റമദാൻ ആരാധനകളുടെയും കർമങ്ങളുടെയും മാസമാണ്

എല്ലാ വർഷവും പോലെ റമദാൻ കടന്നുവരുമ്പോൾ പലതരം ജനങ്ങളുടെ പലതരം വ്യവഹാരങ്ങൾ നമുക്ക് കാണാം. റമദാനെ വിശ്രമത്തിന്റെയും ഉറക്കിന്റെയും മാസമായി കാണുന്ന പ്രവണതയാണ് ഇതിൽ പ്രധാനമായ ഒന്ന്. ആരാധനകൾ വളരെ കുറച്ചുമാത്രം ചെയ്യുകയും മറ്റു സമയങ്ങളിൽ നേരംപോക്കിനായുള്ള മറ്റു ഏർപ്പാടുകളിൽ ഏർപ്പെടുകയും ചെയ്യുന്ന പ്രവണത. നോമ്പുകാരനാണെന്ന ആനുകൂല്യവും കുറച്ചു കർമങ്ങളിൽ തന്നെ കൂടുതൽ പ്രതിഫലം ലഭിക്കുമെന്ന ആദായക്കണ്ണുകളുമൊക്കെയാണ് ഇതിനു പിന്നിലെങ്കിലും ചെയ്യുന്ന തുലോം ആരാധനകളുടെതന്നെ അവസ്ഥ പലപ്പോഴും പരിതാപകരമാണ്.
അതേസമയം, ഉള്ള ജോലികളെല്ലാമുപേക്ഷിച്ച് ആരാധനകളിൽ മാത്രമായി കഴിഞ്ഞുകൂടുന്നവരെയും കാണാം. അവർക്ക് റമദാനിൽ ആരാധനകളിൽ കവിഞ്ഞ് മറ്റൊന്നുമില്ലതന്നെ. കർമങ്ങൾക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന, ഈമാൻ ശക്തിപ്പെടുന്ന, വരുംനാളുകൾക്ക് വേണ്ടി വിശ്വാസികൾ തഖ്വയുടെ പാഥേയമൊരുക്കുന്ന ഈ മാസത്തെ പിന്നെയെങ്ങനെ ഉപയോഗപ്പെടുത്താനാണ്!
മറ്റു ചിലർ ജോലിഭാരം കുറക്കുന്നത് ആരാധനകൾക്കു വേണ്ടിയല്ല, മറിച്ച് ടെലിവിഷനു മുന്നിലിരുന്നും കളിച്ചും ഉറങ്ങിയും തമാശകൾ പറഞ്ഞും ആനന്ദം കണ്ടെത്താനാണ്. വിശപ്പോ ദാഹമോ ക്ഷീണമോ ഒട്ടുമറിയാതെ വിശുദ്ധ റമദാൻ കടന്നുപോവണമെന്നു മാത്രമാണ് അവരുടെ താത്പര്യം. നോമ്പനുഷ്ഠിക്കുന്നത് ഉദ്പാദനം കുറക്കുമെന്ന വാദം പറഞ്ഞ് നോമ്പുപേക്ഷിക്കുന്നവരും കുറവല്ല. ഇത്തരക്കാരെ ശൈഖ് മുഹമ്മദുൽ ഗസ്സാലി അതിശക്തമായ ഭാഷയിൽ വിമർശിക്കുന്നുണ്ട്.
പക്ഷെ, ഇത്തരക്കാരൊന്നുമല്ല യഥാർഥ ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നത് എന്നതാണ് സത്യം. അവരൊന്നും നോമ്പിന്റെ അടിസ്ഥാനലക്ഷ്യമോ ദൗത്യമോ മനസ്സിലാക്കിയതുമില്ല. വിശുദ്ധ ഇസ്ലാം പ്രതിനിധാനം ചെയ്യുന്ന മധ്യമസ്വഭാവത്തിൽ നിന്ന് അതിവിദൂരത്തുമാണവർ. ആത്മാവിനും ബുദ്ധിക്കും ആരാധനക്കും കർമത്തിനും അറിവിനും പ്രബോധനത്തിനും ഇഹലോകത്തിനും പരലോകത്തിനുമിടയിൽ ഒരുപോലെ സംഗമിക്കുന്ന, വ്യക്തിയുടെയും സമൂഹത്തിന്റെയും നന്മകളെ സ്വാംശീകരിക്കുന്ന, വർത്തമാന കാലത്തിന്റെയും വരുംതലമുറകളുടെയും ആവശ്യങ്ങളെ അഡ്രസ് ചെയ്യുന്ന ഒരു സമ്പൂർണ ജീവിതരീതിയാണിസ്ലാം.
