ഇന്‍സുലിന്‍ കുത്തിവെക്കല്‍
ചോദ്യം- എനിക്ക് പ്രമേഹവും അലര്‍ജിയുമുള്‍പ്പെടെ പല രോഗങ്ങളുമുണ്ട്. എന്നാല്‍ നോമ്പ് നോല്‍ക്കുന്നതിന് ഇവ എനിക്ക് പ്രയാസമുണ്ടാക്കില്ല. ചിലപ്പോള്‍ നോമ്പുകാരനായിരിക്കെ തന്നെ എനിക്ക് രക്തം പരിശോധിക്കേണ്ടിവരും. അതുപോലെ അലര്‍ജിക്ക് സ്പ്രേ, മൂക്കിലിറ്റിക്കുന്ന മരുന്ന് എന്നിവയും ഉപയോഗിക്കേണ്ടിവരും. ഇന്‍സുലിന്‍ കുത്തിവെക്കാറുണ്ട്. നോമ്പുകാരനായിരിക്കെ ഇതെല്ലാം ചെയ്യുന്നതിന്റെ വിധിയെന്താണ്?
മറ്റൊരു സംശയം: നോമ്പുകാരനായിരിക്കെ പേസ്റ്റ് ഉപയോഗിച്ച് ബ്രഷ് ചെയ്യാമോ?
ഉത്തരം- രക്തപരിശോധന: രക്ത പരിശോധന പുതിയകാല രീതിയായതിനാല്‍ മുന്‍കാല പണ്ഡിതന്മാര് ഇതേക്കുറിച്ച് പറഞ്ഞതായി കാണുക സാധ്യമല്ല. എന്നാല്‍ ആധുനിക പണ്ഡിതന്മാര് ഇത് ചര്‍ച്ച ചെയ്തിട്ടുണ്ട്. സമാനമായ ചോദ്യത്തിന് ശൈഖ് ഇബ്നുബാസ് (ഇബ്നുബാസിന്റെ ഫത്വകള്: 15/274), ശൈഖ് ഇബ്നു ഉസൈമീന്‍ (ഫതാവാ അര്‍കാനില്‍ ഇസ്ലാം, പേജ്: 478), ശൈഖ് ഖറദാവി തുടങ്ങിയ പണ്ഡിതന്മാര് നല്കിയ മറുപടി നോമ്പു മുറിയുകയില്ലെന്നാണ്; ഇസ്ലാമിക ശരീഅത്ത് നോമ്പ് മുറിയുന്ന കാര്യങ്ങളായി പരിഗണിച്ച ഗണത്തില്‍ ഇവ പെടുകയില്ലെന്നും.
സ്പ്രേ ഉപയോഗം: അലര്‍ജി, ആസ്ത്മ, ശ്വാസതടസ്സം തുടങ്ങിയ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ നോമ്പൊഴിവാക്കാന്‍ മാത്രം രോഗികളായിരിക്കണമെന്നില്ല. ഇനി രോഗികളായി പരിഗണിച്ച് നോമ്പൊഴിവാക്കിയാല് തന്നെ അലര്‍ജിക്കുള്ള സ്പ്രേകള്‍ പോലുള്ളവ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിത്തീര്ന്നിരിക്കേ മറ്റൊരവസരത്തിലും അവര്‍ക്ക് നോമ്പെടുക്കാന്‍ സാധിക്കാതെ വരും. ആധുനിക പണ്ഡിതന്മാര് ഇക്കാര്യം ചര്‍ച്ച ചെയ്യുകയും നോമ്പുകാരെ സംബന്ധിച്ചേടത്തോളം ഇത്തരം രോഗമുള്ളവര്‍ നോമ്പൊഴിവാക്കുകയല്ല, പ്രത്യുത സ്പ്രേ ഉപയോഗിക്കുന്നതോടൊപ്പം അവരും മറ്റുള്ളവരെപ്പോലെ നോമ്പെടുക്കുകയാണ് വേണ്ടതെന്നാണ് ഫത്വ നല്‍കിയിരിക്കുന്നത് (ഇബ്നു ബാസിന്റെ ഫതാവാദ്ദഅ്വ: 979).
