മായാത്ത റമദാൻ നിറങ്ങൾ:ഒരു ഡൽഹി അനുഭവം
രംഗം: അയൽക്കാരുടെ നോമ്പ് സൽക്കാരം
തൊട്ടടുത്ത ഫ്ളാറ്റിലെ പാർക്കിംഗ് ഏരിയയിൽ തറാവീഹു നമസ്കാരത്തിനായി ആളുകൾ ഒത്തു കൂടിയിട്ടുണ്ട്. സൂപ്പർ ഫാസ്റ്റ് വേഗതയിലാണ് ഇമാം ഖുർആൻ പാരായണം ചെയ്യുന്നത്; ആർക്കും ഒന്നും മനസ്സിലാവാത്ത രീതിയിൽ. വേഗതയുടെ കാരണം അന്വേഷിച്ചപ്പോഴാണ് മനസ്സിലായത്, മൂന്നു ദിവസം കൊണ്ട് ഖത്തം തീർത്തു തറാവീഹു നമസ്കാരം പൂർത്തിയാക്കാനുള്ളതാണ് തറാവീഹു നമസ്കാരത്തിന് കൂടുതൽ ‘ഒപ്ഷൻസ്’ ഉണ്ട് ഡൽഹിയിൽ. ഒരു ദിവസം കൊണ്ട് തീരുന്ന തറാവീഹും മൂന്നു ദിവസം കൊണ്ട് തീരുന്ന തറാവീഹും തുടങ്ങി മുപ്പത് ദിവസങ്ങൾ കൊണ്ട് തീരുന്ന തറാവീഹും നിങ്ങൾക്ക് സെലക്ട് ചെയ്യാം. ഇമാം ഖുർആൻ മുഴുവനായി പാരായണം ചെയ്യുന്നതോട് കൂടി തറാവീഹു നമസ്കാരവും തീരും. കച്ചവടക്കാരായ ആളുകൾ ആദ്യത്തെ പത്തിൽ തന്നെ തറാവീഹ് തീർത്ത് രണ്ടും മൂന്നും പത്തുകളിൽ കച്ചവടത്തിനു വേണ്ടി മാറ്റി വെക്കും! പടച്ചോന്റെ കൂലിയും കിട്ടി, കച്ചവടത്തിന്റെ ലാഭവും….
രംഗം: അയൽക്കാരുടെ നോമ്പ് സൽക്കാരം
ഒരു ട്രേ നിറയെ കൊച്ചു കൊച്ചു ബൗളുകൾ; അതിലൊന്നിൽ ഫ്രൂട്ട് ചാറ്റ്, മറ്റൊന്നിൽ ദഹി വട, വേറെ ഒന്നിൽ പൊക്ക വട (വഴുതന, കക്കരി, ഉരുളക്കിഴങ്ങ് തുടങ്ങി അങ്ങാടികളിൽ കിട്ടുന്ന എല്ലാ പച്ചക്കറികൾ കൊണ്ടും അവർ പൊക്കവട ഉണ്ടാക്കും) മറ്റു രണ്ടു ബൗളുകളിൽ പേരറിയാത്ത പല തരം പലഹാരങ്ങൾ. ബാങ്ക് വിളിയുടെ അഞ്ചു മിനുട്ട് മുൻപ് തീൻ മേശയിലെത്തുന്ന ഈ ‘സ്നേഹം’, അയൽവാസികളുടെ നോമ്പ് തുറപ്പിക്കലാണ്. മിക്ക വീടുകാരും പള്ളിയിലേക്കും കൊടുത്തയക്കും ഒരു ട്രേ. നാട്ടിൽ ആരാധനാ കർമ്മങ്ങൾ ബലികഴിച്ച് ടേബിൾ നിറയെ വിഭവങ്ങൾ ഒരുക്കി ഉറ്റവരെയും ഉടയവരെയും സൽകരിക്കുന്ന പ്രിയപ്പെട്ട സഹോദരിമാർക്ക് വന്ദനം. ഒരു റംസാനിൽ രണ്ടോ മൂന്നോ പ്രാവശ്യം ഞങ്ങൾ അയൽവാസികളുമായി നടത്തുന്ന ഈ കൊടുക്കൽ വാങ്ങൽ സൽകാരം അവരുടെ നാട്ടിലെ ഭക്ഷണ പദാർത്ഥങ്ങൾ നമുക്കും നമ്മുടെത് അവർക്കും രുചിക്കാനുള്ള അവസരം കൂടി ഒരുക്കിത്തരുന്നു.