ചിലർ വാദിച്ചപോലെ മനുഷ്യനെ മയക്കുന്ന, ഉന്മത്തനാക്കുന്ന, മടിയുടെയും അലസതയുടെയും കരിമ്പടത്തിൽ ഒളിപ്പിക്കുന്ന കറുപ്പല്ല അത്, മറിച്ച്, തലമുറകളെ പുറംലോകത്തെത്തിക്കുകയും വലിയൊരു സമുദായത്തെ വളർത്തിപരിപാലിക്കുകയും പതിനാലു നൂറ്റാണ്ടുകളോളമായി നിലനിൽക്കുന്ന ഒരു മഹത്തായ നാഗരികത രൂപപ്പെടുത്തുകയും കിഴക്കും പടിഞ്ഞാറുമെല്ലാം ഒരുപോലെ വെളിച്ചം പടർത്തുകയും ചെയ്ത ഒരു ഇസമാണത്.
വിശുദ്ധ ഇസ്ലാമിൽ മനുഷ്യനെ മടിയനോ അലസനോ ആക്കുന്ന കർമങ്ങളോ നിർബന്ധബാധ്യതകളോ ഇല്ലതന്നെ. ഇമാം ശൈഖ് മുഹമ്മദ് ഖിള്റ് ഹുസൈൻ പറയുന്നു:’ലവലേശം പോലും മനുഷ്യജീവിതത്തെ പ്രയാസത്തിലാക്കുന്ന ഒരു കാര്യവും വിശുദ്ധ ദീനിൽ നിയമമാക്കപ്പെട്ടിട്ടില്ല. പക്ഷെ, നാം കാണുന്നത് പരലോകത്തെക്കുറിച്ച് അൽപം പോലും വ്യാകുലപ്പെടാതെ, സമയത്തിന്റെ വലിയൊരു ഭാഗവും വിശ്രമത്തിലും കളിതമാശകളിലുമായി കഴിയുന്നവരെയാണ്. വിശ്വാസി ചെയ്യേണ്ടത് തന്റെ വിശ്രമസമയങ്ങൾ ജഗനിയന്താവിന്റെ മുന്നിൽ നിൽക്കാനുള്ള സമയം കണ്ടെത്തലല്ലേ. രാത്രിയും പകലും കൂടി ഒരു മണിക്കൂർ സമയമെങ്കിലും ഇത്തരത്തിൽ മാറ്റിവെച്ചുകൂടെ? ഇങ്ങനെ ചെയ്തശേഷം ഒരാൾ സ്വന്തം ജീവിതത്തെ പണത്തിനു വേണ്ടി മാത്രം ജീവിക്കുന്ന ഒരാളുട ജീവിതത്തോട് തുലനപ്പെടുത്തി നോക്കൂ. അയാൾ പണം സമ്പാദിക്കാനുള്ള വെപ്രാളത്തിൽ നിന്ന് അൽപം മാറിനിന്ന് വിശ്രമിക്കുമ്പോൾ ആശ്വാസവും സുഖവും ലഭിക്കുന്നു. തന്റെ ജീവിതം ഏറ്റവും ശാന്തമാണെന്ന് അയാൾ വിശ്വസിക്കുന്നു. ഇതേയാശ്വാസമാണ് ആരാധനകളിൽ വ്യാപൃതമാവുന്നയാൾക്ക് ലഭിക്കുന്നത്. വിശ്വാസിയായിരിക്കെ സുകൃതങ്ങൾ ചെയ്യുന്നവനെ – അവൻ പുരുഷനോ സ്ത്രീയോ ആവട്ടെ- സന്തുഷ്ടമായ ജീവിതം ജീവിപ്പിക്കുകയും അവർക്ക് പതിന്മടങ്ങ് നന്മ പ്രതിഫലം നൽകുകയും ചെയ്യും'(അൽ മദീനത്തുൽ ഫാളിലത്തു ഫിൽ ഇസ്ലാം).
കർമവും ആരാധനയും രണ്ടല്ല
ഇസ്ലാമിക സങ്കൽപത്തിൽ കർമം(അമൽ), ഇബാദത്ത്(ആരാധന) എന്നിവ രണ്ടല്ല, പരസ്പര വിരുദ്ധവുമല്ല, മറിച്ച് രണ്ടും പരസ്പര പൂരകങ്ങളും ബന്ധിതവുമാണ്. കാരണം, നമ്മുടെ കർമങ്ങൾ തന്നെയാണ് ആരാധനയും ആരാധനകൾ തന്നെയാണ് കർമവും. കർമമെന്ന് ഖുർആനിന്റെ ഭാഷയിൽ ഈമാനുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. അമലുകളെക്കുറിച്ച് പറയുന്നിടത്തെല്ലാം ഖുർആനിൽ അതോടൊപ്പം ഈമാനെക്കുറിച്ചുള്ള പരാമർശങ്ങളും കാണാം. ചിലപ്പോൾ നേരെ തിരിച്ചും. മറ്റു ചിലപ്പോൾ ഈമാനെക്കുറിച്ച് പറഞ്ഞയുടനെ കൽപനയും വിരോധവും(അംറ്, നഹ്യ്) പറയുന്നതു കാണാം. അവരണ്ടും അമലുകൾ തന്നെയാണ്. ചുരുക്കത്തിൽ, ഈമാനും ആരാധനയും അമലുകളുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്നു പറയാം. അമലുകളില്ലാതെ ഈമാനില്ല, ഈമാനില്ലാതെ അമലുമില്ല. ഇനി അമൽ തന്നെയാണ് ഇബാദത്ത് (ആരാധന) എങ്കിൽ അവരണ്ടിനുമിടയിൽ വൈരുധ്യവുമില്ല.
