റമദാനിലെ വിജയികൾ
റമദാനിലെ നന്മകൾ കട്ടുകൊണ്ടു പോവുന്ന കള്ളന്മാരെ കുറിച്ചും ഈ പുണ്യ മാസത്തിലെ പരാജിതരെ കുറിച്ചും നാം മനസ്സിലാക്കി. ഇനി ഈ മാസത്തിലെ സൗഭാഗ്യം സിദ്ധിച്ച വിജയികളാരെന്ന് അല്പം വിചാരപ്പെടാം . ഈ റമദാൻ കഴിഞ്ഞാലും അടുത്ത റമദാൻ വരേക്കും സംസ്കരിക്കപ്പെട്ട ഹൃദയങ്ങളോടെയും വിശ്വാസത്താൽ തിളങ്ങുന്ന മുഖങ്ങളോടെയും വരുന്ന സുഭഗർ രണ്ട് കാര്യങ്ങൾ നേടിയവരാണ്:-
1- തഖ്വ :- റമദാൻ കഴിഞ്ഞാലും വ്യക്തി ജീവിതത്തിൽ ആരും കാണാതെ വരുമ്പോഴും പാപങ്ങളിൽ നിന്ന് സ്വന്തത്തെ പിന്തിരിപ്പിക്കുന്ന ശക്തമായ പ്രേരണ ഹൃദയത്തിൽ ഉണ്ടാകുമ്പോഴാണ് തഖ്വ / ഭയഭക്തി നേടി എന്ന് പറയാൻ കഴിയൂ..
2- മഗ്ഫിറത് :- ചെറുതും വലുതുമായ എല്ലാ പാപങ്ങളും പൊറുക്കപ്പെടലാണത്. തന്റെ പാപങ്ങൾ പൊറുക്കപ്പെടുമെന്ന് റബ്ബ് പറഞ്ഞ കർമ്മങ്ങളിൽ സ്ഥിരോത്സാഹത്തോടെ മുന്നേറുന്നവർക്കുള്ള സൗഭാഗ്യമാണ് പാപങ്ങൾ പൊറുക്കപ്പെടുക എന്ന അവസ്ഥ. അതിനെ മൂല്യ നിർണ്ണയം നടത്താൻ മനസ്സാക്ഷിയല്ലാതെ വേറൊരു ഏകകവുമില്ല.
റമദാനിലെ ദിനരാത്രങ്ങളിൽ നമുക്ക് എങ്ങനെ കൂടുതൽ വിജയിക്കാൻ സാധിക്കും?
1- റമദാനിന് നമ്മുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനവും ബഹുമാനവും നൽകുക. നമ്മുടെ വാർഷിക കണക്കെടുപ്പിന്റെ സീസണാണത് എന്ന ഗൗരവത്തിൽ തന്നെ ഈ മാസമുടനീളം ജീവിക്കുക.
2- റമദാനിന്റെ തുടക്കം മുതൽ ചെയ്തു പോന്ന നന്മകൾ ജീവിതാവസാനം വരെ മുടങ്ങാതെ നിർവഹിക്കുമെന്ന് മനസ്സിലുറപ്പിക്കുക..റമദാനിൽ ആദ്യമായി ആരംഭിച്ച സൽകർമ്മങ്ങളിൽ ഉറച്ചുനിൽക്കുക.
3- നോമ്പ്, ഖിയാമുല്ലൈൽ , ദാനധർമങ്ങൾ, ഖുർആൻ പാരായണം / പഠനം എന്നിവ റമദാനിലേക്ക് മാത്രമായി നബി (സ) പഠിപ്പിച്ചതല്ല എന്ന് മനസ്സിലാക്കുക. നോമ്പ് കഴിഞ്ഞാലും തുടർന്നുള്ള ദിവസങ്ങളിലും അവ തുടരാനുള്ള ഒരു ഇയർ പ്ലാൻ തയ്യാറാക്കുക.
4- നന്മകൾക്ക് മുൻഗണനകൾ ക്രമീകരിക്കാം. ഖുർആനും രാത്രി നമസ്കാരത്തിനും വലിയ മുൻഗണന നല്കുക. ആ മുൻഗണനാ ക്രമത്തിൽ തന്നെ ശേഷമുള്ള പതിനൊന്ന് മാസവും ജീവിക്കുക.എണ്ണത്തിൽ കുറഞ്ഞാലും വണ്ണത്തിൽ കുറയാതെ സൂക്ഷിക്കാൻ വേണ്ടത് ബോധപൂർവ്വം ഇപ്പോൾ തന്നെ സ്ഥൂല പദ്ധതി തയ്യാറാക്കുക.
5- നോമ്പിനെ അപകീർത്തിപ്പെടുത്തുന്നതും റമദാനിന്റെ ആത്മാവിനെ കളങ്കപ്പെടുത്തുന്നതുമായ വാക്ക്, നോക്ക് , ചിന്ത എന്നിവയിൽ നിന്നും വിട്ടു നില്ക്കാൻ ശ്രദ്ധിക്കുക. റമദാനിന് ശേഷവും പാപമുക്ത ജീവിതം തുടരുമെന്ന് ദൃഢനിശ്ചയം ചെയ്യുക.
6- കൂടുതൽ പ്രാർത്ഥിക്കുക – പ്രത്യേകിച്ച് ഉത്തരം നൽകുന്ന സമയങ്ങളായി ഹദീസുകളിൽ വന്നിട്ടുള്ള സമയങ്ങളെ അതിന് വേണ്ടി തെരെഞ്ഞെടുക്കുക. ഫർദു നമസ്കാരങ്ങൾക്കു ശേഷവും അത്താഴ സമയവും പ്രത്യേകം ശ്രദ്ധിക്കണം.
7- റമദാനിൽ നാം നേടിയെടുക്കാൻ ആഗ്രഹിക്കുന്ന നന്മകളുടെ ഒരു ടാർഗറ്റ് നിശ്ചയിക്കുക. അതിൽ കുറവ് സംഭവിക്കാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് തീരുമാനിക്കണം.
റമദാനിന്റെ മധ്യത്തിലോ അതിനു ശേഷമോ തന്റെ ഈമാനിക ഊർജം നഷ്ടപ്പെടുന്നുണ്ടെന്ന് ആരെങ്കിലും ആശങ്കപ്പെട്ടാൽ തസ്ബീഹ് – ദിക്റ്-ദുആകളിലൂടെ അവ വീണ്ടെടുക്കണം. തഖ്വയുടെ ഗ്രാഫ് താഴേക്ക് പോവാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ഓരോ വ്യക്തിയുമാണ്.
📲 വാട്സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1