നോമ്പു മുറിയുന്ന കാര്യങ്ങളെക്കുറിച്ച്

നോമ്പിനെക്കുറിച്ച് അല്ലാഹു പറയുന്നു:’അതിനാൽ, ഉഷസ്സെന്ന വെള്ളനൂൽ രാത്രിയെന്ന കറുത്തനൂലുമായി വേർത്തിരിഞ്ഞു സ്പഷ്ടമാകും വരെ ഇനിമേൽ സ്ത്രീകളുമായി ബന്ധപ്പെടുകയും അല്ലാഹു നിങ്ങൾക്കു നിർണയിച്ചത് കാംക്ഷിക്കുകയും തിന്നുകയും കുടിക്കുകയും ചെയ്യാം.’ ഒരു ഹദീസിൽ ‘ഞാൻ നശിച്ചുപോയെന്ന്’ പറഞ്ഞ് വെപ്രാളപ്പെട്ട് ഒരു സ്വഹാബി നബിതങ്ങളെ സമീപിക്കുന്നുണ്ട്. എന്തുപറ്റിയെന്ന് ആരാഞ്ഞപ്പോൾ റമദാനിൽ ഞാനെന്റെ ഭാര്യയുമായി ശാരീരികമായി ബന്ധപ്പെട്ടുവെന്നായിരുന്നു മറുപടി. തുടർന്ന് നബി തങ്ങൾ അതിന്റെ മോചനദ്രവ്യം വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. ഈ ആയത്തും ഹദീസും വ്യക്തമാക്കുന്നത് ഭക്ഷണപാനീയങ്ങളിൽ നിന്നും ശാരീരികബന്ധങ്ങളിൽ നിന്നും വിട്ടുനിൽക്കലാണ് നോമ്പെന്നും ഇക്കാര്യങ്ങൾ ചെയ്യുക വഴി ഒരാൾക്ക് തന്റെ നോമ്പ് നഷ്ടമാവുമെന്നുമാണ്. നഷ്ടമായ നോമ്പ് കടമാണെന്നും അതുവീട്ടൽ നിർബന്ധമാണെന്നും പണ്ഡിതർ ഏകോപിച്ചിട്ടുണ്ട്. അല്ലാഹുവിനുള്ള കടം എത്രയും പെട്ടെന്ന് കൊടുത്തുവീട്ടേണ്ടതുമാണ്. ശാരീരിക ബന്ധത്തിലേർപ്പെടുന്നവർക്ക് നോമ്പ് ഖദാ വീട്ടുന്നതോടൊപ്പം മോചനദ്രവ്യം കൂടി നൽകൽ നിർബന്ധമാണ്. അടിമമോചനം, അതിനു കഴിയാത്തവർക്ക് തുടർച്ചയായി രണ്ടുമാസം നോമ്പനുഷ്ഠിക്കൽ, അതിനും സാധിക്കാത്തവർക്ക് അറുപത് പാവങ്ങൾക്ക് ഭക്ഷണം നൽകൽ എന്നിങ്ങനെയാണ് മോചനദ്രവ്യങ്ങൾ ഇസ്ലാമിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.
