പരീക്ഷണച്ചീന്തായ മദീനയാത്ര
നോമ്പ് 29ന്ന് ഉച്ച രണ്ട് മണിയോടെ മദീനയിലേക്ക് തിരിക്കാനായിരുന്നു ഞങ്ങളുടെ ഷെഡ്യൂൾ.എന്നാൽ കുറച്ച് കൂടി നേരത്തെ പ്രവാചക നഗരിയിലെത്താൻ അത് രാവിലെ 10 മണിയിലേക്ക് മാറ്റി. ഞങ്ങളെ കൊണ്ടു പോകേണ്ട ബസ് കമ്പനിയുടെ ഓഫീസിലും അവർ നൽകിയ ഡ്രൈവറുടെ നമ്പറിലും അതിന്ന് വേണ്ടി ബന്ധപ്പെട്ടു. റാബിത്വ ട്രാൻസ്പോർട്ടേഷൻ എന്ന കമ്പനിയിലാണ് ഉംറ യാത്രയിലെ മുഴുവൻ ട്രാൻസ്പോർട്ടേഷനും മുൻകൂട്ടി പണമടച്ചിരുന്നത്. ജിദ്ദയിൽ നിന്ന് മക്കയിലേക്ക് നേരത്തെ ഞങ്ങൾ എത്തിയതും ഇതേ കമ്പനിയുടെ ബസ്സിലാണ്.പണം മുൻകൂട്ടി അടച്ചാലും ട്രാഫിക് നിയമങ്ങളുടെ ആധിക്യവും ബസുകൾ വിശ്രമമില്ലാതെ ഓടികൊണ്ടിരിക്കുന്നതും കൃത്യ നേരത്ത് അവരെത്തുന്നതിന്ന് മുമ്പിൽ വിഘാതമാകാറുണ്ട്. പ്രത്യേകിച്ചും റമദാൻ, ഹജ്ജ് സീസണുകളിൽ. ഒടുവിൽ 10 മണിക്ക് ഞങ്ങളെത്താൻ ശ്രമിക്കാമെന്ന് ബസ് ഡ്രൈവർമാർ സമ്മതിച്ചതോടെ ത്വവാഫുൽ വിദാഅ ന ടത്തിച്ച് തീർഥാടകരെ ഒമ്പതു മണിക്കു തന്നെ മക്കയിൽ ഒരുക്കി നിർത്തി. ഒരു ബസിൽ മദീനയിൽ ജനിച്ച മൗറത്താനിയൻ വംശജനും മറ്റേതിൽ ഒരു സുഡാനി ചെറുപ്പക്കാരനുമാണ് ഡ്രൈവർമാർ .ഒരേ ബസിൽ രണ്ടു ഡ്രൈവർമാർ വേണമെന്ന നിയമം ഈ കമ്പനി പാലിച്ചതിനാൽ രണ്ടിലും ഒരോരോ ഈജിപ്ത്യരും ഡ്രൈവർമാരായുണ്ട്. അവർ സീസൺ ഡ്യൂട്ടിക്ക് എത്തുന്നവരാണ്. റമദാൻ സീസണിൽ 2200 സൗദി റിയാൽ ശമ്പളം.ശവ്വാലിലും മറ്റും 1200 ഉം. തീർഥാടകരോട് ബഖ്ശിശ് ചോദിക്കുന്നതിലും ഇവർ കുറവു വരുത്താറില്ല.
അങ്ങിനെ 10 മണിക്ക് മൗറത്താനിയക്കാരൻ ഓടിക്കുന്ന ബസ്സെത്തി . ലഗേജുകൾ അടിഭാഗത്തെ വിശാലമായ ഇടത്ത് മക്കയിലെ മെസ് ജീവനക്കാരും തീർഥാടകരും ചേർന്ന് കയറ്റി വെച്ചു. തീർഥാടകരും കയറി ഇരുന്നു.എന്നിട്ടും ഞങ്ങൾക്ക് കയറേണ്ട രണ്ടാമത്തെ ബസ് എത്തിയിട്ടില്ല. വിളിക്കുമ്പോഴൊക്കെ ഫിത്വരീഖ്, ഇൻദന്നഫഖ്, ഖംസ ദഖീഖ അഥവാ അഞ്ച് മിനുറ്റുകൾ കൊണ്ടെത്താമെന്ന് സുഡാനി. പക്ഷെ ബസ് വന്നത് 11 മണിക്ക്. അതിനിടെ നേരത്തെ ബസിൽ കയറിയിരുന്നവരെ മുഷിപ്പിക്കേണ്ട എന്നു കരുതി അവരോട് പുറപ്പെട്ടു കൊള്ളാൻ പറഞ്ഞു. ഞങ്ങൾ അടുത്ത ഇസ്തിറാഹയിൽ നിൽക്കാം എന്ന് ഡ്രൈവർ പറഞ്ഞെങ്കിലും കാത്ത് നിൽക്കാതെ മുന്നോട്ടു പോകാനും നിർദേശിച്ചു.11 മണിക്കെത്തിയ ബസിൽ തീർഥാടകരും ലഗേജും 11 .20 ഓടെ റെഡി.സുബ്ഹാനല്ലദീ സഖ്ഖറ ലനാ ഹാദാ എന്ന പ്രാർഥന ചൊല്ലിയും മക്കയോട് വിട ചോദിക്കുന്നതിലെ വേദന പങ്കുവെച്ചും യാത്ര ആരംഭിച്ചു.
