റമദാൻ കാലത്തെ ഖുർആൻ ചിന്തകൾ
വിശുദ്ധ ഖുർആൻ അവതരിപ്പിച്ച പുണ്യ മാസമാണ് റമദാൻ മാസം. ഖുർആനിൽ പേര് പറഞ്ഞ ഒരേ ഒരു മാസമാണത്. പേര് പറഞ്ഞിട്ടില്ലെങ്കിലും യുദ്ധം നിരോധിച്ച നാല് മാസങ്ങളെ കുറിച്ചും ഖുർആനിൽ പരാമർശിച്ചതായി കാണാം. വർഷത്തിൽ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണെന്നും ഖുർആനിൽ പറഞ്ഞിട്ടുണ്ട്.
രണ്ട് രീതിയിലാണ് വിശുദ്ധ ഖുർആൻ അവതരിപ്പിച്ചിട്ടുള്ളത്. ഒന്ന് ലൗഹുൽ മഹ്ഫൂളിൽ നിന്ന് ജിബ്രീൽ (അ)ക്ക് നേരിട്ട് അവതരിച്ച് കൊടുത്തത്. പിന്നീട് അല്ലാഹുവിൻറെ തീരുമാനമനുസരിച്ച് ജിബ്രീൽ (അ) 23 വർഷത്തെ കാലയളവ് കൊണ്ട് നബി തിരുമേനിക്ക് അവതരിപ്പിച്ച് കൊടുത്തത്. ഈ രണ്ട് രൂപത്തിൽ അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഖർആൻ മാനവരാശിക്കുള്ള ഏറ്റവും വലിയ അനുഗ്രഹമാണ്. ആ അനുഗ്രഹത്തിന് നന്ദിസൂചകമായിട്ടാണ് നോമ്പ് നോക്കുവാൻ ആജ്ഞാപിച്ചിരിക്കന്നത്. ഖുർആൻ അനുസരിച്ച് ജീവിച്ച് കൊണ്ടാണ് അതിന് നന്ദി കാണിക്കേണ്ടത്. അത്കൊണ്ടാണ് മഹാനായ നവോത്ഥാനായ നായകൻ ഇമാം ഹസനുൽ ബന്ന പറഞ്ഞത്: ഇരിക്കുന്ന, കിടക്കുന്ന,ജീവിക്കുന്ന ഖൂർആനായി നാം ഓരോരുത്തരും മാറണം.
ഇത് കൂടാതെ ഖുർആനോടുള്ള നമ്മുടെ മറ്റ് ബാധ്യതകൾ എന്താണ്? അതിനെ ഏറ്റവും ചുരുങ്ങിയത് നമുക്ക് മൂന്നായി സംഗ്രഹിക്കാം. ഒന്ന്. തിലാവത്ത്. ഖുർആൻ പാരായണം ചെയ്യൽ. റമദാനിൽ ഒരാവർത്തി എങ്കിലും നാം ഖുർആൻ പരായണം ചെയ്യേണ്ടത് അനിവാര്യമാണ്. പാരായണം ചെയ്യാൻ കൃത്യമായി അറിയാത്ത ഒരാൾ തപ്പിതടഞ്ഞ് പാരായണം ചെയ്താൽ പോലും അത് പ്രതഫലാർഹമാണെന്ന് നബി (സ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്. രണ്ട്: ഖുർആൻ മന:പ്പാഠമാക്കുക. ഈ ഖുർആൻ നാം അവതരിപ്പിച്ചതാകുന്നു. നാം തന്നെ അതിൻറെ സൂക്ഷിപ്പ്കാരനുമാകുന്നു. (15:9). വിശുദ്ധ ഖുർആനിൻറെ സംരക്ഷണത്തിന് വേണ്ടി തലമുറകളായി ചെയ്ത് വരുന്ന കാര്യമാണിത്.
മൂന്ന്: തദബ്ബുർ അഥവാ ഖുർആനെ കുറിച്ച് ആഴത്തിലുള്ള പഠനം. എല്ലാവർക്കും കഴിയുന്ന കാര്യമല്ല ഇത്. ഈ റമദാനിൽ ഒരു സൂക്തമെങ്കിലും ആഴത്തിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക. ഖുർആനിലെ ഓരോ വാക്കിനെ കുറിച്ചും സൂക്തത്തെ കുറിച്ചും ധാരാളം പറയാൻ കഴിയും. നാം ഖുർആനിനെ എങ്ങനെയാണൊ സമീപിക്കുന്നത് അതിനനസരിച്ചാണ് അതിൽ നിന്ന് ഫലം ലഭ്യമാവുക.
