ഓരോ പത്തിലും പ്രത്യേക പ്രാര്‍ഥനകള്‍

ഏതു സന്ദർഭത്തിലും അല്ലാഹുവിനെ സ്മരിക്കുന്നവനാണ് വിശ്വാസി. അത് തിരുനബി(സ)യുടെ ചര്യയുമാണ്. മാസപ്പിറവി ദൃശ്യമാകുമ്പോൾ അല്ലാഹുവിന്റെ അതിമഹത്തായ അനുഗ്രഹത്തിൽ അവനെ വാഴ്ത്തിയും ആഗതമായ മാസത്തിന്റെ അപകടങ്ങളിൽ നിന്ന് അഭയം തേടിയും നടത്തേണ്ട പ്രാർത്തനയുടെ വചനങ്ങൾ നബി(സ) തങ്ങൾ പടിപ്പിച്ചു.
മാസപ്പിറവി കാണുമ്പോഴുള്ള പ്രാര്‍ത്ഥന:
« اللَّهُمَّ أَهِلَّهُ عَلَيْنَا بِالْيُمْنِ وَالْإِيمَانِ، وَالسَّلاَمَةِ وَالإِسْلاَمِ، رَبِّى وَرَبُّكَ اللَّهُ ».
അല്ലാഹുമ്മ അഹില്ലഹു അലൈനാ ബില്‍ അംനി വല്‍ ഈമാനി, വസ്സലാമത്തി വല്‍ ഇസ്ലാമി, റബ്ബീ വ റബ്ബുക്കല്ലാഹ്.
അല്ലാഹുവേ, ഞങ്ങള്‍ക്ക് ഈ നീ മാസത്തിനു തുടക്കം കുറിക്കുന്നത് അഭിവൃദ്ധിയും ഈമാനും സമാധാനവും ഇസ്ലാമും കൊണ്ടാക്കേണമേ. എന്റെ സൃഷ്ടാവും സംരക്ഷകനുമായ റബ്ബും നിന്റെ (ഈ ചന്ദ്രന്റെ) സൃഷ്ടാവും സംരക്ഷകനുമായ റബ്ബും അല്ലാഹു തന്നെയാണ്. നബി(സ)മാസപ്പിറവി കണ്ടാൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ട് എന്ന് ത്വൽഹത്ത്(റ)നിന്ന് നിവേദനം ചെയ്യുന്നു: (സുനനുത്തി൪മിദി: 3451).
ചോദ്യം: നോമ്പിന് പ്രത്യേകം വല്ല പ്രാര്‍ത്ഥനയും ഉണ്ടോ? ഒന്നാമത്തെ പത്തിനും മധ്യത്തിലെ പത്തിനും ഒടുവിലത്തെ പത്തിനും പള്ളികളില്‍ വെവ്വേറെ പ്രാര്‍ഥനകള്‍ ചൊല്ലി കേള്‍ക്കാറുണ്ട്. അത് സുന്നത്തായ പുണ്യകര്‍മമാണോ? എന്താണതിന്റെ അടിസ്ഥാനം?
മറുപടി: ഓരോ പത്തിലും പ്രത്യേക പ്രാര്‍ഥനകള്‍ റമദാനിലെ ഓരോ പത്തിലും ചൊല്ലേണ്ട പ്രാര്‍ഥനകള്‍ എന്ന പേരില്‍ പ്രചാരം നേടിയ ചില പ്രത്യേക പ്രാര്‍ഥനകളുണ്ട്.
ഒന്നാമത്തെ പത്തിൽ
اللهُمَّ ارْحَمْنِي يَا اَرْحَمَ الرَاحِمِين
കരുണാവാരിധിയായ അല്ലാഹുവെ! എനിക്ക് നീ കരുണ ചൊരിയേണമേ
രണ്ടാമത്തെ പത്തിൽ
اللهُمَّ اغْفِرْ لِي ذُنُوبِي يَا رَبَّ العَالَمِين
സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവെ! എന്റെ പാപങ്ങള്‍ നീ എനിക്ക് പൊറുത്ത് തരേണമേ
മൂന്നാമത്തെ പത്തിൽ
اللهُمَّ اَعْتِقْنِي مِنَ النَّار
അല്ലാഹുവേ, എന്നെ നരകത്തിൽ നിന്ന് മോചിപ്പിക്കേണമേ
ഈ പ്രാർത്ഥനകളുടെ അർത്ഥത്തിൽ തെറ്റൊന്നുമില്ല. ഏതുകാലത്തും ഇത് ചൊല്ലാവുന്നതാണ്. റമദാനിലും ഇത് ചൊല്ലാവുന്നതാണ്. എന്നാൽ ഒന്നാമത്തെ പത്തിൽ, രണ്ടാമത്തെ പത്തിൽ, മൂന്നാമത്തെ പത്തിൽ എന്ന രീതിയിൽ നബി (സ) പഠിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അപ്രകാരം ചൊല്ലൽ ബിദ്അത്താണ്.
