പുണ്യങ്ങൾ പെയ്തിറങ്ങുന്ന സന്തോഷനാളുകൾ വരവായി
മണ്ണിലും വിണ്ണിലും അനിവർചനീയമായ ആത്മീയാനുഭൂതി വിരിയുന്ന രാപ്പകലുകളാണ് ഇനിയുള്ള ഒരു മാസക്കാലം. ലോകമെമ്പാടുമുള്ള മുസ്ലിംകൾ ഏറെ പ്രതീക്ഷയോടെയും ആഗ്രഹത്തോടെയും കാത്തിരുന്ന റമദാൻ സമാഗമതമാവാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഓരോ വിശ്വാസിക്കും ഹൃദയ വിശുദ്ധിയും ആത്മീയ ഔന്നത്യവും നേടാനുള്ള പുണ്യ മാസം. അല്ലാഹുവിന്റെ ദീനിന്റെ മാർഗത്തിൽ സ്ഥിരചിത്തതയോടെയും മനക്കരുത്തോടെയും പിടിച്ചു നിൽക്കാൻ നമ്മെ നോമ്പ് പ്രചോദിപ്പിക്കുന്നു. ഭൗതികതയുടെ പ്രലോഭനങ്ങളും പൈശാചികമായ തേട്ടങ്ങളും വിശുദ്ധിയുടെ മാർഗത്തിൽ നിന്നും വിശ്വാസികളെ വഴിതെറ്റിക്കാൻ മത്സരിക്കുന്ന കാലമാണിത്. തിന്മയുടെ ഇരുട്ടുകൾക്ക് കട്ടി കൂടുന്നു. അധാർമ്മികതയും മൂല്യച്യുതിയും സമൂഹമാകെ ഘനാന്ധകാരം നിറക്കുന്നു. വിശ്വാസരാഹിത്യവും, നവലിബറലിസവും, ലൈംഗിക അരാജത്വവും, ലഹരിയും, പ്രണയവും യുവതലമുറയെ വഴിതെറ്റിച്ചു കൊണ്ടിരിക്കുന്നു. ആധുനിക ജാഹിലിയ്യത്തുകളുടെ വേതാള താണ്ഡവം അതിന്റെ പരമകോടിയിലെത്തി നിൽക്കുന്ന ഈ കെട്ട കാലത്ത് നന്മകളുടെ വർണരാജികൾക്ക് പ്രകാശം വർധിപ്പിക്കുന്നു റമദാൻ. അല്ലാഹുവിന്റെ വർണം (സിബ്ഗഅതുല്ലാഹ്) എടുത്തണിയാൻ വ്യക്തിയെയും സമൂഹത്തെയും റമദാൻ പ്രാപ്തമാക്കുന്നു.
“റജബി”ൽ നന്മകളുടെ വിത്തിറിക്കിയ വിശ്വാസികൾ “ശഅബാൻ” മാസത്തിൽ അതിന് വെള്ളവും വളവും നൽകി പരിചരിക്കുന്നു. നമ്മൾ ഇറക്കിയ ആ കൃഷിയുടെ വിളവെടുപ്പിന്റെ ഉത്സവ നാളുകളാണ് റമദാൻ. ” തന്റെ അനുഗ്രഹത്തിന്റെ മുന്നോടിയായി, സുവാര്‍ത്ത വഹിക്കുന്ന കാറ്റുകളെ അയയ്ക്കുന്നതും ആ അല്ലാഹു തന്നെയാകുന്നു. അതു ജലനിര്‍ഭരമായ മേഘങ്ങളെ ഉയര്‍ത്തിയാല്‍ നാം അതിനെ തരിശായ ഭൂമിയിലേക്കു നയിക്കുകയും അവിടെ മഴ വര്‍ഷിക്കുകയും (ആ തരിശുഭൂമിയില്‍) പല പല ഫലങ്ങള്‍ ഉല്പാദിപ്പിക്കുകയും ചെയ്യുന്നു. നോക്കുക, ഇവ്വിധം തന്നെയാകുന്നു മരിച്ചവരെ നാം പുനര്‍ജീവിപ്പിക്കുന്നത്. ഈ കാഴ്ചയില്‍നിന്നു നിങ്ങള്‍ പാഠം പഠിച്ചെങ്കില്‍! നല്ല ഭൂമി അതിന്റെ റബ്ബിന്റെ ഹിതത്താല്‍, ഉത്തമ ഫലങ്ങള്‍ വിളയിക്കുന്നു. കെട്ട ഭൂമിയോ, മോശപ്പെട്ട വിളവുകള്‍ മാത്രമേ ഉല്പാദിപ്പിക്കുകയുള്ളൂ. നന്ദിയുള്ള ജനത്തിനുവേണ്ടി, നാം ദൃഷ്ടാന്തങ്ങളെ ഈ രീതിയില്‍ ആവര്‍ത്തിച്ച് അവതരിപ്പിച്ചുകൊണ്ടിരിക്കുകയാകുന്നു.” (അഅ്റാഫ്: 57 -58).
