നോമ്പിന്റെ ലക്ഷ്യം, പ്രയോജനങ്ങൾ
ആഗ്രഹങ്ങളിൽനിന്നും ഇഛകളിൽനിന്നും വികാരങ്ങളിൽനിന്നും സ്വന്തത്തെ തടഞ്ഞുനിർത്തുക, പതിവു ചിട്ടകളിൽനിന്നും ആസ്വാദനങ്ങളിൽനിന്നും മനസ്സിനെയും ദേഹത്തെയും സ്വതന്ത്രമാക്കുക, സൗഭാഗ്യങ്ങളുടെയും അനുഗ്രഹങ്ങളുടെയും ഉന്നതി എത്തിപ്പിടിക്കാനും ശാശ്വത ജീവിതത്തെ സ്ഫുടം ചെയ്തെടുക്കാനുമുള്ള വൈകാരികവും മാനസികവുമായ ശക്തി ആർജിക്കുക, അഗതികളായ സഹജീവികളുടെ അവസ്ഥകൾ ഓർമിക്കുംവിധം വിശപ്പിന്റെയും ദാഹത്തിന്റെയും മൂർച്ചയും കാഠിന്യവും മനസ്സിലാക്കുക…. ഇതെല്ലാമാണ് നോമ്പിന്റെ ലക്ഷ്യമായി പ്രവാചക ജീവിതമാതൃകയിൽ നമുക്ക് കാണാനാവുക.
തീറ്റയും കുടിയും കുറക്കുന്നതിലൂടെ നോമ്പ് മനുഷ്യരിൽ പിശാചിന് സ്വാധീനിക്കാനുള്ള അവസരങ്ങൾ ഇല്ലാതാക്കും. അവയവങ്ങളെ നിയന്ത്രിക്കുന്നതിലൂടെ തെറ്റുകളിലേക്ക് ചായാനുള്ള അവയുടെ പ്രകൃതിയെ നിയന്ത്രിക്കാനാകുന്നു. ഇഹത്തിലും പരത്തിലും ഉപദ്രവങ്ങളായിത്തീരുന്ന കാര്യങ്ങൾ തടയപ്പെടുന്നു. ശരീരത്തിലെ എല്ലാ അവയവങ്ങളും അടങ്ങിയൊതുങ്ങി നിൽക്കുകയും എല്ലാ അതിരുകടക്കലുകളെയും തടയുന്ന തരത്തിൽ അവയെ കടിഞ്ഞാണിടുകയും ചെയ്യുന്നു. നോമ്പ് സൂക്ഷ്മാലുക്കളുടെ കടിഞ്ഞാണാണ്, പോരാളികളുടെ പരിചയാണ്. സൽസ്വഭാവികളുടെയും ദൈവസാമീപ്യം സിദ്ധിച്ചവരുടെയും വിനോദവുമാണ്.
മറ്റെല്ലാ പ്രവർത്തനങ്ങളിൽനിന്നും വ്യത്യസ്തമായി നോമ്പ് വിധാതാവിന് മാത്രമുള്ളതാണ്. ഒരു നോമ്പുകാരൻ ചെയ്യുന്നതെല്ലാം അവന്റെ റബ്ബിനു വേണ്ടി മാത്രമാണ്. തന്റെ വികാരങ്ങളും വിചാരങ്ങളും ഭക്ഷണപാനീയങ്ങളും ഉപേക്ഷിക്കുന്നത് അവന്റെ മാത്രം പ്രീതി ഉദ്ദേശിച്ചാണ്. അല്ലാഹുവിന്റെ സ്നേഹത്തിനും പ്രീതിക്കും മുൻഗണന നൽകി, സ്വന്തത്തിനും മനസ്സിനും ഇഷ്ടപ്പെട്ട കാര്യങ്ങളെയും അവയുടെ ആനന്ദങ്ങളെയും ഉപേക്ഷിക്കലാണ് നോമ്പ്. അത് വിധാതാവിനും അടിമക്കും ഇടയിലുള്ള രഹസ്യമാണ്. മറ്റൊരാൾക്കും അത് കാണാനാവില്ല. നോമ്പിനെ മുറിക്കുന്ന പ്രത്യക്ഷമായ കാര്യങ്ങൾ ചിലപ്പോൾ ആളുകൾക്ക് കാണാൻ സാധിക്കും. എന്നാൽ ഭക്ഷണപാനീയങ്ങളും വികാരങ്ങളും അവയോടുള്ള മനസ്സിന്റെയും ആത്മാവിന്റെയും ഇഷ്ടങ്ങളും ആഗ്രഹങ്ങളും പോലും വിധാതാവിന്റെ തൃപ്തി മാത്രം ലക്ഷ്യംവെച്ച് ഒഴിവാക്കുന്നത് മറ്റൊരാൾക്കും കാണാനാവില്ല. ഇതാണ് നോമ്പിന്റെ യാഥാർഥ്യം.
