നോമ്പ് വിരക്തിയുടെ പാഠശാല
ആസക്തിക്കെതിരെ വിരക്തി പരിശീലിപ്പിക്കുകയാണ് നോമ്പ് ചെയ്യുന്നത്. വിട്ടുനിൽക്കാനും വേണ്ടെന്നു വെക്കാനുമുള്ള കഴിവാണ് നോമ്പ് വളർത്തിയെടുക്കുന്നത്. വിരക്തി(സുഹ്ദ്) ഇസ്ലാമിന്റെ സുപ്രധാനമായ മൂല്യമാണ്. ഭൂമിയോട് ഒട്ടിപ്പിടിക്കാതെ ആകാശത്തിന്റെയും പ്രപഞ്ചത്തിന്റെയും ഉയരങ്ങളിലേക്ക് സഞ്ചരിക്കാൻ മനുഷ്യനെ പ്രാപ്തമാക്കലാണ് വിരക്തി. ഇല്ലായ്മയല്ല വിരക്തി. ഭൗതിക ജീവിതത്തോട് സമ്പന്നതയിലും ദാരിദ്ര്യത്തിലുമെല്ലാം വെച്ചുപുലർത്തേണ്ട മനോഭാവമാണിത്. സമ്പത്തുള്ളവരുടെ ദാരിദ്യ പ്രകടനത്തെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. ലാളിത്യത്തെ പ്രോത്സാഹിപ്പിക്കുന്നു. ഒരിക്കൽ പ്രവാചകൻ തന്റെ ഒരു അനുചരനെ വളരെ പഴകിയ വസ്ത്രങ്ങൾ ധരിച്ച നിലയിൽ കാണാൻ ഇടവന്നു. പ്രവാചകൻ കാരണമന്വേഷിച്ചു: ”ദൈവദൂതരേ, ഞാൻ ദരിദ്രനല്ല. പണം പാവങ്ങൾക്ക് നൽകുന്നതാണ് എനിക്കിഷ്ടം, അത് സ്വന്തം കാര്യത്തിന് ചെലവഴിക്കുന്നതിനേക്കാളും.” പ്രവാചകൻ പറഞ്ഞു: ”അത് ശരിയല്ല. താൻ നൽകിയ അനുഗ്രഹങ്ങൾ തന്റെ ദാസന്മാരിൽ പ്രതിഫലിച്ചു കാണണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്.”
പ്രകടനം എന്നതിനേക്കാൾ മനോഭാവമാണ് വിരക്തി. ‘ആയിരം ദീനാറിന്റെ ഉടമ വിരക്തനാകുമോ’ എന്ന് അലി(റ)യോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ”ആയിരം ദീനാറിന്റെ ഉടമ വിരക്തനാകും. എന്നാൽ എപ്പോഴാണോ അവൻ അതിന്റെ അടിമയാകുന്നത് അപ്പോഴാണ് അവൻ വിരക്തനല്ലാതാവുക.” അഹ്മദുബ്നു ഹമ്പലി(റ)നോടും ഇതേ ചോദ്യം ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ”ആയിരം ദീനാറിന്റെ ഉടമ വിരക്തനാകും. എന്നാൽ അത് ലഭിക്കുക എന്നത് ലോകത്തെ ഏറ്റവും വലിയ നേട്ടമാണെന്നും അത് നഷ്ടപ്പെട്ടുപോവുക എന്നത് ലോകത്തിലെ മഹാ നഷ്ടമാണെന്നും കരുതുന്നുവെങ്കിൽ അയാൾ വിരക്തനാവുകയില്ല.” ഇതു തന്നെയാണ് മറ്റൊാരു ഭാഷയിൽ ശൈഖ് മുഹ്യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി പറഞ്ഞത്: ”പണം നിങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കരുത്, കീശയിൽ സൂക്ഷിക്കുക. വിരക്തിക്കൊരു പരിശീലനക്കളരിയുണ്ടെങ്കിൽ അത് നോമ്പാണ്.”
