ഉമിനീര് ഇറക്കിയാല്‍ നോമ്പ് മുറിയുമോ?
ചോദ്യം- ഉമിനീര് ഇറക്കിയാല്‍ നോമ്പ് മുറിയുമെന്നും ഇല്ലെന്നും പറയുന്നുണ്ടല്ലോ. ഇതിലേതാണ് ശരി ?
ഉത്തരം- ശരീഅത്തിന്റെ വിധികള്‍ മനുഷ്യര്‍ക്ക് ഞെരുക്കമുണ്ടാക്കാനുദ്ദേശിച്ചുളളവയല്ല, പ്രത്യുത അവര്‍ക്ക് എളുപ്പമാക്കലും ഞെരുക്കം ഇല്ലാതാക്കലും അതിന്റെ മൗലിക ലക്ഷ്യങ്ങളില്പെട്ടതാകുന്നു.
അല്ലാഹു പറയുന്നു: ”അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണിഛിക്കുന്നത്, ഞെരുക്കമിഛിക്കുന്നില്ല” (അല്‍ബഖറ: 185-185). മറ്റൊരിടത്ത് പറയുന്നു: ”അല്ലാഹു നിങ്ങളുടെ ഭാരങ്ങള്‍ ലഘൂകരിക്കാനിഛിക്കുന്നു. എന്തെന്നാല്‍, മനുഷ്യന് ദുര്‍ബലനായാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്” (അന്നിസാഅ്: 26-28). വേറൊരു സ്ഥലത്ത് ഇങ്ങനെ കാണാം: ”ദീനില്‍ നിങ്ങളുടെ മേല്‍ ഒരു ക്ലിഷ്ടതയുമുണ്ടാക്കിവെച്ചിട്ടില്ല” (അല്‍ഹജ്ജ്: 77-78).
അതിനാല്‍ സാധാരണ ഗതിയില്‍ സൂക്ഷിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍കൊണ്ട് നോമ്പ് മുറിയുകയില്ല. ഇത് പണ്ഡിതന്മാരും ഇമാമുകളും വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് ഇമാം ഇബ്നു ഖുദാമ പറയുന്നു: ”(ഉമിനീരിറക്കുന്നതു പോലെ) സൂക്ഷിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ മുഖേന നോമ്പ് മുറിയുകയില്ല. അത് സൂക്ഷിക്കുക എന്നത് പ്രയാസമാണ്. വഴിയിലെ പൊടിപടലങ്ങള്‍, പത്തിരിപ്പൊടിയില്നിന്നുയരുന്നതിനോടൊക്കെയാണതിന് സാമ്യം. വായില്‍ ഊറിയ ഉമിനീര് ബോധപൂര്‍വം ഒന്നിച്ചിറക്കിയാല്‍ പോലും നോമ്പു മുറിയുകയില്ല” (മുഗ്നി: 3-16).
ഇമാം മുതവല്ലിയും മറ്റും പറയുന്നതായി ഇമാം നവവി രേഖപ്പെടുത്തുന്നു: ”നോമ്പുകാരന് വായ കൊപ്ലിച്ചാല്‍ വെളളം തുപ്പിക്കളയേണ്ടതാണ്. എന്നാല്‍ ശീലക്കഷ്ണമോ മറ്റോ ഉപയോഗിച്ച് വായ തുടച്ചു കളയണമെന്നില്ല. ഇതില്‍ അഭിപ്രായ വ്യത്യാസമില്ല” (ശറഹുല്‍ മുഹദ്ദബ്: 6-327).
എന്നാല്‍ ഉമിനീരിനൊപ്പം മറ്റു വല്ല ഭക്ഷണപാനീയങ്ങളുടെയും അവശിഷ്ടം കലര്‍ന്നിട്ടുണ്ടെങ്കില്‍ തുപ്പിക്കളയുക തന്നെ വേണം. മധുരമുണ്ടോ, ഉപ്പുണ്ടോ എന്നൊക്കെ നോക്കിയാലെന്ന പോലെ. അത്തരം സന്ദര്‍ഭങ്ങളില്‍ ഉമിനീര് ഇറക്കാവതല്ല.
അതിനാല്‍ നോമ്പു നോറ്റവര്‍ ഇങ്ങനെ തുപ്പിക്കൊണ്ട് നടക്കേണ്ടതില്ല. പ്രവാചകനോ സ്വഹാബത്തോ സലഫുസ്സ്വാലിഹുകളോ അങ്ങനെ ചെയ്യാറുണ്ടായിരുന്നില്ല. എന്നു മാത്രമല്ല മറ്റുളളവര്‍ക്ക് അരോചകമാവുന്ന ഒരു മോശം പ്രവണത കൂടിയാണത്.
അതുപോലെ കഫം തുപ്പിക്കളയുക തന്നെ വേണം. തൊണ്ടയുടെ അങ്ങേയറ്റം പോലെ വായക്കുളളില്‍ അല്ലാതെയുളള കഫം ഇറങ്ങിപ്പോയതു കൊണ്ട് കുഴപ്പമില്ല. എന്നാല്‍ കാര്‍ക്കിച്ച ശേഷമോ മൂക്ക് വലിച്ചോ ഉണ്ടാകുന്നതോ ആയ കഫം ഇറക്കാന്‍ പാടില്ല. അത് തുപ്പിക്കളയുകയാണ് വേണ്ടത്. വിസര്‍ജ്യമെന്ന നിലക്ക് നോമ്പല്ലാത്തപ്പോഴും അത് തുപ്പിക്കളയേണ്ടതാണെന്ന് ഫുഖഹാക്കള്‍ പഠിപ്പിച്ചിട്ടുണ്ട്. ഇത്തരം വിശദാംശങ്ങള്‍ കൂടുതല്‍ അറിയണമെന്നുളളവര്‍ ഇമാം നവവി രേഖപ്പെടുത്തിയത് കാണുക (ശറഹുല്‍ മുഹദ്ദബ്: 6-319).
എന്നാല്‍ ഉമിനീരുപോലെ തന്നെയാണിതിന്റെയും വിധിയെന്നും അതിറക്കിയതുകൊണ്ട് നോമ്പിനെ ബാധിക്കില്ലെന്നും അഭിപ്രായപ്പെട്ട പണ്ഡിതന്മാരുമുണ്ട്. ഹനഫീ ഫിഖ്ഹ് ഗ്രന്ഥമായ അല്‍ ബഹ്റുര്‍റാഇഖ് (2-294) കാണുക. ആധുനിക സലഫീ പണ്ഡിതന്മാരും ഇതേ വീക്ഷണം പ്രകടിപ്പിച്ചിട്ടുണ്ട്.