റമദാനിലെ അവസാന പത്ത് ദിനങ്ങള്‍
റമദാനിലെ അവസാന പത്ത് മുസ്ലിം ഉമ്മത്തിന് അല്ലാഹു നല്കിയ കാരുണ്യവും ആദരവുമായാണ് എണ്ണപ്പെടുന്നത്. ആത്മീയമായ പാഥേയം നല്കുന്ന ആ ദിവസങ്ങളെ മുസ്ലിംകള് പ്രത്യേകം പരിഗണിക്കാറുമുണ്ട്. വിശുദ്ധ റമദാനിന്റെ അവസാന പത്തില്‍ ജീവിതത്തിന്റെ ഒരുപാട് പ്രതിസന്ധികളില്‍ നിന്നുള്ള സമാശ്വാസമെന്ന നിലയില്‍ പലരും ദുനിയാവും അതിന്റെ അലങ്കാരങ്ങളും വിട്ട്, ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് വിശുദ്ധ കഅബയില്‍ എത്തിച്ചേരാറുണ്ട്. അവിടെ ഇഅ്തികാഫിരുന്നും മറ്റു ആരാധനകളിലായും അവര്‍ മുഴുകുന്നു. വര്‍ഷത്തില്‍ മറ്റേത് പത്ത് ദിവസങ്ങള്ക്കുമില്ലാത്ത പ്രത്യേകത റമദാനിലെ അവസാന പത്തിനുണ്ട്. പക്ഷെ, ഇന്ന് പലരും തറാവീഹ് നമസ്കാരം മാത്രമായി അന്നേ രാത്രികളിലെ ഇഅ്തികാഫിനെ ചുരുക്കാറുണ്ട്. പിന്നീട് രാത്രിയുടെ പകുതിയില്‍ തഹജ്ജുദ് നമസ്കാരത്തിനായി എഴുന്നേല്ക്കും. പ്രത്യേകമായ ഈമാനിക പരിവേശം നല്കുന്ന നാളുകളാണത്. അതുകൊണ്ട് ധാരാളം ആരാധനകള്‍കൊണ്ട് ആ നാളുകളെ ധന്യമാക്കാന്‍ നമുക്കാകണം.
നമസ്കാരം വര്‍ധിപ്പിക്കുക:
ഫര്‍ള് നമസ്കാരങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. നമസ്കാര സമയത്തിന് മുമ്പ് തന്നെ അതിനായി ഒരുങ്ങണം. മുഅദ്ദിനൊത്ത് ബാങ്കിന് ജവാബ് നല്‍കണം. മുമ്പുള്ള റവാതിബ് സുന്നത്തുകള്‍ നമസ്കരിക്കണം. ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള സമയം പ്രാര്‍ഥനകളില്‍ മുഴുകണം. പ്രാര്‍ഥനക്ക് ഉത്തരം കിട്ടുന്ന സമയങ്ങളില്‍ പെട്ടതാണത്. ‘ബാങ്കിനും ഇഖാമത്തിനുമിടയിലെ പ്രാര്‍ഥനക്ക് ഉത്തരം നല്കപ്പെടും’ എന്ന ഹദീസുമുണ്ട്. മക്കളെക്കൊണ്ട് ഇഖാമത്ത് കൊടുപ്പിക്കുക. നമസ്കാരത്തിലേക്ക് അവരെ അടുപ്പിക്കുക. നമസ്കാരം കഴിഞ്ഞ് ശേഷമുള്ള റവാതിബ് സുന്നത്തും നമസ്കരിക്കുക. സ്വന്തം കുടുംബത്തെയും അതിന് പ്രേരിപ്പിക്കണം.
റമദാനിലെ ഒടുവിലത്തെ പത്തില്‍ സ്വര്‍ഗത്തില്‍ പത്ത് ഭവനങ്ങള്‍ നിര്‍മിക്കാനുള്ള പരിശ്രമത്തിലായിരിക്കണം നാം. മഹതി ഉമ്മു ഹബീബ(റ) നിവേദനം ചെയ്യുന്നു; നബി(സ്വ) പറഞ്ഞു: ‘ആരെങ്കിലും ഒരു ദിവസം പന്ത്രണ്ട് റക്അത്ത് നമസ്കരിച്ചാല്‍ അവന് സ്വര്‍ഗത്തില്‍ ഒരു ഭവനം നിര്‍മിക്കപ്പെടും’.
