നോമ്പിന്റെ നിയ്യത്തുമായി ബന്ധപ്പെട്ട മസ്അലകൾ

റമദാൻ മാസമാവുമ്പോൾ പലപ്പോഴും തർക്കങ്ങൾക്ക് വിധേയമാവുന്ന ഒന്നാണ് നോമ്പിന്റെ നിയ്യത്തുമായി ബന്ധപ്പെട്ടത്. അതിലൊരു വിശദീകരണം എന്തുകൊണ്ടും ഏറെ ഫലപ്രദമാവുമെന്നു തോന്നുന്നു.
ഒന്ന്: നോമ്പിന്റെ നിയ്യത്തുമായി ബന്ധപ്പെട്ട പൊതുവായ വീക്ഷണം
നോമ്പിന് നിയ്യത്ത് നിർബന്ധമാണോയെന്ന വിഷയത്തിൽ പണ്ഡിതർക്ക് മൊത്തത്തിൽ രണ്ടഭിപ്രായങ്ങളുണ്ട്. ഒന്ന്, ഏതൊരു വിധത്തിലുള്ള നോമ്പും നിയ്യത്തു കൊണ്ടല്ലാതെ ശരിയാവില്ലെന്ന അഭിപ്രായം. നിർബന്ധമായ റമദാൻ നോമ്പ്, റമദാനിലെയല്ലാത്ത നിർബന്ധ നോമ്പ്, സുന്നത്ത് നോമ്പ് എന്നിവയിലൊക്കൈ നിയ്യത്ത് നിർബന്ധമാണ് എന്നാണ് ഇവരുടെ പക്ഷം. ഭൂരിപക്ഷം കർമശാസ്ത്ര പണ്ഡിതരുടെയും പക്ഷമിതാണ്. ‘നിശ്ചയം കർമങ്ങളുടെ സ്വീകാര്യത നിയ്യത്തു കൊണ്ട് മാത്രമാണ്’ എന്ന ബുഖാരിയും മറ്റു ഗ്രന്ഥങ്ങളും റിപ്പോർട്ട് ചെയ്ത ഹദീസാണ് ഇവരുടെ തെളിവ്. രണ്ട്, നിയ്യത്തില്ലാതെയും നോമ്പ് ശരിവുമെന്ന അഭിപ്രായമാണ്. അത്വാഅ്, മുജാഹിദ്, സുഫർ ബിൻ ഹുദൈൽ എന്നിവരുടെ അഭിപ്രായമാണത്. അവർ പറയുന്നു:’ഒരാൾ ആരോഗ്യവാനാവുകയും നാട്ടിൽ തന്നെ താമസിക്കുന്ന, നോമ്പിന്റെ ഇളവുകളൊന്നുമില്ലാത്ത ആളാവുകയും ചെയ്താൽ അയാൾക്ക് നിയ്യത്ത് നിർബന്ധമല്ല. ഒരാൾ രോഗിയോ യാത്രക്കാരനോ ആവുകയും എന്നിട്ടും നോമ്പനുഷ്ഠിക്കാൻ ഉദ്ദേശിക്കുകയും ചെയ്താലാണ് നോമ്പ് നിർബന്ധമാവുന്നത്’. റമദാനെന്നാൽ നോമ്പ് നിർബന്ധമായ മാസമാണ്, റമദാൻ നോമ്പല്ലാത്ത മറ്റൊരു നോമ്പും അന്നേ ദിവസം സംഭവിക്കാനും പാടില്ല. അതുകൊണ്ട് തന്നെ നിയ്യത്തിന്റെ ആവശ്യവുമില്ല എന്ന യുക്തിയാണ് അവരുടെ തെളിവ്. ഇമാം മാവറദി നേർച്ചയാക്കിയ നോമ്പ്, കഫാറത്തിന്റെ നോമ്പ് എന്നിവയെ ഇക്കൂട്ടത്തിൽ നിന്ന് ഒഴിവാക്കുന്നുണ്ട്. അവയിലും കർമശാസ്ത്രപണ്ഡിരുടെ ഇജ്മാഅ് പ്രകാരം നിയ്യത്ത് നിർബന്ധമാണ്.