രംഗം: ജുമാമസ്ജിദിലെ കതിന വെടി
ഒരു പാത്രം നിറയെ ഫ്രൂട്ട് ചാറ്റും തൂക്കിപ്പിടിച്ച് സൂചി കുത്താനിടമില്ലാത്ത തിരക്കിനടിയിലൂടെ ജുമാമസ്ജിദ് ലക്ഷ്യമാക്കി നടന്നു നീങ്ങുമ്പോൾ വെടി ശബ്ദം മുഴങ്ങല്ലേ എന്ന പ്രാർത്ഥനയാണുണ്ടായിരുന്നത്. ഡൽഹിയിലാണ് നോമ്പിനെങ്കിൽ ഒരു നോമ്പ്തുറ ജുമാമസ്ജിദിലേക്ക് വേണ്ടി മാറ്റി വെക്കാറുണ്ട്. അതൊരു പ്രത്യേക കാഴ്ച്ചയാണ്. ഓൾഡ് ഡൽഹിയുടെ പരിസരത്തുള്ള കുടുംബങ്ങൾ തങ്ങളുടെ നോമ്പുതുറ വിഭവങ്ങൾ പാത്രങ്ങളിലാക്കി പള്ളിയിലേക്ക് വരുന്നു. കൊച്ചു കൊച്ചു പായ വിരിച്ച് സ്ത്രീകളും, കുട്ടികളും പുരുഷ•ാരും വട്ടത്തിലിരുന്ന് വെടി ശബ്ദം കാതോർത്തിരിക്കുന്ന രംഗം മനോഹരമാണ്. മസ്ജിദിൽ നോമ്പ് തുറക്കാനുള്ള സമയമായി എന്നറിയിക്കാനാണ് ഈ വെടി ശബ്ദം. സാധാരണ മറ്റു പള്ളികളിലെല്ലാം സൈറൻ മുഴക്കിലാണ്. ആളുകളെ അത്താഴത്തിനു വിളിക്കാനും നോമ്പ് തുറക്കാനുള്ള സമയമായി എന്നറിയിക്കാനും. വിശാലമായ പള്ളിയിൽ നേരത്തെ വന്ന് സ്ഥലം പിടിക്കുന്നവർക്ക് മാത്രമേ ഇരിക്കാനിടം കിട്ടുകയുള്ളൂ. ഇഫ്താറിനു ശേഷം പള്ളി വൃത്തിയാക്കാനും മറ്റും അധികൃതർ പ്രത്വേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടാവും.
രംഗം: റിക്ഷക്കാർക്കൊരു ഇഫ്താർ പാർട്ടി
മുന്നിൽ ഇഫ്താർ പൊതിയുമായി ‘അല്ലാഹു അക്ബർ’ വിളിയും കാത്ത് അക്ഷമരായി മില്ലി മോഡൽ സ്കൂളിന്റെ ഗ്രൗണ്ടിലിരിക്കുന്ന നൂറിൽ പരം സൈക്കിൾ റിക്ഷക്കാർ. റിക്ഷക്കാർക്ക് വേണ്ടി വിഷൻ 2016 ന്റെ നേത്രത്വത്തിൽ നടത്തിയ ഇഫ്താർ പാർട്ടിയാണ് രംഗം. അന്ന് ഒരു ജോഡി പെരുന്നാൾ ഡ്രസ്സും, ബിരിയാണി പൊതിയും അവരുടെ കൈയ്യിൽ വെച്ച് കൊടുത്തപ്പോൾ ആ കണ്ണുകളിൽ കണ്ട തിളക്കം, ഇന്നും മായാത്ത ഒരു ഓർമയാണ്. കൊടും ചൂടിൽ പത്തോ ഇരുപതോ രൂപക്ക് വേണ്ടി റിക്ഷ ഓടിക്കുന്ന ഇവരിൽ പലർക്കും സ്വന്തമായ റിക്ഷ പോലും ഉണ്ടായിരിക്കില്ല. ഒരു ദിവസം റിക്ഷ ഓടിച്ചു കിട്ടുന്ന പൈസയിൽ നിന്നും റിക്ഷ ഉടമക്കും യു. പി. യിലോ ഹരിയാനയിലോ ഉള്ള സ്വന്തം കുടുംബത്തിനും വേണ്ടി മാറ്റി വെച്ച് കിട്ടുന്ന തുച്ചമായ വരുമാനം കൊണ്ടാണവർ ജീവിക്കുന്നത്. നമ്മുടെ നാട്ടിൽ ഇരുപത്തിയേഴാം രാവിന്റെ പൈസക്ക് വേണ്ടി രാവിലെ സുബ്ഹിക്ക് തുടങ്ങി വീട് വീടാന്തരം കയറി യിറങ്ങുന്ന താതാമാരെ കുറിച്ച് ഞാൻ ഓർത്തു പോകുകയുണ്ടായി.