നബിതങ്ങളാണ് മാതൃക
ഇത്തരത്തിൽ നോക്കുമ്പോൾ അമലും ഇബാദത്തും ഒരുപോലെ കൊണ്ടുനടന്നിരുന്ന നബിതങ്ങളുടെ ജീവിതം എന്തുകൊണ്ടും വിശ്വാസികൾക്ക് മാതൃകയാണ്. ഇവ രണ്ടും പരസ്പര വിരുദ്ധമാണെന്ന് തോന്നിക്കുന്ന ഒരു കാര്യംപോലും നബിയിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടതായി കാണില്ല. ചിലപ്പോൾ വെറും ആരാധനകളെക്കാൾ അമലുകൾ കൂടിയുള്ള ആരാധനകൾക്ക് നബിതങ്ങൾ മുൻതൂക്കം നൽകുന്നതു കാണാം. ഒരു മനുഷ്യൻ നബിയോട് ജിഹാദിനു പോവാൻ സമ്മതം ചോദിച്ചപ്പോൾ നിന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടോ എന്ന് നബി (സ) ചോദിക്കുന്നു. ഉണ്ടെന്നു പറഞ്ഞപ്പോൾ അവരെ സേവിക്കലാണ് നിന്റെ ജിഹാദെന്നായിരുന്നു നബിയുടെ മറുപടി. ഹിജ്റ പോവുന്ന സമയത്ത് സൂക്ഷിപ്പുസ്വത്തുകൾ അർഹരിലേക്ക് തിരിച്ചേൽപിക്കാൻ അലി(റ)യെ മക്കയിൽ തന്നെ നിറുത്തിയ സംഭവം പ്രസിദ്ധമാണല്ലോ. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനായി പള്ളിയിൽ നിന്ന് ഇഅ്തികാഫ് ഉപേക്ഷിച്ച് ഇബ്നു അബ്ബാസ്(റ) പോവാറുണ്ടായിരുന്നു. അതേക്കുറിച്ചു ചോദിച്ചപ്പോൾ നബി തങ്ങൾ ഇപ്രകാരമായിരുന്നു എന്നായിരുന്നു മറുപടി. ഇമാം അബ്ദുല്ലാഹിബിൻ മുബാറക് മുഴുസമയം ആരാധനകളിലായി കഴിഞ്ഞുകൂടുന്നതിലേറെ ശ്രേഷ്ഠത ജിഹാദിന് കൽപിച്ചിരുന്നു.
ചരിത്രം സാക്ഷിയാണ്
മുസ്ലിം ലോകത്തിന് എന്നും കർമങ്ങളുടെയും മഹത്തായ വിജയങ്ങളുടെയും മാസമായിരുന്നു റമദാനെന്നതിന് അതിന്റെ സമ്പന്നമായ ചരിത്രം സാക്ഷിയാണ്. ഈമാന്റെ കാറ്റടിച്ചു വീശുമ്പോൾ, തഖ്വയുടെ മന്ദമാരുതൻ തലോടുമ്പോൾ, അല്ലാഹു വിളികൾ അന്തരീക്ഷത്തിൽ ഉയർന്നുപറക്കുമ്പോൾ, അല്ലാഹുവിന്റെ സഹായം മഴയായി പെയ്യുന്നു. എണ്ണക്കുറവും വണ്ണക്കുറവും അവിടെ കാര്യമല്ലാതാവുന്നു. ബദ്റിൽ നിന്നു തുടങ്ങി, മക്കാ വിജയവും ഹിത്തീൻ വിജയവും ഐനു ജാലൂത്തുമൊക്കെ വിളിച്ചോതുന്നത് ആയൊരു സന്ദേശമാണ്. എന്നിട്ടും വിശുദ്ധ റമദാൻ വിശ്രമത്തിന്റെയും അലസതയുടെയും മാസമാണെന്നും മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നും എങ്ങനെയാണ് നമുക്ക് പറയാനാവുക. നമസ്കാരവും നോമ്പും രാത്രിനമസ്കാരവുമൊക്കെ നിർവഹിക്കുന്നതോടൊപ്പം മറ്റു കർമങ്ങളിലും ഉൽപാദനാത്മകമായ കാര്യങ്ങളിലും വ്യവഹാരങ്ങളിലുമേർപ്പെടുന്നത് എത്ര സുന്ദരമാണ്!