ഇതിൽ തീറ്റയുടെയും കുടിയുടെയും വിഷയത്തിൽ പണ്ഡിതർ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് പങ്കുവെച്ചിട്ടുള്ളത്. നോമ്പിന്റെ യുക്തി മാറ്റിവെച്ചാൽ തന്നെ നോമ്പ് നഷ്ടമാക്കാനുതകുന്ന ഭക്ഷണം, പാനീയം എന്നിവ എന്താണെന്നതും ഇതിന്റെ ഉപചർച്ചയാണ്. ഒരു നിശ്ചിതകാലം ശരീരത്തിന്റെ മേൽ എല്ലാനിലക്കും വ്യക്തമായ നിയന്ത്രണമുണ്ടാവുകയെന്നതാണ് അതിന്റെ ആകെത്തുക. ശരീരത്തെ ബുദ്ധി അതിജയിക്കുകയും വികാരങ്ങൾക്കു മുന്നിൽ ദൃഢമായി നിൽക്കുകയും ‘നിങ്ങൾ സൂക്ഷ്മതയുള്ളവരാവാൻ വേണ്ടിയാണ്’ എന്ന അല്ലാഹുവിന്റെ വചനം പുലരലുമാണ് അതിന്റെ ലക്ഷ്യം. തിന്നുക, കുടിക്കുക എന്നത് ഉള്ളിലേക്ക് വല്ലവസ്തുവും പ്രവേശിക്കുന്നതിലൂടെ സാധ്യമാവുമെന്ന് പണ്ഡിതർ പറയുന്നു. ഇതിൽ അകത്തു കടക്കുന്ന വസ്തു ഭക്ഷണസാധനങ്ങളാവണോ അല്ല അതൊരു പൊതുവായ പദമാണോ, ഉള്ളെന്നതു കൊണ്ടർഥമാക്കുന്നത് ബാഹ്യമായി കാണാത്ത ശരീരഭാഗങ്ങളാണോ അല്ല ആമാശയമാണോ എന്നിങ്ങനെ തുടങ്ങി വിവിധങ്ങളായ ചർച്ചകൾ ഇവിടെ നടക്കുന്നു.
ഇതിന്റെ ഭാഗമായി ചെവിയിൽ വിരൽ പ്രവേശിപ്പിക്കൽ കൊണ്ട് നോമ്പ് നഷ്ടമാവുമെന്ന് പോലും പറഞ്ഞവരുണ്ട്. കാരണം, അതുമൊരു തരം തിന്നലാണ്. അതേസമയം, തുറക്കപ്പെട്ട രീതിയിലൂടെയല്ലാതെ ഭക്ഷണം ശരീരത്തിലെത്തുകയും അതുവഴി ശരീരത്തിന് ശക്തികൈവന്നാലും നോമ്പ് നഷ്ടമാവില്ലെന്ന് പറയുന്നവരുമുണ്ട്. രോമകൂപങ്ങളിലൂടെ വല്ലതും ഉള്ളിലേക്ക് കടക്കുന്നത് വഴി നോമ്പ് നഷ്ടമാവുമെന്നും മൂത്രദ്വാരത്തിൽ കുത്തിവെപ്പ് നടത്തുന്ന പക്ഷം നോമ്പ് നഷ്ടമാവില്ലെന്നും വ്യത്യസ്ത സ്ഥലങ്ങളിലായി അഭിപ്രായം പറഞ്ഞ പണ്ഡിതരുമുണ്ട്. നോമ്പിൻ്റെ യുക്തി പരിഗണിക്കാത്തതും ഭക്ഷണമെന്നതിന് വിശാലമായ, അതിവിദൂരമായ അർഥം നൽകിയതുമാണ് ഇത്തരം വ്യത്യസ്താഭിപ്രായങ്ങൾ രൂപപ്പെടാനുള്ള കാരണം. ആയതിനാൽ ഇവ്വിഷയകമായി പണ്ഡിതന്മാരുടെ പ്രസിദ്ധമായ, പ്രധാന അഭിപ്രായങ്ങൾ ഇവിടെ ചേർക്കാം.
1. ചെവിയിൽ വിരൽ വെക്കൽ കൊണ്ടോ പരുത്തി കൊണ്ടോ മറ്റോ വൃത്തിയാക്കൽ കൊണ്ടോ നോമ്പ് നഷ്ടമാവില്ല. കാരണം, ചെവിക്കുന്നി വഴി തലച്ചോറിലേക്ക് ഒന്നും പ്രവേശിക്കുന്നതല്ല. തലച്ചോർ എന്നത് ശരീരത്തിന് വേണ്ടി ഭക്ഷണം സ്വീകരിക്കുന്ന അവയവങ്ങളിൽ പെട്ടതുമല്ല.
