി(സ) ഒരു രാത്രിയുടെ അന്ത്യയാമത്തിൽ ഇറങ്ങി പുറപ്പെട്ടു (മുസ്ലിമിന്റെ റിപ്പോർട്ടിൽ, ‘അത് റമദാനിലായിരുന്നു’ എന്ന് വന്നിട്ടുണ്ട്). എന്നിട്ട് പള്ളിയിൽ പോയി നമസ്കരിച്ചു. നേരം വെളുത്തപ്പോൾ ജനങ്ങൾ ഇതേക്കുറിച്ച് സംസാരിച്ചു. അങ്ങനെ കൂടുതലാളുകൾ (അടുത്ത ദിവസം പള്ളിയിൽ) ഒരുമിച്ചുകൂടി. നബിയെ പിന്തുടർന്ന് അവർ നമസ്കരിച്ചു. അടുത്ത പ്രഭാതത്തിലും ജനങ്ങൾ അതേപ്പറ്റി സംസാരിച്ചു. മൂന്നാമത്തെ രാത്രി പള്ളിയിൽ നിരവധി ആളുകൾ സന്നിഹിതരായി. നബി(സ) അന്നും പള്ളിയിൽ വന്നു നമസ്കരിച്ചു. നാലാമത്തെ രാത്രിയായപ്പോൾ പള്ളിയിൽ ഒതുങ്ങാത്തത്ര ആളുകൾ എത്തിച്ചേർന്നു (പക്ഷേ പ്രവാചകൻ നമസ്കരിക്കാനെത്തിയില്ല). അന്ന് നബി(സ) സ്വുബ്ഹ് നമസ്കാരശേഷം ജനങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് പറഞ്ഞു: ”നിങ്ങൾ ഇവിടെ ഒരുമിച്ചുകൂടിയത് അറിയാത്തതുകൊണ്ടല്ല. മറിച്ച്, ഈ നമസ്കാരം നിങ്ങൾക്ക് നിർബന്ധമായേക്കുമോയെന്ന് ഭയപ്പെട്ടതിനാലാണ് ഞാൻ വരാതിരുന്നത്. അങ്ങനെയായാൽ നിങ്ങൾക്കത് നിർവഹിക്കാൻ സാധിക്കാതെ വന്നേക്കും.” ഇബ്നു ശിഹാബ് പറഞ്ഞു. ”നബി(സ) മരണമടയുംവരെ സ്ഥിതി ഇങ്ങനെയായിരുന്നു. അബൂബക്റി(റ)ന്റെ കാലത്തും ഉമറി(റ)ന്റെ ആദ്യകാലത്തും ഇതേ അവസ്ഥ തുടർന്നു” (ഫത്ഹുൽ ബാരി വാ: 4, പേജ് 251, മുവത്വ വാ: 1, പേജ് 22).
