സകാതുൽ ഫിത്വർ കണക്കാക്കുന്ന വിധം?
നോമ്പ് ന്യൂനതകളിൽ നിന്ന് മുക്തമാകുന്നതിന് പ്രവാചകൻ(സ) വിശ്വാസികളെ പ്രേരിപ്പിക്കുന്നു. അപ്രകാരം, നോമ്പുകാരനെ ശുദ്ധീകരിക്കുന്നതിനും അതേസമയം പാവപ്പെട്ടവർക്ക് ആശ്വാസമാകുന്നതിനുമായി വിശ്വാസികൾക്ക് മേൽ “صدقة الفطر” നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. പ്രവാചക അനുചരൻ അബ്ദുല്ലാഹി ബിൻ അബ്ബാസ്(റ) ഉദ്ധരിക്കുന്നു: ‘ന്യൂനതകളിൽ നിന്നും പിഴവുകളിൽ നിന്നും നോമ്പുകാരനെ ശുദ്ധീകരിക്കുന്നതിനും, ദരിദ്രർക്ക് ഭക്ഷണമായും സ്വദഖതുൽ ഫിത്വർ അല്ലാഹുവിന്റെ റസൂൽ നിർബന്ധമാക്കിയിരിക്കുന്നു. ആര് നമസ്കാരത്തിന് (ഈദ് നമസ്കാരത്തിന്) മുമ്പ് നൽകുന്നുവോ അത് സ്വീകരിക്കപ്പെട്ട സകാതാകുന്നു. ആര് നമസ്കാര ശേഷം നൽകുന്നുവോ അത് ദാനധർമങ്ങളിൽ (الصدقات) പെടുന്നു.’ (അബൂദാവൂദ്, ഇബ്നു മാജ, ദാറുഖുത്നി, ഹാകിം)
സ്വദഖതുൽ ഫിത്വറിന്റെ നിർവചനം:
ഇത് സകാതുൽ ഫിത്വർ എന്നും (زكاة الفطر) അറിയപ്പെടുന്നു. റമദാൻ മാസത്തിലെ നിർബന്ധ നോമ്പുകൾ പൂർത്തീകരിച്ച ശേഷം, ഈദ് നമസ്കാരത്തിന് മുമ്പായി നിർവഹിക്കേണ്ട സമ്പത്തുമായി ബന്ധപ്പെട്ട ആരാധനയാണിത്. ഇത് സകാത് റമദാൻ (زكاة رمضان) എന്ന പേരിലും അറിയപ്പെടുന്നു. കാരണം, നോമ്പ് പൂർത്തീകരിച്ച ശേഷം റമദാനുമായി ബന്ധപ്പെട്ട് നിൽക്കുന്നതാണ്.
സ്വദഖതുൽ ഫിത്വറിന്റെ വിധി:
എല്ലാ വിശ്വാസികളും സ്വദഖതുൽ ഫിത്വർ നൽകൽ നിർബന്ധമാണെന്ന് ഭൂരിപക്ഷ പണ്ഡിതന്മാരും വീക്ഷിക്കുന്നു. അബ്ദുല്ലാഹി ബിൻ ഉമർ(റ)വിൽ നിന്ന് നിവേദനം: ‘അല്ലാഹുവിന്റെ റസൂൽ റമദാനിൽ ജനങ്ങൾക്ക് മേൽ സകാതുൽ ഫിത്വർ നിർബന്ധമാക്കിയിരിക്കുന്നു. വിശ്വാസികളിൽപെട്ട ഉടമക്കും അടിമക്കും, സ്ത്രീക്കും പുരുഷനും, ചെറിയവർക്കും വലിയവർക്കും ഈത്തപ്പഴത്തിൽ നിന്നോ യവത്തിൻ നിന്നോ ഒരു “صاع” നിർബന്ധമാക്കിയിരിക്കുന്നു. ആളുകൾ നമസ്കാരത്തിനായി പുറപ്പെടുന്നതിന് മുമ്പ് അത് നിർവഹിക്കാൻ കൽപിക്കപ്പെട്ടിരിക്കുന്നു.’ ഇവിടെ നമസ്കാരം കൊണ്ട് ഉദ്ദേശിക്കുന്നത് ഈദ് നമസ്കാരമാണ്. തന്റെയും, തന്റെ ചെലവിൽ കഴിയുന്ന ഭാര്യ, മാതാപിതാക്കൾ, മക്കൾ, പരിചാരകർ എന്നിവരുടെ സ്വദഖതുൽ ഫിത്വർ നൽകുകയെന്നത് വീടിന്റെ രക്ഷകർതൃത്വമുള്ളവരുടെ ബാധ്യതയാണ്. എന്നാൽ, കർമശാസ്ത്രപരമായ മറ്റൊരു അഭിപ്രായവും ഇവിടെ കാണാൻ കഴിയുന്നതാണ്. സ്വദഖതുൽ ഫിത്വർ നിർബന്ധമല്ലാത്ത പ്രബലമായ സുന്നത്താണ് (سنة مؤكدة) എന്നതാണത്. തെളിവുകൾ കൂടുതൽ ശക്തമായതും, പരിഗണനീയമായിട്ടുള്ളതും ഭൂരിപക്ഷ കർമശാസ്ത്ര പണ്ഡിതരുടെ വീക്ഷണമാണ് എന്നതാണ് എന്റെ അഭിപ്രായം.