റവാതിബ് സുന്നത്തുകള്‍:
സുബ്ഹിക്ക് മുമ്പുള്ള രണ്ട് റക്അത്ത്. ഫജ്റിന്റെ രണ്ട് റക്അത്തെന്നും അത് അറിയപ്പെടുന്നു. നബി(സ്വ) പറയുന്നു: ‘ഫജ്റിന്റെ രണ്ട് റക്അത്ത് നമസ്കാരം ദുന്‍യാവിനെക്കാളും അതിലുള്ള സര്‍വതിനെക്കാളും ഉത്തമമാണ്'(മുസ്ലിം). ളുഹ്റിനു മുമ്പുള്ള രണ്ടോ നാലോ റക്അത്തുകള്‍, ശേഷമുള്ള റക്അത്തുകള്‍. ഇവ റവാത്തിബ് സുന്നത്തും ശക്തമായ സുന്നത്തുമാണ്(മുഅക്കദ്). അസ്വറിന് മുമ്പുള്ള രണ്ടോ നാലോ റക്അത്തുകള്‍. അവ റവാത്തിബ് സുന്നത്താണെങ്കിലും ശക്തിയായ സുന്നത്തുള്ളതല്ല. മഗ്രിബിനു മുമ്പുള്ള രണ്ട് റക്അത്ത് മുഅക്കദല്ലെങ്കിലും റവാത്തിബാണ്. എന്നാല്‍ ശേഷമുള്ള രണ്ട് റക്അത്ത് റവാത്തിബും മുഅക്കദുമാണ്. ഇശാഇന് മുമ്പുള്ള രണ്ട് റക്അത്തും മുഅക്കദല്ലെങ്കിലും റവാത്തിബാണ്. ശേഷമുള്ളത് മുഅക്കദും റവാത്തിബുമാണ്. ഓരോ നമസ്കാരത്തിലും സുജൂദില്‍ പ്രാര്‍ഥനകള്‍ വര്‍ധിപ്പിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണം. പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്ന ഇടങ്ങളിലൊന്നാണത്. നബി(സ്വ) പറഞ്ഞു: ‘ഒരു അടിമ തന്റെ റബ്ബിനോട് ഏറ്റവും അടുത്തിരിക്കുന്ന സമയം അവന് സുജൂദിലായിരിക്കുമ്പോഴാണ്’.
തറാവീഹ് നമസ്കാരം:
അവസാന പത്തിലെ തറാവീഹുകളില്‍ ഖുര്‍ആന്‍ പാരായണവും റുകൂഉം സുജൂദുമെല്ലാം ദീര്‍ഘിപ്പിക്കണം. ഏറ്റവും ചുരുങ്ങിയത് ഒരു ജുസ്എങ്കിലും ഓതണം. അതിനേക്കാള്‍ അധികരിപ്പിക്കാന്‍ കഴിഞ്ഞാല്‍ നന്നായി. ഈ അവസാന നാളുകളില്‍ നിന്നുള്ള നമസ്കാരങ്ങള്‍ ദീര്‍ഘിപ്പിക്കല്‍ ഉത്തമമായ കാര്യമാണ്്.
തഹജ്ജുദ് നമസ്കാരം:
രാത്രിയിലൊരിടം തഹജ്ജുദിനും നല്‍കുക. തറാവീഹിനെക്കാള് ദീര്‍ഘിപ്പിക്കാനും ശ്രമിക്കണം. തറാവീഹില്‍ ഒരു ജുസ്ആണ് ഓതിയതെങ്കില്‍ തഹജ്ജുദില്‍ രണ്ട് ജുസ്അ് ഓതണം. അവസാന പത്തോടുകൂടി ഖുര്‍ആന്‍ പാരയണം എല്ലാ ജുസ്ഉം പൂര്‍ത്തിയാക്കണം. തറാവീഹിനും തഹജ്ജുദിനുമിടയില് വേര്തിരിക്കാതിരിക്കുന്നത് സ്വഹാബികളുടെ പതിവായിരുന്നു. രാത്രിമുഴുവന്‍ നിന്ന് നമസ്കരിക്കും. നമസ്കാരം നീണ്ട് ചിലപ്പോള്‍ അത്താഴം നേരത്തെ ആക്കുകയും ചെയ്യും.
പ്രാര്‍ഥന:
റമളാനിന്റെ ഒടുവിലത്തെ പത്തില്‍ പ്രധാനമായും അധികരിപ്പിക്കേണ്ട ഒന്നാണ് പ്രാര്‍ഥന. ദിവസം മുഴുവന്‍ പ്രാര്‍ഥനയാല്‍ മനോഹരമാക്കണം. പ്രത്യേകം ഉത്തരം ലഭിക്കുന്ന നാളുകളാണത്. ‘പ്രാര്‍ഥന ആരാധനയാണ്’ എന്ന് നബി(സ്വ) തന്നെ പ്രസ്താവിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘എന്നോട് പ്രാര്‍ഥിക്കൂ, ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം തരാം എന്ന് നിങ്ങളുടെ നാഥന് അരുളിയിരിക്കുന്നു'(ഗാഫിര്: 60). മഹത്തായ സമയങ്ങളെല്ലാം പ്രത്യേകം ശ്രദ്ധിക്കണം. ഉത്തരം കിട്ടാന്‍ ഏറ്റവും ഉചിതമായ സമയങ്ങളാണവ. ബാങ്കിനും ഇഖാമത്തിനുമിടയിലെ സമയം അതില്‍ പെട്ടതാണ്. ‘ബാങ്കിനും ഇഖാമത്തിനുമിടയിലെ പ്രാര്‍ഥന തട്ടപ്പെടുകയില്ല’ എന്ന് പ്രവാചകന്(സ്വ) പറഞ്ഞിട്ടുണ്ട്.
ഫര്‍ള് നമസ്കാര ശേഷമുള്ള ദിക്റുകളുടെ ഉടനെയുള്ള പ്രാര്‍ഥന:
ഇബ്നുല്‍ ഖയ്യിം പറയുന്നു: നമസ്കാരത്തിന് തൊട്ടുടനെ പ്രാര്ഥിക്കുന്നതാണ് തടയപ്പെട്ടിട്ടുള്ളത്. എന്നാല്‍ ദിക്റുകള്‍ക്ക് ശേഷമുള്ള പ്രാര്‍ഥന സുന്നത്താണ്. അല്ലാഹുവിനെ സ്തുതിച്ചും നബിയുടെമേല്‍ സ്വലാത്തുചൊല്ലിയുമുള്ള ഏതൊരു പ്രാര്‍ഥനക്കും ഉത്തരം നല്കപ്പെടും.
ഫര്‍ള് നമസ്കാരങ്ങളിലെ ഖുനൂത്ത്:
ഒരു മാസം നബി തങ്ങള്‍ റുകൂഇന് ശേഷം ഖുനൂത്ത് ചൊല്ലുകയും അതില്‍ അറബികളില്‍ നിന്ന് ജീവിച്ചിരിക്കുന്നവര്‍ക്കെല്ലാം പ്രാര്‍ഥിക്കുകയും ചെയ്തുവെന്ന് അനസ്(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിലുണ്ട്.