ഇസ്ലാം നോമ്പിലൂടെയും അല്ലാതെയും വിരക്തി പരിശീലിപ്പിക്കുന്നത് എന്തിനാണ്? ശുഭകരമായ പരലോക ജീവിതത്തിന് എന്നതായിരിക്കും സാമാന്യ മറുപടി. ഈ ഉത്തരം ശരിയായിരിക്കെത്തന്നെ ഈ ചോദ്യത്തിന് മറ്റൊരു ഉത്തരം കൂടിയുണ്ട്. പരലോക നന്മയും ഇഹലോക ക്ഷേമവും പരസ്പരവിരുദ്ധങ്ങളല്ല എന്ന ഇസ്ലാമിന്റെ സമന്വയ കാഴ്ചപ്പാടിൽനിന്നാണ് ഈ ഉത്തരം ഉരുത്തിരിയുന്നത്. വിരക്തി പരലോക ജീവിതത്തെ മാത്രമല്ല, ഇഹലോക ജീവിതത്തെയും ഭാസുരമാക്കാനുതകുന്നതാണ്. ഇസ്ലാം മനുഷ്യരോട് ഭൗതിക വിരക്തരാവാൻ ആവശ്യപ്പെട്ടത് സ്വർഗം ലഭിക്കാൻ വേണ്ടി മാത്രമല്ല. ഭൂമിയിൽ സാധ്യമാവുന്ന സ്വർഗീയാനുഭവങ്ങളും ആനന്ദങ്ങളും ഉളവാകാൻ വേണ്ടികൂടിയാണ്. ആസക്തന് സ്വർഗം ലഭിക്കുകയില്ല എന്നു മാത്രമല്ല, ഐഹിക ജീവിതവും ആസ്വദിക്കാൻ അവന് കഴിയുകയില്ല. ഒന്നിനോട് അങ്ങേയറ്റം അടുത്തു നിൽക്കുന്നവർക്ക് അതിന്റെ സൗന്ദര്യം കാണാൻ കഴിയുകയില്ല. ഒരിത്തിരി അകലത്തിൽനിന്ന് നോക്കുന്നവർക്കേ എന്തിന്റെയും ഭംഗി കാണാനും ആസ്വദിക്കാനും കഴിയുകയുള്ളൂ. ആസക്തർ എല്ലാറ്റിനോടും ആസക്തി കാണിക്കുകയും ഒന്നും ആസ്വദിക്കാൻ കഴിയാതെ പോവുകയും ചെയ്യുന്നവരാണ്.
ഇത്തിരി വിരക്തി ചേർക്കാതെ തയാറാക്കുന്ന ജീവിത പലഹാരങ്ങൾ ഒരു രുചിയും ഇല്ലാത്തവയായിരിക്കും. പുറമെനിന്ന് നോക്കുമ്പോൾ അതിന് എത്ര രൂപഭംഗി ഉണ്ടായാലും അകമേ അത് ആസ്വാദനദരിദ്രമായിരിക്കും. ആസക്തൻ പരലോകം നഷ്ടപ്പെട്ടവൻ മാത്രമല്ല, ഇഹലോകവും നഷ്ടപ്പെട്ടവനാണ്. ഒന്നിനോട് ഒട്ടിപ്പിടിച്ചു കിടക്കുന്നവന് അതൊരിക്കലും ആസ്വദിക്കാൻ കഴിയില്ല. മാനസികമായി ഒരടി അകലം പാലിക്കുമ്പോഴാണ് എന്തും ആസ്വാദ്യകരമായിത്തീരുന്നത്. അപ്പോൾ നോമ്പ് വിരക്തിയുടെ പരിശീലനത്തിലൂടെ വിശ്വാസിയെ സ്വർഗത്തോടടുപ്പിക്കുക മാത്രമല്ല ചെയ്യുന്നത്, ദുൻയാവിനെ കൂടുതൽ ആസ്വാദ്യകരമാക്കുക കൂടിയാണ്. വിശ്വാസികൾ ലൗകിക ജീവിതവും കൂടുതൽ ആസ്വദിക്കുന്ന കാലമാണ് റമദാൻ. ബന്ധങ്ങൾ, ഭക്ഷണം, ലൈംഗികത എല്ലാറ്റിനും എരിവും പുളിയും മധുരവും വർധിക്കുന്ന കാലമാണ് റമദാൻ.
നോമ്പുകൊണ്ട് വിശ്വാസി ഉദാസീനനാവുകയല്ല ചെയ്യുന്നത്, ഉൻമേഷഭരിതനാവുകയാണ്. നോമ്പ് ജീവിതത്തിന്റെ നിറം കെടുത്തുകയല്ല, ജീവിതത്തെ കൂടുതൽ വർണശബളമാക്കുകയാണ്. ജീവിതത്തെ കുറേക്കൂടി അനുഭവിക്കാൻ നോമ്പ് വിശ്വാസികളെ പ്രാപ്തരാക്കുന്നു. ഇസ്ലാമിന്റെ മാത്രം സവിശേഷതയായ ദിവ്യമായ സമന്വയ വിസ്മയമാണ് ഇവിടെയും സംഭവിക്കുന്നത്. ലൗകിക വിരക്തിയുടെ വസന്തമായ നോമ്പ് ജീവിതാനന്ദത്തെ കൂടുതൽ ആസ്വാദ്യകരമാക്കുക കൂടി ചെയ്യുന്നു. റമദാൻ വിശ്വാസിക്ക് ജീവിത വിഭവങ്ങൾ വർധിക്കുന്ന മാസമാണെന്ന് പ്രവാചകൻ പറയുന്നുണ്ടല്ലോ.