ഇമാം ബുഖാരി, അബ്ദുർറഹ്മാനിബ്നു അബ്ദിൽ ബാരിയിൽനിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: ഞാൻ ഉമറുബ്നുൽ ഖത്ത്വാബിന്റെ കൂടെ റമദാനിലെ രണ്ടു രാത്രി പള്ളിയിൽ പോയി. പള്ളിയിൽ ഛിന്നിച്ചിതറിയ രൂപത്തിൽ ചിലർ ഒറ്റക്കും ചിലർ കൂട്ടായും നമസ്കരിക്കുന്നുണ്ടായിരുന്നു. അപ്പോൾ ഉമർ പറഞ്ഞു: ‘ഇവരെ ഒരു ഖാരിഇന്റെ പിന്നിൽ ഒരുമിപ്പിക്കുകയാണ് ഏറ്റവും നല്ലതെന്ന് എനിക്ക് തോന്നുന്നു.’ അങ്ങനെ അദ്ദേഹം ഉബയ്യുബ്നു കഅ്ബി(റ)ന്റെ നേതൃത്വത്തിൽ അവരെ ഒരുമിപ്പിച്ചു. പിന്നെ ഒരു രാത്രി ഞാൻ ഉമറിന്റെ കൂടെ ചെന്നു നോക്കുമ്പോൾ എല്ലാവരും ഒരുമിച്ച് ഒരു ഖാരിഇന്റെ പിന്നിൽ നമസ്കരിക്കുന്നതാണ് കണ്ടത്. ഉമർ(റ) പറഞ്ഞു: ”ഈ പുതിയ സംവിധാനം എത്ര നന്നായിരിക്കുന്നു. എന്നാൽ, ഈ നമസ്കാരത്തിൽ പങ്കെടുക്കാതെ ഉറങ്ങുന്നതാണ് ഇപ്പോൾ നമസ്കരിക്കുന്നതിനേക്കാൾ ഉത്തമം” (രാത്രിയുടെ അവസാനം നമസ്കരിക്കാൻ വേണ്ടി അതിന്റെ ആദ്യയാമത്തിൽ ഉറങ്ങുക എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. ഫത്ഹുൽ ബാരി, വാ: 4, പേജ് 25). ഈ വിവരണത്തിൽനിന്ന്, റമദാൻ രാത്രി ഒരേ ഇമാമിന്റെ കീഴിൽ എല്ലാവരും ഒരുമിച്ച് ജമാഅത്തായി നമസ്കരിക്കുന്ന രീതി തുടക്കത്തിൽ ഉണ്ടായിരുന്നില്ല എന്ന് വ്യക്തമാകുന്നു. അതേസമയം നബിയോ ഏതെങ്കിലും സ്വഹാബിയോ ഈ രീതിയെ തള്ളിപ്പറഞ്ഞിട്ടുമില്ല. റമദാനിലെ രാത്രി നമസ്കാരം സുന്നത്താണെന്ന് നബിയുടെ വാക്കുകളിലൂടെയും അത് ജമാഅത്തോടെ നമസ്കരിക്കാമെന്ന് നബിയുടെ പ്രവൃത്തിയിലൂടെയും തെളിഞ്ഞിട്ടുമുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ പുതിയ വ്യവസ്ഥയും ചിട്ടയും ഉണ്ടാക്കുകയാണ് ഉമർ(റ) ചെയ്തത്.
നബി(സ)യോ ഖുലഫാഉർറാശിദുകളോ റമദാനിലെ രാത്രി നമസ്കാരത്തെക്കുറിക്കാൻ ‘തറാവീഹ്’ (വിശ്രമം) എന്ന് പ്രയോഗിച്ചിട്ടില്ല. ഈ പ്രയോഗം എന്നു മുതൽ ആരാണ് പ്രയോഗിച്ചുതുടങ്ങിയത് എന്നും വ്യക്തമല്ല. ഇബ്നു ഹജറുൽ അസ്ഖലാനി പറയുന്നു: ”റമദാൻ രാത്രികളിൽ ജമാഅത്തായുള്ള നമസ്കാരത്തിന് ‘തറാവീഹ്’ എന്നു പറയാൻ കാരണം, അവർ നമസ്കാരത്തിനായി ഒരുമിച്ചുകൂടിയപ്പോൾ ഓരോ ഈരണ്ട് റക്അത്ത് കഴിഞ്ഞ് സലാം വീട്ടിയ ശേഷവും വിശ്രമിക്കാറുണ്ടായിരുന്നു എന്നതാണ്” (ഫത്ഹുൽ ബാരി, വാ: 3, പേജ് 25). സ്വഹീഹ് മുസ്ലിമിന്റെ വിശദീകരണത്തിൽ ഇമാം നവവി(റ) പറയുന്നു: ”ഖിയാമു റമദാൻ (റമദാനിലെ രാത്രി നമസ്കാരം) കൊണ്ടുദ്ദേശിക്കുന്നത് തറാവീഹ് നമസ്കാരമാണ്” (വാ 1, പേജ് 259).