ഇനിയെന്ന് കഅബ കാണും എന്ന് മനസ്സ് ചോദിച്ചു കൊണ്ടിരിക്കുന്നു.
യാത്രക്കിടെ ഇടത്താവളത്തിൽ നിർത്തി ളു ഹ്റും അസ്വറും ജംഉം ഖസ്റുമാക്കാനാണ് ഉദ്ദേശിച്ചത്. എന്നാൽ നല്ല വേഗതയിൽ കുഴപ്പമൊന്നുമില്ലാതെ ഓടിയ ബസ് രണ്ട് മണിയോടെ 200- കിലോമീറ്ററിലധികം പിന്നിട്ടപ്പോൾ എഞ്ചിൻ ഓഫായി പോകുന്നതാണ് കണ്ടത്. അത്ര പഴക്കം തോന്നിക്കാത്തതാണ് ആ വാഹനം. ഡ്രൈവർ എക്സ്പ്രസ് ഹൈവേയുടെ മഞ്ഞവരക്ക് ഉള്ളിലേക്ക് ഓരം ചേർത്ത് നിർത്തി വീണ്ടും സ്റ്റാർട്ട് ആക്കാൻ ശ്രമമാരംഭിച്ചിരിക്കുകയാണ്.എഞ്ചിൻ്റെ ചൂടാറിയാൽ അത് സ്റ്റാർട്ടാകുമെന്നാണ് അവൻ്റെ പ്രതീക്ഷ. പടച്ചവനെ ഇനി എന്തെല്ലാം പരീക്ഷണങ്ങളാണാവോ വരാനിരിക്കുന്നത്. നോമ്പുകാരും മധ്യവയസ്ക്കരുമായ തീർഥാടകരാണ് ഭൂരിപക്ഷവും.ഉച്ചവെയിലിൻ്റെ കത്തുന്ന പതപതപ്പ് പുറത്ത് അസഹ്യമാണ്. ഡ്രൈവറുടെ സകല ശ്രമവും പരാജയപ്പെട്ടിരിക്കുന്നു. അതിനിടെ സ്റ്റാർട്ടാകുമോ എന്ന് നോക്കുവാൻ മരുഭൂമിയിൽ വെച്ച് തീർഥാടകർ വക ബസിനെ പിറകോട്ടു തള്ളിയും നോക്കി. ഫലമില്ല.ഇനി അതേ കമ്പനിയിൽ നിന്ന് അടുത്ത ബസ് വരാൻ കാത്തിരിപ്പാണ്. ബസ് താരതമ്യേന മദീനയോടാണ് അടുത്ത് നിൽക്കുന്നത്. ദൂരം 190 കിലോമീറ്ററുണ്ട്. ബസ് നിന്നു പോയ സ്ഥലത്ത് നിന്ന് സാസ്കോ പെട്രോൾ പമ്പിലേക്ക് 20 കിലോമീറ്ററിന് താഴെയുമാണ് ദൂരം. പുതിയ ബസ് മദീന ഡിപോയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. അത് എത്തുന്നത് വരെ രണ്ട് മണിക്കൂറിലധികം സമയം എ സി. പോലും വർക്ക് ചെയ്യാത്ത ബസിൽ എങ്ങിനെ ഇരിക്കും? തീർഥാടകർ ഒരോരുത്തരായി പുറത്തിറങ്ങി. ഉച്ചവെയിൽ പതുക്കെ ചാഞ്ഞു വരുന്നതിനാൽ ബസിൻ്റെ നിഴൽ പറ്റി അവർ ഓരം ചേർന്ന് ക്ഷമാപൂർവ്വം നിന്നു. മൊത്തംആ കാത്തിരിപ്പ് മൂന്നര മണിക്കൂറാണ് നീണ്ടത്. രണ്ടര മണിക്കൂർ കഴിഞ്ഞപ്പോൾ അന്നഖാബ ലിസ്സയ്യാറാതിൽ ആമ്മ: എന്ന റോഡ് സുരക്ഷാ വിഭാഗത്തിൻ്റെ ഒരു വാഹനം അതിന്ന് മീതെയുള്ള മുന്നറിയിപ്പ് ലൈറ്റ് തെളിയിച്ച് ബസ്സിൻ്റെ പിറകിൽ വന്നു നിന്നു.