അങ്ങനെ നമുക്ക് റമദാനിലെ വൃതാനുഷ്ടാനത്തെ നിർബന്ധമാക്കി കൊണ്ട് അവതീർണ്ണമായ സൂക്തത്തെ കുറിച്ച് തന്നെ ആലോചിക്കാം. ഖുർആനിൻറെ ഏറ്റവും പ്രഥമവും ആധികാരികവുമായ വ്യഖ്യാതാവ് ആരാണ്? അത് വിശുദ്ധ ഖുർആൻ തന്നെയാണ്. ഖുർആൻ സുക്തങ്ങൾ പരസ്പരം വ്യാഖ്യാനിക്കുന്നു എന്നാണ് പ്രാമാണികമായ കാഴ്ചപ്പാട്.
കാട് കാണുക മരം കാണുക എന്ന ഒരു പ്രയോഗം മലയാള ഭാഷയിലുണ്ട്. ഖുർആൻ വ്യാഖ്യാനിക്കുന്നേടത്ത് കാടും മരവും കാണണം.എന്നാൽ മാത്രമേ അത് പൂർണ്ണമാവുകയുള്ളൂ. അല്ലെങ്കിൽ ഭാഗികമായ ഒരു വീക്ഷണം മാത്രമേ നമുക്ക് ലഭിക്കുകയുള്ളൂ. ഉദാഹരണത്തിന് നമസ്കാരത്തെ കുറിച്ച് പഠിക്കുമ്പോൾ ഖുർആനിൽ വന്ന മുഴുവൻ ആയതുകളും പരിശോധിക്കുകയും അതിൻറെ പ്രയോഗിക രൂപമായ പ്രവാചകചര്യ എന്താണെന്ന് മനസ്സിലാക്കുകയും ചെയ്യുമ്പോൾ മാത്രമേ നമസ്കാരത്തെ കുറിച്ച് ശരിയായ വിധത്തിൽ ഗ്രഹിക്കാൻ കഴിയുകയുള്ളൂ. ഏതെങ്കിലും ചില ആയതുകൾ എടുത്ത് പഠിച്ച് നോക്കിയാൽ നമസ്കാരത്തെ കുറിച്ച വിഹഗ വീക്ഷണം ലഭിക്കുക സാധ്യമല്ല.
അഭിസംബോധന രീതി
അവാച്യമായ അനുഭൂതി പകരുന്നതാണ് വിശുദ്ധ ഖുർആനിൻറെ അഭിസംബോധന രീതി എന്ന കാര്യത്തിൽ സംശയമില്ല. വൃതാനുഷ്ടാനം നിർബന്ധമാക്കികൊണ്ടുള്ള ഖുർആനിൻറെ കൽപന തന്നെ നോക്കൂ: അല്ലയോ വിശ്വസിച്ചവരെ, നിങ്ങൾക്ക് മുമ്പുള്ള പ്രവാചകന്മാരുടെ അനുയായികൾക്ക് നിർബന്ധമാക്കപ്പെട്ട പോലെ നിങ്ങൾക്കും വൃതാനുഷ്ടാനം നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. അത് വഴി നിങ്ങൾ ഭയ ഭക്തിയുള്ളവരായേക്കാം. 2:184
ഇവിടെ ആരാണ് വിളിച്ചിരിക്കുന്നത്? ആരെയാണ് വിളിച്ചിരിക്കുന്നത്? അഖിലാണ്ഡകഠാഹത്തിൻറെ രാജാധിരാജനാണ് ഒരു മൺകീടമായ മനുഷ്യനെ വിളിച്ചിരിക്കുന്നത്. ഖുർആനിൽ നിരവധി വിളികൾ കാണാം. യാ ആദം, യാ നൂഹ്, യാ ഇബ്റാഹീം, യാ അഹ് ലുൽ കിതാബ്, യാ ഖൗമി എന്നിങ്ങനെയുള്ള ധാരാളം വിളികൾ ഖുർആനിൽ കാണാം. പക്ഷെ യാ മുഹമ്മദ് എന്ന് പേരെടുത്ത് കൊണ്ട് പ്രവാചകനെ ഖുർആനിൽ വിളിച്ചിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. പ്രവാചകനോടുള്ള സ്നേഹം കൊണ്ടും അദൃപ്പം കൊണ്ടുമാണ് അല്ലാഹു പേരെടുത്ത് വിളിക്കാത്തതെന്നാണ് പണ്ഡിതമതം. പകരം യാ അയ്യുഹ റസൂൽ എന്നാണ വിളിച്ചിരിക്കുന്നത്.