മനുഷ്യാവയവങ്ങളുടെ പ്രത്യക്ഷ പ്രവർത്തനങ്ങളെയും ആന്തരിക ചൈതന്യത്തെയും ശക്തിപ്പെടുത്തുന്നതിൽ നോമ്പിന് അത്ഭുതകരമായ സ്വാധീനമുണ്ട്. സ്വാധീനം നേടിക്കഴിഞ്ഞാൽ മനുഷ്യനെ നശിപ്പിക്കുന്ന ചില ഘടകങ്ങൾ അവന്റെ പ്രകൃതിയിലുണ്ട്. അവയെ വഴിതെറ്റലുകളിൽനിന്ന് രക്ഷിക്കാനും ആരോഗ്യകരവും നല്ലതുമായ വഴികളിൽ അവയെ ഉപയോഗപ്പെടുത്താനും നോമ്പ് സഹായിക്കുന്നു. ഹൃദയത്തെയും അവയവങ്ങളെയും ആരോഗ്യത്തോടെ സംരക്ഷിക്കാനും വികാരങ്ങളും ഇഛകളും മനുഷ്യരിൽനിന്ന് എടുത്തുകളഞ്ഞേക്കാവുന്ന നന്മകൾ തിരിച്ചുപിടിക്കാനും നോമ്പ് സഹായിക്കുന്നു. സൂക്ഷ്മതയെ പരിപോഷിപ്പിക്കുന്ന വലിയൊരു ഘടകവുമാണ് നോമ്പ്. ”വിശ്വസിച്ചവരേ, നിങ്ങൾക്ക് നോമ്പ് നിർബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മുമ്പുണ്ടായിരുന്നവർക്ക് നിർബന്ധമാക്കിയിരുന്ന പോലെത്തന്നെ. നിങ്ങൾ ഭക്തിയുള്ളവരാകാൻ” (അൽബഖറ 183).
പ്രവാചകൻ നോമ്പിനെ കുറിച്ച് അത് പരിചയാണെന്ന് പറഞ്ഞിട്ടുണ്ട്. ലൈംഗിക വികാരങ്ങൾ നിയന്ത്രിക്കാൻ വിശ്വാസി വിവാഹം കഴിക്കുകയാണ് ചെയ്യേണ്ടത്. എന്നാൽ അതിന് സാധിക്കാത്തവർ നോമ്പെടുക്കണമെന്ന് പ്രവാചകൻ പഠിപ്പിക്കുന്നുണ്ട്. വികാരങ്ങളുടെ തെറ്റായ ഉപയോഗങ്ങളിൽനിന്ന് അവന് അതൊരു പരിചയായി മാറുമെന്നാണ് പ്രവാചകൻ പഠിപ്പിച്ചത്.
നോമ്പിന്റെ മേന്മകളും ഗുണങ്ങളും നേരായ ബുദ്ധിക്കും ചൊവ്വായ പ്രകൃതിക്കും മനസ്സിലാകുന്ന തരത്തിൽ വ്യക്തമാണ്. അടിമകളോടുള്ള കാരുണ്യത്തിന്റെ ഭാഗമായാണ് അല്ലാഹു അത് നിയമമാക്കിയത്. അവർക്ക് നന്മയുടെ പൂർത്തീകരണവും സുരക്ഷയും പരിചയുമാണത്.
