റമദാനിലെ അവസാന പത്തില്‍ പ്രതിഫലം ഒഴുകുകയാണ്

അനുഗ്രഹീതമായ റമദാനിലെ അവസാന പത്തില്‍ പ്രതിഫലം വര്‍ധിക്കുന്നു. അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹം നമ്മിലേക്ക് കൂടുതല്‍ ഒഴുകുന്നു. അനുഗ്രഹീതമായ റമദാനെ ജീവിപ്പിക്കുന്നതിന് തനിക്ക് പ്രേരകമായ ശീലങ്ങളും ആചാരങ്ങളും ഡോ. നൂറുദ്ധീന്‍ അല്‍ഖാദിമി പങ്കുവെക്കുന്നു. ഖത്തര്‍ സര്‍വകലാശാലയിലെ ശരീഅ കോളജിലെ ഫിഖ്ഹ് പ്രഫസറും, ലോക പണ്ഡിത വേദി അംഗവുമായ ഡോ. നൂറുദ്ധീന്‍ അല്‍ഖാദിമി ‘അല്‍വത്വന്‍’ നല്കിയ പ്രത്യേക അഭിമുഖം.
ചോദ്യം: തുടക്കത്തില്‍, അനുഗ്രഹീതമായ റമദാനിലെ അവസാന പത്തിലെ ശ്രേഷ്ഠമായ പ്രവര്‍ത്തനങ്ങളെ കുറിച്ചാണ് ചോദിക്കാന്‍ ആഗ്രഹിക്കുന്നത്?
മറുപടി: ഏറ്റവും നല്ലതും അല്ലാഹുവിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതുമായ സദ്പ്രവൃത്തിയാണ് സ്വദഖ-ദാനധര്‍മം. അത് അല്ലാഹുവിന്റെ റസൂലിന്റെ സുന്നത്തുമാണ്. ഹദീസില്‍ ഇപ്രകാരം കാണാവുന്നതാണ് – ‘പ്രവാചകന്(സ) ജനങ്ങളില്‍ ഏറ്റവും വലിയ ഉദാരനായിരുന്നു. റമദാനില്‍ അദ്ദേഹം കൂടുതല്‍ ഉദാരനാകുമായിരുന്നു.’ റമദാനിലെയും മറ്റ് സമയങ്ങളിലെയും ദാനധര്‍മങ്ങള്‍ പ്രതിഫലം നേടിതരുന്നതും, ആളുകളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതും, ഉന്നതനായ അല്ലാഹുവുമായുള്ള ബന്ധം ശ്രേഷ്ഠമാക്കുന്നതുമാണ്. സ്വദഖ റമദാനിലെ അവസാന പത്തില്‍ പ്രതിഫലം വര്‍ധിപ്പിക്കുകയും അല്ലാഹുവില്‍ നിന്ന് കൂടുതല്‍ അനുഗ്രഹം ഒഴുക്കുകയും ചെയ്യുന്നു.
ചോദ്യം: അനുഗ്രഹീതമായ റമദാനിലെ ഏറ്റവും നല്ല നിക്ഷേപം എങ്ങനെയായിരിക്കണം എന്നതിനെ സംബന്ധിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് എന്താണ്?
മറുപടി: ‘നിറവേറ്റേണ്ട പ്രവര്‍ത്തനങ്ങള്‍’ അല്ലെങ്കില്‍ ‘മാസത്തിലെ കര്‍മ പദ്ധതികള്‍’ എന്ന് വിളിക്കാവുന്ന ഒരു മാസത്തെ പദ്ധതിയെ അവലംബിച്ചാണ് മുന്നോട്ടുപോകേണ്ടത്. ഇതില്‍, കഴിവും പ്രാപ്തിയും അനുസരിച്ച് നോമ്പുകാരന് പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന മൊത്തം പ്രവര്‍ത്തനങ്ങളുണ്ടായിരിക്കണം. കുടുംബത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍, ജോലി എന്നിവക്ക് പുറമെ ഖുര്‍ആന്‍ പാരായണം, അഞ്ച് നേരത്തെ നമസ്കാരം, തറാവീഹ്, പഠന ക്ലാസുകള്‍, സദ്പ്രവൃത്തികള്‍, കുടുംബബന്ധം ചേര്‍ക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തി, ശരിയായ ലക്ഷ്യത്തോടെയും സത്യസന്ധമായ ഉദ്ദേശത്തോടെയുമാണ് റമദാനിലെ ഈ കര്‍മ പദ്ധതികള്‍ ചിട്ടപ്പെടുത്തേണ്ടത്. പ്രവൃത്തികള്‍ ഉദ്ദേശങ്ങള്ക്കനുസരിച്ചാണെന്ന് അല്ലാഹുവിന്റെ റസൂല്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. അങ്ങനെ, ഓരോരുത്തര്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ തുലനം ചെയ്യാനും, സത്യസന്ധമായും ആത്മാര്‍ഥമായും പരിശ്രമിക്കാനും കഴിയും. തന്നെ കുറിച്ചും തന്റെ ശക്തി, ദുര്‍ബല അവസ്ഥകളെ കുറിച്ചും ഏറ്റവും നന്നായി അറിയുന്നവര്‍ അവര്‍ തന്നെയാണ്.
