ആത്മ സംസ്കരണത്തിൻെറ രാപകലുകൾ
“അകം ആണ് മനുഷ്യൻ” എന്നത് നമുക്ക് അനുഭവ വേദ്യമാണെങ്കിലും നാം പൊതുവെ കാണുന്നതിൽ മാത്രം അഭിരമിക്കുന്നവരാണ്. അതുകൊണ്ടാണ് കാഴ്ചയും, കേൾവിയും സൃഷ്ടിക്കുന്നതിനപ്പുറം അധർമം പരത്തുന്ന ചിന്താ മാലിന്യം നമുക്ക് ചർച്ചയാവാത്തത്.
ആത്മാവ്, മനസ്സ്, ഹൃദയം, ആലോചന.. എന്നൊക്കെ പറയുമ്പോൾ അർത്ഥമാക്കുന്ന ഉള്ളം സദാ വിശുദ്ധമാക്കി വെക്കാതെ നമുക്ക് ധാർമികക്കരുത്ത് ലഭിക്കില്ല. “സ്വയം പരിശോധിക്കാത്ത ജീവിതം ജീവിതമല്ല” എന്ന് സോക്രട്ടീസ് പറഞ്ഞത് ഓർക്കുക.
ശിക്ഷണങ്ങളിൽ (തർബിയത്ത് ) ഏറ്റവും മുഖ്യം ആത്മീയ ശിക്ഷണമാണ് എന്ന് മുഹമ്മദ് ഖുതുബ് ഖുർആനിൻ്റെ വെളിച്ചത്തിൽ നിരീക്ഷിക്കുന്നുണ്ട്.( യഥാർത്ഥത്തിൽ എല്ലാ മതാധ്യാപനങ്ങളും അങ്ങനെ തന്നെയാണ് )
ആത്മാവും ജഡവുമാണ് മനുഷ്യൻ. ആത്മവിശുദ്ധിയും ആത്മീയക്കരുത്തും ആത്മനിയന്ത്രണവുമാണ് കരളുറപ്പുള്ള മനുഷ്യനെ തീർക്കുന്നത്. അധർമവും അരാജകത്വവും അനീതിയും പരത്തുന്നവരെ “ഉള്ളം കെട്ട ജനം” എന്ന് വേദഗ്രന്ഥം നിരീക്ഷിച്ചിട്ടുണ്ട്.
ജീവിതത്തെരക്കുകൾക്കിടയിൽ അകം ജീർണിക്കുന്നത് നാം അറിയുന്നില്ല! അന്ധവിശ്വാസങ്ങൾ, അക്രമവാസനകൾ, അഗമ്യഗമനങ്ങൾ… എല്ലാം ഉടലെടുത്തത് നമ്മുടെ അകത്തായിരുന്നു. ബാഹ്യ പ്രവർത്തനങ്ങളത്രയും അകത്തിൻ്റെ ആവിഷ്കാരങ്ങളും!
ഒരു വർഷക്കാലം നിരന്തരമായി ഓടിനടന്ന നമുക്ക് ഇനി ഒരു മാസക്കാലം അകയന്ത്രങ്ങളെ പരിശോധിക്കുന്ന ആത്മവിചാരണക്കാലമാക്കാം. കഴിഞ്ഞ കാലം നാം അശ്രദ്ധമായി അവഗണിച്ച പായലും പൂപ്പലും വളർന്നു വലുതായി ഹൃദയ മസ്തിഷ്കങ്ങളെ കീഴടക്കിയിട്ടുണ്ട്. റമദാൻ മാസം ആ ജീർണതകളിലേക്കാണ് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
വിശപ്പ് വലിയൊരു വിഷയം തന്നെയാണ്. അതുകൊണ്ടാണ് മനുഷ്യബന്ധങ്ങളുടെ “റമദാൻ കിറ്റുകളും” ദാനധർമങ്ങളും നോമ്പുകാലത്ത് സജീവമാകുന്നത്. അതേയവസരം നോമ്പെടുത്ത് തോന്നിയതെല്ലാം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ “വെറും വിശപ്പുകാർ” എന്ന് ആക്ഷേപ സ്വരത്തിലൂടെ നഷ്ടക്കാരിൽ പെടുത്തിയിട്ടുണ്ട് പുണ്യ പ്രവാചകൻ.
ആത്മാവ് വിശുദ്ധങ്ങളിലേക്ക് കയറിപ്പോകേണ്ട മൂന്ന് അവസ്ഥകളെ പറ്റി ഖുർആൻ പറഞ്ഞിട്ടുണ്ട്. അവ വിശദീകരിക്കവേ ജഡികതൃഷ്ണകളായ കാമം, കോപം, ആർത്തി എന്നിവയാണ് അവയിൽ മുഖ്യം എന്ന് ഇമാം ഗസാലി കണ്ടെത്തുന്നു. നാം ജീവിക്കുന്ന കാലഘട്ടത്തിൽ ദേഹേഛയുടെ ഉദാഹരണങ്ങൾ നിരത്തേണ്ടതില്ല. “എവിടെയും പോകൂ, എന്തും ചെയ്യൂ” എന്നത് അൽപ്പം മുമ്പുവരെ ഒരു മൊബൈൽ പരസ്യം മാത്രമായിരുന്നു.
പൂർണ വിശുദ്ധരായിട്ടായിരുന്നു നാം ഭൂമിയിൽ പിറന്നു വീണത്. അതേ വിശുദ്ധി തിരിച്ചുപിടിച്ചു വേണം മരണാനന്തരം നാം ദൈവസന്നിധിയിലേക്ക് ചെല്ലാൻ. അത്തരക്കാരോടാണ് ശാശ്വത ജീവിതത്തിൻ്റെ സ്വർഗത്തിൽ പ്രവേശിച്ചു കൊള്ളൂ എന്ന് ഖുർആൻ പറയുന്നതും.
(89:27 -30)
“സുരക്ഷിത ഹൃദയമുള്ളവർ ” (ഖൽബുൻ സലീം) എന്നും അവരെ ഖുർആൻ പരിചയപ്പെടുത്തിയിരിക്കുന്നു!