നോമ്പിന് പിന്നിലെ രഹസ്യം

മുസ്ലിംകളെ പോലെ ആരും നോമ്പെടുക്കുമെന്ന് ഞാൻ വിചാരിക്കുന്നില്ല. ഒരു മാസവും അവർ സുന്നത്ത് നോമ്പുകളിൽ നിന്ന് മുക്തരാകുന്നില്ല. എന്നല്ല, ഒരു ആഴ്ചയും അവർ നോമ്പിൽ നിന്ന് മാറിനിൽക്കുന്നില്ലെന്നതാണ്. തിങ്കളാഴ്ചയിലെയും വ്യാഴാഴ്ചയിലെയും നോമ്പുകൾ, അയ്യാമുൽ ബീദിലെ (ഓരോ മാസത്തിലെയും 13, 14, 15 ദിവസങ്ങളിലെ) നോമ്പുകൾ, ശവ്വാലിലെ ആറ് നോമ്പുകൾ, ദുൽഹജ്ജ് ഒമ്പതിലെ നോമ്പ്, മുഹർറം-ശഅ്ബാൻ മാസത്തിലെ നോമ്പുകൾ തുടങ്ങിയവ വിശ്വാസിയുടെ ജീവിതത്തിന്റെ ഭാഗമാണ്. ഏറ്റവും ഉദാത്തമായ നോമ്പ് ദാവൂദ് നബിയുടെ നോമ്പാണ്. അബ്ദുല്ലാഹിബിൻ ഉമറിൽ നിന്ന് മുസ്ലിം റിപ്പോർട്ട് ചെയ്യുന്നു: ‘അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും ശ്രേഷ്ഠമായ ദാവൂദ്(അ)യുടെ നോമ്പ് നോൽക്കുക. അദ്ദേഹം ഒരു ദിവസം നോമ്പെടുക്കുകയും അടുത്ത ദിവസം നോമ്പ് ഒഴിവാക്കുകയും ചെയ്തിരുന്നു.’ ഈ നോമ്പുകളെല്ലാം അല്ലാഹു നിർബന്ധമാക്കിയ റമദാനിലെ പ്രത്യേകമായ നോമ്പിന് പുറത്തുവരുന്നതാണ്. അല്ലാഹു പറയുന്നു: ‘ജനങ്ങൾക്ക് മാർഗദർശനമായിക്കൊണ്ടും നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവായിക്കൊണ്ടും വിശുദ്ധ ഖുർആൻ ആവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാൻ. അതുകൊണ്ട് നിങ്ങളിൽ ആർ ആ മാസത്തിൽ സന്നിഹിതരാണോ അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്.’ (അൽബഖറ: 185) ചോദ്യമിതാണ്, നോമ്പിന് പിന്നിലുള്ള രഹസ്യമെന്താണ്? നോമ്പെടുക്കുന്നതിൽ വല്ല യുക്തിയുമുണ്ടോ?
നോമ്പിന്റെ യുക്തിയെ കുറിച്ച് അന്വേഷിക്കുന്നതിനും പരിശോധിക്കുന്നതിനും മുമ്പ് അനിവാര്യമായി മനസ്സിലാക്കേണ്ടത് ഇബാദാത്തുകളുടെ അടിസ്ഥാനം അത് അനുവർത്തിക്കുകയെന്നതാണ്. കാരണം, അല്ലാഹു കൽപിച്ചതാണത്. ഇമാം ശാത്വിബി പറയന്നു: ‘ഉദ്ദേശങ്ങളിലേക്ക് തിരിയാതെ അനുവർത്തിക്കുകയെന്നതാണ് (തഅബ്ബുദ്) ഇബാദാത്തുകളുടെ അടിസ്ഥാനം’. (അൽമുവാഫഖാത്ത്: 440/1) ഇവിടെ, പരിശുദ്ധനായ അല്ലാഹുവിനോടുള്ള സത്യസന്ധമായ ആരാധനയാണ് വെളിവാകുന്നത്. ഒപ്പം, അല്ലാഹു സ്വഹാബത്തുകളെ വിശേഷിപ്പിച്ചത് വിശ്വാസികൾ സാക്ഷാത്കരിക്കുകയുമാണ്. അല്ലാഹു പറയുന്നു: ‘അവർ പറഞ്ഞു; ഞങ്ങളിതാ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ, ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം.’ (അൽബഖറ: 285) എന്നാൽ, ഇത് നോമ്പിന്റെ യുക്തിയും ലക്ഷ്യവും രഹസ്യവും നിരാകരിക്കുന്നില്ല. അവയിൽ ചിലതാണ് താഴെ സൂചിപ്പിക്കുന്നത്.