വിശുദ്ധ ഖുർആനിലെ മനുഷ്യരോടുള്ള അഭിസംബോധനയെ മൊത്തം രണ്ട് ഗണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഒന്ന് മനുഷ്യരേ എന്ന വിളിയിലും മറ്റൊന്നു വിശ്വാസികളേ എന്ന വിളിയിലും. ഖുർആനിൽ ഇരുപത് സ്ഥലങ്ങളിലാണ് മനുഷ്യരെ എന്ന് അഭിസംബോധനം ചെയ്തുകൊണ്ടുള്ള വിളി കാണാൻ കഴിയുന്നത്. ആ വിളിയുടെ ഒരു മാതൃക മാത്രം ഇവിടെ വിശകലനം ചെയ്യാം. വിശുദ്ധ ഖുർആൻ പാരായണം ചെയ്ത് വരുമ്പോൾ ആദ്യമായി മനുഷ്യരെ എന്ന അഭിസംബോധന കാണുന്നത് അധ്യായം 2 സൂക്തം 21 ൽ ആണ്. മനുഷ്യരേ, നിങ്ങളുടേയും നിങ്ങൾക്കു മുമ്പ് കഴിഞ്ഞുപോയ സകലരുടെയും സ്രഷ്ടാവായ റബ്ബിൻറെ അടിമത്തം അംഗീകരിക്കുവിൻ. അതുവഴി നിങ്ങൾക്കു മോചനം പ്രതീക്ഷിക്കാം.
ഹേ ജനങ്ങളെ എന്ന് വിളിച്ച് കൊണ്ട് ഖുർആൻ പറയുന്ന കാര്യങ്ങൾ പൊതുവായ അഭ്യർത്ഥനകളാണെന്ന് കാണാൻ കഴിയും. എല്ലാവരേയും ഉദ്ദേശിച്ച് കൊണ്ടാണ് അങ്ങനെ അഭിസംബോധന ചെയ്യുന്നത്. വിശ്വസിക്കുക,ഇബാദത്ത് ചെയ്യുക, ഹലാൽ ഭക്ഷിക്കുക,തഖ് വയുള്ളവരാകുക തുടങ്ങിയ അഭ്യർത്ഥനകളാണ് ആ വിളികളുടെ ഉള്ളടക്കം.അവിടെ അഭ്യർത്ഥനകളുടെ വിശദാംശങ്ങൾ കാണുകയില്ല. ഖുർആൻറെ പൊതുവായ ആ അഭ്യർത്ഥനകൾക്ക് ചെവികൊടുത്തവരെ പ്രത്യേകം അഭിസംബോധന ചെയ്യുവാൻ വേണ്ടിയാണ് ഹേ വിശ്വസിച്ചവരെ എന്ന് ഖുർആൻ വിളിച്ചിരിക്കുന്നത്.
ആമിനൂ എന്ന അറബി വാക്കിന് വിശ്വസിച്ചവരെ എന്നാണ് മലയാളത്തിൽ സാധരണയായി പരിഭാഷപ്പത്തൊറുള്ളതെങ്കിലും സ്വയം രക്ഷാസരണി കണ്ടത്തെിയവരും അല്ലാഹുവിനാൽ രക്ഷിക്കപ്പെടുന്നവരുമാണ് അത്കൊണ്ട് അർത്ഥമാക്കുന്നത്. ശാന്തിയും സുരക്ഷിതത്വവും സമാധാനവും എല്ലാം ഉൾകൊണ്ട ഒരു ബൃഹ്ത് പദമാണ് അത്.
ഹേ മനുഷ്യരെ എന്ന അഭിസംബോധനയുള്ള സൂക്തങ്ങൾ മക്കയിലും മദീനയിലും അവതരിപ്പിച്ച അധ്യായങ്ങളിൽ കാണാൻ കഴിയുമ്പോൾ വിശ്വസിച്ചവരെ എന്ന അഭിസംബോധന ഉൾകൊള്ളുന്ന സൂക്തങ്ങൾ മദീനയിൽ അവതരിപ്പിച്ച അധ്യായങ്ങളിലാണ് കാണാൻ കഴിയുന്നത്. വിശ്വസിച്ചവരെ എന്ന് അഭിസംബോധന ചെയ്ത് വരുന്ന സൂക്തങ്ങളിൽ പറയുന്നത് എന്തെങ്കിലും ചെയ്യണം അല്ളെങ്കിൽ ചെയ്യരുത് എന്നാണ്. വിശ്വാസകാര്യങ്ങളും പെരുമാറ്റ മര്യാദകളുമാണ് മക്കയിലവതരിപ്പിക്കപ്പെട്ട സൂക്തങ്ങളുടെ ഉള്ളടക്കമെങ്കിൽ,ജീവിതവുമായി ബന്ധപ്പെട്ട നിയമങ്ങളാണ് മദീന സൂക്തങ്ങളുടെ ഉള്ളടക്കം.