നോമ്പും ആരോഗ്യവും
നോമ്പ് ആരോഗ്യത്തിന് ഗുണകരമാണോ ദോഷമാണോ എന്ന ചർച്ച പലപ്പോഴും നടക്കാറുണ്ട്. അല്ലാഹു മനുഷ്യന് ഇഹത്തിലും പരത്തിലും നല്ലതായതിനെയാണ് അനുവദിച്ചത്; മോശമായതിനെയാണ് വിലക്കുന്നത് (അൽഅഅ്റാഫ് 186). നിർബന്ധമാക്കപ്പെട്ടത് കൂടുതൽ നല്ലതായിരിക്കും എന്നതിൽ തർക്കമുണ്ടാകേണ്ടതില്ലല്ലോ. നോമ്പ് ഒരു കേവല ആരോഗ്യപോഷണ പദ്ധതിയല്ല. അങ്ങനെ സങ്കൽപ്പിച്ചാൽ അത് വ്രതം അല്ലാതെ വേറെ വഴികളിലൂടെയും നേടാനാവുമെന്ന് വാദിക്കാൻ കഴിയും. എന്നാൽ ദൈവം രൂപകൽപ്പന ചെയ്ത് മനുഷ്യന് നൽകിയ സവിശേഷ ആരാധനാ രൂപമായ വ്രതം ആരോഗ്യത്തിന് ഗുണകരം തന്നെയാവണം. കാരണം ആത്മശിക്ഷണവും ആരോഗ്യവും അല്ലാഹുവിന്റെ നടപടിക്രമത്തിൽ പരസ്പരവിരുദ്ധമാകാൻ ഒരു സാധ്യതയുമില്ല. ആത്മശിക്ഷണത്തിനായി ആരോഗ്യത്തെ അപകടപ്പെടുത്താൻ അല്ലാഹു ഒരിക്കലും കൽപ്പിക്കുകയില്ല. ഇസ്ലാമിന്റെ ആത്മശിക്ഷണങ്ങൾ ശരീരത്തെയും ശക്തിപ്പെടുത്തുകയാണ് ചെയ്യുക. അതുകൊണ്ടാണ് രോഗികളെയും മറ്റും നോമ്പിൽനിന്ന് ഒഴിവാക്കിയത്. സാമാന്യ ആരോഗ്യവാന് നോമ്പ് എല്ലാ അർഥത്തിലും ആരോഗ്യകരമാണ്.
നോമ്പും വിവാഹവും
നോമ്പ് പരിചയാണെന്ന് പ്രവാചകൻ പഠിപ്പിക്കുന്നു. ആസക്തികളെയും തിൻമകളെയും പ്രതിരോധിക്കുന്ന പരിച. വിവാഹശേഷിയുള്ള ചെറുപ്പക്കാരോട് പ്രവാചകൻ വിവാഹം കഴിക്കാൻ ആവശ്യപ്പെടുന്നു. അതിനു കഴിയാത്തവരോട് നോമ്പ് നോൽക്കാൻ പറയുന്നു. വിവാഹം കൊണ്ട് ലഭിക്കേണ്ട ആത്മനിയന്ത്രണം നോമ്പുകൊണ്ട് ലഭിക്കുമെന്നാണ് അതിന്റെ അർഥം. അഥവാ നോമ്പുകൊണ്ട് ലഭിക്കുന്ന ആത്മനിയന്ത്രണം വിവാഹം കൊണ്ട് ലഭിക്കുമെന്ന്. വിവാഹം ഒരു കരാർ മാത്രമല്ല, ഒരു വ്രതം കൂടിയാണ്. ഒരു സദാചാര വ്രതം, നോമ്പും വിവാഹവും ആത്മസംയമനം ശീലിപ്പിക്കുന്നത് രണ്ടു തരത്തിലാണ്. ഒന്ന് നിഷേധാത്മകമാണ്. മറ്റേത് രചനാത്മകമാണ്. രണ്ടും ആത്മസംസ്കരണ പദ്ധതികളാണ്. നോമ്പും വിവാഹവും തമ്മിലുള്ള ബന്ധം ഖുർആന്റെ പ്രതിപാദന ഘടനയിൽനിന്ന് നമുക്ക് മനസ്സിലാക്കാനാവും. ദമ്പതികൾ പരസ്പരം വസ്ത്രങ്ങളാണെന്ന ദാമ്പത്യത്തെ കുറിച്ച ഏറ്റവും മനോഹരമായ ഉപമ ഖുർആൻ പറഞ്ഞത് റമദാൻ വ്രതത്തെ കുറിച്ച പ്രതിപാദനത്തിനിടയിലാണ് (അൽബഖറ 187).
