നോമ്പും സ്വർഗ്ഗവും തമ്മിൽ ഒരുപാട് ബന്ധങ്ങളുണ്ട്

ഒരു റമദാൻ മുതൽ അടുത്ത റമദാൻ വരെ സ്വർഗ്ഗം നിരന്തരമായി അലങ്കരിക്കപ്പെടുന്നുണ്ട്. പ്രവാചകൻ (സ) പറയുന്നു; ‘റമദാനു വേണ്ടി ഒരു വർഷത്തിന്റെ തുടക്കം മുതൽ അടുത്ത വർഷംവരെ (റമദാൻ അവസാനം മുതൽ അടുത്ത റമദാൻ തുടങ്ങും വരെ) സ്വർഗ്ഗം അലങ്കരിക്കപ്പെടും. റമദാൻ ആദ്യദിവസം ആഗതമായാൽ ദൈവികസിംഹാസനത്തിന്റെ ചുവട്ടിൽ ഒരു കാറ്റു വീശും. സ്വർഗ്ഗത്തിലെ ഇലകളിൽ കൂടി അത് സ്വർഗ്ഗസുന്ദരിമാരുടെ അടുത്തെത്തും. അപ്പോൾ അവർ ഇങ്ങനെ പറയും ‘നാഥാ, അടിമകളിൽ നിന്ന് ഞങ്ങളുടെ കണ്ണിനു കുളിർമ നൽകുന്നവരും ഞങ്ങളാൽ അവരുടെ കണ്ണുകൾക്ക് കുളിർമകിട്ടുന്നവരുമായ ഇണകളെ ഞങ്ങൾക്ക് നീ നൽകേണമേ’. സ്വർഗത്തിന്റെ വാർഷിക കാലത്തിന്റ സമയക്കുറി നോമ്പാണ്. നോമ്പു മുതൽ നോമ്പുവരെയാണ് സ്വർഗാലങ്കാരത്തിന്റെ വാർഷിക കാലം നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.
റമദാനിൽ നരകകവാടങ്ങൾ അടക്കപ്പെടുകയും സ്വർഗ കവാടങ്ങൾ തുറക്കപ്പെടുകയും ചെയ്യും.
പിശാച് ബന്ധിതനാവും. ഒരു റമദാൻ മുതൽ അടുത്ത റമദാൻ വരെ സ്വർഗ്ഗം അലങ്കരിക്കപ്പെടും. റമദാൻ ആഗതമായാൽ സ്വർഗം തുറക്കപ്പെടും. പുതിയ തുറക്കലിനു വേണ്ടിയാവണം സ്വർഗ്ഗം അതുവരെ അലങ്കരിക്കപ്പെട്ടത്. നരകത്തിന് അവധി നൽകപ്പെടുകയും സ്വർഗ്ഗം കൂടുതൽ അലംകൃതമായി തുറന്നു പ്രവർത്തിക്കുകയും ചെയ്യുന്ന കാലമാണ് റമദാൻ.
നഷ്ടപ്പെട്ടുപോയ സ്വർഗ്ഗത്തിലേക്ക് മനുഷ്യനെ വേഗം അടുപ്പിക്കുന്ന വാഹനമാണ് നോമ്പ്. നോമ്പ് പാപങ്ങളെ മായ്ച്ചുകളയുകയും പുണ്യങ്ങളെ ഒരുപാട് ശോഭയിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു. സ്വർഗം ലഭിക്കാനുള്ള വഴി പാപങ്ങൾ കുറയുകയും പുണ്യങ്ങൾ വർദ്ധിക്കുകയും ചെയ്യുക എന്നതാണ്. നോമ്പ് നമ്മുടെ പാപങ്ങളെ ധാരാളമായി മായ്ച്ചുകളയുകയും പുണ്യങ്ങൾക്ക് ഒരുപാട് ഇരട്ടി പ്രതിഫലം നൽകുകയും ചെയ്യുന്നു. അതുവഴി വിശ്വാസിയുടെ സ്വർഗത്തിലേക്കുള്ള ഗതിവേഗത്തെ നോമ്പ് വർദ്ധിപ്പിക്കുന്നു. കണക്കുകൾക്ക് അതീതമായ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ട ഏക ആരാധനയാണ് നോമ്പ്. മനുഷ്യന്റ ചെറിയ ആയുസ്സു കൊണ്ട് വളരെ വലിപ്പമുള്ള സ്വർഗത്തെ എത്തിപ്പിടിക്കാൻ ഒരു പാടിരട്ടി പ്രതിഫലവാഗ്ദാനം കൊണ്ടും ആയിരം മാസങ്ങളേക്കാൾ പുണ്യ നിർഭരമായ വിധി നിർണ്ണയ രാത്രികൊണ്ടും റമദാൻ വിശ്വാസിയെ സഹായിക്കുന്നു.
