കൊറോണ: മരണപ്പെട്ടവരുടെ നോമ്പ് ഖദാഅ് വീട്ടൽ
കൊറോണ വൈറസ് പടർന്നു പിടിച്ച സാഹചര്യത്തിൽ പ്രധാനമായി മനസ്സിലാക്കേണ്ട, നോമ്പുമായി ബന്ധപ്പെട്ട ചില മസ്അലകളാണ് ചുവടെ. കൊറോണ വൈറസ് ബാധിച്ച കാരണം നോമ്പ് മുറിച്ചവരുടെ മേൽ എന്താണ് നിർബന്ധമാവുക? കൊറോണ കാരണം നോമ്പു മുറിക്കുകയും അതേ സ്ഥിതിയിൽ മരണപ്പെടുകയും ചെയ്താൽ ബന്ധപ്പെട്ടവർ പകരം നോമ്പനുഷ്ഠിക്കേണ്ടതുണ്ടോ, അല്ല ഭക്ഷണം ദാനം ചെയ്താൽ മതിയോ, അല്ലെങ്കിൽ ഒന്നും നിർബന്ധമില്ലേ? എന്നീ വിഷയങ്ങളാണിതിൽ പ്രധാനമായി ചർച്ചയാവുന്നത്.
ഒരു കൊറോണ രോഗി റമദാൻ മാസം ആഗതമായാൽ രണ്ടാലൊരു അവസ്ഥയിലാകും. ഒന്നാമതായി, കാൻസർ പോലെ പെട്ടെന്നു ഭേദപ്പെടുമെന്നു പ്രതീക്ഷയില്ലാത്ത വിധം രോഗം ബാധിക്കുക. ഈയവസരത്തിൽ അവന് നോമ്പ് നിർബന്ധമില്ല. മറിച്ച്, ഓരോ നോമ്പിനും പകരമായി ഓരോ പാവപ്പെട്ടവന്ന് ഭക്ഷണം നൽകിയാൽ മതി. രണ്ടാമതായി, രോഗം ഭേദപ്പെടുമെന്നു പ്രതീക്ഷയുള്ള സാഹചര്യമാണ്.
ഈയവസരത്തിൽ നോമ്പനുഷ്ഠിക്കുന്നത് രോഗിക്ക് ദോഷകരമാണെങ്കിൽ നോമ്പനുഷ്ഠിക്കൽ ഹറാമാണ്. രോഗം ഭേദമാവുന്നതോടെ നഷ്ടപ്പെട്ട നോമ്പുകളെത്രയും ഖദാഅ് വീട്ടുകയാണവൻ വേണ്ടത്. ഇനി രോഗം ഭേദമാവുന്നതിനു മുമ്പുതന്നെ മരണപ്പെട്ടാൽ ഖദാഅ് വീട്ടലും നിർബന്ധമില്ല. കാരണം, റമദാൻ കഴിഞ്ഞുള്ള ദിവസങ്ങളിൽ നോമ്പനുഷ്ഠിക്കലായിരുന്നു അവന്റെ ബാധ്യത, അവനത് എത്തിച്ചതുമില്ല. രോഗം ഭേദമായാൽ ഖദാഅ് വീട്ടണമെന്നും അതിനു സാധ്യമാവുന്നതിനു മുമ്പുതന്നെ മരണപ്പെട്ടാൽ ബന്ധപ്പെട്ടവരുടെ മേൽ ഖദാഅ് വീട്ടലോ ഭക്ഷണം നൽകലോ നിർബന്ധമില്ല എന്നുമാണ് നാലു മദ്ഹബിലെയും അഭിപ്രായം. ത്വാഊസ്, ഖതാദ എന്നിവരുടെ ഭിന്നാഭിപ്രായമില്ലെങ്കിൽ ഇക്കാര്യം ഇജ്മാആണ്.