ഊർജസ്വലതയുടെയും ആക്ടിവിസത്തിന്റെയും കൂടി നാളുകളാണ് വരാനിരിക്കുന്നത്. ചിലർക്കെങ്കിലും ഈ മാസം അലസതയുടെയും മടിയുടെയും കാലമാണ്. പ്രവാചകാധ്യാപനം ഇതിനെ തിരുത്തുന്നു. ഇസ്ലാമിലെ നിർണായകമായ പല ധർമ്മ സമരങ്ങളും നടന്നത് റമദാനിലാണ്. ഹഖും ജാഹിലിയ്യത്തും തമ്മിൽ ഏറ്റുമുട്ടി തീരുമാനമായ “ബദർ” സംഭവിച്ചത് റമദാൻ 17നാണല്ലോ. നോമ്പെടുത്ത് മടിയന്മാരായി ഉറങ്ങാനോ സമയം പാഴാക്കാനോ പാടില്ല. നോമ്പ്കാരന്റെ ഉറക്കം പോലും ഇബാദത്തായിട്ടാണ് പഠിപ്പിക്കുന്നതെങ്കിലും നോമ്പ് ഉറങ്ങി തീർക്കാനുള്ള മാസമായി കരുതരുത്. സഹജീവികൾക്ക് കാരുണ്യത്തിന്റെ ചിറകുകൾ വിരിച്ചു കൊടുക്കാനും സാധ്യമായ രീതിയിൽ അവർക്ക് ആശ്വാസം പകരാനും നമുക്ക് കഴിയണം. “ലോകർക്കാകമാനം അനുഗ്രഹമായിട്ടല്ലാതെ പ്രവാചകരെ താങ്കളെ നാം നിയോഗിച്ചിട്ടില്ല” എന്ന ഖുർആൻ ആയതിന്റെ പ്രായോഗിക രൂപം ഏറ്റവും കൂടുതൽ അദ്ദേഹത്തിന്റെ അനുയായികൾക്ക് അനുഭവവേദ്യമായത് റമദാനിലെ ദിനരാത്രങ്ങളിലായിരുന്നു. നോമ്പ് കാലമായാൽ അടിച്ചു വീശുന്ന കാറ്റ് പോലെ അദ്ദേഹത്തിന്റെ കാരുണ്യം സമൂഹത്തിൽ അലയടിച്ചുയരാറുണ്ടായിരുന്നു. “ജനങ്ങളില്‍ ഏറ്റവും ഉദാരന്‍ പ്രവാചകനായിരുന്നു. റമദാന് മാസത്തില്‍ റസൂല്‍ (സ) യുടെ ഉദാരത ഉന്നതിയിലെത്തിയിരുന്നു. പ്രവാചകന്റെ ഔദാര്യം അടിച്ചു വീശുന്ന കാറ്റു പോലെയായിരുന്നു.’ (ബുഖാരി).
നോമ്പിലൂടെ പ്രപഞ്ചനാഥനായ റബ്ബിലേക്ക് കൂടുതൽ അടുക്കുന്ന മനുഷ്യർ സമസൃഷ്ടികളിലേക്ക് കാരുണ്യത്തിന്റെ കുളിർതെന്നലായി പെയ്തിറങ്ങുന്ന മാസം കൂടിയാണ് റമദാൻ. നമുക്ക് ചുറ്റും നിരവധി നിരാശ്രയരായ അശരണരും അവശരും ജീവിച്ചു കൊണ്ടിരിക്കുന്നുണ്ട്. അവരെ കാണാനും അവരുടെ പ്രശ്നങ്ങൾ അറിയാനും നമ്മുടെ അകക്കണ്ണ് നമ്മൾ തുറന്നു വെക്കണം. ആത്മാഭിമാനം കാരണം തങ്ങളുടെ വിഷമതകൾ ആരോടും പങ്ക് വെക്കാത്ത ധാരാളം ഇടത്തരക്കാർ നമുക്ക് ചുറ്റിലും ജീവിക്കുന്നുണ്ട്. പച്ചവെള്ളം കൊണ്ട് നോമ്പ് തുറക്കുകയും പ്രാർത്ഥനകളിലൂടെ നെടുവീർപ്പിടുകയും ചെയ്യുന്ന എത്രയോ കുടുംബങ്ങൾ സമൂഹത്തിലുണ്ട്. അവർക്ക് നോമ്പ് തുറക്കാനും അത്തായം കഴിക്കാനുമുള്ള സംവിധാങ്ങൾ ഉണ്ടാക്കാൻ വേണ്ടി സമയം കണ്ടെത്തണം. തീൻമേശയിലെ വിഭവങ്ങളുടെ എണ്ണം കൂട്ടി സമൂഹത്തിൽ പൊങ്ങച്ചം കാണിക്കാനുള്ള ആർഭാടാവസരമായി ഈ വിശുദ്ധമാസത്തെ നാം മാറ്റരുത്.