മനുഷ്യരെ എന്ന വിശുദ്ധ ഖുർആനിൻറെ ഒരു പൊതുവായ അഭിസംബോധനത്തിന് ഉത്തരം നൽകിയവരോട് വിശദാംശങ്ങൾ പറയാനാണ് വിശ്വസിച്ചവരെ എന്ന് വിളിക്കുന്നത്. എങ്ങനെയാണ് ആരാധിക്കേണ്ടത്, തഖ് വ എങ്ങനെ കൈവരിക്കാം തുടങ്ങിയ വിശദാംശങ്ങളാണ് വിശ്വാസികളെ എന്ന് പ്രത്യേകം വിളിച്ച് പറയുന്ന കാര്യങ്ങൾ. ഖുർആനിൽ 89 സ്ഥലങ്ങളിൽ ഇങ്ങനെ സത്യവിശ്വാസികളെ എന്ന അഭിസംബോധന കാണാം. ഇങ്ങനെ വിശ്വാസകിളെ പ്രത്യേകമായി അഭിസംബോധന ചെയ്യുന്ന ഒരു സൂക്തത്തിൽ തന്നെ പല കാര്യങ്ങളും വിശ്വാസികളോട് ചെയ്യുവാനും ചെയ്യാതിരിക്കുവാനും ആവശ്യപ്പെട്ടിട്ടുണ്ടാവാം. ആ നിർദ്ദേശങ്ങൾ ഒന്നടങ്കം അനുസരിച്ച് കൊണ്ട് ജീവിക്കുകയാണ് തഖ്വ കൊണ്ട് വിവിക്ഷിക്കുന്നത്. തഖ് വ ആർജ്ജിക്കാനുള്ള ഏറ്റവും നല്ല പരിശീലനമാണ് വൃതാനുഷ്ടാനം.
ഖുർആനിൽ രണ്ട് സ്ഥലത്ത് മാത്രമാണ് കാഫിറുകളെ എന്ന അഭിസംബോധന കാണാൻ കഴിയുന്നത്. സൂറ തഹ് രീമിലെ ഏഴാം സൂക്തതത്തിൽ ഹേ നിഷേധികളെ! ഇന്ന് നിങ്ങൾ ഒഴികഴിവൊന്നും പറയേണ്ട. നിങ്ങൾ ചെയ്തതിൻറെ പ്രതിഫലമാണ് നിങ്ങൾക്ക് നൽകപ്പെടുന്നത്. ഇത് നരഗത്തിൽ നിഷേധികളെ വിളിച്ച് പറയുന്ന കാര്യമാണ്.
ഹേ നിഷേധികളെ എന്ന മറ്റൊരു വിളി സൂറത്ത് കാഫിറൂനിൽ കാണാം. അവിടെ നിഷേധികളുമായി ബന്ധം അവിസാനിപ്പിക്കുവാൻ വേണ്ടിയുള്ള വിളിയായിരുന്നു അത്. സത്യനിഷേധികൾ അനുരജഞനത്തിൻറെ ഫോർമുലയുമായി പ്രവാചകനെ സമീപിച്ചപ്പോൾ എനിക്ക് എൻറെ വഴി നിങ്ങൾക്ക് നിങ്ങളുടെ വഴി എന്ന് അറിയിക്കാനാണ് അവരെ അഭിസംബോധന ചെയ്തത്. ഇത് കൂടാതെ യാ ഖൗമി എൻറെ ജനതേ എന്ന ഹൃദ്യമായ വിളിയും ഖുർആനിൽ കാണാം. ഹേ ജനങ്ങളെ എന്ന വിളിയുടെ മറ്റൊരു വകഭേദമാണ് ആ വിളി എന്ന മനസ്സിലാക്കുകയാണ് ഉചിതം. ചുരുക്കത്തിൽ വിശുദ്ധ ഖുർആനിലെ മനുഷ്യരെ എന്ന വിളിക്ക് ഉത്തരം നൽകുകയും പിന്നീട് അവരെ വിശ്വാസികളായി പരിഗണിച്ച് കൊണ്ട് വിളിച്ചുണർത്തുന്ന കാര്യങ്ങൾ ചെയ്ത് കൊണ്ട് ഇരുലോകത്തും വിജയം വരിക്കുകയാണ് വിശ്വാസികളുടെ ദൗത്യം.
(പ്രഭാഷണ സംഗ്രഹം തയ്യാറാക്കിയത് ഇബ്റാഹീം ശംനാട് )