ചോദ്യം: ആദ്യ നോമ്പിനെ കുറിച്ചുള്ള ഓര്‍മയെന്താണ്?
മറുപടി: ഞാന്‍ കുട്ടിയായിരിക്കെ, കുടുംബം ഏതാനും മണിക്കൂറുകള്‍ നോമ്പെടുക്കാന്‍ എന്നെ ശീലിപ്പിച്ചത് ഞാന്‍ ഓര്‍ക്കുന്നു. ‘ഒരു പല്ല് കൊണ്ട് നോമ്പെടുക്കുകയും അഞ്ച് പല്ല് കൊണ്ട് നോമ്പ് മുറിക്കുകയും ചെയ്യുക’യെന്ന് ആളുകള്‍ തമാശയായി പറയാറുണ്ട്. അങ്ങനെയായിരുന്നു എന്റെ നോമ്പ്. പിന്നീടാണ് മാസത്തിലെ മുഴുവന്‍ ദിവസവും പൂര്‍ണമായി നോമ്പെടുക്കാന്‍ തുടങ്ങിയത്. നോമ്പെടുക്കാന്‍ നിര്‍ബന്ധമാകുന്ന പ്രായമാകുമ്പോഴുളള ഒരുവന്റെ ആദ്യത്തെ നോമ്പ് സന്തോഷത്തിന്റെ സന്ദര്‍ഭവും, കുടുംബക്കാര്‍ക്കും അയല്‍ക്കാര്‍ക്കും സംസാരിക്കാനുള്ള വിഷയവുമാണ്. ഇത്തരം സംസാരം ഒരുപാട് പ്രചോദനവും പ്രോത്സാഹനവും നല്‍കുന്നതായിരുന്നു. ഇത് നമ്മുടെ മനിസ്സില് നോമ്പിനോടുള്ള സ്നേഹം ഊട്ടിയുറപ്പിക്കാനും മനോഹരമായ ഓര്‍മകളെ വീണ്ടെടുക്കാനും ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. വര്‍ഷങ്ങളോളം നോമ്പ്് എളുപ്പമാക്കാനും ഉപകരിച്ചിട്ടുണ്ട്. ഇത് കുട്ടികളോടും പേരക്കുട്ടികളോടുമുള്ള മുതിര്‍ന്നവരുടെ സമീപനമായിരുന്നു. ഇസ്ലാം നല്കി എന്നെ അനുഗ്രഹിച്ചതില്‍ അല്ലാഹുവിന് സ്തുതി! നൂറ്റാണ്ടുകള്‍ക്കിപ്പുറം നോമ്പിന്റെ പാരമ്പര്യവും പൈതൃകവും പരപ്പും മുസ്ലിം മനസ്സുകളില്‍ കുടികൊള്ളുകയാണ്.
ചോദ്യം: ശ്രേഷ്ഠമായ ഈ മാസത്തെ ജീവിപ്പിക്കാന്‍ താങ്കളെ പ്രേരിപ്പിച്ച ആചാരങ്ങളും ശീലങ്ങളും എന്തൊക്കെയാണ്?
