വിത്റ് നമസ്കാരം- ഖുനൂത്തിലെ ദുആ

ചെറുമയക്കമെങ്കിലും കഴിഞ്ഞ ശേഷം മാത്രം രാത്രിയിൽ നിസ്കരിക്കേണ്ട നമസ്കാരമാണ് തഹജ്ജുദ്. അല്ലാഹു തആലാ നബി തങ്ങളോട് വിത്റ് നമസ്കാരം പതിവാക്കാൻ കൽപിച്ചതു കാണാം. സൂറത്തുൽ ഇസ്റാഇലെ 79ാം സൂക്തം നബി തങ്ങളെ രാത്രി നമസ്കാരം നിർവഹിക്കാൻ പ്രേരിപ്പിക്കുന്നതാണ്. നബി തങ്ങൾക്ക് വാജിബും തങ്ങളുടെ സമുദായത്തിന് ശക്തമായ സുന്നത്തുമാണിത്. അല്ലാഹുവിന്റെ പ്രത്യേക നിർദേശമുള്ളതു കൊണ്ടുതന്നെ, യാത്രയിലും അല്ലാത്തപ്പോഴും വിത്റ് നമസ്കാരത്തിന്റെ വിഷയത്തിൽ അതീവ സുക്ഷ്മത പുലർത്തിയിരുന്നു നബിതങ്ങൾ. രാത്രി നമസ്കാരത്തിൽ നബി തങ്ങൾ പ്രത്യേകം നിർവഹിച്ചിരുന്ന കർമമാണ് ഖുനൂത്തിലെ ദുആ. വിത്റിലെ അവസാന റക്അത്തുകളിൽ നിർവഹിച്ചിരുന്ന ഈ ഖുനൂത്ത് പ്രസിദ്ധമാണ്. ഇബ്നു അലാൻ പറയുന്നു: രാത്രിനമസ്കാരത്തിലെ ഒരു പ്രത്യേക സമയത്തുള്ള പ്രാർഥനയുടെ ശറഇയ്യായ പേരാണ് ഖുനൂത്ത്. മറ്റൊരു നിലക്ക് പറഞ്ഞാൽ, നിന്നുകൊണ്ടുള്ള ഒരു പ്രാർഥനയാണ് ഖുനൂത്ത്.
വിത്റിലെ ഖുനൂത്തന്റെ ദുആയുടെ അടിസ്ഥാനം ഹസൻ ബിൻ അലി(റ)യുടെ ഹദീസാണ്. ‘അല്ലാഹുമ്മഹ്ദിനീ ഫീമൻ ഹദയ്ത്ത്, വ ആഫിനീ ഫീമൻ ആഫയ്ത്ത്, വ തവല്ലനീ ഫീമൻ തവല്ലയ്ത്ത്, വ ബാരിക് ലീ ഫീമാ അഅ്ത്വയ്ത്, വഖിനീ ശർറ മാ ഖദയ്ത്ത്, ഫഇന്നക തഖ്ദീ ഫലാ യുഖ്ദാ അലയ്ക്, ഇന്നഹൂ ലാ യദില്ലു മൻ വാലയ്ത്ത്, തബാറക്ത റബ്ബനാ വ തആലയ്ത്ത് എന്ന് ഖുനൂത്തിൽ ദുആ ചെയ്യാൻ നബി തങ്ങൾ എന്നെ പഠിപ്പിച്ചു'(മുസ്നദു അഹ്മദ്) എന്ന ഹദീസ്. ഈ ഹദീസ് ‘ഹസൻ’ ആണെന്ന് ഇമാം തുർമുദി(റ) പറയുന്നുണ്ട്. അലി(റ) റിപ്പോർട്ട് ചെയ്യുന്ന മറ്റൊരു ഹദീസിൽ വേറെയൊരു പ്രാർഥന കൂടെ കാണാം. നബി തങ്ങൾ വിത്റിൽ ‘അല്ലാഹുമ്മ ഇന്നീ അഊദു ബിരിദാക മിൻ സഖതിക, വ മുആഫാതിക മിൻ ഉഖൂബതിക, വ അഊദു ബിക മിൻക ലാ ഉഹ്സീ ഥനാഅൻ അലയ്ക, അൻത കമാ അഥ്നയ്ത്ത അലാ നഫ്സിക’ എന്ന് പ്രാർഥിക്കാറുണ്ടായിരുന്നുവെന്ന് ആ ഹദീസിൽ കാണാം.
വിത്റിലെ ഖുനൂത്തിലെ നബിമാതൃക
നബി തങ്ങൾ വിത്റിലെ ഖുനൂത്തിൽ പ്രത്യേകം ദുആകൾ വല്ലതും നടത്തിയിരുന്നോ? ഉണ്ടെങ്കിൽ അതെന്താണ്?