അഭിപ്രായഭിന്നതയുടെ കാരണം: ഈ വിഷയത്തിലെ അഭിപ്രായഭിന്നതയുടെ കാരണം, ഭൂരിപക്ഷം പണ്ഡിതരും അഭിപ്രായപ്പെട്ടത് നോമ്പെന്നാൽ ‘പൊരുൾ വ്യക്തമല്ലാത്ത’ ആരാധനയാണ്, അതുകൊണ്ട് നിയ്യത്ത് നിർബന്ധമാണ് എന്നാണ്. അതേസമയം, സുഫറും മറ്റുള്ളവരും ‘പൊരുൾ വ്യക്തമായ’ ആരാധനയാണെന്നും നിയ്യത്ത് വെച്ചില്ലെങ്കിലും അത് സാധുവാകുമെന്നും അഭിപ്രായപ്പെടുന്നു.
രണ്ട്: നിയ്യത്ത് എങ്ങനെ?
നോമ്പിന്റെ നിയ്യത്തിന്റെ സമയവും രൂപവും കൃത്യമായി നിർവചിക്കുന്നതിൽ പണ്ഡിതന്മാർക്ക് ഒരുപാട് സ്വരങ്ങളുണ്ട്. പ്രധാന അഭിപ്രായങ്ങൾ ചുവടെ ചേർക്കാം.
ഒന്ന്, രാത്രി തന്നെ നിയ്യത്ത് വെക്കൽ നിർബന്ധമാണെന്ന അഭിപ്രായമാണ്. ഭൂരിപക്ഷം പണ്ഡിതരും അതേയഭിപ്രായക്കാരാണ്. ഹഫ്സ(റ), ആഇശാ(റ) റിപ്പോർട്ട് ചെയ്ത ‘രാത്രിയിൽ നിയ്യത്ത് വെക്കാത്തവന് നോമ്പില്ല’ എന്ന ഹദീസാണ് അവരുടെ തെളിവ്. രണ്ട്, ഉച്ചക്കു മുമ്പ് നിയ്യത്ത് വെച്ചാലും സാധുവാകുമെന്ന അഭിപ്രായമാണ്. അബൂ ഹനീഫ(റ)യുടെ അഭിപ്രായമതാണ്. ആശൂറാ നോമ്പിന്റെ വിഷയത്തിലുള്ള ഹദീസാണ് അദ്ദേഹത്തിന്റെ തെളിവ്. സുന്നത്ത് നോമ്പിന്റെ വിഷയത്തിലും രാത്രി നിയ്യത്ത് വെക്കൽ നിർബന്ധമില്ലെന്ന അഭിപ്രായമാണ് അദ്ദേഹത്തിന്. പക്ഷെ, ഖദാആയ നോമ്പ്, കഫാറത്തിന്റെ നോമ്പ് എന്നിവയുടെ നിയ്യത്ത് രാത്രിയാവൽ നിർബന്ധമാണെന്ന് അദ്ദേഹം പറയുന്നു.
ഖദാആയ നോമ്പ്, കഫാറത്തിന്റെ നോമ്പ് എന്നിവയിലേക്ക് ചേർത്തിയാണ് അബൂ ഹനീഫ(റ)യുടെ അഭിപ്രായത്തെ മറ്റു പണ്ഡിതർ എതിർക്കുന്നത്.
അഭിപ്രായഭിന്നതയുടെ കാരണം: ഈ വിഷയത്തിലെ അഭിപ്രായഭിന്നതയുടെ കാരണം തെളിവുകളിലുള്ള പ്രകടമായ വൈരുധ്യമാണ്. ഭൂരിപക്ഷവും തെളിവുപിടിച്ചത് ബുഖാരി ഇമാമിന്റെ ഹദീസുകൊണ്ടാണ്. ഹനഫികൾ തെളിവുപിടിച്ചത് ആഇശാ ബീവി(റ)യുടെ, നബി തങ്ങൾ വീട്ടിൽ വന്ന് വല്ലതും ഉണ്ടോയെന്നു ചോദിക്കുകയും ഇല്ലായെന്നു പറഞ്ഞപ്പോൾ എങ്കിൽ ഞാനിന്ന് നോമ്പുകാരനാണ് എന്നു നബി മറുപടി പറഞ്ഞതുമായ ഹദീസുകൊണ്ടാണ്. മുആവിയ(റ)യുടെ ഒരു ഹദീസും അവർക്ക് തെളിവാണ്. അദ്ദേഹം മിമ്പറിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ പറഞ്ഞു: ‘മദീനക്കാരെ, എവിടെ നിങ്ങളുടെ പണ്ഡിന്മാർ. നബി തങ്ങൾ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: ഇന്ന് ആശൂറാ ദിവസമാണ്, ഇന്നേ ദിവസത്തെ നോമ്പ് നമുക്ക് നിര്ബന്ധമല്ല. ഞാൻ നോമ്പുകാരനാണ്. നിങ്ങളിൽ ആഗ്രഹിക്കുന്നവർക്ക് നോമ്പനുഷ്ഠിക്കുകയും ആഗ്രഹിക്കുന്നവർക്ക് നോമ്പു മുറിക്കുകയും ചെയ്യാവുന്നതാണ്’. ഭൂരിപക്ഷവും ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഹഫ്സ(റ)യുടെ ഹദീസിനാണ് മുൻതൂക്കം നൽകിയത്. അബൂ ഹനീഫ(റ)യാണെങ്കിൽ രണ്ടു ഹദീസുകൾക്കിടയിലും ജംഅ് ചെയ്യുകയാണ് ചെയ്തത്. ഫർള്, സുന്നത്ത് എന്നത് രണ്ടും രണ്ടായി കാണിച്ചു അദ്ദേഹം. ഹഫ്സ(റ)യുടെ ഹദീസ് ഫർളിനെക്കുറിച്ചാണെന്നും ആഇശ(റ), മുആവിയ(റ) എന്നിവരുടെ ഹദീസ് സുന്നത്തിനെക്കുറിച്ചാണെന്നും അദ്ദേഹം പറയുന്നു.