സ്വദഖതുൽ ഫിത്വറിന്റെ അളവ്:
സ്വദഖതുൽ ഫിത്വർ നൽകേണ്ട അളവ് മദീനയിലെ ഒരു صاع -സ്വാഅ് ആണ് എന്നതാണ് പ്രവാചക സുന്നത്തിൽ നിന്ന് വ്യക്തമാകുന്നത്. അതിന്റെ തൂക്കം 2176 ഗ്രാം ആണ് എന്നതാണ് ഭൂരിപക്ഷ കർമശാസ്ത്ര പണ്ഡിതരുടെയും അഭിപ്രായം. നാട്ടിലെ പ്രധാന ഭക്ഷണം (ഉദാ, അരി, ഗോതമ്പ്, റൊട്ടി) ആ അളവിൽ നൽകുകയാണ് വേണ്ടത്. എന്നാൽ, ഹനഫീ പണ്ഡിതർ വസ്തുക്കളുടെ മൂല്യം പണമായി നൽകുന്നതിനെ അനുവദനീയമായി കാണുന്നു. വസ്തുക്കൾ നൽകുന്നതിനെക്കാൾ അവരുടെ അടുക്കൽ ഉത്തമമായിട്ടുള്ളത് പണം നൽകുക എന്നതാണ്. അതുമുഖേന ദരിദ്രരായ ആളുകൾക്ക് അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഈദിന്റെ ദിനത്തിൽ വസ്ത്രമോ മറ്റോ വാങ്ങാൻ സാധിക്കുന്നു. അതുകൊണ്ട് തന്നെ നൽകുന്നവർക്ക് ഏറ്റവും എളുപ്പുവും സ്വീകരിക്കുന്നവർക്ക് ഏറ്റവും ഉപകാരപ്രദവുമായിട്ടുള്ളതാണിത്. ഈയൊരു വീക്ഷണമാണ് എന്റെടുക്കൽ സ്വീകാര്യമായിട്ടുള്ളത്. സ്വദഖതുൽ ഫിത്വർ നിർബന്ധമാകുന്നതിന് ധനികനാകണമെന്നോ നിസ്വാബ് (സകാത് നിർബന്ധമാകുന്ന അളവ്) തികയണമെന്നോ ഉള്ള നിബന്ധനയൊന്നുമില്ല. മറിച്ച്, ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും, അവരുടെ കുടുംബങ്ങൾക്കും രാവും പകലും (ഈദ് ദിനത്തിൽ) കഴിക്കാനുള്ള വിഭവം കഴിഞ്ഞ് മിച്ചമുള്ളത് സ്വദഖതുൽ ഫിത്വർ നൽകൽ നിർബന്ധമാണ്. ആരെങ്കിലും പണമാണ് നൽകാൻ ഉദ്ദേശിക്കുന്നതെങ്കിൽ സ്വദഖതുൽ ഫിത്വറിന്റെ മൂല്യമെന്നത് ആ സമയത്തെ വസ്തുവിന്റെ അങ്ങാടിവിലയെ അവലംബിച്ചായിരിക്കും. അിതിന്റെ അടിസ്ഥാനത്തിലാണ് സ്വദഖതുൽ ഫിത്വർ നൽകേണ്ടത്.