മറുപടി: ശ്രേഷ്ഠമായ റമദാനില്‍ മനോഹരവും നല്ലതുമായ ഒരുപാട് ശീലങ്ങളും ആചാരങ്ങളുമുണ്ട്. പരിശുദ്ധവും അനുഗ്രഹീതവും ആരാധനാപൂര്ണവുമായ നോമ്പിനോട് അത് ഏറ്റുമുട്ടുന്നില്ല. ഭക്ഷണ കലയും, കൂടിച്ചേരലുകളും, സംസാരവും, സഹകരണവുമാണത്. അതുപോലെ, റമദാന് വേണ്ടി തയാറെടുക്കുക, അനിവാര്യമായ കാര്യങ്ങള്‍ ഒരുക്കുക, വീട് പുനഃക്രമീകരിക്കുക, വിശാലതക്കനുസരിച്ച് പുതിയ വീട്ടുപകരണങ്ങള്‍ സംവിധാനിക്കുക, മാസം ആരംഭിച്ചോയെന്ന് അറിയാന്‍ റമദാനിന്റെ ആദ്യ രാത്രിയില്‍ വെടിപൊട്ടിക്കുന്നത് കാത്തുനില്ക്കുക, ജനങ്ങളെ അത്താഴത്തിന് എഴുന്നേല്‍പ്പിക്കാനും ഓര്‍മപ്പെടുത്താനുമായി പ്രഭാതത്തിന് രണ്ടോ മൂന്നോ മണിക്കൂര്‍ മുമ്പ് ചെണ്ട കൊട്ടുന്നുണ്ടോയെന്ന് കാതോര്‍ക്കുക എന്നിവ റമദാനിലെ ശീലങ്ങളായിരുന്നു. ബാര്‍ലി പാനീയം അല്ലെങ്കില്‍ തുനൂഷ്യന് ശൈലിയില്‍ പറയുന്ന ‘തശീശ അല്മിര്മസ്’, മുട്ടയും കിഴങ്ങും ചേര്‍ത്തുള്ള ‘ബരീക്ക’, ചെറിയ തീയില്‍ പാകം ചെയതുണ്ടാക്കുന്ന ‘സസ്വ കാപ്പി’ അല്ലെങ്കില്‍ ‘അറബി കാപ്പി’ എന്ന് ഞങ്ങള്‍ വിളിക്കുന്ന തുര്‍ക്കി കാപ്പി എന്നിവ ഞങ്ങളുടെ ഭക്ഷണപാനീയ ശീലങ്ങളായിരുന്നു. ഇഫ്താറിന് ശേഷം രാത്രിയില്‍ അധികമാളുകളും തുര്‍ക്കി കാപ്പി കുടിക്കുന്നത് പതിവായിരുന്നു.
ഈദ് ആവശ്യങ്ങള്‍ ഒരുക്കുന്നതും സമ്മാനങ്ങള്‍ വാങ്ങുന്നതും കുടുംബത്തിനും ബന്ധുക്കള്‍ക്കും സന്തോഷം സമ്മാനിക്കുന്നതും ഇത്തരം ശീലങ്ങളില്‍ ഉള്‍പ്പെടുന്നു. ഈദില് മധുരപലഹാരങ്ങള്‍ തയാറാക്കുന്നതും അവ പല തരത്തിലായി, മനോഹരമായ തുനീഷ്യന്‍ പേരുകളിലായി (അല്ബഖ്ലാവ, അസ്സംസ, അല്മഖ്റൂദ്, കഅ്ക്കുല് വറഖ, അല്ഗറൈബ) തരംതിരിക്കുന്നതും ഞങ്ങളുടെ ശീലമായിരുന്നു. ഇത്, അസര്‍ മുതല്‍, പ്രത്യേകിച്ച് ഇശാ നമസ്കരാത്തിന് ശേഷം നഗരത്തിലെ വഴിയോരക്കച്ചവടക്കാര്‍ വില്‍ക്കുന്ന മധുരപലഹാരങ്ങള്‍ക്ക് പുറമെയാണ്. തറാവീഹ്, ഇശാ നമസ്കാരത്തിന് ശേഷം ആളുകള്‍ കോഫി ഷോപ്പുകളിലും വഴിയോരങ്ങളിലും വീടുകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും മുന്നിലും ഒരുമിച്ചു കൂടുമായിരുന്നു.
