യാത്രയിൽ നോമ്പ് എടുക്കലാണോ അതോ പിന്നീട് വീട്ടലാണോ ഉത്തമം ?
ചോദ്യം: റമദാന് മാസത്തില്‍ യാത്രയിൽ നോമ്പ് എടുക്കൽ ആണോ അതോ നോമ്പ് എടുക്കാതെ പിന്നീട് പിടിച്ചു വീട്ടൽ ആണോ ഉത്തമം ?
ഉത്തരം : യാത്രക്കാരന് നോമ്പ് എടുക്കേണ്ടതില്ല. യാത്ര കഴിഞ്ഞ ശേഷം മറ്റൊരു ദിവസം പകരം നോമ്പ് നോറ്റുവീട്ടിയാല്‍ മതിയാവും. മറ്റ് പ്രായശ്ചിത്തം ഒന്നും ചെയ്യേണ്ടതില്ല. അത് അല്ലാഹു കനിഞ്ഞരുളിയ ഇളവും ദാസന്മാരോടുള്ള അവന്റെ കാരുണ്യവുമാണ്.
അല്ലാഹു പറയുന്നു:
أَيَّامًا مَّعْدُودَاتٍ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ – البقرة 184
“വ്രതാനുഷ്ഠാനം നിശ്ചിത ദിവസങ്ങളിലാകുന്നു. നിങ്ങളില്‍ ആരെങ്കിലും രോഗിയോ യാത്രക്കാരനോ ആയിരുന്നാല്‍ അവന് മറ്റ് ദിവസങ്ങളില്‍ അത്രയും എണ്ണം തികക്കട്ടെ” (സൂറ അല്‍ ബഖറ 184)
ما جعل الله في الدين من حرج
“ഈ ദീനില്‍ നിങ്ങള്‍ക്കൊരു ക്ലേശവും അല്ലാഹു വെച്ചിട്ടില്ല”
അത് അല്ലാഹു നല്കിയ ഇളവാണല്ലോ. ഇളവുകള്‍ പ്രയോജനപ്പെടുത്തുന്നതാണ് അല്ലാഹുവിന് ഇഷ്ടം എന്ന് നബി തിരുമേനി (സ) പഠിപ്പിച്ചിട്ടുമുണ്ട്.
ഒരു ഹദീസില്‍ ഇങ്ങിനെ കാണാം:
” إن الله يحب أن تؤتى رخصه كما يكره أن تؤتى معصيته ”
അവന്റെ ഇളവുകള്‍ സ്വീകരിക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു; അവനോടുള്ള അനുസരണക്കേട് അവന് വെറുക്കുന്നത്പോലെ”
إن الله يعجبه أن يرى أثر نعمته على عبده
“തന്റെ അനുഗ്രഹങ്ങളുടെ അടയാളങ്ങള്‍ ദാസനില്‍ കാണുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു” എന്നു നബി തിരുമേനി പഠിപ്പിച്ചിരിക്കുന്നു.
എന്നാല്‍, യാത്രക്കാരന് നോമ്പ് എടുക്കുന്നതാണോ ഒഴിവാക്കുന്നതാണോ ഉത്തമം എന്ന് ഇമാമുമാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്. അല്ലാഹുവിന്റെ കല്പനയും ഇളവും എടുക്കുന്നതാണ് പുണ്യം എന്ന് ചില പണ്ഢിതന്മാര് അഭിപ്രായപ്പെട്ടിരിക്കുന്നു. മേല്‍പ്പറഞ്ഞ ആയത്തുകളും ഹദീസുകളുമാണ് തെളിവ്.
യാത്ര എന്ന് മാത്രമാണ് അല്ലാഹു നോമ്പ് ഒഴിവാക്കാനുള്ള കാരണമായി പറഞ്ഞത്. യാത്രയുടെ ക്ലേശം അല്ല. അതിനാല്‍ നോമ്പ് ഒഴിവാക്കുന്നതാണ് അല്ലാഹുവിന്റെ കല്പനയോട് അടുത്ത് നില്‍ക്കുന്നത് എന്നാണ് അവരുടെ ന്യായം.
യാത്ര കൊണ്ട് പ്രയാസം അനുഭവിക്കാത്തവര്‍ നോമ്പ് എടുക്കുന്നതാണ് നല്ലത് എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. وأن تصوموا خير لكم “നിങ്ങള്‍ നോമ്പെടുക്കുന്നതാണ് നിങ്ങള്‍ക്ക് ഉത്തമം” എന്ന ഖുര്‍ആനിക വചനമാണ് ഇവരുടെ തെളിവ്. നബി തിരുമേനി (സ) യാത്ര പോയപ്പോള്‍ നോമ്പുകാരന് ആയിട്ടും അല്ലാതെയും ഉണ്ടായിട്ടുണ്ട്. അതിനാല്‍ പ്രയാസം അനുഭവിക്കാത്തവര്‍ നോമ്പെടുക്കുന്നതാണ് നല്ലത് എന്നാണ് അതില്‍ നിന്ന് മനസ്സിലാകുന്നത് എന്നാണ് ഇവരുടെ ന്യായം.
യാത്രയുടെ ദൂരം സംബന്ധിച്ചും അഭിപ്രായ വ്യത്യാസമുണ്ട്. ഏകദേശം 80 കിലോമീറ്റര്‍ ദൂരമാണ് യാത്ര എന്ന് പറയാന്‍ കഴിയുന്ന ദൂരം എന്നാണ് പൊതു അഭിപ്രായം.
ചുരുക്കത്തില്‍, ഓരോരുത്തരും അവരുടെ സാഹചര്യം വെച്ച് തീരുമാനം എടുക്കാന്‍ പറ്റുന്ന സ്വാതന്ത്ര്യം ഉള്ള ഒരു വിഷയമായി മനസ്സിലാക്കിയാല്‍ മതി. നോമ്പ് എടുക്കാതിരിക്കുന്നവര്, അല്ലെങ്കില്‍ പ്രയാസം കാരണം ഇടക്ക് വെച്ച് മുറിക്കുന്നവര്‍ (അതിനും അനുവാദമുണ്ട്) റമദാന് കഴിഞ്ഞ ദിവസങ്ങളില്‍ നഷ്ടപ്പെട്ടത് പകരം നോറ്റുവീട്ടേണ്ടതാണ്.
📲 വാട്സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1