ആകാംക്ഷയുടെ ലൈലതുൽ ഖദ്ർ
മക്കയിൽ നോമ്പ് 26. ബുധനാഴ്ച്ച. ഉച്ചവെയിൽ തീക്ഷ്ണതയോടെ നിന്ന് കത്തുകയാണ്.മൊട്ട കുന്നുകൾ പഴുത്ത് പാകമായിട്ടുണ്ട്.ശിഅബ് അബൂത്വാലിബ് സൂര്യ കിരണങ്ങളാൽ പതച്ചു കിടപ്പാണ്. ജന്നതുൽ മുഅല്ലക്കടുത്താണ് ഞങ്ങളുടെ താമസം. ഉച്ച രണ്ട് മണിയോടെ ഹറമിലേക്ക് തിരിച്ചു. റഹ്മത്ത് മുറ്റിയ ലൈലതുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന രാവാണ്. നല്ലൊരു പ്രാർഥനയും അന്ന് ഹറമിൽ നടക്കും. അകത്ത് പ്രവേശിച്ചാൽ മടക്കം രാത്രി തറാവീഹിന്ന് ശേഷമായിരിക്കുമെന്ന് നേരത്തെ ഉറപ്പിച്ചതാണ്. അല്ല പുറത്ത് കടന്നാൽ പിന്നെ അകത്തേക്ക് പ്രവേശവും കിട്ടില്ല. ഗസ്സ ഏരിയിൽ സുരക്ഷാ വിഭാഗം സ്ഥാപിച്ച ബാരിക്കേഡുകൾ പൂർണമായും അടച്ചാൽ പള്ളിക്ക് അകത്തേക്കെന്നല്ല മുറ്റത്തേക്ക് പോലും പിന്നെ ഒട്ടും പ്രവേശവും സാധ്യമവുല്ല. നോമ്പ് തുറക്കാൻ സബാദിയും ഖുബ്സും കാരക്കയും ഖഹ് വയും സംസമും എവിടെയിരുന്നാലും ഹറമിന്നകത്തും സുലഭമായി കിട്ടും. ഇന്ന് അവയെല്ലാം മതി എന്ന് തീർഥാടകരും ഉറപ്പിച്ചിട്ടുണ്ട്. അതിനാൽ അവരും നേരത്തെ ഹറമിലെ ക്ക് പുറപ്പെട്ടിരിക്കുകയാണ്.സാധാരണ ഹറമിൽ നിന്ന് നോമ്പ് തുറന്ന് റൂമിലെത്തി ഭക്ഷണം കഴിച്ച് വീണ്ടും ഇശാഇന്നും തറാവീഹിന്നും വേണ്ടി പള്ളിയിലേക്കെത്താറാണ് അവരുടേയും പതിവ്. ഇന്ന് അതൊന്നും നടക്കില്ല. അത്രയുമാണ് വിശ്വാസി കൂട്ടത്തിൻ്റെ ആധിക്യം. സൂചി കുത്താൻ ഇടമില്ല. വൈകീട്ട് നാലിന് ഭക്ഷണം പാക് ചെയ്ത് നൽകിയെങ്കിലും പലരും അതൊന്നും എടുക്കാൻ വരാതെ ഹറമിൽ തന്നെ തങ്ങി ആരാധനകളിൽ മുഴുകി. ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത ആത്മീയവും അസുലഭവുമായ മുഹുർത്തം പരമാവധി ഉപയോഗപ്പെടുത്താൻ മത്സരിക്കുകയായിരുന്നു അവർ.സാബിഖൂ ഇലാ മഗ്ഫിറ:…
കിംഗ് അബ്ദുല്ല എക്സ്റ്റൻഷൻ ഭാഗത്ത് നിന്ന് പള്ളിയുടെ അകത്തേക്ക് പ്രവേശം ലഭിച്ചു. എസ്കലേറ്ററിലൂടെ രണ്ടാം നിലയിലെത്തിയപ്പോൾ അവിടെ അത്രയുംനേരത്തെ ഏകദേശം നിറഞ്ഞു കവിഞ്ഞ ജനസാഗരം. കയ്യിൽ കരുതിയ മുസ്വല്ല മുൻഭാഗത്ത് ഒരിടത്ത് വിരിച്ചു. എൻ്റെ വലത് വശത്ത് താഇഫിൽ ടൈൽ വർക്ക് ചെയ്യുന്ന പാകിസ്താനിയാണ് ഇരിക്കുന്നത് .ഫജ്റിന് ശേഷം കക്ഷി അങ്ങോട്ട് തന്നെ മടങ്ങും. 27-ാം രാവ് ഹറമിൽ ലഭ്യമാകാൻ വന്ന ലക്ഷങ്ങളിൽ ഒരാൾ. കഴിഞ്ഞ ദിവസം ഇതേ നേരം തൊട്ടടുത്തുണ്ടായത് സുഡാൻ ഖാർത്തൂമിലെ, സിമൻ്റ് ഫാക്ടറിയിൽ ജോലിയെടുക്കുന്ന അബൂദർ എന്ന 31-കാരനായിരുന്നു. സുഡാൻ്റെ സ്വൂഫി പാരമ്പര്യത്തിൽ വളർന്ന യുവാവാണ് അദ്ദേഹം.