നോമ്പുമായി ബന്ധപ്പെട്ട് പ്രവാചകന്റെ അധ്യാപനങ്ങൾ അതിന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനുതകുന്നതാണ്. അവ മനസ്സുകൾക്ക് പെട്ടെന്ന് ഉൾക്കൊള്ളാനുമാകും. വികാരങ്ങളിൽ നിന്നും ഭക്ഷണപാനീയങ്ങൾ പോലുള്ള ശാരീരികാവശ്യങ്ങളിൽനിന്നുമുള്ള വിട്ടുനിൽക്കൽ വളരെ പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ നോമ്പ് നിർബന്ധമാക്കപ്പെടുന്നത് പ്രവാചകത്വം ലഭിച്ച് കുറേ കഴിഞ്ഞ് ഹിജ്റക്കു ശേഷമാണ്. അപ്പോൾ വിശ്വാസികളുടെ ഹൃദയങ്ങളിൽ തൗഹീദ് അടിയുറക്കുകയും ഖുർആന്റെ കൽപനകളോട് ഹൃദയങ്ങൾ ഇണക്കപ്പെടുകയും ചെയ്തിരുന്നു.
ഹിജ്റ രണ്ടാം വർഷമാണ് നോമ്പ് നിർബന്ധമാക്കിയത്. ഒമ്പതു റമദാനുകളിൽ നോമ്പെടുത്ത ശേഷമാണ് പ്രവാചകൻ അല്ലാഹുവിലേക്ക് യാത്രയായത്. ആദ്യകാലത്ത് ആളുകൾക്ക് പ്രയാസം ലഘൂകരിക്കാനായി നോമ്പെടുക്കുകയോ അല്ലെങ്കിൽ പകരം ഒരു അഗതിക്ക് ഭക്ഷണം നൽകുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. പിന്നീട് തെരഞ്ഞെടുക്കാനുള്ള ഈ സ്വാതന്ത്ര്യം എടുത്തുകളയുകയും നോമ്പ് എല്ലാ വിശ്വാസികൾക്കും നിർബന്ധമാക്കുകയും ചെയ്തു. നോമ്പെടുക്കാൻ സാധിക്കാത്ത വൃദ്ധർ അഗതികൾക്ക് ഭക്ഷണം നൽകിയാൽ മതിയെന്ന നിയമം നിലനിർത്തി. അവർക്ക് നോമ്പ് മുറിക്കുകയും അഗതിക്ക് ഒരു ദിവസത്തെ ഭക്ഷണം നൽകുകയും ചെയ്യാം. യാത്രക്കാർക്കും രോഗികൾക്കും നോമ്പ് മുറിക്കാനും അത് നോറ്റുവീട്ടാനുമാണ് ഇളവുള്ളത്. ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും ആരോഗ്യപ്രശ്നങ്ങൾ കാരണം നോമ്പ് ഒഴിവാക്കേണ്ടിവന്നാൽ നോമ്പ് ഉപേക്ഷിക്കുകയും നോറ്റുവീട്ടുകയും ചെയ്യാം. എന്നാൽ കുട്ടികളുടെ ആരോഗ്യപ്രശ്നം ഭയന്നാണ് നോമ്പ് ഒഴിവാക്കുന്നതെങ്കിൽ അവർ നോമ്പ് നോറ്റുവീട്ടുകയും അഗതിക്ക് ഭക്ഷണം നൽകുകയും ചെയ്യണം. കാരണം അവരുടെ രോഗമല്ല, കുട്ടിയുടെ ആരോഗ്യത്തെ കുറിച്ച ആശങ്കയാണിവിടെ നോമ്പ് ഉപേക്ഷിക്കാൻ കാരണമാകുന്നത്.