ഒന്ന്: ദൈവിക ഭക്തിയുടെ സാക്ഷാത്കാരം
‘സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കൽപിച്ചിരിക്കുന്നത് പോലെത്തന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ദൈവിക ഭക്തിയുള്ളവരാകാൻ വേണ്ടിയത്രെ അത്.’ (അൽബഖറ: 183) ഭക്ഷണവും പാനീയവും വികാരവും വെടിയുകയും അല്ലാഹുവിനെ അനുസരിക്കുകയും ചെയ്യുന്നതിലൂടെയാണ് ദൈവികമായ ഭക്തിയുടെ സാക്ഷാത്കാരം. നോമ്പിന്റെ സൂക്തങ്ങൾ അല്ലാഹു അവസാനിപ്പിക്കുന്നത്, ‘ജനങ്ങൾ ദൈവ ഭക്തിയുള്ളവരാകാൻ വേണ്ടി അല്ലാഹു അപ്രകാരം അവന്റെ ദൃഷ്ടാന്തങ്ങൾ അവർക്ക് വ്യക്തമാക്കികൊടുക്കുന്നു’ (അൽബഖറ: 187) എന്ന് പറഞ്ഞുകൊണ്ടാണ്.
രണ്ട്: ഇഖ്ലാസ് ഉണ്ടാവുക, പ്രകടനപരത വെടിയുക
എല്ലാം ചെയ്യാൻ കഴിവുണ്ടായിരിക്കെ നോമ്പുകാരൻ അവയെല്ലാം വെടിയുന്നു. സ്വാദിഷ്ടമായ ഭക്ഷണവും തണുത്ത വെള്ളവും സമീപത്തുണ്ടായിട്ടും, കൺമുന്നിൽ ഇണയുണ്ടായിട്ടും അവൻ നോമ്പെടുക്കകയാണ്. അബൂഹുറൈറ(റ)വിൽ നിന്ന് മുസ്ലിം റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ പറയുന്നു: ‘ആദം സന്തതികളുടെ ഓരോ പ്രവർത്തനവും ഇരട്ടിക്കുന്നതാണ്. നന്മക്ക് പത്തിരട്ടി മുതൽ എഴുപത് ഇരട്ടിയാണ് പ്രതിഫലം. അല്ലാഹു പറയുന്നു; നോമ്പ് അതിൽ നിന്ന് ഒഴിവാകുന്നതാണ്, അത് എനിക്കുള്ളതാണ്, അതിന് ഞാനാണ് പ്രതിഫലം നൽകുക, വികാരവും ഭക്ഷണവും അവൻ എനിക്ക് വേണ്ടിയാണ് ഉപേക്ഷിക്കുന്നത്.’
മൂന്ന്: മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യത്തെ ഓർമിപ്പിക്കുക
മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യം ഇബാദത്ത് തന്നെയാണ്. ‘ജിന്നിനെയും മനുഷ്യരെയും എന്നെ ഇബാദത്ത് ചെയ്യുവാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിടിച്ചിട്ടില്ല.’ (അദ്ദാരിയാത്: 56) നോമ്പെടുക്കുന്ന വിശ്വാസി അവന്റെ നോമ്പിലൂടെ പ്രഥമവും പ്രധാനവുമായ ലക്ഷ്യത്തെ കുറിച്ച് ഓർക്കുകയും, എല്ലാ അടിമത്തത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യും. ഇച്ഛകളെ ആരാധിക്കുന്നതിനെ അല്ലാഹുവിന്റെ റസൂൽ മോശമായി കാണുന്നു. അല്ലാഹിവുന്റെ റസൂലിൽ നിന്ന് മുസ്ലിം റിപ്പോർട്ട് ചെയ്യുന്നു: ‘ദീനാറിന്റെയും (സ്വർണ നാണയം) ദിർഹമിന്റെയും (വെള്ളി നാണയം) വസ്ത്രത്തിന്റെയും (വില കൂടിയ വസ്ത്രം) അടിമ നശിച്ചതുതന്നെ.’
