റമദാനിലെ പ്രവാചകന്റെ ഒരു ദിവസം

നബി(സ) യുടെ റമദാനിലെ ജീവിതമെങ്ങനെയായിരുന്നു? എങ്ങനെയായിരുന്നു നോമ്പനുഷ്ഠിച്ചത്? എങ്ങനെയായിരുന്നു അത്താഴം കഴിച്ചത്? എങ്ങനെയായിരുന്നു നോമ്പു തുറന്നത്? എങ്ങനെയായിരുന്നു ഒരു ദിവസം കഴിച്ചുകൂട്ടിയത്? എന്നിങ്ങനെ പല ചോദ്യങ്ങളും വിശ്വാസികള്‍ പലപ്പോഴായി ചോദിക്കാറുള്ളതാണ്. അതൊന്ന് ചുരുക്കി വിശദീകരിക്കാം.
എല്ലാ ദിവസവും നോമ്പിനുള്ള നിയ്യത്ത് വെക്കുമായിരുന്നു നബി(സ) . ഏതെങ്കിലുമൊരു ഭാര്യമാരുടെയടുക്കല്‍ നിന്ന് വളരെ കുറഞ്ഞ ഭക്ഷണം കൊണ്ടായിരുന്നു അത്താഴം കഴിച്ചത്. ചിലപ്പോള്‍ അല്പം കാരക്കയും അല്ലെങ്കില്‍ ഭക്ഷണവും വെള്ളവുമായിരുന്നു അത്താഴം. ചിലനേരങ്ങളില്‍ സ്വഹാബാക്കളോടൊപ്പം അത്താഴം കഴിച്ചു. നബിയും സൈദ് ബിന്‍ ഹാരിസ(റ)യും ഒരുമിച്ച് അത്താഴം കഴിച്ചുവെന്ന് സ്വഹീഹായ ഹദീസില്‍ കാണാം. അത്താഴത്തിന് ശേഷം ഏകദേശം അന്‍പത് ആയത്തുകള്‍ ഓതാനാവുന്നത്രയും കണക്കിന് നമസ്കരിക്കും, സുബ്ഹ് ബാങ്കുവരെ നമസ്കാരം നീളും. സുബ്ഹിന്റെ രണ്ടു റക്അത്ത് സുന്നത്ത് നമസ്കരിച്ച് വീട്ടില്‍ തന്നെയിരിക്കും. നമസ്കരിക്കാന്‍ സമയമാവുമ്പോള്‍ ബിലാല്‍(റ) വന്ന് സമ്മതം ചോദിച്ചാല്‍ വീട്ടില്‍ നിന്നിറങ്ങി ജനങ്ങള്‍ക്ക് ഇമാമായി നിന്ന് നമസ്കരിക്കും. ഇതായിരുന്നു രീതി.
തുടര്‍ന്ന് സൂര്യോദയം വരെ ദിക്റുകളിലായി പള്ളിയില്‍ തന്നെ കഴിഞ്ഞുകൂടുകയും തുടര്‍ന്ന് രണ്ടു റക്അത്ത് നമസ്കരിച്ച് വീട്ടിലേക്ക് മടങ്ങുകയും ചെയ്യും. ഇപ്രകാരം ചെയ്തവര്‍ക്ക് സമ്പൂര്‍ണമായ ഹജ്ജും ഉംറയും ചെയ്ത പ്രതിഫലമുണ്ടെന്ന് നബി (സ) പറയുന്നു. വീട്ടിലാവുമ്പോള്‍ ഭാര്യമാരെ സഹായിച്ചും അവരോട് സല്ലപിച്ചും കഴിയുമായിരുന്നു. നോമ്പുകാരനായിരിക്കെ ഭാര്യമാരെ ചുംബിക്കുക പോലും ചെയ്യുമായിരുന്നു.
മഗ്രിബിന്റെ സമയമായാല്‍ വൈകുന്നേരത്തെ ദിക്റുകളും ചില പ്രത്യേക ദുആകളുമായി നിരതമാവും. മഗ്രിബ് ബാങ്കുവിളിച്ചയുടനെ നോമ്പുതുറക്കാനുള്ള വിഭവം കൊണ്ടുവരാനാവശ്യപ്പെടുകയും മഗ്രിബ് നമസ്കാരത്തിനു മുമ്പുതന്നെ നോമ്പുതുറക്കുകയും ചെയ്യും. പച്ച ഈത്തപ്പഴം, അതില്ലെങ്കില്‍ കാരക്ക, അതുമില്ലെങ്കില്‍ വെറും വെള്ളം എന്നിവ കൊണ്ടായിരുന്നു നോമ്പുതുറന്നത്. അനസ്(റ) ഇക്കാര്യം നിവേദനം ചെയ്യുന്നുണ്ട്.