അതുപോലെ, ആരാധനാ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയെന്നത് ഞങ്ങളുടെ ശീലമായിരുന്നു. കര്മസാസ്ത്ര-വൈജ്ഞാനിക വിഷയങ്ങള്‍ പഠിക്കുന്നതിനും ഇബാദത്തിനും ദിക്റിനും ഖുര്‍ആന്‍ പാരായണത്തിനും, ഒരുപാട് ആളുകളെ പങ്കെടുപ്പിച്ച് നഗരത്തിലെ മസ്ജിദുകളില്‍ ഖുര്‍ആന്‍ പാരായണ പൂര്‍ത്തീകരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും പ്രത്യേക സമയം കണ്ടെത്തിയിരുന്നു. കൂടാതെ, ടി.വിയില്‍ ചില പ്രസംഗങ്ങളും അധ്യാപനങ്ങളും കാണുകയും, നല്ല പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും ചെയ്തിരുന്നു. ‘അശാഉള് മയ്യിത്ത്’ (മരിച്ചവരുടെ പേരില്‍ ജീവിച്ചിരിക്കുന്നവര്‍ ഭക്ഷണം ദാനമായി നല്‍കുക) എന്ന് വിളിക്കുന്ന ആചാരം ഒരുപാട് പേര് ചെയ്തിരുന്നു. ഇത് വലിയ തോതില്‍ എല്ലാ വര്‍ഷവും നടന്നിരുന്നു. റമദാനിലെ 27-ാം ദിനത്തില്‍ പ്രത്യേകിച്ചും. ഇത് മരിച്ചവരെ ഓര്‍ക്കുന്നതിനും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നതിനും പരലോകത്ത് അവര്‍ക്ക് പ്രയോജനപ്പെടുന്നതിനും വേണ്ടിയാണ് ചെയ്തിരുന്നത്. മരിച്ചവര്‍ക്ക് വേണ്ടി സമ്മാനവും സ്വദഖയും ഭക്ഷണവും നല്‍കുന്നത് മുഖേന അവര്‍ സന്തോഷത്തോടെ നമുക്ക് സമീപം സന്നിഹിതരാകുമെന്നും അതവര്‍ക്ക് പരലോകത്ത് പ്രയോജനപ്പെടുമെന്നും കുട്ടികളോട് പറയാറുണ്ടായിരുന്നു. ഇത് കുട്ടികളുടെ മനസ്സില്‍ മരണത്തെ ഓര്‍മിപ്പിക്കുകയും ദാനം നല്‍കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ദീനിനെ സ്നേഹിക്കുകയും ചെയ്യുന്നതിന് പ്രേരിപ്പിച്ചിരുന്നു. കഴിയാവുന്നത്രയും കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം നോമ്പ് തുറക്കുകയയെന്നതായിരുന്നു ഞങ്ങളുടെ ശീലം. റമദാന് തയാറെടുക്കുന്നതും, ഈദില് പ്രാര്‍ഥനയും അഭിവാദ്യവും പരസ്പരം കൈമാറുകയെന്നതും തഥൈവ. അതുപോലെയുള്ള നല്ല ആചാരമാണ്, നോമ്പെടുക്കുന്നവര്‍ക്ക് ഭക്ഷണം തയാറെടുക്കാന്‍ പ്രയാസപ്പെടുന്ന, കഷ്ടപ്പെടുന്ന സ്ത്രീകള്‍ക്ക് സമ്മാനം നല്‍കുകയെന്നത്. ‘കുല്ലു കദീര്‍ വ കദ്റു’ (റമദാനില്‍ ഭക്ഷണം തയാറാക്കുന്നതിനാല്‍ മകള്‍ക്കോ സഹോദരിക്കോ ഉമ്മക്കോ ഇണക്കോ ഓരോരുത്തരും സമ്മാനം നല്‍കുക) എന്ന് തുനീഷ്യന്‍ ശൈലിയില്‍ ഞങ്ങള്‍ പറയുമായിരുന്നു.
ചോദ്യം: റമദാനില്‍ വിശ്വാസികള്‍ക്കിടയില്‍ സഹോദര്യവും ബന്ധവും ഊട്ടിയുറപ്പിക്കാനുള്ള അവസരങ്ങള്‍ എന്തൊക്കെയാണ്?
