ഭാരിച്ച ജോലികൾ ചെയ്യുന്നവരുടെ നോമ്പ്

ഹനഫീ ഫിഖ്ഹിലെ പ്രബലമായ അഭിപ്രായപ്രകാരം നാട്ടിൽ താമസിക്കുന്ന ആരോഗ്യവാനായ ഒരാൾ റമദാൻ മാസം തൊഴിൽ ചെയ്യാൻ നിർബന്ധിതനാവുകയും മുൻഅനുഭവം കൊണ്ടോ നിപുണനും വിശ്വസ്തനുമായ മുസ്ലിം ഡോക്ടറുടെ അഭിപ്രായം കൊണ്ടോ നോമ്പനുഷ്ഠിക്കുന്നതു വഴി കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടാവാൻ സാധ്യതയുണ്ടെന്നും കുടുംബത്തിന്റെ നിർബന്ധചെലവുകൾ വീട്ടാനുള്ള ആരോഗ്യം നഷ്ടമാവുമെന്നും മനസ്സിലാക്കിയാൽ നോമ്പുമുറിക്കൽ അനുവദനീയമാണ്. കുടുംബത്തിന് വേണ്ടി ജോലിചെയ്യുന്നവനും ഇതേവിധിയാണ്.
പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം റൊട്ടിയുണ്ടാക്കുന്നവരെ പോലുള്ള കഠിനമായ ജോലിചെയ്യുന്നവർക്ക് നോമ്പൊഴിവാക്കൽ അനുവദനീയമാണെങ്കിലും മറ്റു പ്രയാസമില്ലാത്ത സമയങ്ങളിൽ നഷ്ടമായ നോമ്പുകൾ ഖദാ വീട്ടൽ നിർബന്ധമാണ്. ഇനി അഥവാ, ഇതേ പ്രയാസം മരണംവരെ ഇവർക്കുണ്ടാവുകയാണെങ്കിൽ ഖദാ വീട്ടലോ നഷ്ടപരിഹാരം നൽകലോ അവർക്ക് നിർബന്ധമല്ല.
നോമ്പ് നഷ്ടപ്പെടാനുള്ള കാരണം ഒരുദിവസം പോലും എനിക്ക് ഒഴിവാകില്ല എന്ന് ഒരാൾ വിശ്വസിക്കുകയോ വ്യക്തമായ ധാരണയുണ്ടാവുകയോ ചെയ്താൽ, ആയവസ്ഥയിൽ ഒന്നിനും സാധിക്കാത്ത വൃദ്ധന്റെ വിധിയാവും അയാളുടേതും. ഫിദ് യ(നഷ്ടപരിഹാരം) നൽകലും അയാൾക്ക് നിർബന്ധമാവും. നഷ്ടമാവുന്ന ഓരോ നോമ്പിനും പകരമായി ഓരോ പാവപ്പെട്ടവന് ഭക്ഷണം നൽകുകയാണത്. ഹനഫികളുടെ അഭിപ്രായപ്രകാരം ഭക്ഷണമായി ഗോതമ്പിന്റെ അര സ്വാഓ ബാർലി, കാരക്ക എന്നിവയുടെ ഒരു സ്വാഓ അല്ലെങ്കിൽ അതിന്റെ വിലയോ ആണ് നൽകേണ്ടത്. സ്വന്തമായി ഭക്ഷിപ്പിക്കുകയോ പണമായി നൽകുകയോ പകരക്കാരനെ വെക്കുകയോ ചെയ്യാം. ഇനി നോമ്പ് നഷ്ടമാക്കാനുള്ള കാരണം ഇല്ലാതെയാവുകയും നോമ്പനുഷ്ഠിക്കാനുള്ള അന്തരീക്ഷം ഉണ്ടാവുകയും ചെയ്താൽ നഷ്ടമായതു മുഴുവൻ ഖദാ വീട്ടലും നിർബന്ധമാണ്.
അവലംബം- islamonline.net