ദുബൈയിലെ നോമ്പ് രാത്രികൾ

റമദാനിനെ സ്വീകരിക്കാൻ വിശ്വാസികൾ മനസ്സും ശരീരവും വീടിന്റെ അകവും പുറവുമെല്ലാം വൃത്തിയാക്കി ഒരുങ്ങിക്കഴിഞ്ഞു. റമദാൻ മാസം കടന്നുവരുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷമാണ് നമുക്ക്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇല്ലായ്മ എന്താണെന്നറിയാതെ കടന്നുപോവുന്ന മാസം. നോമ്പെടുത്തവനുള്ള പ്രതിഫലം അല്ലാഹു കണക്കില്ലാതെ നൽകും എന്നാണ് പ്രവാചക വചനം. അത് ചിലപ്പോഴൊക്കെ നമ്മൾ മറ്റൊരുവിധത്തിൽ അനുഭവിക്കുന്നുണ്ട്. ചില ദിവസങ്ങളിൽ നോമ്പുതുറക്കാൻ പുറമേ നിന്ന് ആരും ഉണ്ടാകില്ലെന്നു കരുതി ഭക്ഷണമുണ്ടാക്കി നോമ്പുതുറക്കാനുള്ള സമയത്ത് അതിഥികൾ വന്നാൽ അവർ എത്ര പേരുണ്ടായാലും, അവർ കഴിച്ചിട്ടും ഭക്ഷണം ബാക്കിയാവുന്ന അവസരങ്ങൾ എത്രയോ കടന്നുപോയിട്ടുണ്ട് നമ്മുടെ ജീവിതത്തിൽ.
റമദാൻ ദിനങ്ങളെ നമ്മൾ ഉപയോഗപ്പെടുത്താറുണ്ടെങ്കിലും പരമാവധി വിഭവങ്ങളുണ്ടാക്കി പുണ്യദിനങ്ങളെ പാഴാക്കിക്കളയുന്ന അവസ്ഥ നമ്മുടെ സമൂഹത്തിൽ അടിക്കടി കൂടുന്നതല്ലാതെ കുറയുന്നതായി കാണുന്നില്ല. പല പലഹാരങ്ങളും ഉണ്ടാക്കി പരീക്ഷിക്കുന്നതും നോമ്പുകാലത്താണ്. ചാനലുകളിൽ മാറിമറിയുന്ന വ്യത്യസ്തങ്ങളായ പാചക ഷോകൾ കാണുമ്പോൾ ഭക്ഷണം ഒഴിവാക്കുന്നതിന് പകരം ഭക്ഷണം അമിതമായി കഴിക്കാനുള്ള മാസമാണോ റമദാൻ എന്ന തോന്നലും അസ്ഥാനത്തല്ല. എളുപ്പമുള്ള എന്തെങ്കിലും ഉണ്ടാക്കി ബാക്കി സമയങ്ങൾ ആരാധനകൾക്ക് വേണ്ടി മാറ്റിവെച്ചൂടെ എന്നന്വേഷിച്ചപ്പോൾ സുഹൃത്ത് പറഞ്ഞത് പത്തിരിയില്ലാതെ പിന്നെന്ത് നോമ്പ് എന്നാണ്.
നോമ്പുതുറപ്പിച്ചാൽ കിട്ടുന്ന പ്രതിഫലം ആഗ്രഹിച്ചാണ് നമ്മൾ നോമ്പുതുറകൾ സംഘടിപ്പിക്കുന്നത്. ഇത്തരം പ്രതിഫലം ഇന്നു നടത്തുന്ന നോമ്പുതുറകൾക്ക് കിട്ടുമോ എന്നു നമ്മളാലോചിക്കണം. നമ്മുടെ നോമ്പുതുറകൾ പലപ്പോഴും ലാളിത്വത്തിന് പകരം ആഢംഭരത്തിന്റെയും പൊങ്ങച്ചത്തിന്റയും വേദിയായി മാറുന്നു. റമദാനിന് ശേഷം ഇത്തരം ഫുഡ്ഫെസ്റ്റിവെൽ സംഘടിപ്പിച്ച് ആളെ ക്ഷണിക്കാലോ. നോമ്പുതുറകൾ എന്റെ വീട്ടിൽ സംഘടിപ്പിക്കാൻ ഞാൻ തയ്യാറല്ല എന്ന് ഓരോ സ്ത്രീയും തീരുമാനിച്ചാൽ തന്നെ ഇത്തരം