ഖുർആൻ കൊണ്ട് ധന്യമായ മാസം

”മകനേ, നീ നിന്റെ ആമാശയം നിറച്ചാൽ നിന്റെ ചിന്ത മങ്ങിപ്പോവും.
ജ്ഞാനത്തിന്റെ ജിഹ്വ ഇല്ലാതായിപ്പോവും.
നിന്റെ അവയവങ്ങൾ ദൈവസമർപ്പണത്തിന് വഴങ്ങാതാവും” -ലുഖ്മാനുൽ ഹഖീം
മാസങ്ങളുടെ കൂട്ടത്തിൽ വിശിഷ്ടമായ മാസമാണ് റമദാൻ. ദൈവവും ദൂതനും സവിശേഷമായി അടയാളപ്പെടുത്തിയ മാസം. മാലാഖമാരുടെ സാന്നിധ്യമുള്ള മാസം. ആത്മീയലോകത്ത് നിന്ന് പ്രവാചകൻ മുഹമ്മദി (സ)ന്റെ തൃക്കരങ്ങളിലേക്ക് വിശുദ്ധവേദം പ്രസരിപ്പിക്കുന്നതിന് ദൈവം തുടക്കമിട്ട മാസം. ദൈവത്തോടുള്ള മുസ്ലിമിന്റെ പ്രതിജ്ഞ ഓർക്കാനും അത് പുതുക്കാനുമുള്ള നിമിഷങ്ങളാണ് റമദാൻ. നിത്യം ദൈവികവർണത്തിൽ ജീവിതത്തെ ആവിഷ്കരിക്കും എന്നതാണ് പ്രതിജ്ഞ. റമദാൻ മാസത്തിന് തുല്ല്യമായി റമദാൻ മാസം മാത്രമേയുള്ളൂ. ഇതരമാസങ്ങൾ പദവിയിൽ റമദാനിന്റെ താഴെ മാത്രമേ വരൂ. റമദാൻ സമാഗതമായാൽ വർണിക്കാനാവാത്ത അനുഭൂതിയാണ് അനുഭവപ്പെടുന്നത്. സ്വത്വം സന്തോഷത്താൽ നിർഭരമായിത്തീരുന്നു. ആത്മാവ് ആനന്ദത്താൽ തരളിതമാവുന്നു. യുക്തി ദൈവികപ്രഭയാൽ തിളക്കമുള്ളതാവുന്നു. പ്രകൃതി മുഴുവൻ തനിക്ക് അനുകൂലമായി ചലിക്കുന്നതുപോലെ മുസ്ലിമിന് അനുഭവപ്പെടുന്നു. ഒരു അദൃശ്യശക്തിയുടെ വലയത്തിൽ അഥവാ ദൈവികകരങ്ങളിൽ ജീവിതം സുരക്ഷിതമാണെന്ന വിശ്വാസം രൂഢമൂലമാവുന്നു. അനുരാഗതീവ്രതയാൽ ദൈവത്തോട് ഒട്ടിച്ചേരുകയും ദൈവം സൃഷ്ടാവും താൻ ദൈവത്തിന്റെ അടിമയുമാണെന്ന ബോധം മുദ്രണം ചെയ്യപ്പെടുകയും ചെയ്യുന്നു.
റമദാൻ മാസത്തെ വിശുദ്ധവേദം അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്. ശഹ്റുറമദാൻ എന്ന് പറഞ്ഞുകൊണ്ട് ആ മാസത്തിന്റെ നാമം സവിശേഷം എടുത്തുദ്ധരിച്ചിരിക്കുന്നു. വിശുദ്ധവേദത്തിന്റെ അവതരണത്തിന് തുടക്കം കുറിക്കാൻ ദൈവം തെരഞ്ഞെടുത്ത മാസമത്രെ റമദാൻ. റമദാനിന് സ്വയം പുണ്യമില്ല. വിശുദ്ധവേദത്തിന്റെ അവതരണം കൊണ്ടാണ് റമദാൻ മാസം വിശിഷ്ടമായി തീർന്നിരിക്കുന്നത്. വിശുദ്ധവേദത്തെ കൂടാതെയുള്ള റമദാൻ അചിന്തനീയമാണ്. റമദാനിലെ നോമ്പ് വിശുദ്ധവേദത്തോടുള്ള നന്ദിപ്രകാശനമെന്ന നിലക്കാണ് പ്രസക്തമായിതീരുന്നത്. കേവലമായ അനുഷ്ഠാനം എന്നതിനപ്പുറം ദൈവത്തിന് മുമ്പാകെയുള്ള സമർപ്പണമാണത്. അതിനാൽ റമദാൻ മാസത്തിൽ മുസ്ലിമിന് നോമ്പ് നിർബന്ധമാണ്. ”വിശ്വസിച്ചവരേ, നിങ്ങൾക്ക് നോമ്പ് നിർബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മുമ്പുണ്ടായിരുന്നവർക്ക് നിർബന്ധമാക്കിയിരുന്നതുപോലെ. നിങ്ങൾ ഭക്തിയുള്ളവരാകാൻ” (അൽബഖറ:183). ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നായാണ് പ്രവാചകൻ തിരുമേനി റമദാൻ മാസത്തിലെ നോമ്പിനെ പരിചയപ്പെടുത്തുന്നത്.