വിത്റിലെ പ്രാര്‍ഥന:
ഹസന് ബ്നു അലി(റ) പറയുന്നു: വിത്റില്‍ ചൊല്ലേണ്ട് കുറച്ച് കാര്യങ്ങള്‍ റസൂല്‍(സ്വ) എന്നെ പഠിപ്പിച്ചിട്ടുണ്ട്; അല്ലാഹുവേ, നീ ഹിദായത്ത് നല്‍കുന്നവരുടെ കൂട്ടത്തില്‍ എനിക്കും ഹിദായത്ത് നല്കേണമേ, നീ ആരോഗ്യം നല്‍കുന്നവരുടെ കൂട്ടത്തില്‍ എനിക്കും ആരോഗ്യം നല്കേണമേ, നീ ഏറ്റെടുക്കുന്നവരുടെ കൂട്ടത്തില്‍ എന്നെയും ഏറ്റെടുക്കേണമേ, നീ നല്‍കിയതിലെല്ലാം ബര്‍ക്കത്ത് ചൊരിയണേ, നീ നിശ്ചയിച്ച പരീക്ഷണങ്ങളില്‍ നിന്നും എന്നെ കാത്തുരക്ഷിക്കേണമേ, നീയാണ് വിധിക്കുന്നവന്, നിന്നെ വിധിക്കാന്‍ ആര്‍ക്കുമാകില്ല. നീ ഏറ്റെടുത്തവരെ നിന്ന്യാരാക്കാനും ആര്‍ക്കുമാകില്ല. നീ ഉത്തമനും പരിശുദ്ധവാനുമാണ്(അബൂ ദാവൂദ്, തിര്‍മിദി, നസാഈ).
അത്താഴ സമയത്തെ പ്രാര്‍ഥന:
അബൂ ഹുറൈറ(റ) നിവേദനം ചെയ്യുന്നു; നബി(സ്വ) പറഞ്ഞു: ‘ഓരോ രാത്രിയുടെ മൂന്നാം യാമത്തിലും അല്ലാഹു ഒന്നാനാകാശത്തേക്ക് ഇറങ്ങിവന്ന് ചോദിക്കും: പ്രാര്ഥിക്കുന്നവരുണ്ടോ? ഞാന്‍ ഉത്തരം നല്‍കാം. ആവശ്യപ്പെടുന്നവരുണ്ടോ? ഞാന്‍ നല്‍കാം. പാപമോചനം തേടുന്നവരുണ്ടോ? ഞാന്‍ പൊറുത്തുതരാം'(ബുഖാരി, മുസ്ലിം).
നോമ്പുതുറ സമയത്തെ പ്രാര്‍ഥന:
അബൂ ഹുറൈറ(റ) നിവേദനം ചെയ്യുന്നു; നബി(സ്വ) പറഞ്ഞു: ‘ആദം സന്തതിയുടെ ഓരോ പ്രവര്‍ത്തനവും ഇരട്ടിയാക്കപ്പെടും; നന്മകള് പത്ത് മുതല്‍ എഴുന്നൂറ് ഇരട്ടിവരെ ഇരട്ടിക്കപ്പെടും. അല്ലാഹു പറയുന്നു: വ്രതമൊഴികെ, അതെനിക്കുള്ളതാണ്. ഞാനാണതിന് പ്രതിഫലം നല്‍കുന്നത്. എനിക്ക് വേണ്ടിയാണ് നോമ്പുകാരന് ഭക്ഷണവും വികാരമുണ്ടാക്കുന്ന് കാര്യങ്ങളും ഉപേക്ഷിച്ചത്. നോമ്പുകാരന് രണ്ട് സന്തോഷമുണ്ട്; ഒന്ന് നോമ്പ് തുറക്കുമ്പോഴാണെങ്കില്‍ മറ്റേത് അല്ലാഹുവിനെ കണ്ടുമുട്ടുമ്പോഴാണ്. അന്ന് അവന്റെ വായയുടെ ഗന്ധം കസ്തൂരിയേക്കാള്‍ സുഗന്ധപൂരിതമായിരിക്കും’.(ബുഖാരി, മുസ്ലിം).
ഖുര്‍ആന്‍ പാരായണം: അവസാന പത്തു നാളുകളില്‍ ഖുര്‍ആനുമായുള്ള ബന്ധം കൂടുതല്‍ സുദൃഢമാക്കാന്‍ ഓരോ മുസ്ലിമും ശ്രമിക്കണം. പാരായണം, വിചിന്തനം, പാരായണം ചെയ്യുന്നത് ശ്രദ്ധിച്ചു കേള്‍ക്കല്‍ പോലെ വിശുദ്ധ ഖുര്‍ആനുമായി ബന്ധപ്പെട്ട എല്ലാ കര്‍മങ്ങളിലും വ്യാപൃതരാകണം. ഖുര്‍ആന്‍ പാരായണം ചെയ്ത് നമസ്കാരം ദീര്‍ഘിപ്പിക്കണം. പ്രസ്തുത പത്ത് ദിനങ്ങളില്‍ ഖുര്‍ആന്‍ പാരായണം റസൂല്‍ പതിവാക്കുമായിരുന്നതായി തിര്മിദിയും നസാഇയും നിവേദനം ചെയ്യുന്നുണ്ട്. അലി(റ) പറയുന്നു: ജനാബത്ത് കാരനല്ലാത്ത സമയങ്ങളിലെല്ലാം അവിടുന്ന് ഞങ്ങള്‍ക്ക് സദാം ഖുര്‍ആന്‍ പാരായണം ചെയ്തുതരുമായിരുന്നു.