എപ്പോഴാണ് ഫിത്വർ സകാത് നൽകേണ്ടത്:
ഈദുൽ ഫിത്വർ നമസ്കാരത്തിന് മുമ്പ് സ്വദഖതുൽ ഫിത്വർ നൽകണമെന്നതിൽ കർമശാസ്ത്ര പണ്ഡിതർ യോജിച്ചിരിക്കുന്നു. എന്നാൽ, ഏത് സമയത്താണ് നൽകേണ്ടത് എന്നതിൽ പണ്ഡിതർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. റമദാനിന്റെ തുടക്കത്തിൽ തന്നെ സ്വദഖതുൽ ഫിത്വർ നൽകുന്നതിനെ അനുവദിനീയമായി കാണുന്ന അഭിപ്രായമാണ് ഞാൻ സ്വീകരിക്കുന്നത്. രണ്ട് കാരണങ്ങൾ കൊണ്ടാണ് സ്വദഖതുൽ ഫിത്വർ നിർബന്ധമാകുന്നത്. റമദാനിലെ നോമ്പ്, നോമ്പ് അവസാനിക്കുക എന്നതാണത്. ഈ രണ്ട് കാരണങ്ങളിൽ ഒന്ന് (നോമ്പെന്നത്) തുടങ്ങുകയാണെങ്കിൽ സ്വദഖതുൽ ഫിത്വർ നൽകുകയെന്നത് അനുവദനീയമാകുന്നതാണ്. ഇത് അഗതികൾക്കും ദരിദ്രർക്കും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിവർത്തിക്കുന്നതിന് കൂടുതൽ സഹായകരമാകുന്നതാണ്.
സ്വദഖതുൽ ഫിത്വർ ഇതര നാടുകലേക്ക് നൽകുന്നത്:
ഇതര നാടുകളിലേക്ക് സ്വദഖതുൽ ഫിത്വർ നൽകുന്നതിനെ അനുവദനീയമായി കാണുന്ന അഭിപ്രായത്തെയാണ് ഞാൻ പിന്തുണക്കുന്നത്. ദാനധർമം നൽകപ്പെടുന്ന നാടിനെക്കാൾ അത്യവശ്യക്കാർ മറ്റു നാടുകളിൽ ഉണ്ടെങ്കിലാണത് അനുവദനീയമാകുന്നത്. ത്വാഊസിൽ നിന്ന് ഉദ്ധരിക്കപ്പെടുന്നു: ‘മുആദ് ബിൻ ജബൽ യമൻക്കാരോട് പറഞ്ഞു: ചോളവും യവവും സ്വദഖയായി നൽകുന്നതിന് പകരം നിങ്ങൾ വസ്ത്രം തരിക, അതാണ് നിങ്ങൾക്ക് എളുപ്പമായിട്ടുളളതും, മദീനയിലെ പ്രവാചക അനുചരന്മാർക്ക് ഉത്തമമായിട്ടുള്ളതും.’ (ഇമാം ബുഖാരി അനുബന്ധമായി ചേർത്തത്) മുആദ് ബിൻ ജബൽ(റ) (യമനിലെ ഗവർണർ, ജഡ്ജി) മദീനയിൽ നിന്ന് യമനിലേക്ക് സകാത് കൊണ്ടുപോകുന്നതിന് അനുവാദം നൽകുന്നു. അതോടൊപ്പം, മുആദ് ബിൻ ജബൽ(റ)വിന്റെ പ്രവൃത്തി വസ്തുക്കൾ പരസ്പരം കൈമാറ്റാവുന്നതാണ് എന്നതിലേക്കും വിരൽ ചൂണ്ടുന്നു. അതിന്റെ അടിസ്ഥാനത്തിൽ, വസ്തുക്കൾക്ക് പകരം പൈസയും, പൈസക്ക് പകരമായി വസ്തുക്കളും നൽകാവുന്നതാണെന്ന അഭിപ്രായത്തിൽ ഞാൻ എത്തുന്നു.
വിവ: അർശദ് കാരക്കാട്