നോമ്പ് ഇലാഹീ സാമീപ്യം നേടാനും മനസിൽ അവനോടുള്ള ദിവ്യാനുരാഗം സൃഷ്ടിക്കാനും ഉതകുന്നതാണ്. സുപ്രസിദ്ധ ഇസ്ലാമിക പണ്ഡിതൻ ഇമാം ഗസാലി തന്റെ ദൈവസാമീപ്യം തേടി പോയ അനുഭവം വിവരിക്കുന്നുണ്ട്. “…ഇരുപതാം വയസ്സില്‍തന്നെ ആളുകള്‍ കേവലമായി പറയുന്നതില്‍ വിശ്വാസമര്‍പ്പിക്കുന്ന സ്വഭാവം ഞാന്‍ ഉപേക്ഷിച്ചിരുന്നു. കാരണം, മദ്ഹബീ പക്ഷപാതിത്വവും കക്ഷിത്വവും അവരുടെ വാദങ്ങളെ സംശയഗ്രസ്തമാക്കി മാറ്റിയിരുന്നു. സംശയങ്ങള്ക്കതീതമായതും എതിരഭിപ്രായം സങ്കല്പിക്കാന് പോലുമാവാത്തതുമായ സത്യത്തെയാണ് ഞാന്‍ തേടിയിരുന്നത്. സ്വന്തം വിശ്വാസത്തെ ഈ ഉരക്കല്ലിലുരച്ച് ഞാന്‍ പരിശോധിച്ചു. പക്ഷേ, അത് മാറ്റുള്ളതായി കാണാന്‍ സാധിച്ചില്ല. നിരീക്ഷിച്ചറിഞ്ഞ വിജ്ഞാനം സത്യമാണെന്ന് തോന്നിയെങ്കിലും ആഴത്തിലറിഞ്ഞപ്പോള്‍ കുറ്റമറ്റതായി കണ്ടില്ല. ബുദ്ധി കണ്ടെത്തിയ കാര്യങ്ങള്‍ പോലും അടുത്തെത്തിയതോടെ സംശയഗ്രസ്തമായി. എന്നിട്ടും, നിരാശനാകാതെ സത്യാന്വേഷണത്തില്‍ മുമ്പോട്ട് പോയി. സൂഫികളുടെ കശ്ഫുകളില് (ജാഗ്രദ് ദര്‍ശനം) തെളിഞ്ഞ സത്യത്തെക്കുറിച്ച ജ്ഞാനത്തിനുള്ള സാധ്യതകള്‍ കാണാനായി. പക്ഷേ, ആ വഴി തീര്‍ത്തും അപരിചിതമായിരുന്നു. സംശയങ്ങളുടെ നിഴലിലൂടെ രണ്ട് മാസത്തോളം ആ വഴിയിലൂടെ സഞ്ചരിച്ചു. ഒടുവില്‍ ഹൃദയത്തിന് വെളിച്ചം ലഭിച്ചു. വിശ്വാസ ദാര്‍ഢ്യത കൈവന്നു.” ( അല്‍ മുന്‍ഖദ് മിനദ്ദലാല്‍ ).
റബ്ബിലേക്ക് അലിഞ്ഞു ചേരാനുള്ള സമയമാണ് റമദാൻ. പാതിരാവുകളിൽ എഴുന്നേറ്റ് നിന്ന് റബ്ബുമായുള്ള മുനാജാത്തിലൂടെ വിശ്വാസി പരിസരം മറന്നു പോകുന്ന സുന്ദരമുഹൂർത്തങ്ങൾ സംഭവിക്കുന്ന നാളുകളാണിത്. ചെയ്തു പോയ പാപങ്ങൾ റബ്ബിന്റെ മുന്നിൽ ഏറ്റുപറഞ്ഞു തൗബയിലൂടെ മനസിനെ കഴുകുന്നു. “ഒരു കണ്ണാടിയുടെ നിറം മങ്ങിപോവുന്നത് പോലെ മനുഷ്യഹൃദയത്തിനും മങ്ങലേൽക്കും. സോപ്പും വെള്ളവും ഉപയോഗിച്ച് കണ്ണാടി തുടച്ചു വൃത്തിയാക്കുന്നത് പോലെ പ്രാർത്ഥന കൊണ്ടും തൗബ കൊണ്ടും ഹൃദയത്തെ കഴുകി വ്യതിയാക്കണം. അതിനുള്ള അവസരമാണ് റമദാൻ.” (ഇബ്നുൽ ഖയ്യിം). അല്ലാഹുവിന്റെ കൂടെ ജീവിക്കാനുള്ള മാനസികാവസ്ഥയിലേക്ക് നാം നടന്നു കയറുകയാണ് ഒരു മാസം നീണ്ടു നിൽക്കുന്ന പരിശീലനത്തിലൂടെ. معية الله എന്നത് ഒരു നിലപാടായി വളർത്തിയെടുക്കണം.