അവസാന് പത്തിലെ ഖുര്‍ആന്‍ പാരായണം ആത്മാവിനെ പരിഭോഷിപ്പിക്കുകയും ഉള്‍കാഴ്ച ഉണ്ടാക്കിത്തരികയും ചെയ്യും. ഫിത്നകളില്‍ നിന്നും സംരക്ഷിക്കും. ഹാരിസ് ബ്നു അബ്ദില്ലാഹ്(റ) പറയുന്നു: ഒരിക്കല്‍ ഞാന്‍ പള്ളിയില്‍ പ്രവേശിച്ചു നോക്കുമ്പോള്‍ ജനങ്ങളെല്ലാം സംസാരിച്ചിരിക്കുന്നത് കണ്ടു. ഞാന്‍ അലി തങ്ങളുടെ അടുത്ത് പോയി വിവരം പറഞ്ഞു. അവരങ്ങനെ ചെയ്തോ? അലി(റ) ചോദിച്ചു. അതെ എന്ന് ഞാനും. അന്നേര അലി(റ) പറഞ്ഞു; നബി(സ്വ) പറയുമായിരുന്നു: ‘ഒരു ഫിത്ന സംഭവിക്കാനുണ്ട്’. അതില്‍ നിന്നെങ്ങനെ രക്ഷപ്പെടും നബിയേ, ഞാന്‍ ചോദിച്ചു. അവിടുന്ന് പറഞ്ഞു: ‘വിശുദ്ധ ഗ്രന്ഥം മുറുകെപ്പിടിക്കുക. അതില്‍ മുന്‍കാലക്കാരുടെ കഥകളുണ്ട്. ശേഷമുള്ളവരെക്കുറിച്ചുള്ള വിവരവുമുണ്ട്. നിങ്ങള്ക്കിടയിലുള്ളവരെക്കുറിച്ചുള്ളതുമുണ്ട്. അത് വ്യക്തമാക്കപ്പെട്ട ഗ്രന്ഥമാണ്, കേവല തമാശയല്ല. അഹങ്കാരപൂര്‍വം ആരെങ്കിലം അതുപേക്ഷിച്ചാല്‍ അല്ലാഹു അവനെ തകര്‍ക്കും. അതല്ലാത്തതില്‍ ആരെങ്കിലും സന്മാര്ഗം തേടിയാല്‍ അല്ലാഹു അവനെ വഴികേടിലാക്കും. അത് അല്ലാഹുവിന്റെ ഉറച്ച പാശമാണ്. അവന്റെ പാവന സ്മരണയാണ്. ഋജുവായ മാര്‍മാണ്. അതുണ്ടായാല്‍ ഇച്ഛകള്‍ നമ്മെ വഴിപിഴപ്പിക്കില്ല. ഇടയാട്ടമുണ്ടാകില്ല. പണ്ഡിതന്മാര്ക്ക് പോലും അതില്‍നിന്നും വയറ് നിറക്കാനായിട്ടില്ല. ആവര്‍ത്തനം കൊണ്ട് നശിച്ചുപോകുന്നതല്ല അത്. അതിന്റെ അത്ഭുതം തീര്‍ന്നുപോകില്ല. അത് കേട്ടതിന് ശേഷം ഒരു ജിന്നും വഴിപിഴച്ചിട്ടില്ല, പകരം അവര്‍ പറഞ്ഞു: സല്‍പാന്ഥാവിലേക്ക് വഴികാട്ടുന്ന അത്ഭുതകരമായ ഒരു ഖുര്‍ആന്‍ ഞങ്ങള്‍ ശ്രവിക്കുകയും തന്മൂലം ഞങ്ങളതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു(ജിന്ന്: 1, 2). ഖുര്ആന്കൊണ്ടാണ് ആരെങ്കിലും പറയുന്നതെങ്കില്‍ അവന് സത്യം പറഞ്ഞിരിക്കുന്നു. അതുകൊണ്ടാരെങ്കിലും പ്രവര്‍ത്തിച്ചാല്‍ പ്രതിഫലം നല്കപ്പെടും. അതുകൊണ്ടാരെങ്കിലും വിധിച്ചാല്‍ നീതിപൂര്‍വമായ വിധിയാകും. അതിലേക്കാരെങ്കിലും ക്ഷണിക്കപ്പെടുന്നുവെങ്കില് സന്മാര്ഗത്തിലേക്കാണവന് ക്ഷണിക്കപ്പെടുന്നത്. അത് നീ മുറുകെപ്പിടിക്കുക'(തിര്‍മിദി).