അല്ലാമാ ഇബ്നു ഉഥ്മയൈൻ ഇക്കാര്യം വിശദീകരിച്ചു പറയുന്നു(1): വല്ല രോഗവുമുണ്ടായതിന്റെ പേരിൽ ഒരാൾ നോമ്പ് നഷ്ടപ്പെടുത്തുകയും ഖദാഅ് വീട്ടാനാവുന്നതിനു മുമ്പേ മരണപ്പെടുകയും ചെയ്താൽ അവന്റെ വിധിയുടെ വിഷയത്തിൽ യാതൊരു സംശയവുമില്ല. അല്ലാഹു പറയുന്നു: ഒരാൾ രോഗിയോ യാത്രക്കാരനോ ആയാൽ മറ്റു ദിനങ്ങളിൽ അത്രയുമെണ്ണം തികക്കട്ടെ. നിങ്ങൾക്ക് ആശ്വാസമാണ്, ഞെരുക്കമല്ല അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങൾ എണ്ണം പൂർത്തീകരിക്കാനും നേർമാർഗത്തിലാക്കിയതിന്റെ പേരിൽ അല്ലാഹുവിന്റെ മഹത്വം വാഴ്ത്തുവാനും കൃതജ്ഞത പ്രകാശിപ്പിക്കാനുമാണ് ഈ ശാസനം(ബഖറ- 185). ഇയാൾ രോഗിയായിരിക്കെ അയാൾക്കു നോമ്പ് നിർബന്ധമേയല്ല. രോഗം ശമനമാവുന്നതിനു മുമ്പു മരണപ്പെട്ടാൽ നോമ്പു നിർബന്ധമാവുന്നതിനു മുമ്പു മരണപ്പെട്ടുവെന്നർഥം.
‘ഒരാൾ നോമ്പു നിർബന്ധമായിരിക്കെ മരണപ്പെട്ടാൽ ബന്ധപ്പെട്ടവർ(വലിയ്യ്) പകരം നോമ്പനുഷ്ഠിക്കണം’ എന്ന് ഹദീസിൽ കാണാം. ഈ ഹദീസിന്റെ സാംഗത്യവും നോമ്പ് നിർബന്ധമില്ലാതെ ഒരാൾ മരണപ്പെട്ടാൽ ബന്ധപ്പെട്ടവർ അനുഷ്ഠിക്കേണ്ടതില്ല എന്നാണല്ലോ. ഇവിടെ രോഗിയായ മനുഷ്യന്റെ മേൽ നോമ്പ് നിർബന്ധമായതുമല്ല.
സ്വഹാബികളുടെ വാക്കുകളും ഒരുപാട് ഇതുമായി ബന്ധപ്പെട്ട് കാണാവുന്നതാണ്. അബൂ ദാവൂദ് നിവേദനം ചെയ്യുന്ന ഹദീസിൽ(2) ഇബ്നു അബ്ബാസ്(റ) പറയുന്നു: ഒരാൾ റമദാൻ മാസം രോഗിയാവുകയും കഴിവുണ്ടായിരിക്കെ നോമ്പനുഷ്ഠിക്കാതെ മരിക്കുകയും ചെയ്താൽ പകരമായി ഭക്ഷണം നൽകണം, ഖദാഅ് വീട്ടൽ നിർബന്ധമില്ല. ഇനി നേർച്ചയാക്കിയ നോമ്പുണ്ടെങ്കിൽ വലിയ്യ് അതു നോറ്റുവീട്ടണം. ഇമാം തുർമുദി(റ) ഇബ്നു ഉമറി(റ)നെത്തൊട്ട് നിവേദനം ചെയ്യുന്നു(3): ആരെങ്കിലും റമദാൻ മാസം നോമ്പ് നിർബന്ധമായിരിക്കെ നോമ്പനുഷ്ഠിക്കാതെ മരണപ്പെട്ടാൽ ഓരോ ദിവസവും ഓരോ പാവപ്പെട്ടവന് ഭക്ഷണം നൽകട്ടെ.