”അല്ലാഹുവല്ലാതെ മറ്റൊരു ദൈവമേയില്ല, മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു”, പരിശുദ്ധമായ ഈ വചനമാണ് ഇസ്ലാമിന്റെ ആദർശം. ആദർശം ദൈവത്തെക്കുറിച്ചും ദൂതനെകുറിച്ചുമുള്ള വൈജ്ഞാനികവും വിശ്വാസപരവുമായ ബോധമാണ്. മുസ്ലിമിന്റെ സർവ്വവുമാണ് ആദർശം. അവന്റെ മനസ്സിന്റെ സൗന്ദര്യമാണത്. അവന്റെ ജീവിതത്തിന്റെ വഴികാട്ടിയാണത്. അവന്റെ ചലനത്തിന്റെ ഊർജമാണത്. ആദർശമില്ലാതെ മുസ്ലിമിന് സവിശേഷമായ ഒരു സ്വത്വമില്ല. ആദർശത്തെ പൂർണാർഥത്തിൽ സ്വത്വത്തിൽ സ്വാംശീകരിച്ച് ദൈവത്തിന് മാത്രം സമർപ്പിതനാവുന്ന വ്യക്തിയുടെ നാമമാണ് മുസ്ലിം. ആദർശത്തെ മുസ്ലിമിൽ രൂഢമൂലമാക്കുകയാണ് നോമ്പ് നിർവ്വഹിക്കുന്ന സുപ്രധാന ദൗത്യം. നോമ്പുകാരൻ നോമ്പ് നോറ്റുകഴിഞ്ഞാൽ പിന്നീട് അവന്റെയുള്ളിൽ ആദർശമെന്ന ഒരേയൊരു യാഥാർഥ്യം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ദൈവത്തെയും ദൂതനെയും കുറിച്ചുള്ള ചിന്ത മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ആദർശവിശുദ്ധി മാത്രമായിരിക്കും അവന്റെ പരമമായ ലക്ഷ്യം.
നോമ്പ് മികച്ച ആത്മീയസാധനയാണ്. മനുഷ്യനെ ഇതര സൃഷ്ടികളിൽ നിന്ന് വേർതിരിക്കുന്ന ഘടകം അവന്റെയുള്ളിലെ അരൂപിയായ ആത്മാവിന്റെ സാന്നിധ്യമാണ്. ആത്മാവിന്റെ സ്ഫുടമാണ് ജീവിതത്തിന്റെ സ്ഫുടം. അതിന്റെ സൗന്ദര്യമാണ് ജീവിതത്തിന്റെ സൗന്ദര്യം. ആത്മാവിനെ നഷ്ടപ്പെടുത്തി മുഴുലോകവും നേടിയാലും അവകൊണ്ട് പ്രത്യേകിച്ചൊരു നേട്ടവും ഉണ്ടായിരിക്കുകയില്ല. ആത്മാവിനെ പൂർണമായും മാലിന്യങ്ങളിൽ നിന്ന് സ്ഫുടം ചെയ്തെടുക്കുന്ന പരിശീലന കളരിയാണ് റമദാൻ മാസം. ആത്മാവിനെ വിമലീകരിക്കുന്ന ഉലയാണ് നോമ്പ്. റമദാൻ എന്ന പദത്തിന്റെ അർഥം കരിച്ചുകളയുക എന്നാണല്ലോ. റമദാൻ മാസത്തിലെ നോമ്പ് ആത്മാവിൽ കയറിപ്പിടിച്ചിരിക്കാൻ സാധ്യതയുള്ള മുഴുവൻ ക്ലാവുകളെയും ഭസ്മമാക്കിക്കളയുന്നു. ദൈവത്തോട് ആത്മീയമായ അടുപ്പം ഉണ്ടാവുമ്പോഴാണ് ആത്മാവ് പവിത്രമാവുന്നത്. ആത്മാവിന്റെ ലക്ഷ്യം ദൈവവുമായുള്ള അടുപ്പമാണ്. ആരുമായിട്ടാണോ ആത്മാവ് സഹവസിക്കുന്നത് അപ്പോൾ അതിന്റെ ഗുണം ഉണ്ടാവും. പൂർണമായ നന്മയാണ് ദൈവം. നന്മയുടെ ഉറവിടമാണ് അവൻ. നന്മയും നന്മയുടെ ഉറവിടവുമായ ദൈവത്തോട് മുസ്ലിം അടുപ്പം സ്ഥാപിക്കുമ്പോൾ അവന്റെ ആത്മാവും നന്മയായിത്തീരും. പ്രകാശം പരക്കുമ്പോൾ ഇരുട്ട് അപ്രത്യക്ഷമാവുന്നതുപോലെ നന്മയിൽ ആത്മാവ് ഊട്ടപ്പെടുമ്പോൾ തിന്മ അപ്രത്യക്ഷമാവും. ആത്മാവിന്റെ ദൈവവുമായുള്ള അടുപ്പവും അതിന്റെ വിമലീകരണവും നോമ്പിന്റെ മാത്രം സവിശേഷതയാണ്. പ്രവാചകൻ പറയുകയുണ്ടായി: ”എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവൻ തന്നെ സത്യം, നോമ്പുകാരന്റെ വായയുടെ ഗന്ധം ദൈവത്തിന്റെ അരികിൽ കസ്തൂരിയേക്കാൾ ഗന്ധമുള്ളതായിരിക്കും. കാരണമെന്തെന്നാൽ ദൈവം ഇപ്രകാരം അരുൾ ചെയ്യുന്നു: ”അവൻ അന്നപാനീയങ്ങളും ദേഹേഛയും എനിക്കുവേണ്ടിയാണ് ഉപേക്ഷിക്കുന്നത്. നോമ്പ് എന്റേതാണ്. ഞാനാണ് അതിന് പ്രതിഫലം നൽകുക. ഓരോ നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം” (ബുഖാരി). ഈ പ്രവാചകവചനം നോമ്പിലൂടെ ദൈവവുമായി ഉണ്ടായത്തീരുന്ന ആത്മാവിന്റെ ബന്ധത്തെയാണ് കുറിക്കുന്നത്. നോമ്പ് നോൽക്കുമ്പോൾ ഉണ്ടാവുന്ന ഗന്ധം നോമ്പുകാരന് പ്രശ്നമാണ്. എത്രതന്നെ വൃത്തിയാക്കിയാലും ആ ഗന്ധം അവശേഷിക്കും. അപ്പോൾ വിശ്വാസി നിരാശപ്പെടേണ്ടതില്ല. നോമ്പിലൂടെ തന്നോടടുക്കുന്ന മുസ്ലിമിന്റെ ഗന്ധം തനിക്ക് പ്രശ്നമല്ലെന്ന് ദൈവം വ്യക്തമാക്കുകയാണിവിടെ.
നോമ്പ് മുസ്ലിമിന്റെ യുക്തിപരമായ വികാസത്തെ സാധ്യമാക്കിതീർക്കുന്നു. മനുഷ്യന്റെ മാത്രം സവിശേഷതയാണ് ചിന്ത. ചിന്തയാണ് മനുഷ്യപുരോഗതിയുടെ അടിസ്ഥാനം. ചിന്താശൂന്യമായ സമൂഹത്തിന് ജീവിതത്തിൽ സവിശേഷമായ ഒരു ദൗത്യവും നിർവഹിക്കാനാവില്ല. നോമ്പ് മുസ്ലിം വ്യക്തിയെയും ഇസ്ലാമിക സമൂഹത്തെയും ചിന്താപരമായ ഉയർന്ന വിതാനങ്ങളിലേക്ക് നയിക്കുന്നു. ചിന്തക്ക് വിഘ്നമായിത്തീരുന്ന മൂന്ന് ഘടകങ്ങളാണ് അമിതമായ ഉറക്കം, അമിതമായ ഭക്ഷണം, അമിതമായ ലൈംഗികത. ഈ മൂന്ന് യാഥാർഥ്യങ്ങളെ തുല്ല്യമായ അളവിൽ നിയന്ത്രണവിധേയമാക്കുമ്പോഴാണ് ധൈഷണികമായി മുസ്ലിമിന് ഉണർവ് ലഭിക്കുന്നത്. ധൈഷണികമായ ഈ ഉണർവാണ് നോമ്പ് സാധ്യമാക്കുന്നത്. പ്രവാചകൻ പറയുകയുണ്ടായി: ”സ്വത്വത്തെ നിയന്ത്രണ വിധേയമാക്കിയവനും മരണാനന്തര ജീവിതത്തിലേക്ക് ആവശ്യമായ കർമത്തിലേർപ്പെടുകയും ചെയ്യുന്നവനാണ് വിവേകി. സ്വത്വത്തെ ഇഛകളോടൊപ്പം വിട്ടവനും ദൈവത്തെകുറിച്ച് മിഥ്യാധാരണ പുലർത്തുകയും ചെയ്യുന്നവനാണ് അവിവേകി” (തിർമിദി).