ഇബ്നു അബ്ബാസ് (റ) പറയുകയാണ്: ”ഒരിക്കല്‍, ഞാന്‍ (കുട്ടിയായിരുന്ന കാലത്ത്) നബി(സ്വ)യുടെ കൂടെ സഹയാത്രികനായിരുന്ന ഒരു ദിവസം നബി(സ്വ) എന്നോട് പറഞ്ഞു: ‘ഓ മകനെ ! ഞാന്‍ നിനക്ക് ചില കാര്യങ്ങൾ പഠിപ്പിച്ചു തരാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക, അപ്പോള്‍ അവന് നിന്നെ സംരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക, അപ്പോള്‍ നിന്റെ കാര്യത്തില്‍ (സഹായിയായി) നിനക്കവനെ കാണാം. നീ വല്ലതും ചോദിക്കുകയാണെങ്കില്‍ നീ അല്ലാഹുവോടു ചോദിക്കുക. നീ വല്ല സഹായവും ചോദിക്കുകയാണെങ്കില്‍ അവനോടു ചോദിക്കുക. നീ അറിയണം; ഒരു സമൂഹം നിനക്ക് വല്ല ഉപകാരവും ചെയ്യാന്‍ ഒരുമിച്ച് കൂടിയാലും അല്ലാഹു നിനക്ക് വേണ്ടി നിശ്ചയിച്ചുറപ്പിച്ചതിനപ്പുറം ഒന്നും അവര്‍ക്ക് ചെയ്തുതരാന്‍ കഴിയില്ല. പേനകള്‍ ഉയര്‍ത്തപ്പെട്ടു, താളുകള്‍ ഉണങ്ങി” (ഇമാം അഹ്മദ്, തിര്‍മിദി). തൗഹീദിന്റെ മറ്റൊരർത്ഥത്തിലുള്ള പ്രഖ്യാപനം കൂടിയാണ് ഈ നിലപാട്. ഈ ഉറച്ച ബോധ്യത്തിലേക്ക് ഓരോ വിശ്വാസിയെയും റമദാൻ കൊണ്ടെത്തിക്കുന്നു.
മനുഷ്യരുടെ ജീവിതത്തിൽ സൂക്ഷമതയും ഭക്തിയും ജാഗ്രതയും ഉൽപ്പാദിപ്പിക്കുന്നു വ്രതം. ”അല്ലയോ സത്യവിശ്വാസികളായവരേ, നിങ്ങളുടെ പൂര്‍വികര്‍ക്ക് നിയമമാക്കിയിരുന്നതുപോലെ നിങ്ങള്‍ക്കും വ്രതാനുഷ്ഠാനം നിയമമാക്കിയിരിക്കുന്നു; നിങ്ങള്‍ തഖ്വയുള്ളവരാകാന്‍” (ഖുർആൻ 2:183). ഇസ്ലാമിലെ എല്ലാ ആരാധനകളും മനുഷ്യരെ സൂക്ഷമതയുള്ളവരാക്കാൻ വേണ്ടിയുള്ളതാണ്. ഏറെ പ്രാധാന്യപൂർവമാണ് വേദഗ്രന്ഥവും പ്രവാചക വചനങ്ങളും ഇതിനെ കുറിച്ച് പഠിപ്പിക്കുന്നത്. ഭക്തി, ജാഗ്രത, സൂക്ഷ്മത, കരുതല്‍, കാവല്‍, ഭയം തുടങ്ങി നിരവധി ആശയങ്ങള്‍ ഉൾക്കൊള്ളുന്ന പദമാണ് തഖ്വ. വിശുദ്ധ ഖുര്‍ആന്‍ വ്യത്യസ്ത ആശയങ്ങളിലെല്ലാം ‘തഖ്വ’ എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും ഒരര്‍ഥത്തില്‍ മാത്രം തഖ്വയെ നിര്‍വചിക്കാനാവില്ല. ”അല്ലാഹു കല്പിച്ചതൊക്കെയും പാലിക്കുക. അവന് നിരോധിച്ചതൊക്കെയും വര്‍ജിക്കുക” എന്നാണ് പൂര്‍വ സൂരികള്‍ നല്കിയ പ്രബലവും പ്രചുരവുമായ തഖ്വയുടെ നിര്‍വചനം. ദൈവം മനുഷ്യരില്‍ പ്രകൃത്യാ നിക്ഷേപിച്ചിട്ടുള്ള ധര്‍മബോധമാണ് ഇത്. ധാർമിക ബോധത്താല്‍ ഉദാത്തമായ മനസ്സാക്ഷി. അതില്‍ ദൈവത്തോടുള്ള ഭക്തിയുണ്ട്. അവന്റെ പ്രീതിക്കു വേണ്ടിയുളള ദാഹമുണ്ട്. അധര്‍മങ്ങളോട് കടുത്ത പ്രതിഷേധമുണ്ട്. ഇതൊക്കെയും ഉൾച്ചേർന്ന് മനസ്സ് പ്രഭാപൂരിതമാകുകയും ആ പ്രകാശത്തില്‍ ജീവിതത്തെ പുനഃക്രമീകരിക്കുകയും ചെയ്യുന്ന വ്യക്തിത്വ ഘടനയാണ് തഖ്വ. ഇതാണ് നോമ്പിന്റെ ലക്ഷ്യമായി പഠിപ്പിക്കപ്പെടുന്നത്. “അല്ലാഹുവിനെ അനുസരിക്കുക, അവന് എതിര് ചെയ്യാതിരിക്കുക, അവനെ ഓര്‍ക്കുക, മറക്കാതിരിക്കുക, നന്ദി ചെയ്യുക, നന്ദികേട് കാണിക്കാതിരിക്കുക” ഇങ്ങനെയാണ് തഖ്വയെ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) നിര്‍വചിച്ചത്. “അല്ലാഹുവിനെ ഭയപ്പെടുക, ഖുര്‍ആനനുസരിച്ച് കര്‍മം ചെയ്യുക, കുറഞ്ഞത് കൊണ്ട് തൃപ്തിപ്പെടുക, അന്ത്യയാത്രക്ക് തയ്യാറെടുക്കുക” എന്നാണ് അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) തഖ് വയെ വിശദീകരിച്ചത്.