ആഢംഭര നോമ്പുതുറകൾ ഇല്ലാതാകും. കാരണം, പരിശുദ്ധമാസം നഷ്ടപ്പെടുന്നത് സ്ത്രീകൾക്കാണ്. ഭക്ഷണം പാകം ചെയ്യുന്നതും ഊട്ടുന്നതും ഇബാദത്താണെങ്കിലും നമ്മുടെ ഈ അതിരുകവിഞ്ഞ പാകം ചെയ്യലും ഊട്ടലും അല്ലാഹുവിന്റെ അടുക്കൽ ഇബാദത്തായി രേഖപ്പെടുത്തുന്നുണ്ടാവില്ലെന്നു തീർച്ചയാണ്. നമ്മുടെ ആരോഗ്യവും സമയവും പാഴായിപ്പാവുക മാത്രമായിരിക്കും ഇതുമൂലം സംഭവിക്കുന്നത്. തറാവീഹ് നമസ്കാരങ്ങൾ സംഘടിതമായി നമസ്കരിക്കാനുള്ള അവസരം പലവിധ കാരണങ്ങളാൽ സ്ത്രീകൾക്ക് ലഭിക്കാറില്ല. നോമ്പ് മുറിക്കലും, തുറക്കലും, തറാവീഹ് കഴിഞ്ഞുള്ള കഞ്ഞിയും, അത്താഴമുണ്ടാക്കലുമാവുമ്പോൾ എല്ലാ ജമാഅത്തുകളും കഴിഞ്ഞിട്ടുണ്ടാവും. നമ്മുടെ നാടിന്റെ സാമൂഹിക ചുറ്റുപാടിൽ സ്ത്രീകൾക്ക് ആരാധനാകർമങ്ങൾക്കായുള്ള സാഹചര്യങ്ങളും സമയങ്ങളും കിട്ടുക അപൂർവമാണ്.
പ്രവാസലോകത്തേക്ക് പറിച്ച് നടപ്പെട്ടപ്പോൾ കുടുംബക്കാരും, ബന്ധുക്കളും, സുഹൃത്തുക്കളുമടങ്ങുന്ന വലിയൊരു വൃത്തത്തെ അകലുമ്പോഴുള്ള മനോവേദന മറ്റെല്ലാവരെയും പോലെ എനിക്കുമുണ്ടായിരുന്നു. എങ്കിലും ഈ പ്രവാസത്തിൽ എനിക്ക് മുതൽക്കൂട്ടായി കിട്ടിയെന്ന് ഞാൻ കരുതുന്നത് ഇത്രയും നാളത്തെ റമദാൻ ആണ്. ഞാൻ ഇതുവരെ ആസ്വദിച്ചിട്ടില്ലാത്ത മാധുര്യം കഴിഞ്ഞ റമദാനിൽ എനിക്ക് ലഭിച്ചു. ദുബൈയിൽ വന്ന ആദ്യ റമദാനിന്റെ അവസാനത്തെ പത്തിൽ കുറേ കാലമായി ഞാൻ മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹമായ ഉംറ ചെയ്യാൻ കഴിഞ്ഞു. ഏതൊരാൾക്കും ഒരു നവ്യാനുഭവം ആയിരിക്കും റമദാനിലെ ഉംറ.
ഇവിടത്തെ -ദുബൈ, യു.എ.ഇ- സ്ത്രീകൾക്ക് ലഭിക്കുന്ന സാഹചര്യങ്ങൾ കാണുമ്പോൾ നമ്മുടെ നാട്ടിലെ പള്ളി മഹല്ലുകളിൽ എന്നാണ് ഇങ്ങനെയുള്ള അവസ്ഥകൾ സംജാതമാവുക എന്ന് ആലോചിച്ച് പോകുന്നു. വീടുകളും, പള്ളികളും, പരിസരങ്ങളും, നഗരവീഥികളും, ഭംഗിയിൽ ഒരുക്കി, നഗരമധ്യത്തിലാകെ അഹ്ലൻ റമദാൻ എന്ന ബോർഡും തൂക്കി റോഡിനിരുവശവും പലവിധത്തിലുള്ള ദീപാലംകൃതവുമായി രാത്രിയിലും പകലുപോലെയുള്ള പ്രതീതി. വീടുകളിലും, പള്ളികളിലുമൊക്കെ പഴയ സാധനങ്ങൾ മാറ്റി പുതിയത് വാങ്ങിവെക്കും. ഇവിടുത്തെ റമദാൻ അനുഭവം വല്ലാത്ത അനുഭൂതി തന്നെയാണ്.
