നോമ്പിന്റെ മര്യാദകൾ
നോമ്പനുഷ്ഠിക്കുന്നവർ താഴെ പറയുന്ന മര്യാദകൾ പാലിക്കുന്നത് സുന്നത്താകുന്നു.
1. അത്താഴം കഴിക്കുക
നോമ്പനുഷ്ഠിക്കാൻ തീരുമാനിച്ചവർ അത്താഴം കഴിക്കുന്നത് സുന്നത്താണെന്നും പക്ഷേ, വല്ലവനും അതുപേക്ഷിക്കുന്ന പക്ഷം അതിൽ കുറ്റമില്ലെന്നുമുള്ള വിഷയത്തിൽ മുസ്ലിം സമുദായം ഏകോപിച്ചിരിക്കു تسحروا فان في السحور بركة (നിങ്ങൾ അത്താഴം കഴിക്കുക. നിശ്ചയമായും അത്താഴത്തിൽ ബർക്കത്തുണ്ട്. എന്ന് റസൂൽ(സ) പറഞ്ഞതായി അനസ് (റ) പ്രസ്താവിക്കുന്നു. (ബുഖാരി, മുസ്ലിം)
നബി(സ)തിരുമേനി പറഞ്ഞതായി മിഖ്ദാദുബ്നു മദീകരിബ(റ) പ്രസ്താവിക്കുന്നു. നിങ്ങൾ അത്താഴം പതിവാക്കുക. എന്തുകൊണ്ടെന്നാൽ അത് അനുഗൃഹീത ഭക്ഷണം. (നസാഈ)
അത്താഴം നോമ്പുകാരന് ശക്തിയും ഉൻമേഷവും നൽകി നോമ്പിന്റെ ക്ലേശം ലഘൂകരിക്കുന്നതുകൊണ്ടാണ് അത് അനുഗൃഹീത ആഹാരമാണെന്ന് പറഞ്ഞിരിക്കുന്നത്.
അത്താഴം എങ്ങനെ
അധികം ഭക്ഷിച്ചാലും അല്പം ഭക്ഷിച്ചാലും ഒരിറക്ക് വെള്ളം കുടിച്ചാൽ പോലും അത്താഴം കഴിച്ച പുണ്യം ലഭിക്കുന്നതാണ്.
റസൂൽ(സ) പറഞ്ഞതായി അബൂസഈദ്(റ) നിവേ ദനം ചെയ്യുന്നു لسحور بركة، فلا تدعوه ولو أن يجرع أحدكم جرعة ماء فإن الله وملائكته يصلون على المتسحرين (احمد)
(അത്താഴം ഒരനുഗ്രഹമാകുന്നു. അതിനാൽ ഒരു ഇറക്ക് വെള്ളം ഇറക്കിക്കൊണ്ടാണെങ്കിലും നിങ്ങൾ ഇത് ഉപേക്ഷിക്കാതിരിക്കുക. എന്തുകൊണ്ടെന്നാൽ അത്താഴം കഴിക്കുന്നവർക്ക് അല്ലാഹുവിന്റെ കാരുണ്യവും മലക്കുകളുടെ പ്രാർഥനയും ഉണ്ടാകുന്നതാണ്.
അതിന്റെ സമയം
പാതിരാവ് മുതൽ പ്രഭാതോദയം വരെയാണ് അത്താഴ സമയം. അത്താഴം പിന്തിക്കുന്നതാണ് ഉത്തമം. ഞങ്ങൾ റസൂൽ (സ) തിരുമേനിയോടൊന്നിച്ച് അത്താഴം കഴിക്കുകയും അനന്തരം നമസ്കരിക്കാൻ എഴുന്നേൽക്കുകയും ചെയ്തുവെന്ന് സൈദുബ്നു സാബിത്ത് (റ) പ്രസ്താവിക്കുകയുണ്ടായി. അവ രണ്ടിനുമിടക്ക് എത്ര സമയമുണ്ടായിരുന്നുവന്ന് ചോദിച്ചപ്പോൾ അമ്പത് ആയത്ത് ഓതുന്ന സമയം’ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. (ബുഖാരി, മുസ്ലിം)
“നബിയുടെ സഹാബിമാർ ജനങ്ങളിൽ വച്ചേറ്റവും വേഗം നോമ്പ് തുറക്കുന്നവരും ഏറ്റവും വൈകി അത്താഴമുണ്ണുന്നവരുമായിരുന്നുവെന്ന് അംറുബ്നു മൈമൂൻ പ്രസ്താവിച്ചതായി സ്വഹീഹായ പരമ്പരയിലൂടെ ബൈഹഖി ഉദ്ധരിക്കുന്നു.
