ലൈലത്തുൽ ഖദ്ർ
ലൈലത്തുൽ ഖദ്ർ (മാഹാത്മ്യത്തിന്റെ രാത്രി) വർഷത്തിലെ രാത്രികളിൽ ഏറ്റവും ശ്രേഷ്ഠമായതത്. അല്ലാഹു പറയുന്നു.
نا أنزلناه في ليلة القدر، وما ادراك ما ليلة القدر، ليلة القدر خير من ألف شهر (القدر ۱-۳) (ലൈലത്തുൽ ഖദ്റി (മാഹാത്മ്യത്തിന്റെ രാത്രി) ലാണ് നാം അത് വിശുദ്ധ ഖുർആൻ അവതരിപ്പിച്ചത്. ( ലൈലത്തുൽ ഖദ്റിലാണ് വിശുദ്ധ ഖുർആൻ അവതരിച്ചു തുടങ്ങിയതെന്നർഥം. ഖുർആൻ അവതരിച്ചത് റമദാനിലാണെന്ന് ഖുർആൻ തന്നെ പറയുന്നതു കൊണ്ട് ലൈലത്തുൽ ഖദ്ർ റമദാനിലാണെന്ന് വ്യക്തം. ) ലൈലത്തുൽ ഖദ്ർ എന്താണെന്ന് നിനക്കറിയാമോ. ആയിരം മാസത്തേക്കാൾ ഉത്തമമാണ്. ലൈലത്തുൽ ഖദ്ർ.)
ആ രാത്രിയിലെ നമസ്കാരവും ഖുർആൻ പാരായണവും ദൈവസ്മരണയുമെല്ലാം ആ രാത്രി കഴിച്ചുള്ള ആയിരം മാസത്തെ പുണ്യകർമങ്ങളെക്കാൾ ശ്രേഷ്ഠമാണെന്നർഥം.
അതിനായുള്ള ശ്രമം
റമദാനിലെ അവസാനത്തെ പത്തിലെ ഒറ്റയായ രാവുകളിൽ ലൈലത്തുൽ ഖദ്റിന്റെ പുണ്യത്തിനുവേണ്ടി ശ്രമിക്കേണ്ടത് സുന്നത്താകുന്നു. എന്തുകൊണ്ടന്നാൽ റസൂൽ(സ) റമദാനിലെ അവസാനത്തെ പത്തിൽ അതിനെ പ്രതീക്ഷിച്ച് ശ്രമം നടത്താറുണ്ടായിരുന്നു.
“അവസാനത്തെ പത്തായാൽ നബി(സ) ( ആരാധനകൾകൊണ്ട് രാത്രിയെ സജീവമാക്കുകയും കുടുംബത്തെ വിളിച്ചുണർത്തുകയും അരമുറുക്കി തയ്യാറെടുക്കുകയും ചെയ്യുമായിരുന്നു’ ( ഇവിടെ അരമുറുക്കുക’ (ശദ്ദുൽ മിഅ്സർ ) എന്നതിന് ആരാധനക്ക് തയ്യാറാവുക എന്നതോടൊപ്പം സ്ത്രീസമ്പർക്കം ഉപേക്ഷിക്കുക എന്നുകൂടി അർഥമുണ്ട്. ) എന്ന ഹദീസ് മുമ്പുദ്ധരിച്ചിട്ടുണ്ട്.
ഏത് രാത്രിയാണ്?
റമദാനിൽ ഏത് രാത്രിയാണ് ലൈലത്തുൽ ഖദ്ർ എന്ന വിഷയത്തിൽ പണ്ഡിതൻമാർക്ക് വിവിധ അഭിപ്രായങ്ങളുണ്ട്. ഇരുപത്തൊന്നാം രാത്രിയാണെന്ന് ഒരു കൂട്ടർ അഭിപ്രായപ്പെടുമ്പോൾ ഇരുപത്തിമൂന്നാം രാത്രിയാണെന്ന് മറ്റൊരു കൂട്ടർ പറയുന്നു. വേറൊരു വിഭാഗം ഇരുപത്തഞ്ചാം രാത്രിയാണെന്നും മറ്റൊരു വിഭാഗം ഇരുപത്തൊമ്പതാം രാത്രിയാണെന്നും അഭിപ്രായപ്പെടുന്നു. അത് അവസാനത്തെ പത്തിലെ ഒറ്റയായ രാവുകളിൽ മാറിമാറി വരുമെന്നും വേറെ ഒരു അഭിപ്രായമുണ്ട്.