സൃഷ്ടികളുടെ അടിമത്തത്തിൽ നിന്നും പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ അടിമത്തത്തിലേക്ക് മനുഷ്യരെ ഉയർത്തുന്ന സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയാണത്. പേർഷ്യൻ സേനാ നായകൻ റുസ്തമിന്റെ കൊട്ടാരത്തിൽ വെച്ച് പ്രവാചക ശിഷ്യൻ രിബിയ്യുബിനു ആമിർ പ്രഖ്യാപിക്കുന്നു “ദൈവമിച്ചിക്കുന്നവരെ, അടിമകളുടെ അടിമത്തത്തിൽ നിന്നും ദൈവത്തിന്റെ അടിമത്തത്തിലേക്കും ഐഹിക ജീവിതത്തിന്റെ കുടുസ്സിൽ നിന്നും ഇഹപരലോകങ്ങളുടെ വിശാലതയിലേക്കും മതങ്ങളുടെ അക്രമങ്ങളിൽ നിന്ന് ഇസ്ലാമിന്റെ നീതിയിലേക്കും വിമോചിപ്പിക്കാൻ ദൈവമാണ് ഞങ്ങളെ നിയോഗിച്ചിട്ടുള്ളത്.”
എല്ലാ തെറ്റുകളിൽ നിന്നും തിന്മകളിൽ നിന്നും നമ്മെ തടയുന്ന ശക്തമായ ഒരു പരിച കൂടിയാണ് നോമ്പ്. മനസിൽ തഖ് വയുടെ നിറം മങ്ങുമ്പോൾ ക്ഷുദ്ര കാമനകളും പൈശാചിക ദുർബോധനങ്ങളും ആധിപത്യം നേടുന്നു. തെറ്റായ വാക്ക്, പ്രവൃത്തി, നോട്ടം എന്നിവയിൽ നിന്നുള്ള ആത്മനിയന്ത്രണം നോമ്പിലൂടെ നമുക്ക് സാധ്യമാവുന്നു. വിശ്വാസിക്ക് തന്റെ ജീവിതത്തിൽ അനിവാര്യമായ അല്ലാഹുവിന്റെ ഹുദൂദുകളെ ഭയപ്പെടുന്നതിന് നോമ്പ് പ്രധാന പങ്കു വഹിക്കുന്നു. നിയന്ത്രണങ്ങൾ ഇഷ്ടപ്പെടാതെ ദീനിന്റെ മാർഗത്തിൽ നിന്നും കുതറിയോടാൻ പിശാച് മനുഷ്യ മനസ്സിൽ നിരന്തരം ദുർബോധനം നടത്തി കൊണ്ടിരിക്കും. ഇതിൽ നിന്നും നമ്മെ സംരക്ഷിക്കുന്ന ഒരു സുരക്ഷിത കവചമാണ് റമദാൻ. അത് കൊണ്ടാണ് നാം ഭക്ഷണത്തെയും നാവിനെയും നിയന്ത്രിക്കുന്നത്. ഇമാം ഗസ്സാലി ഭക്ഷണ നിയന്ത്രണത്തിന്റെ ആവശ്യകതയെ കുറിച്ചും അത് മൂലമുണ്ടാവുന്ന ആത്മീയഗുണങ്ങളെ കുറിച്ചും വിശദമായി ചർച്ച ചെയ്തത് കാണാം. “നിങ്ങള്‍ അമിതമായി ഭക്ഷണം കഴിക്കരുത്, നിങ്ങള്‍ അമിതമായി കുടിക്കേണ്ടിയും ഉറങ്ങേണ്ടിയും വരും. അങ്ങനെ വന്നാല്‍ മരണസമയത്ത് നിങ്ങള്‍ പരാജയമനുഭവിക്കും” (ഇഹ് യ ).