മറുപടി: വിശ്വാസികള്‍ക്കിടയില്‍ സാഹോദര്യവും കുടുംബബന്ധവും ഊട്ടിയുറപ്പിക്കാനുള്ള ശ്രേഷ്ഠമായ സന്ദര്‍ഭമായാണ് റമദാന് പരിഗണിക്കപ്പെടുന്നത്. ആത്മീയതയുടെയും അനുഷ്ഠാനങ്ങളുടെയും മഹത്വവും, വിശ്വാസം പുതുക്കുകയും തീരുമാനങ്ങള്‍ മഹത്വരമാവുകയും നന്മയും പുണ്യവും പ്രവര്‍ത്തിച്ച്് ആളുകള്‍ മുന്നേറുകയും ചെയ്യുന്ന ശ്രേഷ്ഠമായ സന്ദര്‍ഭവും ആയതിനാലാണത്. ഈ സന്ദര്‍ഭം, നല്‍കാനും ഭക്ഷിപ്പിക്കാനും പരസ്പരം സന്ദര്‍ശിക്കാനും സമ്മാനം നല്‍കാനുമുള്ള അവസരമാണ്. അതുപോലെ, ഈദിയിലും ജുമുഅയിലും തറാവീഹിലും ഒത്തുചേരാനും, പാപമോചനത്തിനും കൂടുതലായി രക്ഷിതാവിനോട് തേടാനും, സഹായവും സേവനവും നല്‍കാനും, നന്മ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമൂഹ ഇഫ്താറില്‍ പങ്കെടുക്കാനും, റമദാന് കിറ്റ് വിതരണം ചെയ്യാനും, റമദാനിന്റെ പവിത്രതയും വിധികളും ലക്ഷ്യങ്ങളും ഓര്‍മപ്പെടുത്താനുമുള്ള അവസരമാണ്.
ചോദ്യം: ഈ അനുഗ്രഹീതമായ മാസത്തില്‍ യുവാക്കള്‍ക്ക് നല്‍കാനുള്ള സന്ദേശമെന്താണ്?
മറുപടി: റമദാന് മാസത്തെയും, ജീവിതത്തിലെ ഏറ്റവും ശ്രേഷ്ഠമായ യുവത്വ കാലഘട്ടത്തെയും ഉപയോഗപ്പെടുത്തുകയെന്നതാണ് എനിക്ക് നല്‍കാനുള്ള സന്ദേശം. അല്ലാഹുവിനുള്ള ഇബാദത്തില്‍ വളര്‍ന്ന യുവാവെന്ന വിശേഷണം നേടിയെടുക്കാനും അറിയാനും പ്രവര്‍ത്തിക്കാനും കഴിയുന്ന ഘട്ടമാണത്. അതാണ് എനിക്ക് നല്‍കാനുള്ള ഉപദേശം. ഇബാദത്ത്, പഠനം, ജോലി, സമൂഹത്തിന്റെയും കുടുംബത്തിന്റെയും ആവശ്യങ്ങള്‍ എന്നിവ മുന്‍നിര്‍ത്തി റമദാനിലെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുകയും അവ താരതമ്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. പ്രത്യേകിച്ച്, വിശുദ്ധ ഖുര്‍ആന്റെയും സുന്നത്തിന്റെയും പഠനം വൈജ്ഞാനികമായി എത്രത്തോളം രൂപപ്പെടുത്തുന്നുവെന്നത് അടയാളപ്പെടുത്തേണ്ടതുണ്ട്.
സര്‍വകലാശാലയിലും ഹൈസ്കൂളിലും ധാരാളം പരീക്ഷണങ്ങള്‍ നടത്തിയിരുന്നതായി ഞാന്‍ ഓര്‍ക്കുന്നു. വേനല്‍ കാലത്ത് പതിനാറ് മണിക്കൂറാണ് ഞങ്ങള്‍ നോമ്പെടുത്തിരുന്നത്. ഞങ്ങള്‍ക്കത് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നു. അല്ലാഹുവിന് സ്തുതി. യുവാക്കള്‍ പ്രവര്‍ത്തനത്തിനും പരീക്ഷണത്തിനും നേട്ടത്തിനുമായി നോമ്പിനെ ഉപയോഗപ്പെടുത്തണം. സത്യസന്ധമായി നോമ്പെടുക്കുന്ന ദാസന്മാര്ക്ക് നോമ്പിലൂടെ സമ്മാനവും ദൃഢനിശ്ചയപൂര്ണമായ ശേഷിയും അനുഗ്രഹമായി ലഭിക്കുന്നു.
ചോദ്യം: കുടംബത്തിലെ സ്ത്രീകളോട് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?
