മക്കയിലെ ഖത്മുൽ ഖുർആനും മദീനയിലെ ഖിയാമുല്ലൈലും
റമദാൻ്റെ 28 നോമ്പുകൾ പൂർത്തിയാക്കി 29-ാം രാവിൽ മക്ക ഹറമിൽ രാത്രി നമസ്ക്കാരത്തിൽ പരിശുദ്ധ ഖുർആൻ ഒരാവർത്തി പാരായണം പൂർത്തിയതോടനുബന്ധിച്ച ഖത്മുൽ ഖുർആൻ പ്രാർഥന നടക്കുകയാണ്. 27-ാം രാവ് പോലെ 29 -ൻ്റെ അന്നുമുണ്ട് അബാലവൃദ്ധം വിശ്വാസിക്കൂട്ടം . പുറം മൈതാനങ്ങളിലും പുരുഷാരം തിങ്ങി നിറഞ്ഞ നില്പാണ്. അവിടെ ഘടിപ്പിച്ച കോളാമ്പി മൈക്കിൽ ഖുർആൻ മുഴങ്ങുമ്പോൾ ഇളം കാറ്റ് മൈതാനങ്ങളിൽ കൂട്ടിനു വന്നിട്ടുണ്ട്.
9.15ന്ന് ആരംഭിച്ച 10 റക്അത്ത് അന്ന് തീർന്നത് 11 മണിക്ക്. അതിലെ ആദ്യ എട്ട് റക്അതുകളിൽ ഒരു ഇമാമും അവസാന രണ്ട് റക്അതിൽ ശൈഖ് സുദൈസുമായിരുന്നു നേതൃത്വം. അമ്മ ജുസ് അ പൂർണമായും ആദ്യ ഇമാം സുന്ദരമായി ഓതി. ഭൂരിപക്ഷവും മക്കയിൽ അവതരിച്ച സൂറകൾ. അഥവാ 30-ാം ജുസ്ഇലെ 26 അധ്യായങ്ങളിൽ അൽബയ്യിനയും തൊട്ടടുത്ത അസ്സൽസലയും പിന്നെ അന്നസ്റും( 98,99,110 )മാത്രമാണ് മദീന അധ്യായങ്ങളായുള്ളു. ഈ മുഴുവൻ സൂറകളുമാകട്ടെ ഇസ്ലാമിൻ്റെ അടിസ്ഥാന ആദർശങ്ങളായ തൗഹീദ് അഥവാ ഏകദൈവ വിശ്വാസം, പ്രവാചകത്വം, പരലോക ചിന്ത എന്നിവയാണ് അടയാളപ്പെടുത്തുന്നത്. നിങ്ങളുടെ വിശ്വാസ ആദർശങ്ങൾ മുറുകെ പിടിച്ച്,ഈമാൻ്റെ കറ കളഞ്ഞ് ലോകത്തിൻ്റെ അഷ്ട കോണുകളിൽ നിന്ന് വന്ന തീർഥാടകാ, അങ്ങോട്ട് തന്നെ തിരിച്ചു പോകൂ എന്ന സന്ദേശം കൂടിയാണ് മിക്കവർക്കും മനപാഠവുമായ ആ സൂക്തങ്ങൾ മക്കയിൽ ഒരിക്കൽ കൂടി റമദാനിൽ മുഴക്കിയിരിക്കുന്നത്.
നിങ്ങളെ ഇണകളായി സൃഷ്ടിച്ചവൻ, പകലിനെ ഉപജീവനത്തിന്നും രാത്രിയെ വിശ്രമത്തിന്നും നിശ്ചയിച്ചവനാണവൻ.മഴ വർഷിപ്പിച്ച് സസ്യവും ധാന്യവും മുളപ്പിച്ചവൻ, നിങ്ങൾക്ക് നിർണിത അവധി കണക്കാക്കിയിട്ടുണ്ട്. ഒരു നാൾ കാഹളത്തിലൂതപ്പെടുമ്പോൾ നിങ്ങൾ കൂട്ടത്തോടെ വിചാരണക്ക് ഒരുമിച്ചുകൂട്ടപ്പെടുന്നവരാണ്. വിചാരണ പരിഗണിക്കാതെ ജീവിച്ചവനെ നരകം കാത്തിരിപ്പുണ്ട്. മുത്തഖികൾക്കാകട്ടെ തോട്ടങ്ങളും മുന്തിരികളും ചഷകങ്ങളും ആകർഷക ഇണകളുമാണുള്ളത്. അവ കണ്ട് അന്ന് നിഷേധികൾ വിലപിച്ചിട്ട് ഫലമില്ല. നശിച്ച് മണ്ണടിഞ്ഞു പോയെങ്കിൽ എന്ന് കൊതിച്ചിട്ടും തരമില്ല.