. “നേരത്തെ നോമ്പ് തുറക്കുകയും വൈകി അത്താഴം കഴിക്കുകയും ചെയ്യുന്ന കാലത്തോളം എന്റെ സമുദായം ഗുണത്തിലായിരിക്കും.’ എന്നിങ്ങനെ നബി(സ) പറഞ്ഞതായി അബൂദർറിൽ ഗിഫാരി ഉദ്ധരിക്കുന്നു.
ഇതിന്റെ പരമ്പരയിൽ സുലൈമാനുബ്നു അബി ഉസ്മാൻ എന്ന അറിയപ്പെടാത്ത ഒരു വ്യക്തിയുണ്ട്.
പ്രഭാതോദയത്തിൽ സംശയമുണ്ടായാൽ
ഒരാൾക്ക് പ്രഭാതോദയത്തെക്കുറിച്ച് സംശയമുണ്ടാകുന്ന പക്ഷം അത് ഉറപ്പാകുന്നതുവരെ അയാൾക്ക് തിന്നുകയും കുടിക്കുകയും ചെയ്യാവുന്നതാണ്. സംശയം തോന്നിയതുകൊണ്ട് മാത്രം അതനുസരിച്ച് പ്രവർത്തിക്കേണ്ടതില്ല. എന്തുകൊണ്ടെന്നാൽ അല്ലാഹു വിശുദ്ധ ഖുർആനിൽ നിശ്ചയിച്ചതനുസരിച്ച് തീറ്റയും കുടിയും നിറുത്തൽ ചെയ്യേണ്ട അന്ത്യസമയം പ്രഭാതോദയം സ്പഷ്ടമാകുമ്പോൾ മാത്രമാണ്. പ്രഭാതം ഉദിച്ചെന്ന് സംശയം ജനിക്കുമ്പോഴല്ല.
അല്ലാഹു പറയുന്നത് കാണുക
وكلوا واشربوا حتى يتبين لكم الخيط الأبيض من الخيط الأسود من الفجر (البقرة ١٨٧) (പ്രഭാതത്തിന്റെ വെള്ള നൂൽ രാത്രിയുടെ കറുത്ത നൂലുമായി നിങ്ങൾക്ക് വേർതിരിഞ്ഞ് കാണാറാകുന്നതുവരെ നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക.)
ഒരിക്കൽ ഇബ്നുഅബ്ബാസി(റ)നോട് ഒരാൾ ഇങ്ങനെ പറഞ്ഞു: “അത്താഴം കഴിക്കുമ്പോൾ സംശയം തോന്നിയാൽ ഞാൻ അത്താഴം നിറുത്തുകയാണ് പതിവ്“. അപ്പോൾ ഇബ്നു അബ്ബാസ്(റ) പറഞ്ഞു: “സംശയം തോന്നുമ്പോഴെല്ലാം ഭക്ഷിച്ചുകൊള്ളുക. അങ്ങനെ സംശയമില്ലാതായാൽ നിർത്തുക.“
“പ്രഭാതോദയം ഉറപ്പാകുന്നതുവരെ ഭക്ഷണം കഴിക്കാ“ മെന്ന് അഹ്മദുബ്നു ഹമ്പൽ പറഞ്ഞതായി അബൂദാവൂദ് പ്രസ്താവിക്കുന്നു. ഇബ്നു അബ്ബാസ്, അത്വാഅ്, ഔസാഈ എന്നിവരുടെ അഭിപ്രായവും ഇത് തന്നെയാണ്. പ്രഭാതം ഉദിച്ചോ എന്ന് സംശയം തോന്നിയ ആൾ ആഹാരം കഴിക്കുന്നത് അനുവദനീയമാണെന്ന വിഷയത്തിൽ ഇമാം ശാഫിഈയുടെ ശിഷ്യൻമാർ ഏകോപിച്ചിട്ടുണ്ടെന്ന് ഇമാം നവവി പ്രസ്താവിക്കുന്നു.
