മുസ്വ് ഹഫ്, മൊബൈല്‍ തുടങ്ങിയവയില്‍ നോക്കി ഇമാമിന് ഓതാമോ?
ചോദ്യം- ഞങ്ങളുടെ നാട്ടില്‍ കഴിഞ്ഞ റമദാനില്‍ ഉണ്ടായ ഒരു തര്‍ക്കം തറാവീഹിന് ഇമാം മൊബൈലില്‍ നോക്കി ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിലായിരുന്നു. മുസ്വ്ഹഫില്‍ നോക്കി ഇമാമിന് ഖുര്‍ആന്‍ ഓതാമെങ്കില് മൊബൈലിലും ആവാമെന്ന് ഒരു കൂട്ടരും, പറ്റില്ലെന്ന് മറുകൂട്ടരും ശഠിച്ചു. ഇമാം ഖുര്‍ആന്‍ നോക്കി ഓതുന്നതിന്റെ വിധി എന്താണ്?
ഉത്തരം- ആഇശ(റ)യുടെ അടിമയായിരുന്ന ദക്വാന്‍ മുസ്വ്ഹഫ് നോക്കി ഓതിക്കൊണ്ട് അവര്‍ക്ക് ഇമാമായി നിന്ന് നമസ്കരിക്കാറുണ്ടായിരുന്നു എന്ന് ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ ഉദ്ധരിച്ചിട്ടുണ്ട് (1/178). അതിന്റെ വ്യാഖ്യാനത്തില്‍ ഇമാം ഇബ്നു ഹജര്‍ ഇങ്ങനെ പറയുന്നു: ”നമസ്കരിക്കുന്നയാള്‍ക്ക് മുസ്വ്ഹഫ് നോക്കി ഓതുന്നതിന് ചിലര്‍ ഇത് തെളിവാക്കിയിട്ടുണ്ട്. എന്നാല്‍ നമസ്കാരത്തില്‍ അധികമായി ചെയ്യുന്ന കര്‍മമായി ഗണിച്ചുകൊണ്ട് മറ്റുചിലരത് വിലക്കുകയും ചെയ്തിട്ടുണ്ട്” (ഫത്ഹുല്‍ ബാരി: 2/185).
സുന്നത്ത് നമസ്കാരമെന്നോ ഫര്‍ദ് നമസ്കാരമെന്നോ വ്യത്യാസമില്ലാതെ നമസ്കാരത്തില്‍ മുസ്വ്ഹഫ് നോക്കി ഓതാന്‍ പാടില്ലെന്നാണ് ഹനഫീ വീക്ഷണം. നേരെമറിച്ച് അതനുവദനീയമാണെന്നാണ് ശാഫിഈ വീക്ഷണം. എന്നാല്‍ സുന്നത്ത് നമസ്കാരങ്ങളില്‍ അത് അനുവദനീയമാണെന്നും ഫര്‍ദില്‍ അങ്ങനെ പറ്റില്ലെന്നുമാണ് മാലികീ വീക്ഷണം.
ഇതെല്ലാം വെച്ച്, അവശ്യസന്ദര്‍ഭങ്ങളില്‍ മുസ്വ്ഹഫ് നോക്കി ഓതി നമസ്കരിക്കാമെന്നാണ് ഇബ്നുബാസ് ഫത്വ നല്‍കിയിട്ടുള്ളത്. തുടര്‍ച്ചയായി ചെയ്യുന്ന അധിക കര്‍മങ്ങളേ നമസ്കാരത്തെ ബാധിക്കുകയുള്ളൂ എന്നും, ഇവിടെ അതില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. തദ്വിഷയകമായി ആഇശ(റ) യുടെ മാതൃക അദ്ദേഹം ഉദ്ധരിക്കുകയും ചെയ്യുന്നുണ്ട് (ഇബ്നു ബാസിന്റെ ഫത്വകള്: 11/117).
പല സ്വഹാബിമാര്‍ക്കും അതറിയാമായിരുന്നു. എന്നു മാത്രമല്ല അനസി(റ)ന്റെ പിന്നില്‍ ഒരു കുട്ടി മുസ്വ്ഹഫ് പിടിച്ച് നമസ്കരിക്കാറുണ്ടായിരുന്നുവെന്നും വല്ല ആയത്തും തെറ്റുമ്പോള്‍ അവന് മുസ്വ്ഹഫ് തുറന്ന് കൊടുക്കാറുണ്ടായിരുന്നുവെന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് (മുസ്വന്നഫ് അബീ ശൈബ: 1/194). ഇങ്ങനെ മുസ്വ്ഹഫ് നിവര്‍ത്തുന്നതും ഇടക്ക് പേജുകള്‍ മറിക്കുന്നതും തുടര്‍ച്ചയായി ചെയ്യാതിരുന്നാല്‍ നമസ്കാരം ബാത്വിലാവുകയില്ല എന്ന് ശാഫിഈ മദ്ഹബിന്റെ ഗ്രന്ഥങ്ങളിലും കാണാം (ശര്‍വാനി: 2/152, മുഗ്നി: 3/31). ഞങ്ങളില്‍ ഏറ്റവും ഉത്തമരായവര്‍ മുസ്വ്ഹഫ് നോക്കി ഓതാറുണ്ടായിരുന്നുവെന്ന് ഇമാം സുഹ്രി പ്രസ്താവിച്ചിട്ടുണ്ട് (അല്‍ മൗസൂഅല് ഫിഖ്ഹിയ്യ: 33/57).
ചുരുക്കത്തില്‍, മനഃപാഠമുള്ളവര്‍ അത് കൂടുതല്‍ ദൃഢമാക്കി മുസ്വ്ഹഫ് കൂടാതെ തന്നെ ഓതുകയാണ് വേണ്ടത്. എന്നാല്‍ അങ്ങനെയുള്ളവര്‍ ഇല്ലാത്ത അവസ്ഥയില്‍ ഓതാനറിയുന്നവര്‍ തറാവീഹ് പോലുള്ള സുന്നത്ത് നമസ്കാരങ്ങളില്‍ മുസ്വ്ഹഫ് നോക്കി ഓതാം എന്ന വീക്ഷണമനുസരിച്ച് പ്രവര്‍ത്തിക്കുകയുമാണ് നല്ലത്. അത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചായാലും തരക്കേടില്ല. പക്ഷേ ചലനങ്ങള്‍ പരമാവധി കുറച്ചുകൊണ്ട് നമസ്കാരത്തിന്റെ സുപ്രധാന ഘടകമായ ഖുശൂഇന് (ഏകാഗ്രതയും ഭക്തിയും) ഭംഗം വരാതെ ശ്രദ്ധിക്കേണ്ടതുണ്ട്.