രംഗം: അവസാനത്തെ നോമ്പും, ബട്ട്ല ഹൗസ് തിരക്കും
നോമ്പിന്റെ അവസാനത്തെ ദിവസം ബട്ട്ല ഹൗസ് മാർക്കറ്റിലെ തിരക്കനുഭാവിക്കാൻ പോകൽ ഞങ്ങളുടെ ഒരു വിനോദമാണ്. താമസസ്ഥലത്തു നിന്നും വെറും രണ്ടു കിലോമീറ്റർ മാത്രം ദൂരമുള്ള ബട്ട്ല ഹൗസിലെത്താൻ ഒരു മണിക്കൂറിലേറെ സമയമെടുത്തെന്നു വരാം. ഒരു അജണ്ടയുമില്ലാതെ ആ ജനത്തിരക്കിനിടയിലൂടെ അടിവെച്ചടിവെച്ചു നടക്കാൻ ഒരു പ്രത്യേക ഹരമാണ്. നിരത്തു വക്കിൽ വലിയ കുമ്പാരങ്ങളായി പല നിറത്തിലും തരത്തിലും നിരത്തി വെച്ചിട്ടുള്ള സേവിയ (സേമിയ) യാണ് അതിലെ ഒരു ആകർഷണം. എല്ലാ വീടുകളിലും പെരുന്നാളിനു ഒരു നിർബന്ധിത പലഹാരമാണ് സേവിയ. പലരുടേയും അത്താഴവും ഇതുതന്നെ. മിക്കവാറും നിരത്തുകളിൽ കാണപ്പെടുന്ന തിരക്ക് കടകൾക്കുള്ളിൽ ഉണ്ടായിക്കൊള്ളണമെന്നില്ല. കുറച്ചു കൂടി ഉള്ളിലോട്ടുപോയാൽ മെഹന്തി അണിയിക്കാൻ വേണ്ടിയിരിക്കുന്ന പുരുഷ•ാർ നിരന്നിരിക്കുന്നത് കാണാം. ഒരു ഗല്ലി മുഴുവനായും മെഹന്തി വാലകളും തങ്ങളുടെ ഊഴവും കാത്തിരിക്കുന്ന സ്ത്രീ ജനങ്ങളും……രണ്ട് കൈകൾ നിറയെ മെഹന്തി അണിഞ്ഞ് കൈകൾ രണ്ടും മാറ്റിപ്പിടിച്ച് തിരക്കിനിടയിലൂടെ സ്ത്രീകൾ തിരിച്ചു പോകുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി രാവിലെ നാല് മണി മുതൽ വൈകുന്നേരം ഏഴു മണി വരെ കൊടും വേനലിൽ കഴിഞ്ഞു കൂടിയ, പതിനഞ്ചു മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന നോമ്പിനെക്കുറിച്ചോർക്കുമ്പോൾ ഉള്ളിൽ ത്യാഗത്തിന്റെ സംതൃപ്തി നിറയാറുണ്ട്. ഓർമയിലെ ഓരോ രംഗങ്ങളും ജീവിതത്തിലെ പുതിയ പഠങ്ങളായിരുന്നു…