2. സമയമായ ഉടനെ നോമ്പ് തുറക്കുക
സൂര്യാസ്തമയം ഉറപ്പായാൽ ഉടനെ നോമ്പ് മുറിക്കൽ നോമ്പുകാരന് സുന്നത്താകുന്നു
(ا يزال الناس بخير ما عجلوا الفطر (بخاری، مسلم (വേഗം നോമ്പു തുറക്കുന്ന കാലമത്രയും ജനങ്ങൾ നൻമയിലായിരിക്കും.) എന്ന് നബി(സ) പറഞ്ഞതായി സബ്നു സഅ്ദ്(റ) പ്രസ്താവിക്കുന്നു.
നോമ്പ് തുറക്കേണ്ടത് പഴുത്ത കാരക്ക കൊണ്ടാണ്. അതിന്റെ എണ്ണം ഒറ്റയാക്കുന്നത് അഭികാമ്യമത്രെ. അതില്ലെങ്കിൽ പിന്നെ വെള്ളം കൊണ്ടാണ് നോമ്പ് തുറക്കേണ്ടത്, അനസ് (റ) പ്രസ്താവിക്കുന്നു.
كان رسول الله صلعم يفطر على رطبات قبل أن يصلي، فإن لم تكن فعلى تمرات، فإن لم تكن حسا حسوات من ماء (رواه ابوداود، والحاكم وصححه، والرملي، وحسنه)
(റസൂൽ(സ) നമസ്കരിക്കുന്നതിനു മുമ്പായി ഏതാനും പഴുത്ത കാരക്കകൾകൊണ്ട് നോമ്പ് തുറക്കുക പതിവായിരുന്നു. അതില്ലെങ്കിൽ ഏതാനും ഉണങ്ങിയ കാരക്ക കൊണ്ട് നോമ്പ് തുറക്കും. അതുമില്ലെങ്കിൽ തിരുമേനി ഏതാനും ഇറക്കു വെള്ളം കുടിക്കും.)
നബി(സ) ഇങ്ങനെ പറഞ്ഞതായി സൽമാനുബ്നു ആമിർ (റ) പ്രസ്താവിക്കുന്നു.
إذا كان أحدكم صائما فاليفطر على التمر فإن لم يجده فعلى الماء فإن الماء طهور (احمد، ترمذي وقال حسن صحيح)
(നിങ്ങളിൽ ആരെങ്കിലും നോമ്പുകാരനായാൽ കാരക്ക കൊണ്ട് നോമ്പ് തുറക്കട്ടെ. അത് ലഭിച്ചില്ലെങ്കിൽ വെള്ളം കൊണ്ട്. എന്തുകൊണ്ടെന്നാൽ വെള്ളം ശുദ്ധമാകുന്നു.)
മഗ് രിബ് നമസ്കാരത്തിനു മുമ്പ് മേൽപറഞ്ഞ പ്രകാരം നോമ്പ് തുറക്കലാണ് സുന്നതെന്നും നമസ്കരിച്ച ശേഷം ആവശ്യാനുസരണം ഭക്ഷണം കഴിക്കുകയുമാണ് വേണ്ടതെന്നുമുള്ളതിന് ഈ ഹദീസ് തെളിവ്. പക്ഷേ, ഭക്ഷണം തയ്യാറായില്ലെങ്കിലേ അങ്ങനെ ചെയ്യേണ്ടതുള്ളൂ. ഭക്ഷണം തയ്യാറാണെങ്കിൽ നമസ്കാരത്തിന് മുമ്പായി തന്നെ ഭക്ഷണം കഴിക്കാവുന്നതാണ്.
റസൂൽ(സ) ഇങ്ങനെ പറഞ്ഞതായി അനസ് (റ) നിവേദനം ചെയ്യുന്നു.
إذا قدم العشاء قابدء را به قبل صلاة المغرب ولا تعجلوا عن عشائكم (رواه البخاري ومسلم)
രാത്രി ഭക്ഷണം കൊണ്ടു വന്നു വച്ചിട്ടുണ്ടെങ്കിൽ മഗ്രിബ് നമസ്കാരത്തിന് മുമ്പ് അത് കഴിച്ചുകൊള്ളുക. നിങ്ങളുടെ രാത്രി ഭക്ഷണത്തിനു മുമ്പ് മറ്റൊന്നിനും നിങ്ങൾ ധൃതി കാണിക്കരുത്.