ലൈംഗിക വികാര നിയന്ത്രണത്തിനും പ്രവാചകൻ നോമ്പ് കൽപിച്ചതായി ഹദീസുകളിൽ നിന്നും മനസിലാക്കാൻ സാധിക്കും. അത് കൊണ്ടാണല്ലോ വിവാഹം കഴിക്കാൻ ഭൗതിക – സാമ്പത്തിക കഴിവുകൾ ഇല്ലാത്തവരോട് നോമ്പ് എടുക്കാൻ പറഞ്ഞത്. മനസ് പോലെ തന്നെ കൂടുതൽ നിയന്ത്രണം ആവശ്യമുള്ള മനുഷ്യ ശരീരത്തിലെ മറ്റൊരു അവയവമാണ് നാവ്. നാവിന്റെ നിയന്ത്രണമില്ലായ്മ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പല കുഴപ്പങ്ങൾക്കും കാരണമാവും. പല കലഹങ്ങൾക്കും തീരാത്ത പ്രശ്നങ്ങൾക്കും ഇത് കാരണമാവുന്നത് ദിനേനയെന്നോണം നാം കണ്ടു കൊണ്ടിരിക്കുന്നുണ്ട്. നബി(സ്വ) പറയുന്നു: അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവന് നല്ലതു പറയട്ടെ, അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ (ബുഖാരി). നാവിനെ നിയന്ത്രിക്കാതെ കേവലം വിശപ്പും ദാഹവും സഹിച്ചത് കൊണ്ട് യാതൊരു കാര്യവുമില്ല. അത്തരക്കാരുടെ നോമ്പ് ഫലശൂന്യമായി പോവുമെന്നാണ് മുഹമ്മദ് നബി നമ്മെ പഠിപ്പിക്കുന്നത്. “അവിശുദ്ധ സംസാരവും പ്രവര്‍ത്തിയും ഉപേക്ഷിക്കാത്തവന്റെ നോമ്പ് അല്ലാഹുവിനാവശ്യമില്ല”(ബുഖാരി).
സന്തോഷവും ദുഃഖവും തിരിച്ചറിയാനുള്ള അവസരം കൂടിയാണ് വ്രതാനുഷ്ഠാനത്തിലൂടെ മനുഷ്യർക്ക് കൈവരുന്നത്. സമത്വബോധം മനസിൽ നിറക്കാനും മുഴുവൻ മനുഷ്യരെയും ഏകോദര സഹോദരങ്ങളെ പോലെ കാണാനുമുള്ള പരിശീലനവും ഇതിലൂടെ സാധ്യമാവുന്നു. സന്മനോഭാവത്തിനും പരസ്പരമുള്ള വിട്ടുവീഴ്ചക്കുമുള്ള സുവര്‍ണാവസരമാണ് പരിശുദ്ധ റമദാന്. പല കാരണങ്ങളാൽ എപ്പോഴൊക്കെയോ അറ്റുപോയ സാമൂഹിക ബന്ധത്തിന്റെ കണ്ണികള്‍ വിളക്കിച്ചേര്‍ക്കാനുള്ള ഏറ്റവും അനുയോജ്യമായ സന്ദർഭം. പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ ജാസിമുൽ മുത്തവ്വ എഴുതുന്നു. ” ഒരു സുഹൃത്ത്. അയാളുടെ ഭാര്യ പത്ത് വര്‍ഷം മുമ്പ് മരണമടഞ്ഞതാണ്. ഭാര്യയും അദ്ദേഹവും തമ്മില്‍ വര്‍ഷങ്ങളായി നടന്നുവന്ന തീര്‍പ്പാവാത്ത കേസ് കോടതിയിലുണ്ട്. റമദാന് മാസം അടുത്ത ഒരു സായാഹ്നത്തില്‍ അയാള്‍ എന്നോട് പറഞ്ഞു: ”ഞാന്‍ അവള്‍ക്ക് എല്ലാം പൊറുത്തുകൊടുത്തു. അവളോട് വിട്ടുവീഴ്ച കാണിക്കുകയാണ് ഞാന്‍. അവള്‍ക്കെതിരില്‍ കോടതിയില്‍ കൊടുത്ത എല്ലാ കേസുകളും പിന്‍വലിക്കുകയാണ്.” ദൈവികമായ പൊറുത്തുകൊടുക്കലിന്റെയും മാനുഷികമായ മാപ്പിന്റെയും മാസമാണ് റമദാൻ.
ഈ വിശുദ്ധ മാസത്തിൽ വിശ്വമാകെ മാറുകയാണ്. ആകാശവും ഭൂമിയും മാറ്റത്തിന് വിധേയമാവുന്നു. മുഴുവൻ ജനങ്ങളുടെയും സ്വഭാവവും സമൂലമായി മാറുകയാണ് റമദാനില്‍. മനുഷ്യരുടെ വിശ്വാസത്തിലും സ്വഭാവത്തിലും പെരുമാറ്റത്തിലും ജീവിതരീതിയിലും അടിമുടി പരിവർത്തനങ്ങൾ ഉണ്ടാക്കാൻ വേണ്ടി അവതീര്‍ണമായ ദൈവിക ഗ്രന്ഥങ്ങള്‍ ഭൂമിയില്‍ ഇറക്കാന്‍ ദൈവം തെരഞ്ഞെടുത്തതും ഈ വിശുദ്ധ മാസത്തെ തന്നെയാണ്. റമദാന് ആറിന്നാണ് പ്രവാചകന് മൂസക്ക് തൗറാത്ത് ഇറക്കപ്പെട്ടത്. ഈസാ നബിക്ക് ഇഞ്ചില്‍ ലഭിച്ചത് റമദാന് പതിമൂന്നിനാണ്. ദാവൂദ് നബിക്ക് സബൂര്‍ അവതരിപ്പിക്കപ്പെട്ടത് റമദാന് പതിനെട്ടിന്. പ്രവാചക പരമ്പരക്ക് പരിസമാപ്തി കുറിച്ച് കൊണ്ട് ആഗതനായ മുഹമ്മദ് നബിക്ക് വിശുദ്ധ വേദഗ്രന്ഥമായ ഖുര്‍ആന്‍ അവതീർണമായത് റമദാനിലെ ലൈലത്തുല്‍ഖദ്റില്‍ ആണല്ലോ. ഖുർആനിന്റെ വാർഷികാഘോഷം കൂടിയാണ് ഈ മാസം.