നോമ്പിന്റെ കാര്യത്തിൽ പ്രവാചകൻ അതീവ ജാഗ്രതയാണ് പുലർത്തിയത്. റമദാൻ മാസം സമാഗാതമാവുന്നതിന് മുമ്പെ അതിന്റെ വരവ് പ്രതീക്ഷിച്ച് പ്രവാചകൻ പ്രാർഥനാനിമഗ്നനാവാറുണ്ടായിരുന്നു. അവിടുന്ന് ഇപ്രകാരം പ്രാർഥിക്കുകയുണ്ടായി: ”നാഥാ, റജബ് മാസത്തിലും ശഅ്ബാൻ മാസത്തിലും ഞങ്ങളിൽ ഐശ്വര്യം ചൊരിയേണമേ. റമദാൻ മാസത്തിന്റെ തീരത്ത് ഞങ്ങളെ നീ എത്തിക്കുകയും ചെയ്യേണമേ”. മഹത്വ്യക്തിത്വങ്ങളും നോമ്പിനെ ഗൗരവത്തോടെ നോക്കിക്കണ്ടു. അഹ്നഫുബ്നുഖൈസ് നോമ്പിന്റെ കാര്യത്തിൽ അതീവശ്രദ്ധ പുലർത്തുന്ന സാത്വികനായിരുന്നു. പ്രായം ഏറെ ചെന്നിട്ടും നോമ്പനുഷ്ഠിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഒരാൾ അദ്ദേഹത്തോട് ചോദിച്ചു: ”താങ്കൾ പടുവൃദ്ധനായിരിക്കുന്നവല്ലോ. നോമ്പെടുക്കുന്നത് താങ്കളുടെ മനസ്സിനെയും ശരീരത്തെയും ദുർബലമാക്കികളയും”. അഹ്നഫുബ്നുഖൈസിന്റെ മറുപടി ഇപ്രകാരമായിരുന്നു: ”ദൈവാനുസരണത്തിൽ ക്ഷമയവലംബിക്കലാണ് ദൈവിക ശിക്ഷയിൽ ക്ഷമയവലംബിക്കുന്നതിനേക്കാൾ ഏറ്റവും നിസ്സാരമായിട്ടുള്ളത്”.
നോമ്പ് യഥാർഥ ചൈതന്യത്തോടെ നിർവഹിക്കാൻ സാധിക്കേണ്ടിയിരിക്കുന്നു. യാന്ത്രികമായി സമീപിക്കുന്നതിന് പകരം സൽഫലങ്ങളും പൊരുളുകളും ഗ്രഹിച്ചുകൊണ്ട് നോമ്പിനെ സമീപിക്കണം. അപ്പോൾ അതിന്റെ ഉദ്ധേശ്യലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കാനാവും. നോമ്പ് ചില പ്രതീകങ്ങളാണ്. ആത്മസംയമനത്തിന്റെ പ്രതീകം. ആത്മനിയന്ത്രണത്തിന്റെ പ്രതീകം. അപരനോടുള്ള സഹാനുഭൂതിയുടെ പ്രതീകം. നോമ്പുകാരൻ നേരത്തേത്തന്നെ അത്തരം സ്വഭാവങ്ങൾ ആർജ്ജിച്ചവനാണ്. റമദാനിലൂടെ കടന്നുപോവുമ്പോൾ അവയെ ഒന്നുകൂടി സുദൃഢമാക്കുകയാണ് ചെയ്യുന്നത്. റമദാൻ പൂർത്തിയാകുമ്പോഴേക്കും നോമ്പുകാരൻ സ്വയംതന്നെ ആത്മനിയന്ത്രണവും ആത്മസംയമനവും സഹാനുഭൂതിയുമായി പരിവർത്തിക്കപ്പെടുന്നു. അഥവാ തത്വത്തിലെ പ്രതീകങ്ങൾ ചലിക്കുന്ന ജീവസുറ്റതായ പ്രായോഗിക പ്രതീകങ്ങളായി മാറുന്നു.