പരിശുദ്ധ ഖുർആൻ്റെ ആശയസാഗരത്തിലലിഞ്ഞ് തറാവീഹ്
പരിശുദ്ധ റമദാൻ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോഴാണ് നാട്ടിൽ നിന്ന് ഞങ്ങൾ പുണ്യമക്കയിലെത്തുന്നത്. ഉംറ നിർവഹിച്ച അന്ന് തന്നെ രാത്രി നമസ്ക്കാരത്തിന് മർവയുടെ പിറകുവശത്ത് കൂടി കിംഗ് അബ്ദുല്ല ഗെയ്റ്റിൻ്റെ മുൻവശത്ത് വിരിച്ച പരവതാനിയിലേക്കെത്തി. നല്ല തിരക്കെങ്കിലും വിശ്വാസികൾ നമസ്ക്കാരം കാത്തിരിക്കുകയാണ്. സൗദി സമയം 8.40 ഓടെ ബാങ്കും 9.00 മണിയോടെ ഇശാ നമസ്ക്കാരവും കഴിഞ്ഞപ്പോൾ ” സലാതുൽ ഖിയാമി അസാബക്കുമുല്ലാ ” എന്ന അനൗൺസ്മെൻറ്. ഇനി തറാവീഹ് നമസ്ക്കാരം. ഇത്തവണ 10 റക്അതും 3 വിത്റുമാക്കി റമദാൻ 20 വരെ നമസ്ക്കാരം ചുരുക്കിയിട്ടുണ്ട്. അതിലെ ആദ്യ ആറ് റക്അത്തിൽ ശൈഖ് മാഹിറുൽ മുഐഖിലിയാണ് ഇമാം. പിന്നീടുള്ള നാല് റക്അത്തും വിത്റും മറ്റൊരു ഇമാം പൂർത്തീകരിക്കുന്നതാണ് രീതി .റമദാൻ 20 പിന്നിട്ടപ്പോൾ വിത്ർ നമസ്ക്കാരത്തെ പുലർച്ചെ ഒന്ന് മുതൽ മൂന്ന് നടക്കുന്ന തഹജ്ജുദിലേക്ക് മാറ്റിയിരിക്കയാണ്.
ഖുർആൻ പാരായണത്തിൻ്റെ സ്വരമാധുരി അൽഇസ് റാഅ അധ്യായത്തിലെത്തി നിൽക്കുന്ന ദിവസമാണ് അന്ന്. സത്യം വന്നണഞ്ഞു. അസത്യം തകർന്നു വീണു.അസത്യം തകരാനുള്ളത് തന്നെ – എന്ന ഭാഗത്താണ് ഇമാമുള്ളത്.തുടർന്ന് കഹ്ഫിലേക്ക് കടന്നു. വിശ്വാസ സംരക്ഷണത്തിന് ഗുഹയിൽ അഭയം തേടിയ യുവാക്കൾ, മൂസാ നബി തൻ്റെ ഗുരുവിനൊപ്പം നടത്തുന്ന സഞ്ചാരത്തിനിടയിലെ ദൃശ്യങ്ങൾ, യഅജൂജ് മഅജൂ ജിനെതിരെ ഭരണാധികാരിയുടെ മതിൽ നിർമാണവും കഴിഞ്ഞ്, സൂറ മർയമിലേക്ക് .ഈസാ നബിയുടെ ജനന സമയവും മാതാവിൻ്റെ വ്യഥകളും ദൈവത്തിൻ്റെ സമാധാനിപ്പിക്കലും കടന്ന് അടുത്ത ദിനം ത്വാഹ സൂറയിലേക്ക് വിശ്വാസികളുടെ ശ്രദ്ധ കവരുകയാണ് ഇമാം.