പണ്ഡിതന്മാരുടെ കൂട്ടത്തിൽ നിന്ന് ഇബ്നു ഖുദാമ മുഗ്നിയിൽ പറയുന്നു(4): ചുരുക്കത്തിൽ, നോമ്പ് നിർബന്ധമായിരിക്കെ അതനുഷ്ഠിക്കാതെ മരണപ്പെട്ടയാൾ രണ്ടാലൊരു അവസ്ഥയിലാകും. ഒന്നാമതായി, സമയമില്ലാതെയോ രോഗം, യാത്ര, അവശത പോലോത്ത കാരണങ്ങൾ കൊണ്ടോ നോമ്പനുഷ്ഠിക്കാൻ സാധിക്കുന്നതിനു മുമ്പ് മരണപ്പെടുക. പണ്ഡിതന്മാരുടെ അഭിപ്രായ പ്രകാരം ഇയാളുടെ മേൽ ഒന്നും നിർബന്ധമല്ല. എന്നാൽ ഖതാദ, ത്വാഊസ് എന്നവർ അവരുടെ മേൽ ഭക്ഷണം കൊടുക്കൽ നിർബന്ധമാണ് എന്ന അഭിപ്രായക്കാരാണ്. രണ്ടാമത്തെയവസ്ഥ, നോമ്പനുഷ്ഠിക്കാൻ സാധിച്ചിരിക്കെ മരണപ്പെടലാണ്. ഈയവസരത്തിൽ ഓരോ ദിവസവും പാവപ്പെട്ടവർക്ക് ഭക്ഷണം നൽകൽ നിർബന്ധമാണ്. ശറഹുൽ മുഹദ്ദബിൽ(5) കാണാം: രോഗം, യാത്ര ഇതല്ലാത്ത മറ്റു കാരണങ്ങൾ കൊണ്ട് നോമ്പു നിർബന്ധമായിരിക്കെ നോമ്പനുഷ്ഠിക്കാതെ മരണപ്പെട്ടവരെക്കുറിച്ചു പറയുന്ന ഭാഗം. നമ്മുടെ മദ്ഹബിൽ അവരുടെ മേൽ ബാധ്യതയായി ഒന്നുമില്ല. പകരം നോമ്പോ ഭക്ഷണമോ നിർബന്ധമില്ല. അബൂ ഹനീഫ(റ), മാലിക്(റ) എന്നിവരും മറ്റു ഭൂരിപക്ഷവും ഇതേയഭിപ്രായക്കാരാണ്. ത്വാഊസ്, ഖതാദ എന്നിവരല്ലാത്ത പണ്ഡിതരെല്ലാം ഇതിൽ ഒരേ സ്വരക്കാരാണ്. ഫുറൂഅ്(6) എന്ന ഗ്രന്ഥത്തിൽ കാണാം: കാരണത്തോടെ, മരണപ്പെടുന്നതു വരെ നോമ്പനുഷ്ഠിക്കാതെ നിന്നാലും ഒന്നും അവന്റെ മേൽ നിർബന്ധമാവില്ല. മുൻതഹയിലും അതിന്റെ ശറഹിലും(7) കാണാം: കാരണത്തോടെ നോമ്പ് നഷ്ടപ്പെടുത്തുകയും അങ്ങനെ മരണപ്പെടുകയും ചെയ്തവന്റെ മേൽ ഒന്നും നിർബന്ധമില്ല. ഹജ്ജ് പോലെത്തന്നെ സാധ്യമാവുന്നതിനു മുമ്പ് മരണപ്പെട്ട ഗണത്തിലാണ് അതുപെടുക.
ഇത്രയും പറഞ്ഞതിൽ നിന്ന് കൊറോണ ബാധിച്ച് നോമ്പനുഷ്ഠിക്കാതെ മരണപ്പെട്ടയാളുടെ കർമശാസ്ത്ര മസ്അലകൾ വ്യക്തമാണ്.
ഗ്രന്ഥസൂചി
1)മജ്മൂഉ ഫതാവാ വ റസാഇലിൽ ഉഥ്മയൈൻ
2)വാള്യം-2, പേ- 65, പ്രസാധനം- ഹലബി
3)പേ-142, വാള്യം 3, പ്രസാധനം- മിസ്രിയ്യ
4)പേ-241, വാള്യം3, ദാറുൽ മനാർ
5)പേ 343, വാള്യം 6, മക്തബതുൽ ഇർശാദ്
6)പേ 39, വാള്യം 3, ആലു ഥാനി
7)പേ 581, വാള്യം 1, മുഖ്ബിൽ
വിവ. മുഹമ്മദ് ശാക്കിർ മണിയറ