വൈകുന്നേരമായാൽ ആൺ പെൺ വ്യത്യാസമില്ലാതെ ആർക്കും പള്ളിയിൽ പോയി നോമ്പ് തുറക്കാം. രണ്ട് കൂട്ടർക്കും നോമ്പുതുറക്കാനുള്ള ഭക്ഷണങ്ങൾ പ്രത്യേകം പ്രത്യേകം സജ്ജീകരിച്ചിരിക്കും. നോമ്പ് തുറ കഴിഞ്ഞ് മഗ്രിബ് നമസ്കാരം, നോമ്പ്തുറക്കുമ്പോൾ തന്നെ ഭക്ഷണം എല്ലാവർക്കും കൊടുക്കും. അവരവരുടെ സൗകര്യത്തിനനുസരിച്ച് അത് കഴിക്കാം. നമസ്കാരം കഴിഞ്ഞ് കിട്ടിയ ഭക്ഷണം കഴിച്ച് കുറച്ചൊന്ന് വിശ്രമിക്കുമ്പോഴേക്കും ഇശാ. അത് കഴിഞ്ഞാൽ തറാവീഹ്. തറാവീഹ് കഴിഞ്ഞ് വീടുകളിലേക്ക് പോകുന്നവർക്ക് പോകാം. അല്ലാത്തവർക്ക് പള്ളിയിലിരിക്കാനുള്ള സൗകര്യമുണ്ട്. ഖുർആൻ ഓതുകയോ സുന്നത്ത് നമസ്കാരങ്ങളിൽ മുഴുകുകയോ ചെയ്യാം. സ്ത്രീകളോടൊപ്പം തന്നെ പ്രായവ്യത്യാസമില്ലാതെ കുട്ടികളുമുണ്ടാവും. ചെറുപ്പത്തിൽ തന്നെ കുട്ടികൾ അത് ശീലമാക്കുകയും ചെയ്യും. റമദാൻ 15 കഴിഞ്ഞാൽ പിന്നെയുള്ള രാവുകളിൽ ഖിയാമുല്ലൈൽ തുടങ്ങും. ചില പള്ളികളിൽ 12 മണിമുതൽ ചിലയിടങ്ങളിൽ രണ്ട് മണിമുതൽ അത്താഴസമയം വരെ. ഖിയാമുല്ലൈൽ നമസ്കാരത്തിന് പള്ളിയിൽ പോയപ്പോൾ ഒരു സ്ത്രീയെ കണ്ട് അത്ഭുതപ്പെട്ടു. അവർക്കൊപ്പം ആറ് കുട്ടികൾ. ഒന്നര, രണ്ട് വയസ്സ് വ്യത്യാസം മാത്രമേ എല്ലാവരും തമ്മിൽ ഉള്ളൂ. വലിയ കുട്ടി എട്ടാം ക്ലാസിൽ. ചെറിയ കുട്ടിക്ക് ആറുമാസം പ്രായം. ബാക്കിയുള്ള അഞ്ച് മക്കളും ഉമ്മയോടൊപ്പം നിന്ന് നമസ്കരിക്കുന്നു. ചെറിയ കുട്ടി ഇടക്ക് കരയുമ്പോൾ നേരെ മൂത്ത ആൺകുട്ടി അതിനെ കളിപ്പിക്കുന്നു. സന്തോഷം കൊണ്ടും മക്കളോട് തോന്നിയ വാത്സല്യം കൊണ്ടും കണ്ണ് നിറഞ്ഞുപോയി. നമസ്കാരം കഴിഞ്ഞാൽ അവിടെയുള്ളവർക്കെല്ലാം അത്താഴമുണ്ടാവും. അതും കഴിച്ച് സുബ്ഹിയും നമസ്കരിച്ച് റൂമിലേക്ക് തിരിക്കുന്നവർക്ക് തിരിക്കാം. അല്ലാത്തവർക്ക് പള്ളിയിൽ ഇഅ്തികാഫ് ഇരിക്കാം. പെരുന്നാൾ ദിവസം വരെ കുട്ടികളെന്നോ ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസം ഇവിടെ ഇല്ല. ഇബാദത്തിൽ മുഴുകാൻ എത്രയോ സമയം. ഇഅ്തികാഫ് യാതൊരു ടെൻഷനുമില്ലാതെ കഴിച്ചുകൂട്ടാൻ സ്ത്രീകൾക്കും പറ്റുന്നു. നമസ്കാരങ്ങളെല്ലാം സംഘടിതമായി നിർവഹിക്കാനാവുന്നു. നോമ്പിനെ ചൈതന്യവത്തായി സമീപിക്കാനും അനുഷ്ഠിക്കാനും ഗൾഫ് നാടുകളെക്കാൾ മറ്റെവിടെയും സാധ്യമല്ലെന്നാണ് ഉറച്ച വിശ്വാസം.