തീർഥാടകരുടെ വിസയും വിസസ്റ്റാമ്പ് ചെയ്ത കമ്പനിയും ഏതെന്ന് പരിശോധിച്ചു..ഇന്ത്യക്കാരാണോ എന്നും എത്ര പേരുണ്ടെന്നും അന്വേഷണം. ബസ്സിൽ സൂക്ഷിക്കേണ്ട യാത്രക്കാരുടെ പേരും ബസ് നമ്പറും അടക്കമുള്ള കശ്ഫ് പരിശോധിച്ചു. എന്ത് കൊണ്ട് വരാനിരിക്കുന്ന ബസ് ഇത്ര വൈകുന്നുവെന്നും നിങ്ങൾക്ക് ഫൈനിടുകയാണെന്നും ബസ് ഡ്രൈവറോട് അല്പം നീരസത്തിൽ കക്ഷി പറഞ്ഞു. ഒപ്പം ആ സൗദി ഉദ്യോഗസ്ഥൻ സ്വയം അബൂസർഹദ് എന്ന മറ്റൊരു കമ്പനി ബസ് വിളിച്ചു വരുത്തി. ആ ബസ് എത്തുമ്പോഴേക്കും റാബിത്യ ബസും എത്തി.എന്നാൽ അബൂ സർഹദിൽ കയറാനായിരുന്നു നിർദേശം. ലഗേജുകൾ ഞങ്ങൾ മാറ്റി കയറ്റി യാത്ര തുടർന്ന് സിസ്കോ പമ്പിൽ നിർത്തി നമസക്കാരങ്ങൾ നിർവഹിക്കുകയും ബസിൽ നിന്ന് നോമ്പ് തുറക്കാൻ വേണ്ട അത്യാവശ്യ വിഭവങ്ങൾ അവിടുത്തെ സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങുകയും ചെയ്തു.ശേഷം അൽപം കൂടി ഓടിയപ്പോൾ അടുത്ത പമ്പിൽ നിന്ന് ഡ്രൈവർക്ക് പെട്രോളിക്കാൻ ബസ് വീണ്ടും നിർത്തണം. മഗ് രിബ് ബാങ്കിൻ്റെ സമയമായി. ബസിൽ നിന്ന് നോമ്പ് തുറന്ന് അവിടുത്തെ പള്ളിയിൽ നിന്ന് നമസക്കരിച്ച് വീണ്ടും യാത്ര.
ചുരുക്കത്തിൽ മദീനയിലെത്തിയത് രാത്രി പത്തരയോടെ. സഹനത്തിൻ്റെ മാസമായ റമദാനിൽ അപാരമായ സഹനമാണ് ഈ പരീക്ഷണത്തിൽ തീർഥാടകർ കാഴ്ചവെച്ചത്. ആരും മുറുമുറുപ്പ് പോലും പ്രകടിപ്പിച്ചില്ല. യാത്ര പരീക്ഷണത്തിൻ്റെ കഷ്ണ മാണെന്ന പ്രവാചക വചനം അവർക്ക് മാർഗദർശനമേകി.ക്ഷമിച്ചതിൻ്റെ ഫലങ്ങളിലൊന്ന് അവർക്ക് അല്ലാഹു മദീനയിൽ തന്നെ നൽകുകയും ചെയ്തു.മസ്ജിദു ന്നബവിയുടെ മുറ്റത്തോട് ചേർന്ന് അറാഇക് ത്വയ്ബ എന്ന വളരെ അടുത്ത ഹോട്ടലിൽ താമസം നൽകിയാണ് മദീന മുനവ്വറ അവരെ സ്വീകരിച്ചത്.