ഉമറിൻ്റെ ഇസ് ലാം സ്വീകരണത്തിന്ന് നിമിത്തമായ അധ്യായം .ഞങ്ങൾ നിൽക്കുന്ന തൊട്ടപ്പുറത്ത് സഫാ മലയോട് ചേർന്ന അർഖം (റ)ൻ്റെ വീട്ടിലുള്ള നബിയെ സന്ദർശിച്ച് ഉമർ ഇസ്ലാം സ്വീകരിക്കുന്ന പുതുയുഗ പിറവിയാണപ്പോൾ മനസ്സിൽ. ശേഷം അൻബിയാ അധ്യായം പിന്നിട്ട് അൽഹജ്ജ് അധ്യായത്തിൻ്റെ പാരായണത്തിലെത്തിയിരിക്കയാണ് ഇമാം. ഇബ്റാഹിം പ്രവാചകനും മക്ക നഗരവും കേന്ദ്ര പ്രമേയമായി കടന്നു വരുന്ന അധ്യായം.അദ്ദേഹത്തിൻ്റെ സമർപണ ജീവിതത്തെ നിങ്ങളും യഥാവിധം പിൻപറ്റി സത്യത്തിന്നു വേണ്ടി അശ്രാന്ത പരിശ്രമത്തിൽ അഥവാ ജിഹാദിൽ മുഴുകുവിൻ എന്ന ആഹ്വാനത്തോടെ ആ അധ്യായം അവസാനിക്കുന്നു. ശേഷം ഞങ്ങൾ മുഅമിനൂൻ സൂറയുടെ ശ്രോദ്ധാക്കളായി. നമസ്ക്കാരത്തിൽ ഭയഭക്തി പുലർത്തുന്നവർ, വേണ്ടാതീനങ്ങളിൽ നിന്ന് മാറി നിൽക്കുന്നവർ എന്ന് തുടങ്ങി വിജയം വരിക്കുന്ന വിശ്വാസികളുടെ ഗുണ ഗണങ്ങൾ എണ്ണി പറഞ്ഞും മനുഷ്യസൃഷ്ടിപ്പിൻ്റെ ആദിമ ഘട്ടങ്ങളേയും വിവരിച്ച് ആ സൂറ:യിലും അലിഞ്ഞ് ചേർന്ന് വിശ്വാസികൾ നില്പ് തുടർന്നു.അടുത്ത നാൾ അന്നൂർ അധ്യായം. വ്യഭിചാരികൾക്കുള്ള ശിക്ഷ പ്രതിപാദിച്ചുകൊണ്ട് തുടക്കം. അല്ലാഹു വെളിച്ചത്തിൻ്റെ വെളിച്ചമാണെന്ന ഓർമ പുതുക്കൽ. നിരവധി സ്ത്രീപക്ഷ വിവരണങ്ങൾ.ഇനി അൽഫുർഖാൻ അധ്യായമാണ്. ദൈവത്തിൻ്റെ സച്ചരിതരായ ദാസന്മാർ അഹങ്കാരമില്ലാതെ ഭൂമിയിൽ വിനയാന്വിതം ജീവിക്കുന്നവർ എന്ന് തുടങ്ങി ആ സവിശേഷ ഗുണങ്ങൾ എണ്ണിയെണ്ണി സൂറ: അവസാനിക്കുകയാണ്.ലക്ഷ്യബോധമില്ലാത്ത കവികളുടെ അപഥ സഞ്ചാരത്തെ പ്രമേയ വത്കരിച്ച അശുഅറാഅ അധ്യായത്തിലാണ് ഹറം തീർഥാടകർ ഇപ്പോൾ മുഴുകി നിൽക്കുന്നത്. ഇനി ഉറുമ്പിനെ പറ്റി ഓർക്കാം. സുലൈമാൻ്റെ പടയാളികൾ ആർത്തലച്ചു വരുമ്പോൾ ചവിട്ടിയരക്കപ്പെടാതിരിക്കാൻ സുരക്ഷാസ്ഥാനം കണ്ടെത്താൻ ഉറുമ്പിൻ പറ്റത്തെ ഉപദേശിക്കുന്ന തലവൻ ഉറുമ്പ് സംസാരിക്കുന്നു നംല് അധ്യായത്തിൽ . സംഘടിത ജീവിതത്തിൻ്റെ ഉത്തമ മാതൃകയാണല്ലൊ ഉറുമ്പിൻ പറ്റം.