വിശുദ്ധ റമദാനും പ്രവാചക പത്നിമാരും

റമദാനെ സ്വീകരിക്കുന്നതിൽ പ്രവാചക പ്തനിമാരും അഹ് ലു ബൈത്തിലെ മറ്റ് സ്ത്രീകളും പ്രവാചകനെപ്പോലെ തന്നെയായിരുന്നു. അല്ലാഹുവിനോട് അടുക്കാനും അവനോട് അങ്ങേയറ്റം വിധേയത്വം പുലർത്താനും അവനുവേണ്ടി ആരാധനയിൽ മുഴുകാനുമുള്ള സമയമാണ് റമദാനെന്ന് തിരുനബിയിൽ നിന്നും അവർ പഠിച്ചെടുത്തിരുന്നു. അതിനാൽ തന്നെ അവർ ആരാധനകൾ നന്നായി വർദ്ധിപ്പിച്ചു. ഇന്ന് നാമെല്ലാം കൂടുതൽ സമയവും വ്യാപൃതരാകുന്ന വീട്ടുകാര്യങ്ങളെക്കുറിച്ചോ അന്നപാനീയങ്ങളെക്കുറിച്ചോ അവർ വ്യാകുലരായില്ല.
വിശുദ്ധ റമദാൻ അന്നപാനീയങ്ങളുടെ മാസമാണെന്നാണ് പലരും തെറ്റിദ്ധരിച്ചുവെച്ചിരിക്കുന്നത്. ഇതര ദിവസങ്ങളെക്കാളും മാസങ്ങളെക്കാളും റമദാനിൽ കുടുംബ ബന്ധ ശാക്തീകരണം ഇരട്ടിയായി നടക്കുന്നു. ഇത് പ്രവാചക പത്നിമാർ കാണിച്ച മാതൃകക്കെതിരാണ്. പരിശുദ്ധ റമദാനിൽ മറ്റെന്ത് കാര്യങ്ങളെക്കാളും അവർ പ്രാധാന്യം നൽകിയിരുന്നത് മറ്റു ചില മഹത്തരമായ കാര്യങ്ങൾക്കായിരുന്നു:
1- തറാവീഹ് നമസ്കാരം: തിരുനബിയുടെ പത്നിമാർ മറ്റു സ്ത്രീകളെ ഒരുമിച്ചുകൂട്ടുകയും അവർക്ക് സദുപദേശങ്ങൾ നൽകുകയും സൽപ്രവർത്തനങ്ങൾകൊണ്ട് കൽപിക്കുകയും ചെയ്യുമായിരുന്നു. നിർബന്ധമായ നമസ്കാരം കൃത്യ സമയത്ത് തന്നെ നിർവഹിക്കുന്നതോടൊപ്പം റമദാനിലെ സുന്നത്തായ നമസ്കാരവും അവർക്ക് പഠിപ്പിച്ചു കൊടുക്കുമായിരുന്നു. അങ്ങനെയാണവർ സത്യവിശ്വാസനികൾക്ക് മാതൃകളായി മാറിയത്. ചിലപ്പോൾ സ്ത്രീകളെ ഒരുമിച്ചു കൂട്ടി അവർ രാത്രിയിൽ സുന്നത്ത് നമസ്കാരങ്ങൾ നടത്തി. ആയിശ ബീവിയെത്തൊട്ട് അബൂ യൂസുഫ് നിവേദനം ചെയ്യുന്നു: “റമദാനിലെ സുന്നത്ത് നമസ്കാരങ്ങൾക്ക് സ്വഫിന് മധ്യേ നിന്ന് സ്ത്രീകൾക്ക് അവർ ഇമാമായി നിൽക്കുമായിരുന്നു’. ചില സമയങ്ങളിൽ അവരുടെ അടിമസ്ത്രീകളെയും ഇമാമായി നിർത്തുമായിരുന്നു. ആയിശ ബീവി അങ്ങനെ ചെയ്യാറുണ്ടെന്ന് ഇമാം ബുഖാരി നിവേദനം ചെയ്യുന്നുണ്ട്. അതുപോലെത്തന്നായിരുന്നു തിരുദൂതരും. തന്റെ ഭാര്യമാരേയും മക്കളെയും ഒരുമിച്ച് കൂട്ടി പ്രവാചകനും രാത്രി നമസ്കാരം നിർവഹിക്കാറുണ്ടായിരുന്നു.
2- ഖുർആൻ പാരായണവും ദിക്റുകളും: വിശുദ്ധ റമദാൻ സമാഗതമായാൽ പ്രവാചക പത്നിമാർ ഖുർആൻ പരായണവുമായി മുഴുകുമായിരുന്നു. ജനങ്ങൾക്ക് സന്മാർഗമായിട്ടും സത്യത്തിനും അസത്യത്തിനുമിടയിലെ വേർതിരിവായിട്ടും വിശുദ്ധ റമദാനിൽ ഇറക്കപ്പെട്ട ഗ്രന്ഥമായതിനാൽ പിന്നെ എങ്ങനെ അവർക്കത് പാരായണം ചെയ്യാതിരിക്കാനാകും! ഒരോ മാസവും ഒന്നിലധികം ഖത്മ് അവർ പൂർത്തിയാക്കുമായിരുന്നു. ഇതര മാസങ്ങളിൽ പാരായണം ചെയ്യാറുള്ളതിനേക്കാൾ റമദാനും പാരായണം ചെയ്യും. അതുപോലെത്തന്നെയായിരുന്നു അദ്കാറുകളും.