“ഈ മാസം അതിന്റെ ആദ്യം റഹ്മത്താണ്, അതിന്റെ മധ്യഭാഗം പാപമോചനമാണ്, അതിന്റെ അവസാനം നരക മോചനമാണ് ” എന്ന ഒരു റിപ്പോർട്ട് കാണാവുന്നതാണെന്ന കാര്യം ശരിയാണ്. എന്നാൽ ഈ റിപ്പോർട്ട് ദുർബലമാണ്. ഇനി ഈ റിപ്പോർട്ട് സ്വഹീഹാണെന്ന് വന്നാൽതന്നെയും ഇങ്ങനെ മൂന്ന് പത്തുകളിലായുള്ള വെവ്വേറെ പ്രാർത്ഥനകൾ നബി (സ) പഠിപ്പിച്ചിട്ടില്ല.
റമദാന്റെ ഓരോ പത്തിലും ഇന്ന് പല പളളികളിലും കേള്‍ക്കാറുള്ള, പ്രത്യേകം ചൊല്ലാറുളള ഈ പ്രാര്‍ഥന ചൊല്ലുന്നതിന് വിരോധമൊന്നുമില്ല. കാരണം ഒരാള്‍ക്ക് തന്റെ ഇഹപര ക്ഷേമത്തിനായി ഏതു പ്രാര്‍ഥനയും പ്രാര്‍ഥിക്കാവുന്നതാണ്. നോമ്പ്കാരന്റെ പ്രാര്‍ഥനക്ക് പ്രത്യേകം പരിഗണനയുണ്ട് എന്ന് റസൂല്‍ (സ) പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു.
ചോദ്യത്തില്‍ പരാമര്‍ശിച്ച വിധം ഓരോ പത്തിലും പ്രത്യേകം പ്രാര്‍ഥനകള്‍ റസൂല്‍ (സ) പഠിപ്പിച്ചിട്ടില്ല. അങ്ങനെ പ്രര്ഥനയുള്ളതായി ഇമാമുകള്‍ ആരെങ്കിലും നിര്‍ദേശിച്ചതായി കാണാനും കഴിഞ്ഞിട്ടില്ല.
ഇബ്നു ഖുസൈമയും ബൈഹഖിയും ഉദ്ധരിച്ച വളരെ ദുര്‍ബലമായ ഒരു ഹദീസിന്റെ അടിസ്ഥാനത്തിലായിരിക്കണം പില്ക്കാലത്ത് ആരെങ്കിലും ഇത് തുടങ്ങിയിട്ടുണ്ടാവുക. ശഅ്ബാനിലെ ഒടുവിലത്തെ വെള്ളിയാഴ്ച റസൂല്‍ (സ) ഞങ്ങളോട് ഖുത്ബ പറഞ്ഞു എന്നു തുടങ്ങുന്ന ദീര്‍ഘമായ ഹദീസില്‍ ആദ്യ പത്ത് റഹ്മത്തും മധ്യം മഗ്ഫിറത്തും ഒടുവില്‍ നരക വിമുക്തിയാണെന്നുമൊക്കെ വിവരിക്കുന്ന (അവ്വലുഹു റഹ്മഃ, ഔസതുഹു മഗ്ഫിറ, ആഖിറുഹു ഇത്ഖുന്‍ മിനന്നാര്‍) ഈ ഹദീസ് മുന്‍ഗാമികളും പിന്‍ഗാമികളുമായ ഇമാമുമാര്‍ അതീവ ദുര്‍ബലമാണെന്ന് വിധിയെഴുതിയിട്ടുണ്ട്. അതിന്റെ നിവേദക പരമ്പരയിലുള്ള യൂസുഫ് ബിന്‍ സിയാദ് അല്‍ ബസ്വരി എന്നാളെപ്പറ്റി, അയാളില്‍ നിന്നുള്ള ഹദീസ് സ്വീകരിക്കാന്‍ കൊള്ളുകയില്ലെന്നും മുന്കറുല് ഹദീസാണെന്നും വിശ്വാസയോഗ്യനല്ലന്നുമെല്ലാം ഹദീസ് വിശാരദന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്. (ബുഖാരിയുടെ അത്താരീഖുല്‍ കബീര്‍ 8/388, അബൂ ഹാതിമുറാസിയുടെ അല്‍ ജര്‍ഹ് വത്തഅ്ദീല്‍ 9/222/928, താരീഖ് ബാഗ്ദാദ് 14/295, ഇതുദ്ധരിച്ച ശേഷം ഇബ്നു ഖുസൈമ തന്നെ രേഖപ്പെടുത്തിയത്, ‘ഇന്‍ സ്വഹ്ഹല്‍ ഖബര്‍’ അഥവാ ഈ ഹദീസ് സ്വഹീഹാണെങ്കില്‍ എന്ന സംശയം ജനിപ്പിക്കുന്ന പ്രയോഗത്തിലൂടെയാണ്.