നാം മുസ്ലിംകൾ തന്നെയാണ് വിശുദ്ധ റമദാനെ അലസതയുടെയും ഉദാസീനതയുടെയും മാസമാക്കി മാറ്റിയത്. രാത്രി നമസ്കരിക്കുകയും പകൽ അക്കണക്കിന് ഉറങ്ങുകയും ചെയ്യുന്നത്. വിശ്വാസികൾ യഥാർഥ രീതിയിൽ നോമ്പനുഷ്ഠിക്കുകയും നോമ്പിന്റെ മഹത്തായ ലക്ഷ്യങ്ങളിലേക്ക് എത്താൻ ശ്രമിക്കുകയും ചെയ്താൽ തന്നെ വർഷത്തിലെ വരുംനാളുകളിലേക്കുള്ള മതിയായ ഉൽപന്നങ്ങൾ വിശ്വാസികൾക്ക് ഒരുമിച്ചുകൂട്ടാം. ശരിയാണ്, നോമ്പ് ശരീരത്തെ ക്ഷയിപ്പിക്കും. പക്ഷെ, അതേസമയം അത് മനക്കരുത്തിനെയും ക്ഷമയെയും ശക്തിപ്പെടുത്തും. വിശ്വാസിയിയെ സഹനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും മേൽ പരിശീലിപ്പിക്കും. കാരണം, ആമാശയം കാലിയാവുമ്പോൾ ആത്മാവും ഹൃദയവും ശാന്തമാവുകയും ചെയ്യും. നോമ്പുകാരന് രണ്ടു സന്തോഷങ്ങളാണ്, ഒന്നവൻ നോമ്പുതുറക്കുന്ന സമയത്തും മറ്റൊന്ന് അല്ലാഹുവിനെ കാണുന്ന നേരത്തും എന്ന നബി തങ്ങളുടെ ഹദീസും ഇതുതന്നെയാണ് പറയുന്നത്.
തെറ്റിദ്ധാരണകൾ
ഇത്തരം തെറ്റിദ്ധാരണകൾക്കും തെറ്റായ നടപ്പുരീതികൾക്കും കൃത്യമായ തെളിവോ മതത്തിന്റെ പിൻബലമോ ഇല്ലെന്നതാണ് വസ്തുത. മറിച്ച് നോമ്പിന്റെ പ്രതിഫലം നഷ്ടപ്പെടുത്തുകയും അതിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിപ്പിക്കുകയും മാത്രമാണിവ ചെയ്യുന്നത്. ചരിത്രവും വർത്തമാനകാലവും ബോധ്യപ്പെടുത്തുന്നത് നമ്മൾ തന്നെയാണ് ബുദ്ധിക്കോ നിയമത്തിനോ നിരക്കാത്ത ഇത്തരം തെറ്റായ ആചാരങ്ങൾ നിർമിച്ചെടുത്തതെന്നാണ്. വിശ്വാസി ചെയ്യേണ്ടത് തന്റെ മതത്തിന്റെ നിയമങ്ങളുടെ വിഷയങ്ങളിൽ തെറ്റും ചാഞ്ചല്യമില്ലാതെ അതിന് വഴങ്ങുകയെന്നതാണ്. അങ്ങനെ നോമ്പിന്റെ താത്പര്യങ്ങളെ കണ്ട് പ്രവർത്തിക്കുമ്പോൾ മാത്രമേ ശരീരവും ബുദ്ധിയും മനസ്സും അതിന്റെ ഫലങ്ങൾ അനുഭവിക്കുകയുള്ളൂ. നോമ്പിനോടൊപ്പം കർമങ്ങളിൽ കൂടിയേർപ്പെടുന്നത് നോമ്പുകാരന്റെ പ്രതിഫലത്തെ പതിന്മടങ്ങ് വർധിപ്പിക്കുകയും പ്രതിഫലനാളിൽ കർമത്തിന്റെ മാറ്റുകൂട്ടുകയും ചെയ്യും. ഈ വിശുദ്ധ മാസം കടന്നുപോയിട്ടും നിരാശരായി മടങ്ങാതിരിക്കാൻ മനുഷ്യരിലെയും ജിന്നുകളിലെയും പിശാചുക്കൾ കരുതിയിരിക്കട്ടെ.
അവലംബം- islamonline.net