റമദാൻ മാസത്തിൽ നോമ്പിനു പുറമെ മറ്റു ആരാധനാ കർമങ്ങളും സൽപ്രവൃത്തികളും അധികരിപ്പിക്കുന്നതും പ്രവാചകന്റെ ചര്യയിൽപെട്ടതാണ്. റമദാനിൽ പ്രവാചകനെ ജിബ്രീൽ ഖുർആൻ പ്രത്യേകം പഠിപ്പിക്കാറുണ്ടായിരുന്നു. ജിബ്രീലിനെ കാണുന്ന റമദാൻ മാസത്തിൽ പ്രവാചകൻ, അഴിച്ചുവിട്ട കാറ്റിനെപോലെ ചെലവഴിക്കുമായിരുന്നെന്ന് അനുചരന്മാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ദാനധർമങ്ങൾ, സൽപ്രവൃത്തികൾ, ഖുർആൻ പാരായണം, നമസ്കാരങ്ങൾ, ദിക്റുകൾ, പ്രാർഥനകൾ, ഇഅ്തികാഫ് എല്ലാം ഈ മാസം അധികരിപ്പിക്കേണ്ടതാണ്.
നോമ്പുകാരന്റെ വായിലെ സുഗന്ധം
‘നോമ്പുകാരന്റെ വായിലെ ഗന്ധം അല്ലാഹുവിങ്കൽ കസ്തൂരിയേക്കാൾ നല്ലതാണ്’എന്ന് പ്രവാചകൻ പഠിപ്പിച്ചതിന്റെ ഉദ്ദേശ്യമെന്താണ്?
ഒരിക്കൽ പ്രവാചകൻ പറഞ്ഞു: ‘നിങ്ങൾക്ക് നോമ്പ് കൽപിക്കപ്പെട്ടിരിക്കുന്നു. അതിന്റെ ഉദാഹരണം ഒരു യാത്രാസംഘത്തിൽ കസ്തൂരിയടങ്ങിയ ഭാണ്ഡവുമായി യാത്രചെയ്യുന്നവനെ പോലെയാണ്. അവർക്കെല്ലാവർക്കും അതിന്റെ സുഗന്ധം അനുഭവിക്കാം. നോമ്പിന്റെ മണം അല്ലാഹുവിന്റെയടുക്കൽ കസ്തൂരിയേക്കാൾ പരിശുദ്ധമാണ്.’ ഇവിടെ പ്രവാചകൻ നോമ്പിനെ ഭാണ്ഡത്തിനുള്ളിലെ കസ്തൂരിയോടാണ് ഉപമിക്കുന്നത്. ഭാണ്ഡത്തിനുള്ളിൽ മറക്കപ്പെട്ട കസ്തൂരി സഹയാത്രികർക്ക് ആർക്കും കാണാനാവില്ല. എന്നാൽ അവർക്ക് അനുഭവിക്കാനാവും. അതുപോലെയാണ് നോമ്പുകാരനും. അവന്റെ നോമ്പ് ആളുകൾക്ക് കാണാനാവില്ല. പഞ്ചേന്ദ്രിയങ്ങൾക്ക് അനുഭവിക്കാനുമാവില്ല. എന്നാൽ അതിന്റെ ഗുണങ്ങളും ഫലങ്ങളും ചുറ്റുമുള്ളവർക്കും അനുഭവിക്കാനാകും, നോമ്പുകാരന്റെ പ്രവൃത്തികളിലൂടെ.
ആരുടെ അവയവങ്ങൾ തിന്മകളിൽനിന്നും, നാവ് കള്ളങ്ങളിൽനിന്നും മ്ലേഛസംസാരങ്ങളിൽനിന്നും, വയറ് തീറ്റയിൽനിന്നും കുടിയിൽനിന്നും, ശരീരം വികാരങ്ങളിൽനിന്നും വിട്ടുനിൽക്കുന്നുവോ അവനാണ് നോമ്പുകാരൻ. അവൻ സംസാരിക്കുകയാണെങ്കിൽ തന്റെ നോമ്പിനെ പരിക്കേൽപ്പിക്കുന്നതൊന്നും സംസാരിക്കില്ല. നോമ്പിനെ ഇല്ലാതാക്കുന്നതൊന്നും അവൻ ചെയ്യില്ല. അവൻ സംസാരിക്കുന്ന ഓരോ വാക്കും ഉപകാരമുള്ളതും നല്ലതുമായിരിക്കും. അതുപോലെയാകും അവന്റെ പ്രവൃത്തികളും. ഇതെല്ലാം ഒരു കസ്തൂരി കച്ചവടക്കാരന്റെ കൂട്ടുകാരന് അവനിൽനിന്ന് ലഭിക്കുന്ന അനുഭവങ്ങൾ പോലെയാണ്. അപ്പോൾ കൂടെയിരിക്കുന്നവന് നോമ്പുകാരൻ കസ്തൂരിവാഹകനെപോലെയാണ്. അവന്റെ കൂടെയിരിക്കുന്നതുകൊണ്ട് ആളുകൾക്ക് പ്രയോജനം മാത്രമേ ഉണ്ടാവൂ. ചീത്തയും കള്ളവും അധർമവും അക്രമവും ഒരിക്കലും അവനിൽനിന്ന് ഭയപ്പെടേണ്ടതായി വരില്ല.