ഖുർആൻ പഠിക്കാനും മനസിലാക്കാനും വേണ്ടി കൂടുതൽ സമയം കണ്ടെത്താൻ റമദാൻ നമ്മെ പ്രചോദിപ്പിക്കണം. ഇമാം മാലിക് റമദാൻ സമാഗതമായാൽ ഖുർആൻ പഠന – പാരായണമല്ലാത്ത മറ്റെല്ലാ പ്രവർത്തനങ്ങളിൽ നിന്നും മാറി നിൽക്കാറുണ്ടായിരുന്നതായി കാണാം. നമ്മുടെ മുൻഗാമികളുടെ വീടുകളിൽ നിന്നും റമദാനിൽ തേനീച്ചകളുടെ മൂളക്കം പോലെ ഖുർആൻ ഓത്തിന്റെ ശബ്ദം പുറത്തേക്ക് കേൾക്കാറുണ്ടായിരുന്നു. കേവലം പാരായണം കൊണ്ടും ഖത്തം തീർക്കൽ കൊണ്ടും ഖുറാനുമായുള്ള നമ്മുടെ ബന്ധത്തെ പരിമിതപ്പെടുത്തരുത്. ” മനുഷ്യര്‍ക്കാകമാനം മാര്‍ഗദര്‍ശകമായും സുവ്യക്തമായ സന്മാര്ഗ പ്രമാണങ്ങളായും സത്യാസത്യങ്ങളെ വേര്‍തിരിച്ചു കാണിക്കുന്ന ഉരകല്ലായും ഖുര്‍ആന്‍ അവതരിച്ച മാസമാകുന്നു റമദാന്.” (അൽ ബഖറ – 185). ഖുർആൻ അവതരണത്തിന്റെ ഓർമ്മകളിലേക്ക് ഓരോ റമദാനും നമ്മെ കൂട്ടികൊണ്ടു പോവുന്നു. ലൗഹുൽ മഹ്ഫൂദിൽ നിന്നും ആകാശലോകത്തേക്കും അവിടുന്ന് ജിബ്രീൽ മുഖേന പ്രവാചകന്മാർക്കും ദിവ്യസൂക്തങ്ങൾ അവതരിപ്പിക്കപ്പെട്ടതിന്റെ ഓർമ്മകൾ ഇരമ്പുന്ന മാസമാണിത്. ഖുർആൻ നമ്മെ ആലോചിക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്നു. “ഇതൊരനുഗൃഹീതമായ മഹദ്വേദമാകുന്നു. (പ്രവാചകാ) നാം ഇത് നിനക്ക് ഇറക്കിത്തന്നു , ഈ ജനം ഇതിലെ പ്രമാണങ്ങളില്‍ ചിന്തിക്കേണ്ടതിനും ബുദ്ധിയും വിവേകവുമുള്ളവര്‍ അതുവഴി പാഠമുള്‍ക്കൊള്ളേണ്ടതിനും” (സ്വാദ് – 29). “എന്ത്, ഈ ജനം ഖുര്‍ആനിനെക്കുറിച്ചു ചിന്തിക്കുന്നില്ലേ? അല്ലാഹു അല്ലാത്ത മറ്റാരില്‍നിന്നെങ്കിലും വന്നതായിരുന്നുവെങ്കില്‍ അവര്‍ അതില്‍ നിരവധി വൈരുധ്യങ്ങള്‍ കാണുമായിരുന്നു.” (അന്നിസാഅ് – 82).
നോമ്പുകാലത്തുള്ള ഖുർആൻ പാരായണത്തിന് സവിശേഷമായ സൗന്ദര്യവും ആവേശവുമാണ്. പാതിരാവിലും ഫജറിന് ശേഷവും ഫർദ് നമസ്ക്കാരങ്ങൾക്ക് ശേഷവുമൊക്കെ ഖുർആൻ പാരായണം ഒരു ശീലമാക്കി മാറ്റാൻ റമദാൻ കാലം ഉപയോഗിക്കുക. ഖുർആൻ ആയത്തുകൾ പാരായണം ചെയ്യുമ്പോൾ നമ്മുടെ ഹൃദയങ്ങൾ തരളിതമാവണം. അതിന്റെ ആശയപ്രപഞ്ചത്തിലൂടെ നാവിനൊപ്പം മനസും സഞ്ചരിക്കണം. പൂർവസൂരികളുടെ ഖുർആൻ പാരായണം എന്നത് നാവു കൊണ്ടും മനസും കൊണ്ടുമുള്ളതായിരുന്നു. ഇബ്നു അബ്ബാസിൽ നിന്നും ഉദ്ധരിക്കുന്ന ഒരു ഹദീസിൽ പ്രാവാചകന്റെ ഖുർആൻ പാരായണത്തെ കുറിച്ച് പറയുന്നുണ്ട്. “അദ്ദേഹം ഒരിക്കൽ പ്രവാച സവിധത്തിൽ സൂറത്തുന്നിസാഇന്റെ ആദ്യഭാഗം പാരായണം ചെയ്യുകയായിരുന്നു. “ഓരോ സമുദായത്തിൽ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ട് വരികയും ഇക്കൂട്ടർക്കെതിരിൽ അങ്ങയെ നാം സാക്ഷിയായി കൊണ്ടുവരികയും ചെയ്യുമ്പോൾ എന്തായിരിക്കും അവസ്ഥ? ” എന്ന സൂക്തമെത്തിയപ്പോൾ പ്രവാചകൻ പാരായണം നിർത്താൻ ആവശ്യപ്പെട്ടു. ഇബ്നു മസ്ഊദ് പറയുന്നു. ” നാൻ അപ്പോൾ പ്രവാചകനെ വീക്ഷിച്ചു. ആ രണ്ടു കണ്ണുകളും നിറഞ്ഞഴുകുന്നുണ്ടായിരുന്നു.”