സാദുൽ മആദ് എന്ന ഗ്രന്ഥത്തിൽ കാണാം: ഇബ്നു മാജ ഉബയ്യുബ്നു കഅബി(റ)നെത്തൊട്ട് റിപ്പോർട്ട് ചെയ്ത ഹദീസിലല്ലാതെ നബി തങ്ങൾ വിത്റിൽ ഖുനൂത്ത് നടത്തിയതായി കാണാൻ സാധിക്കില്ല. ഇമാം അഹ്മദ്(റ) പറയുന്നു: റുകൂഇന് ശേഷം ഖുനൂത്ത് ചൊല്ലുന്നതാണ് അഭികാമ്യം. സുബ്ഹി നിസ്കാരത്തിലെ നബി തങ്ങളുടെ ഖുനൂത്ത് റുകൂഇനു ശേഷമായിരുന്നുവെന്ന് ഹദീസുകളിൽ കാണാം. അതുകൊണ്ട് വിത്റിലെ ഖുനൂത്തിലും അതുതന്നെയാണ് പരിഗണനീയം. ഇബ്നുൽ ഖയ്യിം(റ) പറയുന്നു: വിത്റിലെ ഖുനൂത്ത് ഉമർ(റ), ഇബ്നു മസ്ഊദ്(റ) എന്നിവർ അംഗീകരിച്ചിട്ടുള്ളതാണ്. അവ്വിഷയകരമായ അവരുടെ റിപ്പോർട്ട് സുബ്ഹിലെ ഖുനൂത്തിനെക്കാൾ പ്രബലമാണ്. അതേസമയം, നബി തങ്ങളെത്തൊട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ സുബ്ഹിന്റെ ഖുനൂത്തിനാണ് വിത്റിലെ ഖുനൂത്തിനെക്കാൾ തെളിവുകളുടെ പിൻബലം.(സാദുൽ മആദ്- വാള്യം 1, പേ 397).
ഉമർ ബിൻ ഖത്താബ്(റ) സുബ്ഹിലെ ഖുനൂത്തിൽ ‘അല്ലാഹുമ്മ ഇന്നാ നസ്തഈനുക വ നസ്തഹ്ദീക’ എന്നു തുടങ്ങുന്ന പ്രാർഥന നിർവഹിച്ചതായി അവലംബയോഗ്യമായ റിപ്പോർട്ടുകൾ കാണാം. ഇബ്നു ശൈബയുടെ മുസ്വന്നഫിൽ ‘നബി തങ്ങളുടെ സ്വഹാബികൾ വിത്റിൽ ഖുനൂത്ത് നിർവഹിച്ചിരുന്നു’ എന്ന് കാണാം. ഖലീഫ ഉമറി(റ)ന്റെ ദുആ സ്വഹാബികൾക്കിടയിൽ പ്രസിദ്ധമാണ്. നബി തങ്ങളിൽ നിന്ന് നേരിട്ട് ലഭിച്ചതാണെന്ന് വിശ്വസിക്കാവുന്ന രീതിയിൽ അവരൊക്കെയും ഉമറി(റ)ന്റെ ഈ ദുആ പിന്തുടരാറുണ്ടായിരുന്നത്രെ. മുസ്വന്നഫു അബ്ദുറസാഖിൽ ഈ ദുആ അലി(റ), ഇബ്നു മസ്ഊദ്(റ), ഉബയ്യുബ്നു കഅ്ബ്(റ), ബറാഅ് ബിൻ ആസിബ്(റ), അനസ് ബിൻ മാലിക്(റ) എന്നിവർ ചെയ്തതായി പരിചയപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ സ്വഹാബികൾക്കിടയിൽ മുഴുവൻ ഇതു വ്യാപകമായിരുന്നു എന്ന് അനുമാനിക്കാം.
ഖുനൂത്തിൽ പ്രത്യേക പ്രാർഥനയുണ്ടോ?
ഇമാമിനോ ഒറ്റക്ക് നിസ്കരിക്കുന്നവനോ ഖുനൂത്തിൽ എത്രയും ദുആ ചെയ്യാവുന്നതാണ്. കൃത്യമായ ഒരു ദുആ ഹദീസുകളിൽ വന്നിട്ടില്ലാത്തതു കാരണമാണിത്. അർഥമുള്ള എന്തെങ്കിലും ദുആ ചെയ്താൽ മതിയാവുന്നതാണ്. ഉമർ(റ), ഹസൻ(റ) എന്നിവരുടെ ദുആകൾ ചേർത്തുപറയലും സുന്നത്താണ്.