3. നോമ്പ് തുറക്കുമ്പോഴുള്ള പ്രാർഥന
നബി(സ) തിരുമേനി പറഞ്ഞതായി അബ്ദുല്ലാഹിബ്നു അംറുബ്നുൽ ആസ് നിവേദനം ചെയ്യുന്നു.
إن للصائم عند فطره دعوة ما ترد (ابن ماجة) (നോമ്പുകാരന്, താൻ നോമ്പ് തുറക്കുന്ന സന്ദർഭത്തിൽ തിരസ്കരിക്കപ്പെടാത്ത ഒരു പ്രാർഥനയുണ്ട്.)
اللهم إلي اسئلك برحمتك التي وسعت كل شيئ ان تأثيرلي (അല്ലാഹുവേ, എല്ലാറ്റിനും വിശാലമായ നിന്റെ കാരുണ്യത്തെ മുൻനിർത്തി എനിക്ക് നീ പൊറുത്ത് തരണമേ എന്ന് ഞാൻ നിന്നോട് അർഥിക്കുന്നു.)
നബി(സ) നോമ്പ് തുറന്നാൽ താഴെ പറയുന്ന പ്രകാരം ചൊല്ലാറുണ്ടായിരുന്നുവെന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്.
ذهب الظمأ وابتلت العروق وثبت الأجر إن شاء الله تعالى (ദാഹം ശമിച്ചു. ഞരമ്പുകൾ നനഞ്ഞു, അല്ലാഹു ഇച്ഛി ച്ചെങ്കിൽ പ്രതിഫലം സ്ഥിരപ്പെടുകയും ചെയ്തു.)
നോമ്പ് തുറന്നാൽ നബി(സ) താഴെ പറയുന്ന പ്രകാരം പറയാറുണ്ടായിരുന്നുവെന്ന് ഒരു മുർസലായ ഹദീസിൽ ( നബിയിൽ നിന്ന് നേരിട്ട് കേട്ട സഹാബിയുടെ പേർ പ്രസ്താവിക്കാതെ നിവേദനം ചെയ്യുന്ന ഹദീസാണ് മുർസൽ. ) വന്നിട്ടുണ്ട്.
اللهم لك صمت وعلى رزقك افطرت (അല്ലാഹുവേ, ഞാൻ നിനക്കുവേണ്ടി നോമ്പനുഷ്ഠിച്ചു. നിന്റെ ആഹാരം കൊണ്ടുതന്നെ ഞാൻ നോമ്പ് തുറക്കുകയും ചെയ്തു.)
മറ്റൊരു ഹദീസിൽ നബി(സ) പ്രസ്താവിക്കുന്നു. ثلاثة لا ترد دعوتهم، الصائم حتى يفطر والإمام العادل والمظلوم (رواه الترمذي بسند حسن) (മൂന്നു പേരുടെ പ്രാർഥന തിരസ്കരിക്കപ്പെടുന്നതല്ല. ഒന്ന്, നോമ്പുകാരൻ നോമ്പ് തുറക്കുന്നതുവരെ, രണ്ട്, നീതിമാനായ ഭരണാധികാരി. മൂന്ന്, മർദിതൻ)
4. അനാവശ്വ കാര്യങ്ങൾ വർജിക്കുക
അതിശ്രേഷ്ഠമായ ആരാധനാകർമങ്ങളിൽ പെട്ട ഒന്നാണ് നോമ്പ്. ആത്മശുദ്ധി നേടാനും നൻമയുടെ പരിശീലനം സാധിക്കാനും വേണ്ടിയാണ് നോമ്പനുഷ്ഠിക്കാൻ അല്ലാഹു കല്പിച്ചിട്ടുള്ളത്. ആകയാൽ നോമ്പിനു ക്ഷതമേല്പിക്കുന്ന യാതൊന്നും ചെയ്യാതിരിക്കുവാൻ നോമ്പുകാരൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നോമ്പുകൊണ്ടുദ്ദേശിച്ച ഫലം ലഭിക്കുവാനും നോമ്പിന്റെ ലക്ഷ്യമായി ഖുർആനിൽ എടുത്തു പറഞ്ഞ ‘തഖ്വ’ മനഃസ്ഥിതി ആർജിക്കുവാനും അത് ഏറ്റവും ആവശ്യമത്രെ. അല്ലാഹു പറയുന്നു
ا أيها الذين آمنوا كتب عليكم الصيام كما كتب على الذين من قبلكم لعلكم تتقون (البقرة (١٨٣ (വിശ്വസിച്ചവരേ, പ്രതാനുഷ്ഠാനം മുമ്പുള്ളവർക്കു നിർബന്ധമാക്കപ്പെട്ടിരുന്നപോലെ നിങ്ങൾക്കും നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. തദ്വാരാ നിങ്ങൾ ദൈവഭക്തി യുള്ളവരായേക്കാം.)
