റമദാൻ പകലിൽ ദീർഘമായി ഉറങ്ങൽ
വിശുദ്ധ റമദാൻ മാസത്തിലെ ഉറക്കത്തെക്കുറിച്ച് പറഞ്ഞ് തുടങ്ങുമ്പോൾ ആദ്യമായി മനസ്സിലാക്കേണ്ടത് റമദാൻ എന്നുള്ളത് രാപ്പകലുകൾ ഭേദമന്യെ ആരാധനയ്ക്കുള്ള മാസമാണ് എന്ന വസ്തുതയാണ്. രാത്രിയിൽ തറാവീഹ് നമസ്കരിച്ചും ഖുർആൻ ഓതിയും പകലിൽ നോമ്പനുഷ്ഠിച്ചും വിശ്വാസികൾ ഈ മാസത്തെ ആരാധനാനിരതമാക്കുന്നു. ഈ ആരാധനകൾക്കുള്ള മഹത്തായ പ്രതിഫലത്തെ കുറിച്ച് വിശുദ്ധ വചനങ്ങളിൽ വന്നിട്ടുള്ളതുമാണ്. ലോകത്തെമ്പാടുമുള്ള മുസ്ലിംകൾ ഏറെ ക്ഷമയോടെയും ആകാംക്ഷയോടെയുമാണ് വിശുദ്ധ റമദാനെ കാത്തിരിക്കുന്നത്. തങ്ങളുടെ ജീവിതത്തിലെ പുതിയൊരു അധ്യായം തുടങ്ങാനും ആത്മാവിനെയും ശരീരത്തെയും ഒരുപോലെ ശുദ്ധീകരിക്കാനുമുള്ള അവസരത്തിനാണ് അവർ കാത്തിരിക്കുന്നത്. പക്ഷേ ദൗർഭാഗ്യകരമെന്നോണം, ചിലർ ഈ പരിശുദ്ധ നിമിഷങ്ങളെ നഷ്ടപ്പെടുത്തുകയും നോമ്പ് കാരണം പറഞ്ഞ് ദിവസം മുഴുവനും ഉറങ്ങി തീർക്കുകയും ചെയ്യുന്നു. എന്നാൽ മറ്റു ചിലർ ഉറങ്ങാനും ഉണരാനുമുള്ള സമയം കൃത്യമായി ചിട്ടപ്പെടുത്താൻ സാധിക്കാതെ വലയുന്നു. സത്യത്തിൽ നോമ്പ് നേരിട്ട് നമ്മുടെ ഉറക്കിനെ സ്വാധീനിക്കുന്നുണ്ടോ? നോമ്പിൻ്റെയും വിശുദ്ധ ഖുർആൻ്റെയും പവിത്രത വിളിച്ചോതുന്ന ഹദീസുകൾ ഒരുപാട് കാണാം.
നബി തങ്ങൾ പറയുന്നു: അന്ത്യനാളിൽ ഖുർആനും നോമ്പും അടിമക്ക് വേണ്ടി ശുപാർശ ചെയ്യും. നോമ്പ് പറയുമത്രെ; റബ്ബേ, പകലിൽ ഭക്ഷണവും എല്ലാ വിധ ആഗ്രഹങ്ങളും ഞാൻ അവന് വിലക്കി. ആയതിനാൽ അവൻ്റെ വിഷയത്തിൽ എൻ്റെ ശുപാർശ സ്വീകരിക്കണം. രാത്രിയിൽ ഖുർആൻ പാരായണം ചെയ്തവനെ കുറിച്ച് വിശുദ്ധ ഖുർആൻ പറയുമത്രെ; രാത്രിയിൽ അവനെ ഉറങ്ങുന്നതിൽ നിന്ന് ഞാൻ തടഞ്ഞിട്ടുണ്ട്. ആയതിനാൽ അവൻ്റെ വിഷയത്തിൽ എൻ്റെ ശുപാർശ സ്വീകരിക്കണം. അങ്ങനെ അവരുടെ ശുപാർശ അല്ലാഹു സ്വീകരിക്കും.