ഇഫ്താറിന് ശേഷം പള്ളിയില്‍ വെച്ച് മഗ്രിബ് നമസ്കരിച്ച ശേഷം വീണ്ടും വീട്ടില്‍ വന്ന് മഗ്രിബിന് ശേഷമുള്ള സുന്നത്ത് നമസ്കരിക്കുകയും ഭാര്യമാര്‍ക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്യും. ഇശാ ബാങ്കുവിളിച്ചാല്‍ വീട്ടില്‍ നിന്ന് രണ്ടു റക്അത്ത് സുന്നത്ത് നമസ്കരിച്ച് പള്ളിയില്‍ ജനങ്ങള്‍ക്ക് ഇമാമായി ഇശാഅ് നമസ്കരിക്കും. മൂന്നു വട്ടമായിരുന്നു ജനങ്ങള്‍ക്ക് ഇമാമായി നബി തങ്ങള്‍ തറാവീഹ് പള്ളിയില്‍ വെച്ച് നമസ്കരിച്ചത്. നിര്‍ബന്ധമാക്കപ്പെടുമോ എന്നു ഭയന്ന് വീട്ടില്‍ നിന്ന് തന്നെ നമസ്കരിക്കുകയായിരുന്നു പിന്നീട്. തുടര്‍ന്ന് വീട്ടില്‍ നിന്ന് ദീര്‍ഘമായി സുന്നത്ത് നമസ്കരിക്കുമായിരുന്നു. നമസ്കാരം കഴിഞ്ഞാല്‍ വിത്റ് നമസ്കാരത്തിനു മുമ്പായി അല്പം ഉറങ്ങും. ഇതേക്കുറിച്ച് ആഇശാ(റ) ചോദിച്ചപ്പോള്‍ ‘എന്റെ കണ്ണുകള്‍ മാത്രമാണുറങ്ങുന്നത്, ഹൃദയം ഉറങ്ങുന്നില്ല’ എന്നായിരുന്നു മറുപടി. വിത്റ് നമസ്കരിക്കുന്നതിനു മുമ്പ് ഉറങ്ങാതിരിക്കലാണ് സുന്നത്തെന്നും ഇപ്പറഞ്ഞത് നബി തങ്ങളുമായി മാത്രം ബന്ധപ്പെട്ട വിഷയമാണെന്നും ഇതിലൂടെ മനസ്സിലാക്കാം.
റമദാന്റെ രാത്രികളില്‍ ഭാര്യമാരുമായി ബന്ധപ്പെട്ടാല്‍ സുബ്ഹി വരെ ഉറങ്ങുമായിരുന്നു. വലിയ അശുദ്ധിക്കാരനായിരിക്കെ കുളിച്ച് സുബ്ഹി നമസ്കാരത്തിനായി പള്ളിയില്‍ പോവുകയും ചെയ്യും. റമദാനിലെ നിരോധനങ്ങള്‍ പകലില്‍ മാത്രമാണെന്നും പൊതുവില്‍ അനുവദിക്കപ്പെട്ട കാര്യങ്ങള്‍ റമദാനിലെ രാത്രിയിലും അനുവദനീയമാണെന്നും ഇതു തെളിയിക്കുന്നു.
പ്രധാനമായും ഖുര്‍ആന്‍ പാരായണം, നമസ്കാരം, ദിക്റുകള്‍, സ്വദഖ എന്നിവ റമദാനില്‍ വര്ധിപ്പിക്കുമായിരുന്നു. അല്പം മാത്രം ഭക്ഷിക്കുകയും ചിലപ്പോള്‍ രണ്ടോ മൂന്നോ ദിവസം തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കുകയും ചെയ്തു. അതേക്കുറിച്ചു ചോദിച്ചപ്പോള്‍ ‘അല്ലാഹു എനിക്ക് ഭക്ഷണവും പാനീയവും തരുന്നുണ്ട്’ എന്നായിരുന്നു മറുപടി.