എന്നാൽ അത് ഇരുപത്തേഴാം രാവിലാണ് എന്നാണ് ഭൂരിപക്ഷം പണ്ഡിതൻമാരും അഭിപ്രായപ്പെടുന്നത് . റസൂൽ(സ) ഇങ്ങനെ പറഞ്ഞതായി ഇബ്നു ഉമർ(റ) നിവേദനം ചെയ്യുന്നു. من كان متحريها فليتحرها ليلة السابع والعشرين (ആരെങ്കിലും അത് പ്രതീക്ഷിക്കുന്നുവെങ്കിൽ ഇരുപത്തേഴാം രാവിൽ പ്രതീക്ഷിച്ചുകൊള്ളട്ടെ.) സ്വഹീഹായ സനദോടുകൂടി അഹ്മദ് ഉദ്ധരിച്ചത്.
ഉബയ്യുബ്നു കഅ്ബ്(റ) പ്രസ്താവിക്കുന്നത്. കാണുക: “അല്ലാഹുവാണ്, അവനല്ലാതെ ആരാധ്യനില്ല, തീർച്ചയായും ആ രാത്രി റമദാനിലാണ് അദ്ദേഹം സത്യം ചെയ്തത് ഉറപ്പിച്ചു പറയുന്നു. അല്ലാഹുവാണ അത് ഏത് രാത്രിയാണെന്ന് എനിക്കറിയാം. റസൂൽ( സ) തിരുമേനി ഞങ്ങളോട് നിന്നു നമസ്കരിക്കാൻ കൽപിച്ച രാത്രിയാണത്. അത് ഇരുപത്തേഴാം രാത്രിയാണ്. അതിന്റെ പകൽ പ്രഭാതത്തിൽ സൂര്യൻ കിരണങ്ങളില്ലാതെ വെള്ളനിറത്തിൽ ഉദിക്കുന്നത് അതിന്റെ ലക്ഷണമ്ത്രെ.” (അഹ്മദ്, മുസ്ലിം, അബൂദാവൂ ദ്, തിർമിദി). ഇത് സ്വഹീഹാണെന്ന് തിർമിദി പ്രസ്താവിക്കുന്നു.
രാത്രി നമസ്കാരവും പ്രാർഥനയും
നബി(സ) ഇങ്ങനെ പറഞ്ഞതായി അബൂഹുറയ്റ(റ) നിവേദനം ചെയ്യുന്നു. من قام ليلة القدر إيماناً واحتساباً غفر له ما تقدم من ذنبه (മാഹാത്മ്യത്തിന്റെ രാത്രിയിൽ ആരെങ്കിലും നിന്നു നമസ്കരിച്ചാൽ അയാളുടെ കഴിഞ്ഞുപോയ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.)
ആഇശ(റ) പ്രസ്താവിക്കുന്നു. അല്ലാഹുവിന്റെ തിരുദൂതരേ, ലൈലത്തുൽ ഖദ്ർ ഏത് രാത്രിയാണെന്ന് എനിക്കറിയാൻ കഴിഞ്ഞാൽ അതിൽ ഞാൻ എന്താണ് പ്രാർഥിക്കേണ്ടതെന്ന് പറഞ്ഞുതന്നാലും എന്ന് തിരുമേനിയോട് ഞാൻ ആവശ്യപ്പെട്ടപ്പോൾ തിരുമേനി ഇങ്ങനെ പ്രാർഥിക്കാൻ പറഞ്ഞു: اللهم إنك عفو تحب العفو فاعف عنى (അല്ലാഹുവേ, നീ തീർച്ചയായും മാപ്പ് ചെയ്യുന്നവനല്ലോ, മാപ്പ് ചെയ്യുന്നത് നിനക്കിഷ്ടമാണ്. അതിനാൽ എനിക്ക് മാപ്പ് ചെയ്യേണമേ). (അഹ്മദ്, ഇബ്നുമാജഃ, തിർമിദി). തിർമിദി ഇത് സ്വഹീഹാണെന്നും പറഞ്ഞിട്ടുണ്ട്.