നാല്: പിശാചിനെ പിടിച്ചുകെട്ടുകയും അതിജയിക്കുകയും ചെയ്യുക
ആദം സന്തതികളെ കീഴ്പ്പെടുത്താനുള്ള പിശാചിന്റെ ഏറ്റവും പ്രധാനപ്പെട്ട മാർഗം ഇച്ഛകളാണ്. ഈ ഇച്ഛകളെ ഭക്ഷണ, പാനീയങ്ങൾ ഉദ്ധീപപ്പിക്കുന്നു. എന്നാൽ, നാമ്പ് അതിനെ മന്ദീഭവിപ്പിക്കുന്നു. ഇബ്നു റജബ് പറയുന്നു: ‘ആദം സന്തതികളിലൂടെ ഒഴുകുന്ന പിശാചിന്റ രക്തത്തെ നോമ്പ് നിയന്ത്രിക്കുന്നു. പിശാചിന്റെ പ്രേരണകൾ നോമ്പിലൂടെ നിയന്ത്രിക്കപ്പെടുന്നു.’ (ലതാഇഫുൽ മആരിഫ്: പേജ്-155)
അഞ്ച്: അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ തിരിച്ചറിയുക
പട്ടിണിയും ദാഹവും സൃഷ്ടികൾക്ക് മേൽ അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ വെളിവാക്കുന്നു. അല്ലാഹു പറയുന്നു: ‘അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾ എണ്ണുകയാണെങ്കിൽ നിങ്ങൾക്കതിന്റെ കണക്കെടുക്കാനാവില്ല.’ (ഇബ്റാഹീം: 34) നോമ്പിന്റെ സൂക്തങ്ങൾ അല്ലാഹുവിന് നന്ദി കാണിക്കുന്നതിലേക്ക് വിരൽ ചൂണ്ടുന്നു. ‘നിങ്ങൾക്ക് നേർവഴി കാണിച്ചുതന്നതിന്റെ പേരിൽ അല്ലാഹുവിന്റെ മഹത്വം നിങ്ങൾ പ്രകീർത്തിക്കുവാനും നിങ്ങൾ നന്ദിയുള്ളവരായിരിക്കാനും വേണ്ടിയത്രെ (ഇങ്ങനെ കൽപിച്ചിട്ടുള്ളത്).’ (അൽബഖറ: 185)
ആറ്: അഗതികളും ദരിദ്രരുമായ സഹോദരങ്ങളെ കുറിച്ച് വിശ്വാസിയെ ഓർമിപ്പിക്കുക
ദാഹവും പട്ടിണിയും വിശ്വാസിയെ ദരിദ്രന്റെ ദാരിദ്രത്തെയും അഗതികളുടെ ദുർബലാവസ്ഥയെയും നിർധനന്റെ ആവശ്യത്തെയും ബോധ്യപ്പെടുത്തുന്നു. അവരോടുള്ള കാരുണ്യമാണ് നമ്മിൽ നിന്ന് ആവശ്യപ്പെടുന്നത്. ‘മാതാപിതാക്കളോട് നല്ല നിലയിൽ വർത്തിക്കുക; ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും.’ (അന്നിസാഅ്: 36) എന്തിനാണ് നോമ്പ് നിർബന്ധമാക്കിയതെന്ന് സലഫുകളോട് ചോദിക്കപ്പെട്ടപ്പോൾ അവർ പറഞ്ഞു; ധനികൻ പട്ടിണി രുചിക്കുന്നതിനും പട്ടിണി കിടക്കുന്നവനെ മറക്കാതിരിക്കാനും വേണ്ടിയാണ്.
ഏഴ്: വിശ്വാസിയുടെ ധാർമിക വശത്തെ ശക്തിപ്പെടുത്തുക
നോമ്പെടുക്കുമ്പോൾ വിശ്വാസിയുടെ സ്വഭാവം ഉന്നതമാകുന്നു. ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്യുന്നു: ‘നോമ്പ് പരിചയാണ്. മ്ലേച്ചതയും തർക്കവും വിട്ട് നിങ്ങളിൽ ഒരുവൻ നോമ്പെടുക്കുകയും, അവനെ ഒരാൾ ചീത്തവിളിക്കുകയോ അവനോട് ഏറ്റുമുട്ടുകയും ചെയ്യുകയാണെങ്കിൽ അവൻ പറയട്ടെ; ഞാൻ നോമ്പുകാരനാണ്.’
എട്ട്: സമുദായം ഐക്യം ബലപ്പെടുത്തുക
സമുദായം മുഴുവനും ഒരു ദിവസം ഒരേ സമയം നോമ്പെടുക്കുന്നു. ചന്ദ്രൻ കാണുമ്പോൾ നോമ്പ് ആരംഭിക്കുകയും പ്രഭാതത്തിൽ നോമ്പ് പിടിക്കുകയും മഗ്രിബാകുമ്പോൾ ഭക്ഷണപാനീയങ്ങളാൽ നോമ്പ് തുറക്കുകയും ഈദിൽ എല്ലാവരും ഒന്നിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു.
ഒമ്പത്: ആരോഗ്യം നിലനിർത്തുക
ചില ഉദ്ധരണികളിൽ കാണാം; ‘നോമ്പെടുക്കൂ ആരോഗ്യവാനാകൂ’ എന്നത്. ഇതിന്റെ സനദ്-പരമ്പര പൂർണമല്ലെങ്കിലും ശാസ്ത്രം ഇത് സ്ഥാപിക്കുന്നുണ്ട്. തുർമുദി റിപ്പോർട്ട് ചെയ്യുന്നു: ‘ആദം സന്തതികൾ തന്റെ വയറിനെക്കാൾ മോശമായ ഒരു പാത്രവും നിറയ്ക്കുന്നില്ല. മനുഷ്യന് തന്റെ മുതുകിനെ നിലനിർത്താനുള്ള ഭക്ഷണം മതിയാകുന്നതാണ്. അനിവാര്യമെങ്കിൽ (അഥവാ അത് മതിയാകുന്നില്ലെങ്കിൽ), മൂന്നിലൊന്ന് ഭക്ഷണത്തിനും മൂന്നിലൊന്ന് പാനീയത്തിനും മൂന്നിലൊന്ന് ശ്വാസോച്ഛാസത്തിനുമാണ്.’
മൊഴിമാറ്റം: അർശദ് കാരക്കാട്