നോമ്പുകാരൻ പകൽ മുഴുവൻ ദീർഘമായി ഉറങ്ങുന്നത് കൊണ്ട്, നമസ്ക്കാരമൊന്നും നഷ്ടമാവാത്ത കാലത്തോളം അവൻ കുറ്റക്കാരനല്ല, നോമ്പ് സ്വീകാര്യവുമാണ്. ചിലപ്പോൾ നോമ്പുകാരന് വിലക്കപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് സ്വന്തത്തെ സംരക്ഷിക്കാനും നോമ്പിൻ്റെ യുക്തിക്ക് നിരക്കാത്ത കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കാനും ഇതുകൊണ്ട് സാധിച്ചെന്നു വരാം. ഇതിൽ കളവ്, പരദൂഷണം പോലോത്ത ദോഷങ്ങളും പെടും. കളവ് പറയൽ ഉപേക്ഷിക്കാതെ കഴിയുന്നവൻ ഭക്ഷണവും പാനീയവും ഉപേക്ഷിച്ച് നോമ്പനുഷ്ഠിക്കേണ്ട കാര്യമില്ലെന്ന് ഹദീസിൽ കാണാം(ബുഖാരി).
നോമ്പുകാരൻ്റെ ഉറക്കം ആരാധനയാണ് എന്ന ഹദീസ് നബിയിൽ നിന്ന് സ്വഹീഹായി വന്നതുമല്ല. നോമ്പുകാരൻ പകൽ മുഴുവൻ ഉറങ്ങിയാലും പ്രബലമായ അഭിപ്രായ പ്രകാരം നോമ്പ് ശരിയാകുമെന്ന് ഇമാം നവവി റൗദയിൽ പറയുന്നു. ഇതേയഭിപ്രായം ഇബ്നു ഖുദാമ മുഗ്നി എന്ന ഗ്രന്ഥത്തിലും രേഖപ്പെടുത്തുന്നു.
നോമ്പു കാലത്ത് പകലിൽ കൂടുതൽ ഉറക്കം വരുന്നതിനെ കുറിച്ച് നടത്തപ്പെട്ട പഠനങ്ങൾ ഒക്കെ തെളിയിക്കുന്നത് സാധാരണ പോലെ ഉറക്കിൻ്റെയും ഉണർച്ചയുടെയും സമയം കൃത്യമായി അനുവർത്തിക്കപ്പെടുകയും കൃത്യമായ ആരോഗ്യം കാത്തു സൂക്ഷിക്കുകയും ചെയ്താൽ നോമ്പ് ഉറക്കിനെ നേരിട്ടു ബാധിക്കില്ല എന്നതാണ്. എന്നാലും ഈ മാസത്തിൽ ഉറക്കം പലപ്പോഴും താറുമാറാവുന്നത് എന്തുകൊണ്ടാണ്. കൃത്യമായ ഉത്തരം, വിശുദ്ധ റമദാനിൽ ഓരോ നാടുകളും പ്രത്യേകമായ ആരാധനകൾ കൊണ്ടും ആചാരങ്ങൾ കൊണ്ടും വേറിട്ടു നിൽക്കുന്നു. മിക്ക ആളുകളും റമദാൻ രാത്രികളിൽ കൂടുതലായി ഭക്ഷണം കഴിക്കുന്നതും ശീലമാക്കുന്നു. രാത്രിയിലെ ശരീരത്തിൻ്റെ ആരോഗ്യ നില താറുമാറാവാനും താപനില വർധിക്കാനും ഇത് കാരണമാവുന്നു. ഇതുവഴി പതിയെ തൂങ്ങിയുറങ്ങാനും ഉറക്കിലേക്ക് വഴുതാനും തുടങ്ങുന്നു. നോമ്പ് തൂങ്ങിയുറക്കം ഉണ്ടാക്കുമോ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ നോമ്പ് ശരീരത്തിൻ്റെ ഫീസിയോളജിയിൽ വരുത്തുന്ന സ്വാധീനവും ഒരു മാസത്തിനിടെ മാറുന്ന ജീവിതരീതി ഉറക്കിനെ എങ്ങനെ സ്വാധീനിക്കുന്നു എന്നതും മനസ്സിലാക്കണം.