മൂന്ന്: എല്ലാ ദിവസവും നിയ്യത്ത് നിർബന്ധമുണ്ടോ?
എല്ലാ ദിവസവും പ്രത്യേകം നിയ്യത്ത് വെക്കൽ നിർബന്ധമുണ്ടോ അല്ല മാസം മുഴുവനായി ഒരു നിയ്യത്ത് വെച്ചാൽ മതിയോ എന്ന വിഷയത്തിൽ പണ്ഡിതർക്കിയിൽ പല അഭിപ്രായങ്ങൾ കാണാം. പ്രധാന അഭിപ്രായനങ്ങൾ നോക്കാം. ഒന്ന്, എല്ലാ നോമ്പുകളിലും എല്ലാ ദിവസവും നിയ്യത്ത് വെക്കണം. റമദാൻ നോമ്പ്, ഖദാഅ് വീട്ടുന്ന നോമ്പ്, കഫാറത്ത്, നേർച്ച, സുന്നത്ത് നോമ്പ് ഇവയെല്ലാം ഇക്കാര്യത്തിൽ സമമാണ്. ഭൂരിപക്ഷം ഇതേയഭിപ്രായക്കാരാണ്. അബൂ ഹനീഫ(റ)യും ഇതേ അഭിപ്രായക്കാരൻ തന്നെ. ഓരോ നോമ്പും പ്രത്യേകം ഓരോ ആരാധനയാണ്, ഒന്ന് മറ്റൊന്നുമായി നേരിട്ട് ബന്ധമില്ലാത്തതാണ്. ഹജ്ജ്, നിസ്കാരം എന്നിവയിൽ നിന്ന് വിഭിന്നമായി ഒന്ന് ബാത്വിലായാൽ മറ്റൊന്നിന് പ്രശ്നമേൽക്കാത്ത ആരാധനയാണ് നോമ്പ്.
രണ്ട്, മാസം മുഴുവനായി ഒരൊറ്റ നിയ്യത്ത് മതിയാവും. ആദ്യത്തെ രാത്രിയിൽ മാസം മുഴുവൻ നോമ്പനുഷ്ഠിക്കുന്നുവെന്ന് നിയ്യത്ത് വെച്ചാൽ മതി. മാലിക് ഇമാമിന്റെ മദ്ഹബാണത്. എല്ലാ നോമ്പുകളും ചേർന്ന് ഒരൊറ്റ ആരാധനയാണ്, അപ്പോൾ ഒരൊറ്റ നിയ്യത്ത് മതിയെന്നതാണ് അദ്ദേഹത്തിന്റെ തെളിവ്.
നാല്: ഫർള് നോമ്പെന്നു കരുതൽ
ഫർള് നോമ്പ് എന്ന് നിയ്യത്തിൽ പ്രത്യേകം കരുതണോ എന്ന വിഷയത്തിലും പണ്ഡിതർക്ക് അഭിപ്രായങ്ങൾ കാണാം. റമദാൻ നോമ്പായാലും അല്ലെങ്കിലും ഏതു നോമ്പാണെന്ന് നിയ്യത്തിൽ തന്നെ വ്യക്തമാക്കിപ്പറയൽ നിർബന്ധമാണ്. ഭൂരിപക്ഷം പണ്ഡിതരുടെയും അഭിപ്രായമതുതന്നെ. ‘കർമങ്ങൾ സ്വീകരിക്കപ്പെടുന്നത് നിയ്യത്ത് അനുസരിച്ചാണ്’ എന്ന ഹദീസാണ് അവരുടെ തെളിവ്. രണ്ട്, വ്യക്തമാക്കിപ്പറയൽ നിർബന്ധമില്ല. നിരുപാധികം നോമ്പ് എന്നുമാത്രം കരുതിയാൽ തന്നെ നോമ്പ് സാധുവാണ്. നോമ്പിന്റെ ഇളവുകളൊന്നുമില്ലാത്തവരുടെ കാര്യമാണിത്. അബൂ ഹനീഫ(റ)യുടെ അഭിപ്രായമാണത്. ഹജ്ജിനോട് ഖിയാസ് ചെയ്യുകയാണ് അദ്ദേഹത്തിന്റെ തെളിവ്.