മൂക്കില്‍ മരുന്ന് ഇറ്റിക്കല്‍: ”നിങ്ങള്‍ നന്നായിതന്നെ മൂക്കില്‍ വെള്ളം കയറ്റി ചീറ്റുക, എന്നാല്‍ നോമ്പുകാരനാണെങ്കില്‍ അങ്ങനെ ചെയ്യരുത്” (തിര്‍മിദി). ഈ ഹദീസ് സ്വഹീഹാണെന്ന് ശൈഖ് അല്ബാനിയുള്പ്പെടെയുള്ളവര് വിധിയെഴുതിയിട്ടുണ്ട്. കണ്ണ്, ചെവി എന്നിവയില്‍ നിന്ന് വ്യത്യസ്തമായി മൂക്ക്, അന്നപാനീയങ്ങള്‍ ആമാശയത്തില്‍ എത്തിക്കാനുള്ള വഴികളിലൊന്നാണ്. അതുകൊണ്ടാണല്ലോ രോഗികള്‍ക്ക് മൂക്കില്‍ കുഴലിട്ട് അതിലൂടെ ദ്രവരൂപത്തില്‍ ആഹാരം നല്‍കുന്നത്. നോമ്പ് നോറ്റവരല്ലെങ്കില് മൂക്ക് വൃത്തിയാക്കുന്നത് നന്നായി വെള്ളം കയറ്റിചീറ്റിക്കൊണ്ടാകണമെന്ന് തിരുമേനി പറയുമ്പോള്‍ ജലം മൂക്കിലൂടെ ഉള്ളിലേക്ക് പോകാതെ സൂക്ഷിക്കാനായിരിക്കണം അങ്ങനെ നിര്‍ദേശിച്ചത് എന്ന് മനസ്സിലാക്കാം. ഇതുവെച്ച് നോമ്പുകാരന് മൂക്കില്‍ മരുന്ന് ഇറ്റിക്കുന്നത് നോമ്പിനെ ദുര്ബമാക്കുമെന്നാണ് പണ്ഡിതന്മാരില് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. എന്നാല്‍ തൊണ്ടയിലേക്കെത്താത്തത്രയും ചെറിയ തുള്ളിയാണെങ്കില്‍ അത് നോമ്പിനെ ബാധിക്കില്ലെന്നും, ഇനി അഥവാ വല്ലതും തൊണ്ടയില്‍ എത്തിയാല്‍ തന്നെ അത് തുപ്പിക്കളയുകയാണ് വേണ്ടതെന്നും മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നു (ഇബ്നുബാസിന്റെ ഫത്വകള്: 15/260, 261, ഖറദാവിയുടെ ഫിഖ്ഹുസ്സിയാം, ഫത്വകള് തുടങ്ങിയവ നോക്കുക).
ഇന്‍സുലിന്‍ കുത്തിവെക്കല്‍: സുഊദി ഫത്വാ സമിതിയുടെ ഫത്വയനുസരിച്ച് ഇന്‍സുലിന്‍ കുത്തിവെക്കുന്നതു വഴി നോമ്പ് മുറിയുകയില്ല. ഇത്തരം നൂതന പ്രശ്നങ്ങള്‍ നോമ്പ് മുറിയുമോ ഇല്ലേ എന്ന് ചര്‍ച്ച ചെയ്ത ആധുനിക ഫിഖ്ഹ് സമിതികളുടെ തീരുമാനവും ഇതുതന്നെയാണ്. 1997-ല്‍ ജിദ്ദയില്‍ ലോക പണ്ഡിതന്മാരും ഫുഖഹാഉം ഗവേഷകരും പങ്കെടുത്ത അന്താരാഷ്ട്ര ഫിഖ്ഹ് സമിതിയുടെ തീരുമാനങ്ങളില്‍ ഇഞ്ചക്ഷന്, ഇന്‍സുലിന്‍ തുടങ്ങിയവയൊന്നും നോമ്പുമുറിയുന്ന കാര്യങ്ങളല്ലെന്ന് കാണാം. എന്നാല്‍ ശരീര പുഷ്ടിക്കും വിശപ്പും ദാഹവും ശമിപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ടാണെങ്കില്‍ നോമ്പു മുറിയുമെന്നും അവര്‍ വ്യക്തമാക്കുന്നു.