അല്ലാഹുവിന് വേണ്ടി വിശപ്പു സഹിക്കുകയെന്ന പാഠമാണ് പ്രധാനമായി റമദാനിലൂടെ നബി തങ്ങള്‍ നമുക്ക് പകര്‍ന്നു തരുന്നത്. ഇന്ന് പലയിടത്തും കാണുന്നതു പോലെ റമദാന് മാസം തീറ്റയുടെയോ കുടിയുടെയോ മാസമല്ലെന്നും മറിച്ച് ആരാധനകളുടെ മാസമാണെന്നും നബി തങ്ങള്‍ പഠിപ്പിക്കുന്നു.
പള്ളിയില്‍ നിന്നുള്ള രാത്രി നമസ്കാരം ഒഴിവാക്കിയ ശേഷം വീട്ടില്‍ വെച്ച് നമസ്കരിക്കുമായിരുന്നു. ഒരു റമദാനിലെ അവസാന രാത്രികളില്‍ മക്കളെയും ഭാര്യമാരെയും ഒരുമിച്ചുകൂട്ടി മറ്റൊരിക്കല്‍ കൂടി ജമാഅത്തായി നിസ്കരിച്ചിരുന്നു.
മറ്റു മാസങ്ങളെക്കാള്‍ സ്വദഖ നന്നായി വര്ധിപ്പിക്കുമായിരുന്നു നബി തങ്ങള്‍. റമദാനിലെ നബി തങ്ങളുടെ ദാനധര്‍മത്തെ കാറ്റു വീശുന്ന പോലെയെന്നാണ് സ്വഹാബികള്‍ വിശേഷിപ്പിച്ചത്. അവസാനത്തെ പത്തില്‍ അധികമായി പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കുന്നതും നബി തങ്ങളുടെ രീതിയായിരുന്നു. നബി തങ്ങള്‍ വഫാത്തായ വര്‍ഷത്തെ റമദാനില്‍ ഇരുപതു ദിവസവും ഇഅ്തികാഫിരുന്നു. ലൈലത്തുല്‍ ഖദ്റ് പ്രതീക്ഷിക്കപ്പെടുന്ന രാത്രിയായതു കൊണ്ടുതന്നെ അതിന് വലിയ പ്രാധാന്യം നല്കി. ‘റമദാനിലെ അവസാനത്തെ പത്തില്‍ നിങ്ങള്‍ ലൈലത്തുല്‍ ഖദ്റ് പ്രതീക്ഷിക്കുകയെന്ന്’ നബി തങ്ങള്‍ പറയുന്നു.
റമദാന് മാസത്തില്‍ നന്നായി ദുആ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു നബി തങ്ങള്‍. ഞാന്‍ ലൈലത്തുല്‍ ഖദ്റ് എത്തിച്ചാല്‍ എന്താണ് ദുആ ചെയ്യേണ്ടതെന്ന് ആഇശാ ബീവി(റ) ചോദിച്ചപ്പോള്‍ ‘അല്ലാഹുവേ, നീ പൊറുത്തുതരുന്നവനും മാന്യനുമാണ്, മാപ്പിനെ ഇഷ്ടപ്പെടുന്നവനുമാണ്, എനിക്കു മാപ്പു നല്‍കണേ’ എന്നു ദുആ ചെയ്യാനായിരുന്നു നബി തങ്ങള്‍ പറഞ്ഞത്(തുര്‍മുദി). അവസാനത്തെ പത്തായാല്‍ സുബ്ഹിന് മുമ്പ് ഭാര്യമാരെയും ഉണര്‍ത്തി ആരാധനകള്‍ കൊണ്ട് കല്പിക്കുമായിരുന്നു. ഇക്കാര്യം തുര്‍മുദി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഭക്ഷണം, പാനീയം, മറ്റു ഭൗതിക വിഷയങ്ങള്‍ മാത്രം ശ്രദ്ധിച്ച് ദീനീ വിഷയങ്ങള്‍ ശ്രദ്ധിക്കാത്തവരില്‍ നിന്ന് വിഭിന്നമായി, ഭാര്യമാരുടെ വിജയം ആഗ്രഹിക്കുന്ന ഉത്തമ ഭര്‍ത്താവിനുള്ള ഉദാത്തമായ ഉദാഹരണം നബി തങ്ങള്‍ തന്നെയാണ്. ‘നിങ്ങള്‍ നിങ്ങളുടെ സ്വന്തത്തെയും ബന്ധുക്കളെയും നരകത്തെ തൊട്ട് സൂക്ഷിക്കുക'(തഹ് രീം-6) എന്ന സൂക്തം ഇതിന് അടിവരയിടുന്നു.
വിവ. മുഹമ്മദ് ശാക്കിര്‍ മണിയറ