അസ്വർ നമസ്ക്കാരാനന്തരവും ഖുർആൻ പാരായണത്തിൽ ഏർപ്പെട്ടു.നോമ്പ് തുറക്കാറായപ്പോൾ അകത്ത് എല്ലാവരും ചേർന്ന് പരസ്പരം പല വിഭവങ്ങൾ പങ്ക് വെച്ചു. മഗ് രിബ് ബാങ്ക് മുഴങ്ങുന്നു.നോമ്പ് തുറന്നതോടെ ഹറമിലെ പ്രമുഖ ഇമാം അബ്ദുർ റഹ്മാൻ അസ്സുദൈസിൻ്റെ നേതൃത്വത്തിൽ മഗ് രിബ് നമസ്ക്കാരം. നിങ്ങൾ താഴ്മയോടെയും പ്രതീക്ഷയോടേയും അല്ലാഹുവോട് പ്രാർഥിക്കുക, തീർച്ചയായും ദൈവിക കാരുണ്യം സുകൃതവാന്മാരുടെ വളരെ അടുത്താകുന്നു എന്നർഥമുള്ള രണ്ട് സൂക്തങ്ങളാണ് അദ്ദേഹം ആ നമസ്ക്കാരത്തിൽ പാരായണം ചെയ്തതത്.നമസ്ക്കാരാനന്തരം അദ്ദേഹത്തിൻ്റെ ഒരു കൊച്ചു സംസാരം മൈക്കിൽ മുഴങ്ങി. ഇന്നത്തെ പ്രാർഥന ഖിയാ മുല്ലൈൽ നമസ്ക്കാരത്തിൻ്റെ അവസാനം വരുന്ന വിത്റിലെ അവസാന റക്അതിലാണ് നടക്കുന്നത് എന്നായിരുന്നു അതിൻ്റെ ഉള്ളടക്കം. തിരക്ക് പരിഗണിച്ചും ദൂര സ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് പങ്കെടുക്കാനുള്ള സൗകര്യം മാനിച്ചുമാണങ്ങിനെ ചെയ്യുന്നതെന്നും അദ്ദേഹം തുടർന്നു. ഹറമിൽ ഉള്ള വിശ്വാസികളുടെ ആധിക്യം സന്തേഷമേകുന്നു. ഉന്തും തള്ളുമില്ലാതെ, നിയമ പാലകരോട് സഹകരിച്ച്, പരസ്പരം കാരുണ്യത്തിലും സ്നേഹത്തിലും വർത്തിച്ച് ഇന്നത്തെ രാവിനെ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ഉണർത്തിച്ചു.വടിയും തോക്കുമില്ലാതെ ലക്ഷങ്ങളെ നിയന്ത്രിച്ച സൗദി പട്ടാളക്കൂട്ടത്തിൻ്റെ സേവനം മാതൃകാപരമാണ്.
