ഹറമിൽ വീണ്ടും നോമ്പ് തുറന്നപ്പോൾ
അതിരറ്റ ആഹ്ലാദത്തോടെയും കൃതജ്ഞതാ ബോധത്തോടെയും ഇന്ന് മക്കയിലെ പരിശുദ്ധ ഹറമിൽ വെച്ച് നോമ്പ് തുറക്കാൻ അവസരം ലഭിച്ചു.അൽഹംദുലില്ലാ
എത്രയെത്ര വിശ്വാസികളാണവിടെ ഒന്നിച്ചിരുന്ന് നോമ്പ് തുറന്നത്. ലക്ഷങ്ങൾ . കോവിഡാനന്തരം രണ്ട് വർഷം മുടങ്ങി പോയ ഈ സംഗമങ്ങൾക്ക് അല്ലാഹു വിൻ്റെ വിശുദ്ധ ഭവനം വീണ്ടും സാക്ഷ്യം വഹിക്കുന്നതിൻ്റെ ആവേശം അവരിൽ പ്രകടമാണ്. ഏക ഇലാഹിന്ന് ശുക്ർ അർപ്പിക്കുവാൻ കാതങ്ങൾ താണ്ടി അവർ ഹറമിലെത്തിയിരിക്കുകയാണ്. ഹറമിലേക്കും അതിൻ്റെ മുറ്റത്തേക്കും ചെന്നാൽ എനിക്ക് ഇരിക്കുവാൻ, നോമ്പ് തുറക്കുവാൻ വിഭവങ്ങൾ കിട്ടുമോ എന്ന ആശങ്കങ്ങളൊന്നും ആർക്കുമില്ല.എല്ലാവർക്കും വേണ്ടത്ര വിഭവങ്ങൾ. ദൈവദാസന്മാർക്ക് ദാനമായി നൽകി ദൈവിക പ്രതിഫലം കരസ്ഥമാക്കുവാൻ അനേകായിരങ്ങൾ നൽകുന്ന സൗജന്യ ഭക്ഷണങ്ങളാണവിടെ വിതരണം ചെയ്യുന്നത്. മക്കാ മണൽതട്ടിൽ നൂറ്റാണ്ടുകൾ മുമ്പ് നിർഗളിച്ച സംസം ആണ് അവരുടെ എല്ലാം നോമ്പ് തുറയുടെ പ്രധാന തെളിനീർ.ഇടതടവേതുമില്ലാതെ ഈ മൊട്ടക്കുന്ന് കാരുണ്യത്തിൻ്റെ ആ തീർഥ ജലം ചുരത്തി കൊണ്ടേയിരിക്കുകയാണ്. ഒപ്പം വിവിധ തരം ശുദ്ധ ഈത്തപ്പഴങ്ങൾ. വ്യത്യസ്ത രുചിയിലും അളവിലും നൽകപ്പെടുന്ന ചായകൾ. ഖഹ് വകൾ.ചാവലുകൾ.ഫത്വീറകൾ. പരിശുദ്ധ ഖുർആൻ പറഞ്ഞത് എത്ര സത്യം .യു ജ്ബാ ഇലൈഹി മിൻ കുല്ലി സമറാത് – ദിവ്യാനുഗ്രഹം ഉൾചേർന്ന എല്ലാ വിഭവങ്ങളും അവിടേക്ക് ശേഖരിക്കപ്പെട്ടിരിക്കുകയാണ്.
മഗ് രിബ് നമസ്കാര ശേഷവും അതിൻ്റെ വിതരണം തുടരുന്നുണ്ട്. ആദ്യമായി എനിക്കതിൽ നിന്ന് ലഭിച്ചത് നല്ല കടുപ്പത്തിലുള്ള സുഡാനി ഖഹ് വയാണ്. ഇതെഴുതുമ്പോൾ തൊട്ട് മുമ്പിലെ നിരയിൽ കുറെ സഹോദരങ്ങൾ ഭക്ഷണം കഴിക്കാൻ സുപ്രക്ക് ചുറ്റും ഇരുന്നിട്ടുണ്ട്. അവർ അതിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നുമുണ്ട്. എൻ്റെ തൊട്ടുമുമ്പിലുള്ള എഞ്ചെട്ട് പേർ കബ് സ കഴിക്കുന്നുണ്ട്. എന്നെ അതിലേക്കവർ ക്ഷണിക്കുന്നു. അവർ ഹറമിൽ സ്ഥാപിക്കപ്പെട്ട ക്യാമറ ഡി പാർട്ട്മെൻ്റിലെ ജീവനക്കാരാണ്. ഡൽഹിക്കാരും ഹൈദരാബാദികളും. ഇശാഉം തറാവീ ഹും നമസ്ക്കരിക്കാനുള്ളതിനാൽ ഹെവി ഭക്ഷണം അതിന്ന് ശേഷമാവാം എന്ന് വെച്ചതിനാൽ അവർക്കൊപ്പം കൂടിയില്ല. അതിനിടെ അവർക്കിടയിലേക്ക് രണ്ട് ഈജിപ്ഷ്യൻ തീർഥാടകർ ഇരുന്നു. സന്തോഷപൂർവ്വം അവരൊന്നിച്ച് ആഹരിക്കുന്നു. ജാതിയില്ല, ഭാഷ പ്രശ്നമല്ല. വർണം