ഇതാണ് അല്ലാഹു നിർബന്ധമാക്കിയ യഥാർഥ നോമ്പ്. അല്ലാതെ വെറും അന്നപാനീയങ്ങളുടെ വെടിയലല്ല അത്. അതുകൊണ്ടാണ് ‘ആരെങ്കിലും അസത്യവാക്യങ്ങളും പ്രവൃത്തികളും ഉപേക്ഷിക്കുന്നില്ലെങ്കിൽ അവൻ ഭക്ഷണപാനീയങ്ങൾ ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന് ഒരു നിർബന്ധവുമില്ല’ എന്ന് പ്രവാചകൻ പഠിപ്പിച്ചത്. മറ്റൊരിക്കൽ പ്രവാചകൻ പറഞ്ഞു: ‘എത്രയെത്ര നോമ്പുകാരാണ്, അവരുടെ നോമ്പ് അവർക്ക് വിശപ്പും ദാഹവുമല്ലാതെ ഒന്നും നൽകുന്നില്ല!’
നോമ്പ് അവയവങ്ങളുടെ തെറ്റുകളിൽനിന്നുള്ള നോമ്പാണ്. അതോടൊപ്പം ഭക്ഷണപാനീയങ്ങളിൽനിന്നുള്ള വയറിന്റെ നോമ്പുമാണ്. അപ്പോൾ ഭക്ഷണവും വെള്ളവും നോമ്പിനെ ഇല്ലാതാക്കുന്നതുപോലെ തെറ്റുകൾ അതിന്റെ പ്രതിഫലം ഇല്ലാതാക്കുകയും ഫലങ്ങൾ ചീത്തയാക്കുകയും ചെയ്യും. അപ്പോൾ അവൻ നോമ്പെടുക്കാത്തവനെപോലെയായിത്തീരും.
നോമ്പുകാരന്റെ വായിലെ സുഗന്ധം ഇഹത്തിലാണോ പരത്തിലാണോ എന്നതിനെ കുറിച്ച് പണ്ഡിത്മാർക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഈ വിഷയത്തിൽ ധാരാളം പണ്ഡിതൻമാർ പരസ്പരം തെളിവുകൾ സഹിതം സംവദിക്കുകയും ചെയ്യുന്നുണ്ട്. ചർച്ചയുടെ ചുരുക്കമിതാണ്: എല്ലാറ്റിനും പ്രതിഫലം നൽകപ്പെടുന്ന പരലോകത്ത് സുഗന്ധം പരത്തുന്നവനായിരിക്കും വിശ്വാസി എന്ന കാര്യത്തിൽ തർക്കമില്ല. വിശ്വാസി എവിടെയുണ്ടോ അവിടെ അവൻ സുഗന്ധം പരത്തുമെന്നത് ഇഹലോകത്തെ കുറിച്ചും സത്യമാണ്. സുഗന്ധവും ഉപകാരങ്ങളുമായിരിക്കും വിശ്വാസി ചുറ്റും പ്രസരിപ്പിക്കുക. ഇതെല്ലാം ചേർന്നതാണ് നോമ്പുകാരന്റെ വായിലെ സുഗന്ധം.
(ഇബ്നുൽ ഖയ്യിമിന്റെ സാദുൽ മആദ്, അൽവാബിലുസ്സൈ്വബ് മിനൽ കലിമിത്ത്വയ്യിബ് എന്നീ ഗ്രന്ഥങ്ങളിൽനിന്ന്).
വിവ: ജുമൈൽ കൊടിഞ്ഞി