അതിനാൽ ജാഗ്രതയോടെ ജീവിതം മുന്നോട്ടു നയിക്കുവിൻ എന്നാണല്ലൊ അമ്മ ജുസ്ഇലെ ഒന്നാം അധ്യായം അന്നബഇൻ്റെ പ്രമേയം. തുടർന്ന് നാസിആതും, അബസയൂം കുവ്വിറതും അതേ നമസ്ക്കാരത്തിലെ രണ്ടാമത്തെ റക്അത്തിൽ ഇമാം പാരായണം ചെയ്തു. പിന്നെയും ക്രമംപിഴക്കാതെ ഇൻഫിത്വാറിൽ നിന്ന് അളവ് തൂക്കളുടെ കൃത്യത ആവശ്യപ്പെടുന്ന മുതഫ്ഫിഫീനിലേക്കും ശേഷം ഇൻശിഖാഖിലേക്കും ഇമാം കടന്നു. ബുറൂജും അത്വാരിഖും അഅലായും ഗാശിയയുമൊക്കെ ഹൃദയം തൊടുന്ന തരത്തിൽ ഒരോ പദവും എടുത്തെടുത്തു വെച്ചുള്ള മനോഹര പാരായണം .അവസാനം എട്ടാമെത്ത റക്അതിൽ അൽ കൗസർ കൂടി ഓതി ആ ഇമാം വിരമിച്ചു. കാഫിറൂൻ, നസ് ർ, മസദ് എന്നിവ ഒമ്പതിലും ഇഖ്ലാസ്, ഫലക്, അന്നാസ് പത്താം റക്അതിലും സുദൈസ് ഓതുകയും റുകൂഇലേക്ക് പോകും മുമ്പെ ഗദ്ഗദ കണ്ഠനായി ദീർഘ പ്രാർഥനയും അദ്ദേഹം നിർവഹിച്ചപ്പോൾ ഹൃദയം തേങ്ങി വിശ്വാസിക്കൂട്ടം അതിൽ പങ്ക് ചേർന്ന് കരഞ്ഞു.ആ കണ്ണുനീർ തുള്ളികൾ മക്കയുടെ പരിശുദ്ധമണൽ തരികൾ പുണ്യരാവിൽ ഏറ്റുവാങ്ങി.പിറ്റേന്ന് ശനിയാഴ്ച രാവിലെ സുബ്ഹിക്കു ശേഷം കഅബയും മത്വാഫ് ഉൾപ്പടെപരിസരവും കഴുകിയപ്പോൾ പെരുന്നാൾ രാവിൻ്റെ മുന്നൊരുക്ക സൂചന ദൃശ്യമായെങ്കിലും ഒരു ദിനം കൂടി സൗദിയിലും റമദാൻ തുടരുകയായിരുന്നു. ഇനി ഇന്ന് പുതിയ ചന്ദ്രപ്പിറ.
അപ്പോഴേക്കും
30-ാം രാവിൻ്റെ രാത്രി നമസ്ക്കാരം നിർവഹിക്കാൻ ഞങ്ങൾ മദീന മസ്ജിദുന്നബവിയിലേക്കും എത്തിചേർന്നു. ഇവിടെയും ഇന്നലെ ഖത്മുൽ ഖുർആൻ നടന്നതിനാൽ അൽ ബഖറ വീണ്ടും ആവർത്തിച്ച് പാരായണം ചെയ്തു ഇമാം. അത് ആ അധ്യായത്തിലെ ആ മനർറസൂലു- എന്നാരംഭിക്കുന്ന പ്രാർഥനയോടെ പത്താം റക്അത്തിൽ സമാപിച്ചു. ഞങ്ങൾ പിഴച്ചാലോ മറന്നാലോ ഞങ്ങളെ അതിൻ്റെ പേരിൽ പിടികൂടരുതെന്ന പ്രാർഥന. ഞങ്ങൾക്ക് വഹിക്കാനാവാത്ത ഭാരം വഹിപ്പിക്കരുതേ എന്ന അർഥന. തെറ്റുകൾ മായ്ച്ചു തരിക, പൊറുത്തുതരിക, ഞങ്ങളോട് കരുണ കാണിക്കുക എന്ന തേങ്ങൽ. നീ മാത്രമാണ് ഞങ്ങളുടെ യജമാനൻ. അസത്യത്തിൻ്റെ വക്താക്കൾക്കെതിരെ ഞങ്ങൾക്ക് വിജയം തരിക എന്ന നിശ്ചയ ദൃഢം – അവയാണ് ഇത്തവണത്തെ റമദാൻ നമസ്കാരത്തിൽ അവസാനം കേട്ട സൂക്തങ്ങൾ. അവയാകട്ടെ നമ്മുടെ തുടർ ജീവിത നിലപാടും.തുടർന്ന് വിത്ർ കൂടി കഴിഞ്ഞപ്പോൾ സമയം പുലർച്ചെ 2. 15. മക്കയും മദീനയും ഭൂപ്രകൃതിയിൽ വരെ ഏറെ വ്യത്യാസമുണ്ട്. നീണ്ടു പരന്ന മസ്ജിദുന്നബവിയുടെ മുറ്റങ്ങൾ തന്നെ ആ ഹൃദയ വിശാലതയെയാണ് വരച്ചിടുന്നത്. മദീനയിലേക്ക് വന്നവരെ സ്നേഹം കൊണ്ട് വരുന്നൂട്ടിയ മണ്ണ്. ഞങ്ങൾക്കാകട്ടെ ഹറമിൻ്റെ മുറ്റത്തോട് ചേർന്ന കെട്ടിടത്തിൽ താമസ സൗകര്യവും ലഭ്യമായി. അവയെല്ലാം ഒരുക്കി തന്ന നാഥന്ന് ഒരായിരം ശുക്ർ.