3- അളവറ്റ ദാനധർമ്മങ്ങൾ: വിശുദ്ധ റമദാനിൽ നബി പത്നിമാർ ചെയ്യാറുള്ള സൽപ്രവർത്തികളിൽ ഏറ്റവും പ്രശസ്തമായത് അവരുടെ ദാനധർമ്മങ്ങളായിരുന്നു. അവരിൽ തന്നെ ദാനധർമ്മത്തിൽ ഏറ്റവും പ്രശസ്തയായത് സൈനബ് ബൻത് ജഹ്ശാണ്. തോലുപയോഗിച്ചുള്ള വസ്തുക്കളും മറ്റും നിർമ്മിക്കുന്നതിൽ അവർ നിപുണയായിരുന്നു. അത് വിറ്റുകിട്ടുന്ന ധനം അവർ സ്വദഖ ചെയ്യും, റമദാനിൽ പ്രത്യേകിച്ചും. ആയിശ ബീവിയും അതുപോലെത്തന്നെയായിരുന്നു.
4- നിരന്തര പ്രാർത്ഥന: മറ്റിതര മാസങ്ങളേക്കാളും പ്രവാചക പത്നിമാർ റമദാൻ മാസത്തിൽ പ്രാർത്ഥനകൾ വർദ്ധിപ്പിക്കുമായിരുന്നു. അതുപോലെത്തന്നെ ലൈലത്തുൽ ഖദ്ർ കരസ്ഥമാക്കാനും അതിയായി പരിശ്രമിച്ചിരുന്നു.
5- ജ്ഞാന കൈമാറ്റം: അല്ലാഹുവിന്റെ റസൂലിൽ നിന്നും നേടിയെടുത്ത ജ്ഞാനം അവർ സത്യവിശ്വാസികൾക്കും വിശ്വാസിനികൾക്കും പറഞ്ഞു കൊടുക്കുമായിരുന്നു. റമദാനിനെക്കുറിച്ചും അതിൽ വന്ന ശരീഅത്തിന്റെ നിയമങ്ങളെക്കുറിച്ചും ജനങ്ങൾക്ക് പഠിപ്പിച്ചുകൊടുക്കുമായിരുന്നു. നോമ്പിന്റെ നിയമങ്ങളിൽ നിന്നും നിരവധി ഹദീസുകൾ പ്രവാചക പത്നിമാർ നിവേദനം ചെയ്തിട്ടുണ്ട്. ആർത്തവ രക്തമള്ള ദിനങ്ങളിൽ അവർ നോമ്പനുഷ്ഠിക്കാറില്ല. നമസ്കരിക്കാറുമില്ല. അന്നേരും ദിക്റ്, പ്രാർത്ഥന, ദാനധർമ്മങ്ങൾ എന്നിവയിൽ മുഴുകും.
6- ഇഅ്തികാഫിരിക്കുന്ന പ്രവാചകനെ സന്ദർശിക്കൽ: പള്ളിയിൽ ഇഅ്തികാഫിരിക്കുന്ന പ്രവാചകനെ അവിടുത്തെ പത്നിമാർ രാത്രി സമയങ്ങളിൽ സന്ദർശിക്കുമായിരുന്നു. അലി ബ്നു ഹുസൈനെ(റ) തൊട്ട് നിവേദനം: പ്രവാചക പത്നി സ്വഫിയ്യ ബീവി പറഞ്ഞു: നബി(സ്വ) പള്ളിയിൽ ഇഅ്തികാഫിരിക്കെ രാത്രി ഞാൻ ചെന്ന് സന്ദർശിച്ചു. പരസ്പരം സംസാരിച്ചതിന് ശേഷം തിരിച്ചുപോരാൻ എഴുന്നേറ്റപ്പോൾ എന്നെ മടക്കി അയക്കാൻ പ്രവാചകരും എന്റെ കൂടെ എഴുന്നേറ്റു. ഉസാമ ബ്നു സൈദി(റ)ന്റെ വീട്ടിലായിരുന്നു മഹതി താമസിച്ചിരുന്നത്. മഹതി വീട്ടിലേക്ക് മടങ്ങാൻ നിൽക്കും നേരം അൻസ്വാരികളിൽ പെട്ട രണ്ടുപേർ അതുവഴി കടന്നുപോയി. പ്രവാചകനെ കണ്ടപ്പോൾ അവർ തങ്ങളുടെ നടത്തത്തിന് ധൃതി കൂട്ടി. അന്നേരം നബി(സ്വ) പറഞ്ഞു: ധൃതി കാണിക്കേണ്ടതില്ല. ഇതെന്റെ ഭാര്യ സ്വഫിയ്യ ബിൻത് ഹുയ്യയാണ്. പ്രവാചകന്റെ വാക്കുകേട്ട് അവർ സുബ്ഹാനല്ലാഹ് എന്ന് പറഞ്ഞു. ഉടനെ പ്രവാചകൻ അവരോട് പ്രതിവചിച്ചു: മനുഷ്യ ശരീരത്തിൽ രക്തം എങ്ങനെയാണോ സഞ്ചരിക്കുന്നത് അതുപോലെ പിശാചും സഞ്ചരിക്കും. നിങ്ങൾ രണ്ടു പേരുടെയും ഹൃദയത്തിൽ പിശാച് മോശമായതെന്തെങ്കിലും തോന്നിപ്പിക്കുമോ എന്ന് ഞാൻ ഭയന്നു(ബുഖാരി, മുസ്ലിം).
വിവ: മുഹമ്മദ് അഹ്സൻ പുല്ലൂർ