അഭിപ്രായഭിന്നതയുടെ കാരണം: ഭൂരിപക്ഷത്തിന്റെയും അഭിപ്രായപ്രകാരം നിയ്യത്ത് നിർണയിക്കുകയെന്നാൽ അതിന്റെ വ്യക്തിത്വം(ശഖ്സിയ്യത്ത്) നിർണയിക്കുകയാണ്. ഉദാഹരണത്തിന് നിസ്കരിക്കുമ്പോൾ നിസ്കരിക്കുന്നു എന്നതിലുപരി ഏതാണ് നിസ്കാരമെന്നു നിർണയിക്കണം. എങ്കിൽ അബൂ ഹനീഫ(റ) അഭിപ്രായപ്പെടുന്നത് ആരാധനയുടെ ഇനം മാത്രം നിർണയിച്ചാൽ മതിയെന്നതാണ്. അഥവാ, നിരുപാധികം നോമ്പനുഷ്ഠിക്കുന്നു എന്നു മാത്രം കരുതിയാൽ മതി. ഭൂരിപക്ഷത്തിന്റെയുമടുക്കൽ ഏതു നോമ്പാണെന്നു നിർണയിക്കണം.
തർക്കത്തിന്റെ പരിഹാരം
നിയ്യത്തെന്നാൻ ഒരു പ്രവൃത്തി ചെയ്യാൻ ഉദ്ദേശിക്കലാണ്. ഭൂരിപക്ഷത്തിന്റെയും അഭിപ്രായപ്രകാരം അത് ഉച്ചരിക്കൽ നിർബന്ധമില്ല. അതിന്റെ സ്ഥാനം ഹൃദയമാണ്. മറ്റുള്ളവർക്ക് ദർശിക്കാൻ സാധിക്കാത്ത, ഹൃദയവുമായി ബന്ധപ്പെട്ട കാര്യമായതു കൊണ്ടുതന്നെ, നിയ്യത്തിന്റെ മേലറിയിക്കുന്ന എന്തുപ്രവൃത്തി കൊണ്ടും ലക്ഷ്യംവീടും. ഉദാഹരണത്തിന് നോമ്പെടുക്കാനുള്ള പൊതുവായ നിയ്യത്ത് തന്നെ മതി നോമ്പ് സംഭവിക്കാൻ. എല്ലാ ദിവസവും അത്താഴത്തിന് എഴുന്നേൽക്കലും നോമ്പനുഷ്ഠിക്കാനുള്ള ഉദ്ദ്യേശമാണല്ലോ. മറന്നുകൊണ്ടോ ഉറക്കം കാരണമോ അത്താഴം കഴിക്കാൻ സാധിച്ചില്ലെങ്കിലും അത്താഴം കഴിക്കാനുള്ള ഉദ്ദ്യേശം നിയ്യത്തിന്റെ സ്ഥാനത്തു നിൽക്കുന്നതാണ്. എല്ലാ രാത്രിയിലും നിയ്യത്ത് വെക്കണമെന്ന പണ്ഡിതരുടെ അഭിപ്രായത്തിന്റെ താത്പര്യം- അതിൽ ഭിന്നസ്വരമുണ്ടെങ്കിലും- കൃത്യമായി ഉച്ചരിക്കണമെന്നല്ല. നോമ്പനുഷ്ഠിക്കണമെന്നുള്ള ഉദ്ദ്യേശം, ഉറപ്പ്, നിയ്യത്തിന്റെ ലക്ഷണങ്ങൾ എന്നിവയൊക്കെ ഉണ്ടായാൽ തന്നെ മതി. ഇത്തരമൊരു വ്യാഖ്യാനം പണ്ഡിതർക്കിടയിൽ നിയ്യത്തുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഭിന്നാഭിപ്രായങ്ങളെ ലഘൂകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വിവ. മുഹമ്മദ് ശാക്കിർ മണിയറ