2- യോനി പരിശോധന കൊണ്ടോ ആന്തരിക മൂലക്കുരു പരിശോധന കൊണ്ടോ നോമ്പ് അസാധുവാകില്ല.
3- വയറ്റിലെത്താത്തിടത്തോളം ഗുദത്തിൽ ഇഞ്ചക്ഷൻ ചെയ്യുന്നത് നോമ്പ് അസാധുവാക്കില്ല.
4- ഞരമ്പിലോ പേശികളിലോ ചർമ്മത്തിനടിയിലോ ഉള്ള മരുന്ന് സൂചികൾ കൊണ്ട് നോമ്പ് മുറിയുന്നില്ല, കാരണം അവ വിശപ്പ് ശമിപ്പിക്കുന്നതോ ദാഹം ശമിപ്പിക്കുന്നതോ ആയ ഭക്ഷണമല്ല.
5- ഫീഡിംഗ് സൂചികളായ ഗ്ലൂക്കോസും മറ്റും പരമ്പരാഗതമായി നോമ്പ് മുറിക്കുന്ന ഭക്ഷണമായി കണക്കാക്കപ്പെടുന്നതാണ്. കാരണം, അത് ഉപയോഗിക്കുന്നവൻ ഭക്ഷണം കഴിക്കുന്നതിന് തുല്യമായ ആശ്വാസവും അനുഭവവും ലഭിക്കുന്നു. ഭക്ഷണം കഴിക്കുമ്പോൾ ആമാശയം മറ്റു ശരീര ഭാഗങ്ങളിലേക്ക് ഭക്ഷണ പദാർത്ഥം എത്തിക്കുന്നത് പോലെ ഗ്ലൂക്കോസ് നേരിട്ടു തന്നെ രക്തത്തിലേക്ക് എത്തിക്കുന്നു.
6- തണുത്ത വെള്ളം കൊണ്ട് ശരീരം നനയ്ക്കുകയോ കഴുകി വായ നനയ്ക്കുകയോ ചെയ്യുന്നത് കൊണ്ട് നോമ്പ് അസാധുവാകില്ല. കാരണം, പ്രവാചകൻ നോമ്പുകാരനായിരിക്കെ ചൂടിൽ നിന്ന് ശമനം നേടാൻ തലയിൽ വെള്ളം ഒഴിച്ചതായി കാണപ്പെട്ടുവെന്ന് ഹദീസിൽ കാണാം. തണുപ്പിക്കുന്നതു വഴി ആമാശയത്തിലേക്ക് വെള്ളം പ്രവേശിക്കുന്നില്ല.
7- ഛർദ്ദി: പ്രവാചകൻ (സ) പറഞ്ഞു: “ആർക്കെങ്കിലും ഛർദി അറിയാതെ കടന്നുവരുന്നത് കൊണ്ട് പ്രശ്നമില്ല. സ്വന്തമായി മനഃപൂർവം ഉണ്ടാക്കി ചർദിച്ചാൽ നോമ്പ് മുറിയുന്നതുമാണ്. ഫുഖഹാഅ് പറഞ്ഞു: വയറ്റിൽ നിന്ന് വായിലൂടെ പുറത്തേക്ക് വരുന്നതാണ് ഛർദ്ദി. അത് നിർബന്ധിതമായിട്ടാണെങ്കിൽ നോമ്പ് നഷ്ടമാവില്ല, മനഃപൂർവമാണെങ്കിൽ നഷ്ടമാവുന്നതുമാണ്. ഛർദ്ദി ഒരവസ്ഥയിലും നോമ്പിനെ അസാധുവാക്കില്ലെന്ന് മറ്റൊരു ഹദീസ് ഉദ്ധരിച്ച് ഇബ്നു മസ്ഊദ്, ഇക്രിമ, റബീഅ എന്നിവർ പറയുന്നതും കാണാം.
അവലംബം- islamonline.net