റമദാനില്‍ പ്രപഞ്ചത്തില്‍ സമഗ്രമായ മാറ്റം സംഭവിക്കുന്നതായി മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്. ”റമദാനിന്റെ ആദ്യ രാത്രിയില്‍ പിശാചുക്കളും ധിക്കാരികളായ ജിന്നുകളും ചങ്ങലകളില്‍ ബന്ധിക്കപ്പെടും. നരകത്തിന്റെ വാതിലുകള്‍ കൊട്ടിയടക്കപ്പെടും. അതില്‍ ഒരു വാതില്‍ പോലും തുറക്കപ്പെടില്ല. സ്വര്‍ഗ വാതിലുകള്‍ മലർക്കെ തുറന്നിടപ്പെടും. അവിടെയുള്ള ഒരു വാതില്‍ പോലും അടക്കപ്പെടുകയില്ല. ആകാശലോകത്ത് നിന്നും അരുളപ്പാടുണ്ടാവും ”നന്മ കൊതിക്കുന്നവനേ, മുന്നോട്ടുവരൂ. തിന്മ ആഗ്രഹിക്കുന്നവനേ , പിന്തിരിഞ്ഞു പോകൂ , നരകത്തില്‍ നിന്ന് അല്ലാഹു മോചിപ്പിക്കുന്നവരായി നിരവധി ആളുകളുണ്ടാവും. അത് എല്ലാ രാവിലും സംഭവിക്കും.” ആകാശ ലോകത്താണ് ഈ മാറ്റങ്ങളുടെ വിളംബരം ഉണ്ടാവുന്നതെങ്കില്‍ സമാനമായ മാറ്റം ഭൂമിയിലും സംഭവിക്കും. ജനമനസ്സുകള്‍ ശാന്തമാവും. നന്മയോടുള്ള പ്രതിപത്തി വര്‍ധിക്കും.
ദൈവഭയത്താലും നരകഭയത്താലും സ്വർഗത്തെ കുറിച്ചുള്ള ആഗ്രഹത്താലും ഓരോ മനസും ഈ മാസത്തിലെ രാവുകളിൽ ഏറെ തരളിതമാവുന്നു. പാതിരാവുകളിൽ പടച്ചവനിലേക്ക് ഓരോ വിശ്വാസിയുടെ കരങ്ങളും ഉയരും. അർത്ഥനകളും തേട്ടങ്ങളുമായി അവന്റെ കണ്ണിൽ നിന്നും ധാര ധാരയായി ഒഴുകുന്ന കണ്ണുനീർ കൊണ്ട് ചെയ്തു പോയ പാപങ്ങളെ അവൻ കഴുകി കളയുന്നു.
റമദാനിലെ ഓരോ നിമിഷവും പരമാവധി ഉപയോഗപ്പെടുത്താൻ ഓരോ വിശ്വാസിയും ജാഗ്രതയുള്ളവരായിരിക്കണം. റമദാൻ ജീവിതത്തിലേക്ക് കടന്നു വന്നിട്ടും അതിനെ തീരെ പ്രയോജനപ്പെടുത്താത്ത ഹതഭാഗ്യവാന്മാരും സമൂഹത്തിലെമ്പാടുമുണ്ട്. അവരിൽ റമദാൻ ഒരു മാറ്റവും ഉണ്ടാക്കുകയില്ല. റമദാൻ ഉപയോഗപ്പെടുത്താത്ത നിഭാഗ്യവാന്മാർക്കെതിരെ പ്രവാചകൻ പ്രാർത്ഥിക്കുക പോലും ചെയ്തിട്ടുണ്ട്. റമദാനിനെ പൂർണമായ അർത്ഥത്തിൽ ഉപയോഗപ്പെടുത്താൻ പടച്ചവനോട് നിരന്തരം പ്രാർത്ഥിച്ചു കൊണ്ട് നമുക്ക് ഈ മാസത്തെ വരവേൽക്കാം.
📲 വാട്സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1