മറുപടി: താഴെ പറയുന്ന കാര്യങ്ങളാണ് അവരെ എനിക്ക് ഉണര്‍ത്താനുള്ളത്. നോമ്പ് തുറക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിന് അവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ട്. പ്രതിഫലവും അനുഗ്രഹവും ലഭിക്കുന്നതിന് അവര്‍ക്ക് നിയ്യത്ത് (നല്ല ഉദ്ദേശം) ഉണ്ടാകണം. വീട്ടിലെ ജോലികള്‍, റമദാനിലെ പ്രവൃത്തികളിലും ഖുര്‍ആന്‍ പാരായത്തിലും തറാവീഹിലും ദാനധര്‍മത്തിലും ദിക്റിലും ഉപേക്ഷ വരുത്താന്‍ കാരണമാകരുത്. റമദാനിന്റെ വിധികളും മര്യാദകളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ മക്കള്‍ക്ക് നല്‍കേണ്ടതുണ്ട്. ഇണയോടുള്ള അവകാശങ്ങളും മര്യാദകളും പാലിക്കുന്നതില്‍ റമദാനിലെ പ്രവര്‍ത്തനങ്ങള്‍ തടസ്സമാകരുത്.
ചോദ്യം: നോമ്പിന്റെ പ്രതിഫലം ഇല്ലാതാക്കുകയും വ്യക്തിയില്‍ സ്വാധീനം ചെലുത്താതിരിക്കുകയും ചെയ്യുന്ന പ്രധാന കാര്യങ്ങള്‍ എന്തൊക്കെയാണ്?
മറുപടി: ഭക്ഷണപാനീയങ്ങള്‍ മാത്രം പിടിച്ചുവെച്ചുള്ള വയറിന്റെ നോമ്പും, ചീത്തവിളിക്കുന്നതും തര്‍ക്കിക്കുന്നതും, കൂടുതല്‍ ഉറങ്ങിയും വിനോദങ്ങളിലുമായി സമയം കളയുന്നതും, അല്ലാഹുവിന്റെ ദേഷ്യം വരുത്തിവെക്കുന്ന നോട്ടവും, മോശം സ്വഭാവങ്ങളുമാണ് അതില്‍ പെടുന്നത്. വിശുദ്ധ ഖുര്‍ആനും സുന്നത്തും പ്രയോജനപ്പെടുത്താതിരിക്കുക, നോമ്പിന്റെ വിധികളും ലക്ഷ്യങ്ങളും ആത്മീയവും സാമൂഹികവുമായ അതിന്റെ സ്വാധീനവും സംബന്ധിച്ച ദുര്‍ബലമായ അറിവും അതിന്റെ ഭാഗമായി വരുന്നതാണ്.
ചോദ്യം: അനുഗ്രഹീതമായ റമദാന് മാസത്തില്‍ വിശുദ്ധ ഖുര്‍ആനുമായി ഇടപഴകാനുള്ള ഏറ്റവും നല്ല മാര്‍ഗം ഏതാണ്?
മറുപടി: അത് അല്ലാഹുവിന്റെ റസൂലിന്റെ മാര്‍ഗമാണ്. കഴിയാവുന്നത്രയും സൂക്ഷ്മതയോടെ പാരായണം നടത്തി ആയത്തുകളെ കുറിച്ച് ചിന്തിക്കുകയെന്ന ഖുര്‍ആനിക പഠന രീതിയാണത്. ദിനേനയുള്ള അദ്കാറുകള്‍ ഹൃദിസ്ഥമാക്കുകയും കുറഞ്ഞത് ഒരു പ്രാവശ്യമെങ്കിലും ഖുര്‍ആന്‍ പൂര്‍ത്തീകരിക്കുകയും ചെയ്യുന്ന രീതിയുമാണ്.
ചോദ്യം: അനുഗ്രഹീതമായ റമദാന് കഴിഞ്ഞാല്‍, അല്ലാഹുവിന്റെ അനുസരണത്തില്‍ മുഴുകിയ ജീവിതം നയിക്കാന്‍ താങ്കള്‍ക്ക് നല്‍കാനുള്ള നിര്‍ദേശം എന്താണ്?
മറുപടി: റമദാന് ശേഷം അല്ലാഹുവിനുള്ള അനുസരണത്തില്‍ തുടരാന്‍ പ്രാപ്തമാക്കുന്ന ഈമാനും തഖ്വയും നോമ്പുകാരന് നേടിയെടുക്കുകയെന്നതാണ് പ്രധാനം. ഒരു ഉദ്ധരണിയില്‍ ഇപ്രകാരം കാണാം – ‘റമദാനില്‍ മാത്രം അല്ലാഹുവിനെ അറിയുന്ന സമൂഹം എത്ര മോശമാണ്’.
മൊഴിമാറ്റം: അര്‍ശദ് കാരക്കാട്