റമദാൻ ആത്മീയതയും രാഷ്ട്രീയവും
“സൗം” എന്ന പദത്തിന് അടിസ്ഥാന അറബ് ഭാഷയിൽ “പരിശീലനം ” എന്നാണ് അർത്ഥമെന്ന് ഭാഷാ പണ്ഡിതർ വ്യക്തമാക്കുന്നു. പടയോട്ടത്തിനും പടക്കളത്തിലേക്കും പരിശീലിക്കപ്പെടുന്ന കുതിരകളെ “ഫറസുൻ സ്വാഇമൂൻ” എന്ന് പറയുന്നു. റമദാൻ മാസം പോരാളികളെ സൃഷ്ടിക്കുന്ന മാസം കൂടിയാണെന്നർത്ഥം. (വിശ്വാസം, ആരാധന തുടങ്ങി ഇസ് ലാമിൻ്റെ ഏത് വ്യവഹാരങ്ങൾക്കുമുണ്ട് രാഷ്ടീയ ടച്ച്!)
ബദ്ർ, മക്കം ഫത്ഹ്, കോൺസ്റ്റാൻ്റിനോപ്പിൾ ജയം, താർത്താരി ഭീകരതയെ ചെറുത്തു തോൽപ്പിച്ചത് തുടങ്ങിയ ഇസ് ലാമിൻ്റെ അനേകം രാഷ്ട്രീയ മുന്നേറ്റങ്ങൾ നടന്നത് റമദാൻ മാസത്തിലായിരുന്നു. അതു കൊണ്ടു തന്നെ ആത്മസമരം, ആശയസമരം എന്നീ ദ്വന്ദങ്ങൾക്കിടയിലാണ് നോമ്പുകാല ജീവിതത്തിൻ്റെ ഋജുരേഖ ചരിക്കേണ്ടത്.
വൃക്തി സംസ്കരണത്തിൻ്റെ പരിമിതമായ പരിധിയിൽ ഒതുങ്ങതല്ലറമദാൻ. ഒപ്പം സാമൂഹിക പരിവർത്തനത്തിൻ്റെ കരുത്തുറ്റ വ്യവസ്ഥയും വ്രതം മുന്നോട്ടു വെക്കുന്നു. വിശുദ്ധ ഖുർആൻ പഠനം, കൃത്യമായ നമസ്കാരങ്ങൾ, പ്രാർത്ഥനകൾ, ദിക്റുല്ലാഹ് എന്നിവക്കൊപ്പം തന്നെ സഹജീവികളുടെ വിശപ്പകറ്റൽ, സകാത്ത്, ഫിത്വർ സകാത്ത് സംഘടിതശേഖര – വിതരണങ്ങൾ, ഇസ് ലാമിക പ്രബോധനം, സംസ്കരണ പ്രവർത്തനങ്ങൾ, ദീനിൻ്റെയും ഉമ്മത്തിൻ്റെയും സംരക്ഷണം, അനീതികൾക്കെതിരെ സമരോത്സുകമായ പ്രതിരോധം തീർക്കൽ തുടങ്ങി സാമൂഹിക – രാഷ്ട്രീയ ജീവിതത്തിലെല്ലാം ആരോഗ്യകരമായ മാറ്റം ഉണ്ടാക്കാൻ കൂടി നമുക്ക് പണിയെടുക്കേണ്ടതുണ്ട്. ഈ സമഗ്രതയിലാണ് നോമ്പുകാലത്തിൻ്റെ ഊർജ്ജം കുടികൊള്ളുന്നത് !
അല്ലെങ്കിലും “രാത്രി ഭക്തരും പകൽ പ്രവർത്തകരും” ( ഫില്ലൈലി റുഹുബാൻ ഫിന്ന ഹാരി ഫുർസ്വാൻ) എന്നതാണല്ലോ ഇസ് ലാമി ൻ്റെ എക്കാലത്തെയും സൂത്രവാക്യം.
വ്രതകാല രാവുകളിൽ, ജീവിതത്തിൽ സംഭവി ച്ച മുഴുവൻ തെറ്റുകുറ്റങ്ങളും വീഴ്ചകളും ഓർത്ത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അല്ലാഹുവിങ്കലേക്ക് മുറിഞ്ഞു വീഴാനും നോമ്പിൻ്റെ പകലുകളിൽ അരുതായ്മകൾ ക്കും അധർമങ്ങൾക്കുമെതിരെ പ്രതികരി ക്കാനും നമുക്കാവണം.
“മുത്തഖി”കളെ മാത്രം സൃഷ്ടിക്കുന്ന ഏർപ്പാടല്ല റമദാൻ. പ്രത്യുത ആത്മീയതയൂടെ ഉന്നതമായ സഹനവും രാഷ്ട്രീയത്തിൻ്റെ ഉജ്ജ്വലമായ സമരവും നിറഞ്ഞ, ആത്മീയക്കരുത്തും ജിഹാദീ വീര്യവും സമന്വയിച്ച ധാർമ്മിക വിപ്ലവകാരികളെ തീർക്കുകയാണ് ആത്യന്തികമായി പുണ്യ റമദാൻ ചെയ്യുന്നത്!