ആഹാരപാനീയങ്ങൾ വർജിക്കുക മാത്രമല്ല നോമ്പ്. അതോടൊപ്പം അല്ലാഹു നിരോധിച്ച എല്ലാ കാര്യങ്ങളും ഉപേക്ഷിക്കുകയാണ് യഥാർഥത്തിൽ നോമ്പു കൊണ്ടുദ്ദേശിക്കപ്പെടുന്നത്. നബി(സ) പറഞ്ഞതായി അബൂഹുറയ്റ(റ) നിവേദനം ചെയ്യുന്നു.
ليس الصيام من الأكل والشرب، إنما الصيام من اللغو، والرقت، فان سابك أحد، أو جهل عليـك، فقل إني صائم إني صائم ( رواه ابن خزيمة، وابن حبان، والحاكم، وقال: صحيح على شرط مسلم)
(ആഹാരപാനീയങ്ങൾ വർജിക്കൽ മാത്രമല്ല നോമ്പ് വ്യർഥവും മ്ലേഛവുമായ വാക്കുകൾ വർജിക്കലാണ് നോമ്പ്, നിന്നെ ആരെങ്കിലും ചീത്ത പറയുകയോ നിന്നോട് അവിവേകം കാണിക്കുകയോ ചെയ്താൽ ഞാൻ നോമ്പുകാരനാണ്. ഞാൻ നോമ്പുകാരനാണ് എന്ന് അവനോട് പറയുക.)
നബി(സ) പറഞ്ഞതായി അബൂഹുറയ്റ(റ) നിവേദനം ചെയ്ത ഒരു ഹദീസിൽ ഇങ്ങനെ കാണാം: من لـم يـدع قول الزور والعمل به فليس لله حاجة في ان يدع طعامه وشرابه (بخاری، ترمذی، ابن ماجه، نسائي (ഒരാൾ വ്യാജമായ വാക്കും അതുപ്രകാരമുള്ള പ്രവർത്തിയും ഉപേക്ഷിക്കുന്നില്ലെങ്കിൽ അവൻ ഭക്ഷണവും പാനീയവും വർജിക്കുന്നതിൽ അല്ലാഹുവിന് താൽപര്യമില്ല.)
അബൂഹുറയ്റ(റ) നിവേദനം ചെയ്യുന്ന മറ്റൊരു നബിവചനം ഇങ്ങനെയാണ്.
رب صائم ليس له من صيامه إلا الجوع ورب قائم ليس له من قيامه إلا الشهر (നോമ്പനുഷ്ഠിക്കുന്നത് കൊണ്ട് വിശപ്പു മാത്രമല്ലാതെ മറ്റൊന്നും ലഭിക്കാത്ത എത്ര നോമ്പുകാരുണ്ട്. നമസ്കരിക്കുന്നതുകൊണ്ട് ഉറക്കമൊഴിക്കലല്ലാതെ മറ്റൊരു പ്രതിഫലവും ലഭിക്കാത്ത എത്ര നമസ്കാരക്കാരുണ്ട്.)
ഇബ്നുമാജ, നസാഈ, ഹാകിം എന്നിവർ ഉദ്ധരിച്ച ഈ ഹദീസിന്റെ നിവേദകൻമാർ ബുഖാരിയുടെ നിവേദകൻമാരാണെന്നും ഇത് സ്വഹീഹാണെന്നും ഹാകിം പ്രസ്താവിക്കുന്നു.