നോമ്പ് ഐക്യദാർഢ്യമാണോ?
നോമ്പ് ലോകത്ത് പട്ടിണികിടക്കുന്നവരോടുള്ള ഐക്യദാർഢ്യമാണെന്ന് ചിലരെങ്കിലും പറയാറുണ്ട്. യഥാർഥത്തിൽ നോമ്പ് പട്ടിണിപ്പാവങ്ങളോടുള്ള ഐക്യദാർഢ്യ പരിപാടിയല്ല. അത് ഏറിവന്നാൽ സമ്പന്നന് മാത്രം ബാധകമായ നിർവചനമാണ്. ദരിദ്രന്റെ നോമ്പിനെ നമുക്ക് ഈ തത്ത്വമുപയോഗിച്ച് വിശദീകരിക്കാനാവില്ല. നോമ്പ് മനുഷ്യനെ അസ്തിത്വപരമായി അഗാധരാക്കുന്ന അനുഷ്ഠാനമാണ്. വയറു നിറച്ചുണ്ണുമ്പോഴല്ല, വയറ് ഒഴിഞ്ഞിരിക്കുമ്പോഴാണ് തന്റെ അസ്തിത്വത്തിന്റെ അർഥമെന്താണെന്ന് മനുഷ്യന് ബോധ്യപ്പെടുക. തന്നിലെ മൃഗത്തെ മെരുക്കിയെടുക്കുമ്പോൾ അവനിലെ മനുഷ്യൻ കൂടുതൽ തെളിമയിൽ അവനിൽ വെളിപ്പെടും. അവനിലെ മൃഗം ചുരുങ്ങുകയും മനുഷ്യൻ വികസിക്കുകയും ചെയ്യും. ജന്തുപരമായ ആവശ്യങ്ങൾക്ക് അവധി കൊടുക്കുമ്പോൾ മനുഷ്യപരമായ, അല്ലെങ്കിൽ ദൈവികമായ തലങ്ങളിലേക്ക് അവരുടെ ശ്രദ്ധ കൂടുതൽ കേന്ദ്രീകരിക്കപ്പെടും. അസ്തിത്വപരമായ ആഴം നേടിയെടുക്കുമ്പോൾ മറ്റു മനുഷ്യരെ കൂടുതൽ സഹാനുഭൂതിയോടെ അനുഭവിക്കാൻ, നോക്കിക്കാണാൻ അവർക്ക് കഴിയുന്നു. അതുകൊണ്ടാണ് നോമ്പ് കാലത്ത് വിശ്വാസികൾ മാനുഷിക സേവന പ്രവർത്തനങ്ങൾ കൂടുതലായി ചെയ്യുന്നത്. ബന്ധങ്ങൾ അധികമായി വിളക്കിച്ചേർക്കുന്നത്. അസ്തിത്വപരമായ അഗാധതയുള്ളവർ സഹാനുഭൂതിയുടെ കൊടുമുടിയിൽ എത്തിയവരായിരിക്കും. ഞാനാര് എന്ന ചോദ്യത്തിന് നന്നായി തിന്നാനും കുടിക്കാനും ഭോഗിക്കാനും ജീവിക്കുന്നവൻ എന്ന് ഉത്തരം പറയുന്നവനിൽനിന്ന് മറ്റു മനുഷ്യരോട് മഹാ സഹാനുഭൂതികളൊന്നും നാം പ്രതീക്ഷിക്കേണ്ടതില്ല.