സ്വദഖ:
അവസാന പത്തില്‍ ചെയ്യേണ്ട മറ്റൊരു പ്രധാന കര്‍മമാണ് സ്വദഖ. സ്വദഖ ചെയ്യുന്നത് മുസ്ലിംകളുടെ വിശേഷണമമാണ്. ‘നാമവര്‍ക്ക് നല്‍കിയതില്‍ നിന്നുമവര്‍ ചെലവഴിക്കുന്നു'(ബഖറ: 3), ‘രാപ്പകലന്തരമന്യേ രഹസ്യമായും പരസ്യമായും സ്വധനം ചെലവുചെയ്യുന്നവര്ക്ക് തങ്ങളുടെ പ്രതിഫലം അല്ലാഹുവിങ്കലുണ്ട്. ഭയപ്പാടോ ദുഖമോ അവര്‍ക്കുണ്ടാകില്ല'(ബഖറ: 274). ഹാരിസത് ബ്നു വഹബ് നിവേദനം ചെയ്യുന്നു; നബി(സ്വ) പറഞ്ഞതായി ഞാന്‍ കേട്ടു; ‘നിങ്ങള്‍ സ്വദഖ ചെയ്യുക. സ്വധനം സ്വദഖ നല്കുമ്പോള് താങ്കള്‍ ഇന്നലെ തന്നിരുന്നെങ്കില്‍ ഞങ്ങള്‍ വാങ്ങിയേനെ, ഇന്നതിന് ആവശ്യമില്ല എന്ന് നല്കപ്പെടുന്നവര് പറയുന്ന, സ്വദഖ സ്വീകരിക്കാന്‍ ആളില്ലാത്ത സാഹചര്യം ഉണ്ടായേക്കാം'(ബുഖാരി, മുസ്ലിം, നിസാഈ).
ദിക്റുകള്‍:
ദൈവസ്മരണ വര്‍ധിപ്പിക്കാന്‍ ശ്രമിക്കണം, അവസാന പത്ത് ദിനങ്ങളില്‍ വിശേഷിച്ചും. സാധ്യമാകന്നത്രയും ദിക്റുകള്‍ ചൊല്ലുക. സ്വഹാബത്തിനോടും ഉമ്മത്തിനോടുമുള്ള തിരുനബിയുടെ വസ്വിയത്താണ് ദിക്റുകള്‍. അബ്ദില്ലാഹ് ബ്നു ബസ്റ്(റ) നിവേദനം ചെയ്യുന്നു: ഒരിക്കലൊരാള്‍ നബിയോട് ചോദിച്ചു: അല്ലയോ റസൂലേ, നന്മയുടെ കവാടങ്ങള്‍ നിരവധിയാണ്. അതുമുഴുവന്‍ ചെയ്യാന്‍ ഞാന്‍ അശക്തനാണ്. എന്നാല്‍, അവയില്‍ നിന്നും എനിക്ക് മനസ്സമാധാനം നല്കുന്ന കാര്യങ്ങള്‍ അറിയിച്ചു തരിക. അധികം പറയരുത്. ഞാനവ മറന്നുപോയേക്കാം. പ്രവാചകന്(സ്വ) പ്രതിവചിച്ചു: ‘നിന്റെ നാവ് ദൈവസ്മരണകൊണ്ട് സദാ നനവുള്ളതായിരിക്കട്ടെ'(തിര്‍മിദി).