പേസ്റ്റ് ഉപയോഗിക്കല്‍: വായില്‍ വെള്ളം കയറ്റി കൊപ്ലിക്കുന്നതിനോ ഉഷ്ണമകറ്റാന്‍ വെള്ളമൊഴിച്ച് ശരീരം തണുപ്പിക്കുന്നതിനോ വിരോധമില്ലെന്ന് ഇമാം ഹസനുല്‍ ബസ്വരിയും, നോമ്പെടുക്കുന്നവര്‍ എണ്ണ തേച്ച് മുടി ചീകിവെച്ചു കൊള്ളട്ടെയെന്ന് ഇബ്നു മസ്ഊദും (റ) പറഞ്ഞതായും, നോമ്പുകാരനായിരിക്കെ തിരുമേനി പല്ല് തേക്കാറുണ്ടായിരുന്നുവെന്നും, രാവിലെയെന്നോ വൈകുന്നേരമെന്നോ നോക്കാതെ ഇബ്നു ഉമര്‍ (റ) ദന്തശുദ്ധി വരുത്താറുണ്ടായിരുന്നുവെന്നും ‘നോമ്പുകാരന്റെ കുളി’ എന്ന അധ്യായത്തില്‍ ഇമാം ബുഖാരി രേഖപ്പെടുത്തുന്നു. കൂടാതെ ഈര്‍പ്പമുള്ള പച്ച അറാക്കിന്റെ മിസ്വാക്കുകൊണ്ടും പല്ലു തേക്കാമെന്ന് ഇമാം ഇബ്നുസീരീന് പറഞ്ഞപ്പോള്‍ ആ കമ്പിനു രുചിയുണ്ടാവുമല്ലോ എന്ന് ആളുകള്‍ ചോദിച്ചു. വെള്ളത്തിനും അതിന്റേതായ രുചിയുണ്ടല്ലോ എന്നിട്ടും നിങ്ങള്‍ വായില്‍ വെള്ളം കൊപ്ലിക്കുന്നില്ലേ എന്ന് ഇമാം തിരിച്ചു ചോദിച്ചതുമെല്ലാം ഇമാം ബുഖാരി രേഖപ്പെടുത്തുന്നു. ഇതെല്ലാം വെച്ചുകൊണ്ടാണ് പേസ്റ്റ് ഉപയോഗിച്ചു നോമ്പുകാരന് എപ്പോള്‍ വേണമെങ്കിലും പല്ലു തേക്കാമെന്ന് ആധുനികരായ ഫുഖഹാക്കള്‍ ഫത്വ നല്‍കിയിട്ടുള്ളത്. എന്നാല്‍ ഉള്ളിലേക്ക് ഇറങ്ങാതെ സൂക്ഷിക്കേണ്ടത് നിര്‍ബന്ധമാണ്.
വായ് നാറ്റത്തിന്റെ അസുഖമുള്ളവര്‍ക്കും മറ്റും ആ ശല്യം മറ്റുള്ളവര്‍ക്ക് അനുഭവപ്പെടാതിരിക്കാനായി മൗത്ത് വാഷ് പോലുള്ളവ കൊണ്ട് വായ കഴുകുന്നതോ, സ്പ്രേകള്‍ ഉപയോഗിക്കുന്നതോ നോമ്പിനെ തകരാറാക്കില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് (ഫതാവാ ശൈഖ് സ്വാലിഹ് ഫൗസാന്‍: 3/121). ഉമിനീര് ഇറക്കുന്നതും നോമ്പിനെ ബാധിക്കുകയില്ല. അതിനാല്‍ വായില്‍ ഉമിനീര് പൊടിയുന്നത് കൂടെ കൂടെ തുപ്പിക്കളയുന്നത് ഒട്ടും ആശാസ്യമല്ല. അത് മറ്റുള്ളവര്‍ക്ക് അരോചകമായിരിക്കും.