പരിഗണനീയമല്ല. ദേശം ചോദിക്കില്ല. പദവികൾ വിഷയമേയല്ല. കുല്ലുൻ മുസ് ലിം – അഥവാ എല്ലാവരും മുസ്ലിംകൾ. ഇസ്ലാം ആണവരെ ഒരു മാലയിലെ മുത്ത് മണികളെ പോലെ ഏകോപിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച അസ്തമയത്തോടടുത്താണ് ഞങ്ങൾ മക്കയിലേക്കെത്തിയത്. ജിദ്ദയിൽ നിന്ന് മക്കയിലേക്കുള്ള ബസിൽ വെച്ചായിരുന്നു അന്നത്തെ നോമ്പ് തുറ. നോമ്പ് തുറക്കാൻ ഹോട്ടലിലേക്ക് എത്തി ചേരുമായിരുന്നെങ്കിലും മക്കയോടടുത്ത ഒരു സിഗ്നലിൽ ചുവന്ന ലൈറ്റ് തെളിഞ്ഞതിനാൽ ബസ് അവിടെ നിർത്തിയപ്പോൾ മൂന്ന് നാല് പേർ അതിന്നടുത്തേക്ക് ഓടി വന്നു. അല്ല മൗറത്താനിയക്കാരനായ ഡ്രൈവർ ബസ് അവരോട് അടുപ്പിച്ചു. ബസിലുണ്ടായിരുന്ന കേരള ഹജ് ഗ്രൂപ്പ് ഉംറ സംഘത്തിലെ 40 പേർക്കും നോമ്പ് തുറക്കാനുള്ള വിഭവങ്ങൾ അവർ പാക്കറ്റുകളായി നൽകി. പടച്ചവനേ ഈ മക്ക പറഞ്ഞാൽ തീരാത്ത ഉദാരതയുടെ മാതൃകയാണ്. ഞങ്ങൾ നാട്ടിൽ നിന്നും പുറപ്പെടുമ്പോൾ തന്നെ മക്ക ഞങ്ങൾക്ക് വിഭവങ്ങളുമായി കാത്ത് നിൽക്കുകയായിരുന്നല്ലൊ.
ദിവസേന ലക്ഷങ്ങൾ സസന്തോഷം നോമ്പ് തുറക്കുമ്പോഴും അവ പാക് ചെയ്ത യാതൊരു അവശിഷ്ടങ്ങളും കാണില്ല. മക്കയിൽ എന്തൊരു വൃത്തിയും വെടിപ്പുമാണ്. ഒരു വേസ്റ്റും എവിടെയുമില്ല. ആയിരക്കണക്കിന്ന് ജീവനക്കാർ അവിടെ ക്ലീൻ ചെയ്ത് കെണ്ടേയിരിക്കുന്നു. വൃത്തി ഈമാനിൻ്റെ പകുതിയാകുന്നു എന്ന് പഠിപ്പിച്ച കേന്ദ്ര മണ്ണ് അങ്ങിനെ ആയില്ലെങ്കിലെ അത്ഭുതമുള്ളു. റോഡുകളുടെ വശങ്ങളിൽ തലയാട്ടി സ്വീകരിക്കുന്ന പച്ച മരങ്ങളുണ്ട്. സൂക്ഷ്മമായി പരിചരിക്കപ്പെടുന്ന വർണപുഷ്പങ്ങളുള്ള ചെടികൾ വേറെയും.രാത്രിയായാൽ വൈദ്യുതി വെളിച്ചങ്ങളുടെ വർണാലംകൃത റമദാൻ നിലാവ്. അതെ ഈ നഗരം രാപ്പകൽ ഉറങ്ങാറില്ല. മക്ക എന്നാണ് ഉറങ്ങിയിരുന്നത് എന്ന് ആർക്കുമറിയില്ല.അത് എന്നും ഉണർന്ന് തന്നെ ഇരിക്കുകയാണ്. ഏകദൈവ സന്ദേശം ലോകത്തേക്ക് പ്രസരിപ്പിച്ച് അതിനിയും ഉണർന്നേ ഇരിക്കും. കാരണം മാനവരാശിയുടെ മുഖം തിരിച്ചു വെച്ചിരിക്കുന്നത് അങ്ങോട്ടാണ്. ജീവിതത്തിൻ്റെ ദിശ കാണിക്കുന്ന വിളക്കുമാടത്തിൽ വെളിച്ചം അണയുന്നില്ല. ആ വെളിച്ചത്തിന്ന് വല്ലാത്ത വെളിച്ചമുണ്ട്. അന്ത്യദിനം വരേക്കും അണയാതെ പ്രകാശിക്കുന്ന സത്യവെളിച്ചം.വായകൾ കൊണ്ട് ഊതി കെടുത്തുവാൻ ആര് ശ്രമിച്ചാലും അത് നടക്കില്ല.കാരണം ഏക ഇലാഹി ൻ്റെ കൂടുതൽ തെളിച്ച മുള്ള വെളിച്ചമാണത്.
( 20-4-2022 ബുധൻ, മക്ക )