നോമ്പിനു വേണ്ടി സ്വർഗ്ഗം ചേതോഹരമാക്കപ്പെടുന്നു. നോമ്പുകൊണ്ട് നോമ്പുകാരൻ കൂടുതൽ സ്വർഗ്ഗത്തോട് അടുത്തുവരുന്നു. സ്വർഗ സുന്ദിരമാർ വിശ്വാസികളെ കാംക്ഷിക്കുന്നു. വിശ്വാസികൾ സ്വർഗ്ഗത്തെയും. നോമ്പിൽ ഉടനീളം മുഴങ്ങുന്ന മന്ത്രം പ്രാർത്ഥന ഇതാണല്ലോ, അല്ലാഹുവല്ലാതെ ദൈവമില്ലെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു. നിന്നോട് ഞാൻ പാപമോചനം തേടുന്നു. നിന്നോടു ഞാൻ സ്വർഗത്തെ ചോദിക്കുന്നു. നിന്നോട് ഞാൻ നരകത്തിൽനിന്ന് അഭയം തേടുന്നു. ഈ പ്രാർത്ഥന കൊണ്ടാണ് നോമ്പുകാർ നാവുകളെ ഉർവരമാക്കുന്നത്. ഹൃദയത്തെ അലൗകികമാക്കുന്നത്. നോമ്പിൽ സ്വർഗ്ഗം വിശ്വാസിക്കു വേണ്ടി കൊതിക്കുന്നു. വിശ്വാസി സ്വർഗത്തിനു വേണ്ടിയും . നഷ്ടപ്പെട്ട സ്വർഗ്ഗത്തിലേക്കുള്ള അല്ലാഹുവിന്റെ കൈപിടിക്കലാണ് നോമ്പ്. നോമ്പുകാരന് രണ്ട് സന്തോഷങ്ങൾ ആണുള്ളത് എന്ന് പ്രവാചകൻ (സ)പറയുന്നുണ്ട്. ഒന്ന് ഇന്ന് ഒരു പകലിന്റെ പൈതാഹങ്ങൾക്ക്ശേഷം നോമ്പു മുറിക്കുന്നതിന്റെ ആഹ്ലാദം. രണ്ടാമത്തേത് അല്ലാഹുവിനെ കണ്ടുമുട്ടുമ്പോഴുള്ള സന്തോഷം. നോമ്പ് തണൽ വിരിച്ചിരിക്കുന്ന ശവ്വാലിന്റെ ഒടുവിലെത്തെ ഒരു നാളിൽ പ്രവാചകൻ വിശ്വാസികളെ അഭിമുഖീകരിച്ചു നടത്തുന്ന ലഘുപ്രഭാഷണമുണ്ട്. അതിൽ റമദാനിന്റ സവിശേഷതകളിലൊന്നായി പറഞ്ഞത് ‘റമദാൻ ക്ഷമയുടെ മാസമാണെന്നാണ്. അതിനോട് തുടർത്തി പ്രവാചകൻ പറഞ്ഞു: ക്ഷമയുടെ പ്രതിഫലം സ്വർഗമാണ്;’ വ്രതക്ഷമയെ സ്വർഗം കൊണ്ട് ആദരിക്കുക എന്നതാണ് അല്ലാഹുവിന്റെ ഔദാര്യം.
