നോമ്പ് തുറയും സമയ നിഷ്ഠയും

1995ൽ കൈറോവിൽ കിംഗ് ഫൈസൽ അവാർഡ് നേടിയവർ പങ്കെടുത്ത സമ്മേളനത്തിൽ ബോസ്നിയൻ പ്രസിഡൻറ് അലീജാ അലി ഇസ്സത്ത് ബഗോവിച്ച് നടത്തിയ ശ്രദ്ധേയമായ പ്രഭാഷണത്തിൽ ഇങ്ങനെ പറഞ്ഞു:”എൻറെ മനസ്സിൽ നാല് ചോദ്യങ്ങളുണ്ട്. അവയ്ക്ക് തൃപ്തികരമായ ഉത്തരം നൽകുന്നവർക്കാണ് ഇസ്ലാമിക സേവനത്തുള്ള ഫൈസൽ അവാർഡ് നൽകേണ്ടത്. ആ നാല് ചോദ്യങ്ങളിൽ ഒന്നിതാണ്. ഇസ്ലാം സമയനിഷ്ഠയ്ക്ക് വമ്പിച്ച പ്രാധാന്യം നൽകിയിട്ടുണ്ട്. ഓരോ കാര്യത്തിനും അത് സമയം നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ലോകത്ത് തീരെ സമയ നിഷ്ഠ പുലർത്താത്ത വിഭാഗം മുസ്ലിംകളത്രേ. മുസ്ലിംകളുടെ ഏതെങ്കിലും സമ്മേളനം കൃത്യസമയത്ത് തുടങ്ങിയതായി എനിക്ക് ഓർമ്മയില്ല. തുടർന്ന് റബാത്തിൽ നടന്ന ഒ.ഐ.സി. സമ്മേളനം എട്ടുമണിക്കൂർ വൈകിയാണ് ആരംഭിച്ചതെന്ന കാര്യം അദ്ദേഹം ഓർമിപ്പിച്ചു.
15 അംഗങ്ങളുള്ള ഒരു കമ്മറ്റി മീറ്റിംഗ് നടക്കുകയാണ്. പ്രധാനപ്പെട്ട പല വിഷയങ്ങളും ചർച്ച ചെയ്യാനുള്ളതിനാൽ എല്ലാവരുടെയും സാന്നിധ്യം ഉണ്ടാവണമെന്ന് തീരുമാനിച്ചിരുന്നു. മൂന്ന് പേർ സമയത്തെത്തിയില്ല. എങ്കിൽ അത് മറ്റുള്ളവരിൽ സൃഷ്ടിക്കുന്ന വികാരങ്ങളും അവർക്കുണ്ടാക്കുന്ന പ്രയാസങ്ങളും ഊഹിക്കാവുന്നതേയുള്ളൂ. യോഗം തുടങ്ങുന്നത് ഒരു മണിക്കൂർ വൈകിയാണെങ്കിൽ നേരത്തെ എത്തിയവർക്കെല്ലാം ഓരോ മണിക്കൂർ നഷ്ടപ്പെടുന്നു. ഫലത്തിൽ 12 മണിക്കൂർ നഷ്ടപ്പെടുന്നു.
നമ്മുടെ നാട്ടിൽ കൃത്യസമയത്ത് ആരംഭിക്കുന്ന പൊതുയോഗങ്ങൾ അത്യപൂർവ്വമത്രേ. പ്രസംഗകരുടെ വലുപ്പവും പ്രാധാന്യവുനുസരിച്ച് അവർ എത്താനുള്ള സമയവും വൈക്കൊണ്ടിരിക്കും. തദ്ഫലമായി പരിപാടിയിൽ പങ്കെടുക്കുന്ന ആയിരക്കണക്കിന് ആളുകളുടെ ഒന്നും ഒന്നരയും രണ്ടുമൊക്കെ മണിക്കൂറുകൾ നഷ്ടപ്പെടുന്നു. അങ്ങനെ ഒരൊറ്റയാൾ കാരണമായി ആയിരക്കണക്കിനു മണിക്കൂർ ആർക്കും പ്രയോജനപ്പെടാതെ പാഴായിത്തീരുന്നു. സംഘാടകർ അസാധാരണമായ മനസ്സംഘർഷവും അസ്വസ്ഥയും അനുഭവിക്കുന്നു.
വിവാഹ വേളകളിൽ വരനെത്താറുള്ളത് നിശ്ചിത സമയത്തെക്കാൾ രണ്ടും മൂന്നും മണിക്കൂർ വൈകിയാണ്. അതിനാൽ വിവാഹ കർമ്മത്തിൽ അധികപേരും സന്നിഹിതരും സാക്ഷികളുമാകാറില്ല. വിവാഹത്തിൽ പങ്കെടുക്കുകയെന്നത് ഭക്ഷണം കഴിച്ച് പോവുകയെന്നതിൽ പരിമിതമായിരിക്കുന്നു.
സമയം പാഴാക്കുന്നത് ഗുരുതരമായ കുറ്റമാണ്. സമയനിഷ്ഠ പാലിക്കുകയെന്നത് അതിൻറെ അനിവാര്യ താൽപര്യമത്രേ.
ഇസ്ലാം എല്ലാ ആരാധനാ കർമങ്ങൾക്കും സമയം നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ വിശ്വാസികൾ ഒരു മിനുറ്റ് പോലും തെറ്റാതെ സമയനിഷ്ഠ പാലിക്കുന്നത് നോമ്പുതുറക്കുന്ന സമയത്താണ്. ഒരു മിനുറ്റ് പോലും നേരത്തെയോ വൈകിയോ ആകാതിരിക്കാൻ ജാഗ്രത പുലർത്തുന്നു. യഥാർത്ഥത്തിലിത് ജീവിതത്തിലുടനീളം സമയ നിഷ്ഠ പുലർത്താനുള്ള പരിശീലനമാണ്. പരിശീലനമാകേണ്ടതുണ്ട്. വിശ്വാസികൾ ഇക്കാര്യത്തിൽ കണിശത പുലർത്തേണ്ടിയിരിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.
📲 വാട്സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1