5. ദന്തശുദ്ധി വരുത്തൽ
നോമ്പുള്ളപ്പോൾ മിസ് വാക്ക് കൊണ്ടും മറ്റും പല്ലു തേക്കൽ സുന്നത്താകുന്നു. പകലിന്റെ ആദ്യഭാഗവും അവസാനവും ഇക്കാര്യത്തിൽ വ്യത്യാസമില്ല. പകലിന്റെ ആദ്യത്തിലോ അന്ത്യത്തിലോ ദന്തശുദ്ധി വരുത്തുന്നതിൽ ഇമാം ശാഫിഈ യാതൊരു വിരോധവും കണ്ടിട്ടില്ലെന്ന് തിർമിദി പ്രസ്താവിക്കുന്നു. നോമ്പുകാരനായിരിക്കെ നബി(സ) മിസ് വാക്കുപയോഗിച്ചിരുന്നുവെന്നുള്ള ഹദീസ് ഇതിനു മുമ്പുദ്ധരിച്ചിട്ടുണ്ട്.
6. ദാനധർമങ്ങളും ഖുർആൻ പാരായണവും
ദാനധർമങ്ങളും ഖുർആൻ പാരായണവും ഏതു സമയത്തും പുണ്യമുള്ളവയാണെങ്കിലും റമദാൻ മാസത്തിൽ അവയുടെ പുണ്യവും പ്രാധാന്യവും വളരെ കൂടുതല്ത്രേ . ഇബ്നു അബ്ബാസ് (റ) പ്രസ്താവിച്ചതായി ബുഖാരി ഉദ്ധരിച്ച ഒരു ഹദീസ് ഇങ്ങനെയാണ്. “നബി(സ) മറ്റെല്ലാവരെക്കാളും വലിയ ഉദാരമതിയായിരുന്നു. എന്നാൽ റമദാനിൽ നബിയും ജിബ്രീലും തമ്മിൽ കൂടിക്കാഴ്ചയുണ്ടാവുമ്പോഴാണ് തിരുമേനി ഏറ്റവും കൂടുതൽ ദാനധർമങ്ങൾ ചെയ്തിരുന്നത്. റമദാനിലെ എല്ലാ രാത്രിയിലും ജിബ്രീൽ വന്ന് തിരുമേനിയെ കാണുകയും ഖുർആൻ ഓതിച്ചു പാഠം നോക്കുകയും ചെയ്തിരുന്നു. സത്യമായും അന്ന് തിരുമേനി നൻമയുടെ കാര്യത്തിൽ, തടസ്സമില്ലാതെ അഴിച്ചുവിട്ട കാറ്റിനെക്കാൾ ഉദാരമതിയായിരുന്നു.
7. അവസാനത്തെ പത്തിൽ കൂടുതൽ പരിശ്രമം
ആഇശ(റ) പ്രസ്താവിക്കുന്നു
كانَ رسولُ اللهِ صلَّى اللهُ عليه وسلَّم إذا دَخَل العَشْرُ أحْيَا اللَّيلَ، وأيْقظَ أهلَه، وجَدَّ، وشَدَّ المئزَرَ (بخاری، مسلم) (റമദാനിലെ അവസാനത്തെ പത്ത് വന്നാൽ തിരുമേനി (ആരാധനകൾകൊണ്ട് രാത്രി സജീവമാക്കുകയും വിട്ടുകാരെ നമസ്കാരത്തിനായി വിളിച്ചുണർത്തുകയും അരമുറുക്കി തയ്യാറെടുക്കുകയും ചെയ്തിരുന്നു.)
മുസ്ലിം ഉദ്ധരിച്ച് മറ്റൊരു നിവേദനത്തിൽ ഇങ്ങനെയാണുള്ളത്.
كان يجتهد في العشر الأواخر مالا يجتهد في غيره (തിരുനബി (സ) അവസാനത്തെ പത്ത് ദിവസങ്ങളിൽ മറ്റൊരിക്കലുമില്ലാത്തവിധം ഇബാദത്ത് ചെയ്യാൻ അധ്വാനിക്കുക പതിവായിരുന്നു. )
അലി(റ) പ്രസ്താവിക്കുന്നത് ഇങ്ങനെയാണ്: كان رسول الله صلى الله عليه وسلم يوقظ أهله في العشر الأواخر ويرفع المِئزرَ (رواه الترمذي وصححه) (അവസാനത്തെ പത്ത് ദിവസങ്ങളിൽ നബി(സ) വീട്ടുകാരെ വിളിച്ചുണർത്തുകയും ഉടുതുണി ഉയർത്തിക്കെട്ടുകയും ചെയ്തിരുന്നു.)