ഹനഫീ ഗ്രന്ഥമായ ‘ബദാഇഇ’ൽ കാണാം: ‘ഖുനൂത്തിൽ കൃത്യമായ, നിർണിതമായ ഒരു ദുആ ഇല്ല. സ്വഹാബികളെത്തൊട്ട് ഒരുപാട് രീതിയിലുള്ള ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാരണം, കൃത്യമായ, സമയം നിശ്ചയിക്കപ്പെട്ട ദുആകൾ ഹൃദയസാന്നിധ്യമില്ലാതെ ഒരു ഒഴുക്കിൽ ഓതപ്പെടുകയാണ് പതിവ്. അപ്പോൾ പ്രാർഥനക്ക് ഉത്തരം കിട്ടാനുള്ള സാധ്യത കുറവുമാണ്. നമസ്കാരത്തിലെ ഖുർആൻ പാരായണത്തിന് സമയം നിശ്ചയിക്കാത്ത പോലെ ഖുനൂത്തിലെ ദുആഇലും സമയം നിശ്ചയിക്കാതിരിക്കുകയാണ് നല്ലത്’. അതിൽ തുടർന്നു പറയുന്നു: ‘അല്ലാഹുമ്മ ഇന്നാ നസ്തഈനുക എന്ന വാചകം മാത്രമാണ് ഖുനൂത്തിൽ നിർണിതമായി വന്നിട്ടുള്ള ദുആ. ഈയൊരു ദുആയുടെ വിഷയത്തിൽ സ്വഹാബികളൊക്കെ ഏകാഭിപ്രായക്കാരാണ്. ഇത് പാരായണം ചെയ്യലാണ് അതുകൊണ്ട് ഉത്തമം. അല്ലാത്തതും ആകാവുന്നതാണ്. അതോടൊപ്പം മറ്റു ദുആകളും കൂടി ചേർക്കുന്നതാണ് അഭികാമ്യം’.
ഇതേയഭിപ്രായമാണ് മാലികി മദ്ഹബ്കാരുടെയും. ഇഷ്ടമുള്ളത് ദുആ ചെയ്യാമെന്ന അഭിപ്രായം. അതോടൊപ്പം റമദാനിലെ രണ്ടാം പകുതി മുതലുള്ള വിത്റുകളിൽ ഖുനൂത്ത് ജാഇസാണെന്ന് അവർ പ്രത്യേകം പറഞ്ഞിട്ടുണ്ട്(അത്തഫ് രീഅ് ഫീ ഫിഖ്ഹിൽ ഇമാം മാലിക് ബിൻ അനസ്- വാള്യം 1, പേ 126). റമദാനിലെ വിത്റിലെ ഖുനൂത്തിന്റെ വിഷയത്തിൽ മാലികികളുടേതിന് തുല്യമായ അഭിപ്രായമാണ് ശാഫിഈ മദ്ഹബുകാർക്കും. ശാഫിഈ മദ്ഹബിലെത്തന്നെ രണ്ടാമതൊരു അഭിപ്രായപ്രകാരം റമദാൻ മാസം മുഴുവനും ഖുനൂത്ത് അനുവദനീയമാണ്(മജ്മൂഅ്- വാള്യം 4, പേ 15, റൗള- വാള്യം 1, പേ 330).
ഖുനൂത്തിലെ ദുആഇന് കൃത്യമായ വാചകങ്ങളില്ലെന്ന പണ്ഡിതന്മാരുടെ ഏകാഭിപ്രായം റിപ്പോർട്ട് ചെയ്തു കൊണ്ട് ഇബ്നു അലാൻ പറയുന്നു: ‘ഖുനൂത്ത് പോലോത്ത ദിക്റുകളിൽ ഉലമാക്കൾ പറഞ്ഞപ്രകാരം ധാരാളമാക്കലാണ് നല്ലത്. തശഹുദ് ഇതിൽ നിന്ന് വിഭിന്നമാണ്. കാരണം, തശഹുദിൽ പരിഗണിക്കപ്പെടുക അതിലെ വാചകങ്ങളാണ്, അതുകൊണ്ടാണ് അതിൽ അധികമൊന്നും പണ്ഡിതർ പ്രോത്സാഹിപ്പിക്കാത്തത്. നേരെ മറിച്ച് ഖുനൂത്തിലെ ദുആഇന് കൂടുതൽ പ്രതിഫലനമുണ്ടെന്നു കണ്ടാണ് അതിൽ കൂടുതലാക്കാൻ പണ്ഡിതർ താത്പര്യപ്പെട്ടത്.'(അൽ ഫുതൂഹാതുറബ്ബാനിയ്യ അലൽ അദ്കാരി നവാവിയ്യ- വാള്യം 5, പേ 109).
വിവ. മുഹമ്മദ് ശാക്കിർ മണിയറ