നോമ്പിന്റെ പകലിൽ നാം എന്തിനെ ധ്യാനിക്കുന്നു എന്ന ചോദ്യവും പ്രസക്തമാണ്. ഒരാളുടെ ധ്യാനവിഷയം വൈകുന്നേരത്തെ ഭക്ഷണമാണെങ്കിൽ അവന് അസ്തിത്വപരമായ ഈ അഗാധതകളിലേക്ക് ഒരിക്കലും സഞ്ചരിക്കാനാവില്ല. അവരുടേത് ഇരക്കു വേണ്ടി പതിഞ്ഞിരിക്കുന്ന പൂച്ചയുടെ ധ്യാനമായിരിക്കും. അതുകൊണ്ടാണ്, നോമ്പിനെ ഖുർആൻ പാരായണം കൊണ്ടും, ഐഛിക നമസ്കാരം കൊണ്ടും, ദാനധർമങ്ങൾ കൊണ്ടും നല്ല സംസാരം കൊണ്ടും പഠനപ്രവർത്തനങ്ങൾ കൊണ്ടും കീർത്തനങ്ങൾ കൊണ്ടും അധികരിച്ച പ്രാർഥനകൾ കൊണ്ടും അലങ്കരിക്കാൻ, ധ്യാനനിരതമാക്കാൻ ഇസ്ലാം ആവശ്യപ്പെടുന്നത്.
മാർക്കറ്റിലല്ല, പള്ളിയിലാണ് സമയം ചെലവഴിക്കേണ്ടത്. പള്ളി അലൗകിക ധ്യാനത്തിന്റെ ഇടമാണ്. മറ്റു പലതുമായിരിക്കെത്തന്നെ ശ്രദ്ധ അല്ലാഹുവിൽ കേന്ദ്രീകരിച്ചാൽ വിശപ്പ് അവനെ അറിയാനുള്ള ഫലപ്രദമായ പശ്ചാത്തല സംഗീതമായി പ്രവർത്തിക്കും. അങ്ങനെ ബോധപൂർവം ശ്രമിച്ചില്ലെങ്കിൽ വിശപ്പ് ഭക്ഷണത്തെ ധ്യാനിക്കാനുള്ള മികച്ച അവസരമായിത്തീരുകയും ചെയ്യും. അതുകൊണ്ടാണ് പ്രവാചകൻ പറഞ്ഞത്, എത്രയെത്ര നോമ്പുകാരാണ്, അവർക്ക് നോമ്പുകൊണ്ട് ആകെ മിച്ചമുള്ളത് വിശപ്പും ദാഹവുമാണ് എന്ന്.
‘തിന്നുകയും കുടിക്കുകയും ചെയ്യാത്ത സൃഷ്ടികളാണ് മാലാഖമാർ. വ്രതാനുഷ്ഠാനത്തിലൂടെ മനുഷ്യൻ മാലാഖമാരോട് കൂടുതൽ സദൃശരായിത്തീരുകയാണ് ചെയ്യുന്നത്’ എന്ന് ഡോ. മുഹമ്മദ് ഹമീദുല്ല നിരീക്ഷിക്കുന്നുണ്ട്. മാലാഖാർ പരിശുദ്ധരാണ്. പക്ഷേ മറ്റൊരർഥത്തിൽ മനുഷ്യർ മാലാഖമാരേക്കാൾ ഉത്കൃഷ്ടരാണ്. ആദിപിതാവ് ആദമിന്റെ സമക്ഷം അല്ലാഹു മാലാഖമാരെക്കൊണ്ട് സാഷ്ടാംഗം ചെയ്യിച്ചു. മനുഷ്യരെന്ന നിലക്ക് എല്ലാ മനുഷ്യരും ആ പൈതൃകത്തിന്റെ അനന്തരാവകാശികളാണ്. ഭൂമിയിലെ പ്രാതിനിധ്യ(ഖിലാഫത്ത്)വും ചരാചരങ്ങളുടെ മേലുള്ള അധികാരവും മനുഷ്യനു നൽകിയതിന്റെ പ്രതീകാത്മക പ്രകടനമായിരുന്നു ആ സാഷ്ടാംഗം. ഒരു മാസത്തെ പകലിൽ മാലാഖമാരാകലാണ് നോമ്പ്. രാത്രിയിൽ വീണ്ടും മനുഷ്യനാവുകയും പകലിൽ വീണ്ടും മാലാഖയാവുകയും ചെയ്യുന്ന ചാക്രികതയാണ് നോമ്പ്. ഒരു മാസം അവർ മനുഷ്യനും മാലാഖയുമായി മാറിമാറി ജീവിക്കുന്നു. ഒടുവിൽ മനുഷ്യന്റെ കരുത്തും മാലാഖമാരുടെ പരിശുദ്ധിയുമുള്ള പൂർണ മനുഷ്യരായി പുനർജനിക്കുന്നു.