8.45 ഓടെ ഇശാ ബാങ്ക് മുഴങ്ങുകയായി. വിശ്വാസികൾ അകത്തും പുറത്തും പ്രാർഥനകളിൽ മുഴുകി നമസ്ക്കാരത്തിന്ന് വേണ്ടി ആകാംക്ഷാപൂർവ്വം കാത്തിരിക്കുകയാണ്.ഇ ശാക്കു ശേഷം 10 റക്അത് തറാവീഹ് നമസ്ക്കാരം. സൂറ: അദ്ദുഖാൻ ആയിരുന്നു ആദ്യ റക്അത്തിൽ പാരായണം ചെയ്യപ്പെട്ടത്. അനുഗ്രഹീത രാവിൽ നാമതിനെ ഇറക്കിയിരിക്കുന്നു എന്ന സൂക്തമാണല്ലൊ അതിൻ്റെ തുടക്കത്തിലുള്ളതും.
10.20ന് ആ നമസ്കാരം കഴിഞ്ഞു. അടുത്ത നമസ്ക്കാരം 12.45 മുതൽ 2.30 വരെയായിരുന്നു. ഇടക്ക് ഹറമിൽ നിന്ന് പുറത്തേക്ക് ഇറങ്ങേണ്ടി വന്നതിനാൽ ഗസ്സ ഭാഗത്തെ മെയിൻ റോഡിൽ മുസല്ലയിട്ട് പതിനായിരങ്ങൾക്കൊപ്പം പുറത്താണ് നമസ്ക്കരിച്ചത്. ആ പുലർച്ചയിലും ഉംറക്ക് പോകുന്നവരെ അകത്തേക്ക് കടത്തിവിടുന്നതിനാൽ സ്വഫ്ഫുകൾ കവച്ച് കടന്ന് അവർ മുന്നോട്ട് പോകുന്നുമുണ്ട്. ഇടക്ക് പാതിരാവിൽ കാരുണ്യത്തിൻ്റെ മഴ തുള്ളിപ്പൊടിഞ്ഞു. നിങ്ങൾ കുടിക്കുന്ന വെള്ളത്തെ കുടിച്ച് ചിന്തിക്കുന്നില്ലെ? നിങ്ങളാണോ അതല്ല നാമാണോ അത് വർഷിപ്പിച്ച് തരുന്നത് എന്ന സൂക്തവും ആയിടയിൽ അന്തരീക്ഷത്തിൽ പാരായണത്തിനിടെ ഒഴുകിപ്പരന്നു.
അവസാനം ഇമാം സുദൈസ് ലൈലതുൽ ഖദ്റിലെ പ്രാർഥന ആരംഭിച്ചു. മുസ്ലിംകളുടെ വിശ്വാസ ദാർഡ്യതക്ക് വേണ്ടി, ഇഹപര വിജയത്തിന്ന് വേണ്ടി,സ്വർഗ ലബ്ധിക്കും നരക വിമോചനത്തിന്നും വേണ്ടി,ലോക മുസ്ലിംകളുടെ ഇസ്സത്തിന്ന് വേണ്ടി, മസ്ജിദുൽ അഖ്സ്വയുടെ വിമോചനത്തിന്ന് വേണ്ടി, വിവിധ രാജ്യങ്ങളിൽ അടിച്ചമർത്തപ്പെടുന്നവരുടെ ഉയർത്തെഴുന്നേൽപ്പിന്നു വേണ്ടി, യുവതീയുവാക്കളുടെ സന്മാർഗ ലബ്ധിക്കു വേണ്ടി, ഖുർആനെ ഹൃദയത്തിൻ്റെ വസന്തമാക്കി തരുവാൻ വേണ്ടി, രാഷ്ട്ര നായകന്മാർക്ക് നേരായപാത ലഭിക്കുവാൻ വേണ്ടി ആ പ്രാർഥന കണ്ഠമിടറി ,തേങ്ങലായി മക്കാ ദിക്കിലൊന്നാകെ മുഴങ്ങി.ലക്ഷങ്ങൾ കണ്ണീർ പൊഴിച്ച് ആമീൻ മൊഴിഞ്ഞ് അതിൽ പങ്കുചേർന്നു.സംതൃപ്തരായി അവർ പിരിഞ്ഞ് പോകുമ്പോൾ നാഥാ, നീ ഞങ്ങളിൽ നിന്ന് ഇത് സ്വീകരിക്കേണമെ എന്ന പ്രാർഥന മനസ്സായിരുന്നു എല്ലാവർക്കും.
( 28-4-2022, വ്യാഴം, മക്ക)