മാത്രമല്ല റമദാനിലെ എല്ലാ രാത്രികളിലും അല്ലാഹു കുറെയാളുകളെ നരകത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന് സ്വഹീഹായ ഹദീസുകളില്‍ വന്നസ്ഥിരപ്പെട്ടിട്ടുണ്ട്.
عَنْ جَابِرٍ، قَالَ: قَالَ رَسُولُ اللهِ صَلَّى الله عَليْهِ وسَلَّمَ : « إِنَّ لِلَّهِ عَزَّ وَجَلَّ عِنْدَ كُلِّ فِطْرٍ عُتَقَاءَ، وَذَلِكَ فِي كُلِّ لَيْلَةٍ».-رَوَاهُ ابْنُ مَاجَةْ: 1643، وَصَحَّحَهُ الأَلْبَانِيُّ.
ഇത് കേവലം അവസാനത്തെ പത്തിലേക്ക് മാത്രം പരിമിതപ്പെടുത്തുന്നത് നബി (സ) പഠിപ്പിച്ചതിനു വിരുധമാവും.
അതിനാല്‍ നൂറ് കണക്കിന് സ്വഹീഹായ ഹദീസുകളുണ്ടായിരിക്കെ, ഇത്തരം ദുര്‍ബലമായ ഹദീസുകളുടെ പിന്നാലെ പോവേണ്ട യാതൊരു അനിവാര്യതയും ഇവിടെയില്ല. ഇങ്ങനെയുള്ള ബാലിശമായ നിവേദനം ആധാരമാക്കിയുള്ള പ്രാര്‍ഥനകള്‍ കേവല പ്രാര്‍ഥനകളായി ഉരുവിടുന്നതിന് കുഴപ്പമില്ലെന്ന് നാം പറഞ്ഞുവല്ലോ. എന്നാല്‍ സുന്നത്താണെന്ന പരികല്പനയില് അത് ചെയ്യുന്നതും, ഇവയ്ക്ക് മറ്റു പ്രാര്‍ഥനകള്‍ക്കില്ലാത്ത സവിശേഷ പുണ്യമുണ്ടെന്ന ജല്‍പനത്തിന് അടിസ്ഥാനമില്ല.
അതേസമയം
« اللَّهُمَّ إِنَّكَ عُفُوٌّ كَرِيمٌ تُحِبُّ الْعَفْوَ فَاعْفُ عَنِّي ».
എന്ന പ്രാര്‍ഥന സ്വഹീഹായ നിരവധി ഹദീസുകളിലൂടെ സ്ഥിരപ്പെട്ടിരിക്കുന്നു. ലൈലത്തുല്‍ ഖദ്ര് പ്രതീക്ഷിക്കുന്ന രാവില്‍ പ്രാര്‍ഥിക്കാനായി തിരുമേനി ആഇശക്ക് പഠിപ്പിച്ചുകൊടുത്തതാണീ പ്രാര്‍ഥന (തുര്‍മിദി:3513, നസാഈ:10710, അഹ്മദ്: 25384).
അതിനാല്‍ ലൈലത്തുല്‍ ഖദ്ര് പ്രതീക്ഷിക്കുന്ന രാവില്‍ ഈ പ്രാര്‍ഥന ചൊല്ലുന്നതിന് സവിശേഷ പുണ്യമുണ്ട്. അത് സുന്നത്തായ കാര്യവുമാണ്. പ്രാര്‍ഥനയുടെ മര്യാദകള്‍ പാലിച്ചു കൊണ്ട് ഒരാള്‍ക്ക് ഏത് പ്രാര്‍ഥനയും പ്രാര്‍ഥിക്കാവുന്നതാണ്. ഖുര്‍ആനിലും ഹദീസിലും വന്ന പ്രാര്‍ഥനകളാവുമ്പോള്‍ കൂടുതല്‍ ഉത്തമമായി. എന്നല്ലാതെ അവയില്‍ വന്ന പ്രാര്‍ഥനകളേ ആകാവൂ എന്നില്ല. അതുപോലെ ഒരുകാര്യം സുന്നത്താണെന്ന് പറയണമെങ്കില്‍ അതിന് ഖുര്‍ആനോ സ്വീഹീഹായ ഹദീസുകളോ തെളിവായിരിക്കണം. ദുര്‍ബല ഹദീസുകള്‍ കൊണ്ട് ഒരുകാര്യം സുന്നത്താണെന്ന് വാദിക്കാന്‍ വകുപ്പില്ല.
📲 വാട്സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1