സ്വർഗ്ഗത്തിന് നോമ്പിന്റെ പേരിൽ പ്രത്യേകമായ ഒരു വാതിൽ തന്നെയുണ്ട്. റയ്യാൻ എന്ന നോമ്പു കാരന്റെ സ്വർഗ്ഗകവാടം. സഹ്ലുബ്നു സഅദിൽനിന്ന് നിവേദനം: നബി പറഞ്ഞു ‘സ്വർഗത്തിന് എട്ട് കവാടങ്ങളുണ്ട്. റയ്യാൻ എന്നു പേരായ ഒരു കവാടം അതിൽപ്പെടുന്നു. വ്രതമനുഷ്ഠിക്കുന്നവർ മാത്രമേ അതിലൂടെ പ്രവേശിക്കുകയുള്ളൂ’. റയ്യ എന്ന പദത്തിൽനിന്ന് ഉൽഭവിച്ചതാണ് റയ്യാൻ. ദാഹശമനം വരുത്തുക എന്നാണ് ഇതിന്റ അർത്ഥം – റയ്യാൻ എന്നാൽ ദാഹശമനം വരുത്തുന്ന കവാടം എന്ന് വിവക്ഷ. (വ്രതാനുഷ്ഠാനം അബുൽ അഅ്ലാ മൗദൂദി ). നോമ്പും ദാഹശമനംവും തമ്മിൽ വല്ലാത്ത ഒരു ചേർച്ച ഇല്ലേ. നോമ്പിൽ വരിച ദാഹങ്ങളുടെ പാരത്രിക ശമനത്തിന്റെ കവാടം. അല്ലാഹുവിന്റെ കൽപ്പനയെ മുൻനിർത്തി ഭൂമിയിൽ സ്വയംവരിച്ച ദാഹങ്ങൾക്ക് സ്വർഗീയമായ പാരത്രികപ്പാരിതോഷികം. ഇത്രമേൽ സ്വർഗത്തെ ഓർമ്മപ്പെടുത്തുന്ന സ്വർഗവുമായി ബന്ധിക്കപ്പെട്ട മറ്റേതങ്കിലും കർമ്മമുണ്ടോ ഇസലാമിൽ?. സ്വർഗത്തെ ത്തൊടിയിടയിൽ ഓർമ്മപ്പെടുത്തുന്ന മറ്റൊരു കർമ്മചിത്രം രക്തസാഷ്യത്തിന്റേതാണ്. അവർ ദൈവത്തിങ്കൽ ജീവിച്ചിരിക്കുന്നവരാണ്. അല്ലാഹു അവർക്ക് ഭക്ഷണം നൽകിക്കൊണ്ടിരിക്കുന്നു.
പാപമോചനമാണ് സ്വർഗത്തിന്റെ പ്രവേശനപത്രിക. നാം സ്വർഗയോഗ്യരാവുന്നത് പാപങ്ങൾ പൊറുക്കപ്പെടുന്നതിലൂടെയാണ്. സത്യസാകഷ്യം, പാപമോചനം, സ്വർഗലബ്ദി, നരകമോചനം എന്നിങ്ങനെയാണ് വ്രതപ്രാർത്ഥനയുടെ ക്രമം. പ്രവാചകൻ (സ) പറയുന്നു : ‘റമദാനിന്റ അവസാന രാത്രിയിൽ എന്റെ സമുദായത്തിന് പാപമോചനം ലഭിക്കും.’. സഹാബികൾ ചോദിച്ചു: ‘ദൈവദൂതരേ ലൈലത്തുൽ ഖദ്റിനായിരിക്കുമോ അത്’. തിരുമേനി പറഞ്ഞു: ‘തൊഴിലാളിക്ക് ജോലി കഴിഞ്ഞാണ് കൂലി നൽകപ്പെടുന്നത്’. നോമ്പ് പൂർത്തിയാക്കപ്പെടുമ്പോൾ അവർ പാപങ്ങൾ പൊറുക്കപ്പെട്ട് സ്വർഗത്തോട് അടുത്തവരായിത്തീരുന്നു. ഹജ്ജ് കഴിഞ്ഞവർ പിറന്നകുഞ്ഞിനെപ്പോലെ നിഷ്കളങ്കരായിരിക്കും എന്ന് പറയപ്പെട്ടതുപോലെ.