ശേഷം യൂസുഫ് സൂറയിലേക്ക് കയറിയിരിക്കയാണ് ഇമാം. യൂ സുഫ്(അ)ൻ്റെ സംഭവബഹുലവും ഉദ്വേഗജനകവുമായ വിശുദ്ധ ജീവിതം എത്ര മനോഹരമായാണ് ഇതൾ വിരിയുന്നത്. വ്യഭിചാരാരോ പണം, ജയിലറകൾ, സ്വപ്ന വ്യാഖ്യാനം, ഒടുവിൽ ഈജിപ്തിൻ്റെ ഭരണാധികാരത്തിൽ യൂസുഫിൻ്റെ സമൃധമായ വാഴ്ച പുരോഗമിച്ചിരിക്കുന്നു. പൊട്ട കിണറ്റിൽ നിന്നുള്ളതാണ് ആ ഉയർത്തെഴുന്നേൽപ്പ്. വിശ്വാസ ദൃഡത കൊണ്ട് നേടിയെടുത്ത രാജകീയ പദവി.എന്നാൽ വിശ്വാസം ദുർബലമായവരുടെ അവസ്ഥ ചിലന്തിയുടെ വലയേക്കാൾ ദുർബലമാണ്. അതെ യൂസുഫിൽ നിന്ന് ഞങ്ങൾ അൻകബൂത്ത് അധ്യായത്തിൽ എത്തിയിട്ടുണ്ട്.
വിശ്വാസത്തിൽ പിഴച്ച രണ്ട് വമ്പൻ സാമ്രാജ്യ ശക്തികൾ ഭൂമുഖത്ത് പോരടിച്ചിട്ടുണ്ട്. റോമും പേർഷ്യയും. പരാജയപ്പെട്ട റോമിൻ്റെ തിരിച്ചുവരവ് വർഷക്കൾക്കകം സംഭവിക്കുമെന്ന് അന്ന് ഖുർആൻ പറഞ്ഞ് വെച്ചു. ദൈവിക സഹായത്താൽ അത് സംഭവിക്കുന്ന നാൾ വിശ്വാസികൾ സന്തോഷിക്കുമെന്നും. തീർത്തും രാഷ്ടീയമായ ഉള്ളടക്കം. കടുപ്പം കുറഞ്ഞ അവിശ്വാസ കൂട്ടത്തെ സഹിക്കാമെന്ന സൂചന. മുൻ പിൻവിചാരങ്ങളില്ലാതെ മനുഷ്യ കരങ്ങൾ പ്രവർത്തിക്കുന്നതിൻ്റെ അനന്തരഫലമായാണ് കരയിലും കടലിലും ദുരന്തമുണ്ടാകുന്നതെന്ന ഈ അധ്യായത്തിലെ 41-ാം സൂക്തം വലിയൊരു മുന്നറിയിപ്പുമാണ്. ഇനി ലുഖ്മാൻ(അ)ൻ്റെ പ്രിയ മ കനോടുള്ള ഉപദേശം ഉൾകൊള്ളുന്ന സൂറയാണ് അന്തരീക്ഷത്തിൽ ഒഴുകി പരക്കുന്നത്.ആദർശ ബോധം ഭാവിതലമുറയിൽ അരക്കിട്ടുറപ്പിക്കണം എന്ന അധ്യാപനത്തോടെ ആ ഉപദേശം പരായണം ചെയ്യുകയായിരുന്നു ഇമാം. അങ്ങിനെയങ്ങിനെ ഇന്നലെ 25-ാം രാവിൽ ജീവിച്ചിരിക്കുന്നവർക്ക് മുന്നറിയിപ്പു നൽകുകയാണ് ഈ ഗ്രന്ഥം എന്ന മുന്നറിയിപ്പുള്ള സൂറ: യാസീനിലെത്തി നിൽക്കുകയാണ് വിശ്വാസികൾ. മാലയിൽ കോർത്ത മുത്തുമണികൾ പോലെ ശുത്രിമധുരമായി പാരായണം ചെയ്യപ്പെടുന്ന സൂക്തങ്ങളെ മനസ്സ് പിന്തുടരുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണ് ഹറമിൽ നിന്ന് ഒഴുകിപ്പരക്കുന്നത്.
( 26-4-2022, ചൊവ്വ, മക്ക )