ലൈലത്തുല്‍ ഖദ് ർ പ്രതീക്ഷിക്കുക:
റമളാന്‍ അവസാന പത്തിലെ മനോഹര കര്‍മങ്ങളിലൊന്നാണ് ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിച്ചിരിക്കല്‍. ആയിരം മാസങ്ങളെക്കാള്‍ ശ്ര്ഷഠമുള്ള രാത്രി. മാലിക് ബ്ന്ു അനസ്(റ) നിവേദനം ചെയ്യുന്നു; പ്രവാചകന് തന്റെ ഉമ്മത്തിന്റെ ആയുസ്സ് കാണിക്കപ്പെട്ടു. മുന്‍കാല സമൂഹങ്ങള്‍ക്ക് ലഭ്യമായതുപോലെ ദീര്‍ഘമായൊരു കാലം ഇബാദത്ത് ചെയ്യാനുള്ള ആയുസ്സ് ഉമ്മത്തിന് നല്കപ്പെട്ടിരുന്നില്ല. പകരമായി അല്ലാഹു അവര്‍ക്ക് ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്റിനെ നല്കി(മുവത്വ). ഒരിക്കല്‍ ആയിശ ബീവി നബിയോട് ചോദിച്ചു: നബിയേ, ലൈലത്തുല്‍ ഖദ്റെനിക്ക് ലഭ്യമായെന്ന് മനസ്സിലായാല്‍ ഞാനെന്ത് പ്രാര്‍ഥിക്കണം? അവിടന്ന് പറഞ്ഞു: ‘അല്ലാഹുവേ, നീ പൊറുത്തുതരുന്നവനും ബഹുമാന്യനുമാണ്. നീ പൊറുത്തതരലിനെ ഇഷ്ടപ്പെടുന്നവനുമാണ്. അതിനാല്‍ നീയെനിക്കെന്റെ പാപങ്ങളെല്ലാം പൊറുത്തുതരിക'(തിര്‍മിദി).
കൂട്ടമായ ആരാധന:
കൂട്ടമായ ആരാധനകള്‍കൊണ്ടും പ്രതസ്തുത രാവുകള്‍ ധ്ന്യമാക്കണം. സ്വന്തം ശരീരത്തിന് മാത്രമുള്ള ആവശ്യത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് ഉപകാരപ്പെടുന്ന ആവശ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുമെന്ന് ഉറപ്പാണ്. കൂട്ടമായ ആരാധകളില്‍ പെട്ട ചിലതാണ് താഴെ:
(1) നോമ്പുതുറപ്പിക്കല്‍: പാവങ്ങളോടും നിര്‍ധനരോടും ലാളിത്യം കാണിക്കേണ്ട മാസമാണിത്. പാവങ്ങളെ നോമ്പു തുറപ്പിക്കുകയും വേണം. അത് പ്രതിഫലത്തെ അധികരിപ്പിക്കും. സൈദ് ബ്നു ഖാലിദുല്‍ ജുഹനി(റ) നിവേദനം ചെയ്യുന്നു; നബി(സ്വ) പറഞ്ഞു: ‘നോമ്പുകാരന്റെ പ്രതിഫലത്തില്‍ നിന്നും ഒന്നും കുറയാതെത്തന്നെ നോമ്പുതുറപ്പിച്ചവനും പ്രതിഫലം ലഭിക്കും'(തിര്‍മിദി).