കറൻ്റ് കണ്ടു പിടിക്കുന്നതിനു മുൻപ് ജനങ്ങൾ തറാവീഹ് നമസ്കാരം കഴിഞ്ഞ് നേരെ ഉറങ്ങുമായിരുന്നു. അത്താഴ സമയത്ത് എഴുന്നേൽക്കുകയും ചെയ്യും. പക്ഷെ, വർത്തമാന കാലത്ത് ജനജീവിതം കൂടുതൽ മാറുകയും രാത്രി കച്ചവടങ്ങൾ വർദ്ധിക്കുകയും കുടുംബത്തിനും സുഹത്തുക്കൾക്കും ഇടയിലുള്ള പരസ്പര കൂടലുകൾ നേരം വൈകിയും ഉണ്ടാവുകയും ചെയ്തതോടെ കൃത്യമായ ഉറക്കം പലപ്പോഴും ലഭിക്കാത്തതും ഇതിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. മറ്റൊരു നിലക്ക് പറഞ്ഞാൽ, പകൽ മുതൽ രാത്രി വരെയുള്ള ഭക്ഷണ ശൈലിയിൽ പെട്ടെന്നു വരുന്ന മാറ്റത്തിൻ്റെ ഭാഗമായി ശരീരത്തിലും ചില മാറ്റങ്ങൾ ഉണ്ടാകും. ഇതേക്കുറിച്ച് ഒരുപാട് പഠനങ്ങൾ നടന്നതുമാണ്. അവയൊക്കെയും തെളിയിക്കുന്നത് നോമ്പ് ഒരിക്കലും തന്നെ നേർക്കുനേർ അമിതമായ ഉറക്കം ഉണ്ടാകാനുള്ള കാരണമല്ല എന്നതാണ്. മറിച്ച്, ജീവിത രീതികളാണ് അവയ്ക്ക് കാരണമാവുന്നത്. ആയതിനാൽ, ജീവിത രീതി, വിശേഷിച്ച് ഉറക്കവും ഉണർച്ചയും കൃത്യവും ചിട്ടയുള്ളതും ആവുക എന്നതാണ് പ്രധാനം. കാരണം, പകലിൻ്റെ ഉറക്കം ഒരിക്കലും രാത്രിയിലെ ഉറക്കത്തിന് പകരമാവില്ല. രാത്രിയിൽ കൃത്യമായ ഉറക്കം പകലിൽ അല്പം മാത്രം വിശ്രമവുമാണ് ആവശ്യം. കൃത്യമായ ഉറക്കം ലഭിച്ച് ആരോഗ്യം കാത്തു സൂക്ഷിക്കുമ്പോൾ മാത്രമേ ആരാധനകളും കർമങ്ങളും നല്ല രീതിയിൽ നിർവഹിക്കാൻ ആവൂ. ഇത്തരത്തിൽ ഉറക്കത്തിൻ്റെ വിഷയത്തിൽ കൃത്യമായ രീതി അവലംബിക്കാത്തവർ പടിപടിയായി ആ രീതി ശീലമാക്കണം. ഉറക്കത്തിനും രണ്ടു മണിക്കൂർ മുമ്പ് തന്നെ തലപുകയുന്ന കാര്യങ്ങളിൽ നിന്ന് വിട്ടു നിന്നും രാവിലെ സൂര്യപ്രകാശം ഏറ്റും ആരോഗ്യം സൂക്ഷിക്കാം. ആവശ്യമാണെങ്കിൽ ഡോക്ടറെ സമീപിക്കുകയും ചെയ്യാം.
(അവലംബം- islamonlne.net )