(2) കുടുംബബന്ധം പുലര്‍ത്തല്‍: ഫോണ്‍ മുഖേനയോ സോഷ്യല്‍ മീഡിയ മുഖേനയോ ആയിട്ടെങ്കിലും കുടുംബക്കാരുമായി ബന്ധം പുലര്‍ത്തണം. അബ്ദുറഹ്മാന് ബ്നു ഔഫ്(റ) നിവേദനം ചെയ്യുന്നു; നബി(സ്വ) പറഞ്ഞു: ‘അല്ലാഹു പറയുന്നു: ഞാനാണ് ദൈവം. ഞാനാണ് കാരുണ്യവാന്. കുടുംബബന്ധത്തെ ഞാനാണ് സൃഷ്ടിച്ചത്. എന്റെ പേരിനോട് ഞാനതിനെ ചേര്‍ത്തുവെച്ചിരിക്കുന്നു. ആരെങ്കിലും കുടുംബബന്ധം പുലര്‍ത്തിയാല്‍ അവനെന്നോട് ബന്ധം പുലര്‍ത്തിയിരിക്കുന്നു. ആരെങ്കിലും അതിന് തടസ്സം നിന്നാല്‍ ഞാനും അവനുമായുള്ള ബന്ധ വിച്ഛേധിക്കും'(അബൂ ദാവൂദ്, തിര്‍മിദി).
(3) മുസ്ലിംകളെ സേവിക്കുക: മുസ്ലിം സഹോദരന്മാര്ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുക. സഹായ സഹകരണങ്ങള്‍ ചെയ്തുകൊടുക്കുക. പ്രസ്തുത ദിനങ്ങളില്‍ അതിന് പ്രതിഫലം കൂടുമെന്നതില്‍ തെല്ലും സംശയിക്കാനില്ല. രണ്ട് വഴിയിലൂടെയാണ് അതിനുള്ള പ്രതിഫലം; ഒന്ന് വിശുദ്ധ റമളാനില്‍ ചെയ്യുന്നതുകൊണ്ട് പ്രതിഫലം ഇരട്ടിയാക്കപ്പെടും. രണ്ട് പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുന്നതിന് വലിയ പ്രതിഫലം ലഭിക്കും. അബൂ ഹുറൈറ(റ) നിവേദനം ചെയ്യുന്നു; നബി(സ്വ) പറഞ്ഞു: ‘ആരെങ്കിലും ഒരു വിശ്വാസിയെത്തൊട്ട് ഐഹികമായ പ്രയാസം നീക്കക്കൊടുത്താല് അന്ത്യനാളില്‍ അവന്റെ ബുദ്ധിമുട്ട് അല്ലാഹുവും നീക്കിക്കൊടുക്കും. പ്രയാസമനുഭവിക്കുന്നവനെ ആരെങ്കിലും സമാശ്വസിപ്പിച്ചാല്‍ അല്ലാഹു ഇഹപരലോകത്ത് അവന് ആശ്വാസം നല്‍കും. ആരെങ്കിലും ഒരു മുസ്ലിമിന്റെ രഹസ്യം ഒളിച്ചുവെച്ചാല്‍ ഇഹപരലോകത്ത് അവന്റെ രഹസ്യങ്ങളും അല്ലാഹു ഒളിച്ചുവെക്കും. ഒരു അടിമ തന്റെ സഹോദരനെ സഹായിക്കുന്ന കാലത്തോളം അല്ലാഹു അവനെയും സഹായിച്ചുകൊണ്ടിരിക്കും’.
(4) സാമൂഹിക ബന്ധം: മുസ്ലിംകള്‍ക്കിടയിലെ സാമൂഹിക ബന്ധവും മറ്റു കാര്യങ്ങള്പോല് പ്രധാനമാണ്. അവരുടെ അവസ്ഥകളും വിശേഷങ്ങളും ചോദിച്ചറിയുക. നോമ്പുതുറക്കുന്ന സമയത്ത് പരസ്പരം പ്രാര്‍ഥിക്കുക. ചുരുക്കത്തില്‍ നന്മയുള്ള ഒരു പ്രവര്‍ത്തനവും റമളാനിന്റെ ഒടുവിലത്തെ പത്തില്‍ നഷ്ടപ്പെടുത്താതിരിക്കുക. അല്ലാഹു കാരുണ്യവാനും പാപങ്ങള്‍ പൊറുത്തുതരുന്നവനുമാണ്. അവന് നമ്മെ അനുഗ്രഹിക്കട്ടെ.
വിവ: മുഹമ്മദ് അഹ്സന് പുല്ലൂര്‍