ഐഛിക വ്രതം

താഴെ പറയുന്ന ദിവസങ്ങളിൽ വ്രതമനുഷ്ഠിക്കാൻ നബി(സ) പ്രോത്സാഹിപ്പിച്ചിരിക്കുന്നു.
ആറു നോമ്പ്
നബി(സ) ഇപ്രകാരം പറഞ്ഞതായി അഹ്മദ്, മുസ്ലിം, അബൂദാവൂദ്, തിർമിദി, ഇബ്നുമാജം എന്നിവർ അബൂഅയ്യൂബിൽ അൻസ്വാരിയിൽനിന്ന് നിവേദനം ചെയ്യുന്നു: “ആരെങ്കിലും റമദാനിൽ നോമ്പനുഷ്ഠിക്കുകയും ശവ്വാലിലെ ആറു ദിവസങ്ങൾ അതിനോട് തുടർത്തുകയും ചെയ്താൽ അവൻ ഒരു കൊല്ലം വ്രതമനുഷ്ഠിച്ചതിന് തുല്യമാണ്.( സൽക്കർമങ്ങൾക്ക് പത്തിരട്ടി പ്രതിഫലമാണ്. അപ്പോൾ റമദാൻ പത്തു മാസങ്ങൾക്ക് തുല്യമായി. പിന്നീടുള്ള ആറു ദിവസം രണ്ടുമാസത്തിന് തുല്യവും. അങ്ങനെയാണ് ഒരു വർഷമാകുന്നത്. )
ഈ നോമ്പ് തുടർച്ചയായും അല്ലാതെയും നിർവഹിക്കാമെന്നും അത് രണ്ടും തമ്മിൽ പുണ്യത്തിൽ വ്യത്യാസമില്ലെന്നുമാണ് ഇമാം അഹ്മദിന്റെ അഭിപ്രായം. എന്നാൽ ഹനഫികളുടെയും ശാഫിഈകളുടെയും അഭിപ്രായത്തിൽ പെരുന്നാളിന്റെ ഉടനെത്തന്നെ തുടർച്ചയായി നോൽക്കുന്നതാണ് കൂടുതൽ പുണ്യം.
ദുൽഹജ്ജ് പത്ത് വരെ
1. റസൂൽ(സ) പറഞ്ഞതായി അബൂഖത്താദ (റ) നിവേദനം ചെയ്യുന്നു: “അറഫാ ദിവസത്തെ നോമ്പ് രണ്ട് വർഷം കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ രണ്ടു വർഷത്തെ പാപം പൊറുപ്പിക്കും. ആശൂറാ നോമ്പ് കഴിഞ്ഞ ഒരു വർഷത്തെ പാപവും പൊറുപ്പിക്കും.” (മുസ്ലിം, അഹ്മദ്, അബൂദാവൂദ്, നസാഈ, ഇബ്നുമാജ)
2. ഹഫ്സ (റ) പ്രസ്താവിക്കുന്നു: “നാല് കാര്യങ്ങൾ റസൂൽ(സ) ഉപേക്ഷിക്കാറുണ്ടായിരുന്നില്ല. ആശൂറാ നോമ്പ്, ദുൽഹജ്ജ് ആദ്യത്തെ പത്തിലെ നോമ്പ്, ഓരോ മാസത്തിലും മൂന്ന് ദിവസത്തെ നോമ്പ്, സുബ്ഹ് നമസ്കാരത്തിന് മുമ്പുള്ള രണ്ടു റക്അത്ത് എന്നിവയാണവ. (അഹ്മദ്, നസാഈ)
3. നബി(സ) പറഞ്ഞതായി ഉഖ്ബത്തുബ്നു ആമിർ(റ) നിവേദനം ചെയ്യുന്നു: “അറഫാ ദിവസവും ( അറഫാ ദിവസത്തെക്കുറിച്ച് ഇപ്പറയുന്നത് ഹാജിമാരെ സംബന്ധിച്ചാണ്.) ബലിപെരുന്നാൾ ദിവസവും തുടർന്നുള്ള മൂന്ന് ദിവസങ്ങളും (അയ്യാമുത്തശ്ശിഖ് ) മുസ്ലിംകളായ നമ്മുടെ പെരുന്നാളാണ്. അവ തിന്നാനും കുടിക്കാനുമുള്ള ദിവസങ്ങളത്രെ. “(അഹ്മദ്, അബൂദാവൂദ്, തിർമിദി, നസാഈ). തിർമിദി ഇത് സ്വഹീഹാണെന്നും കൂടി പറയുന്നു.
4. അറഫായിൽ വച്ച് അറഫാദിനം നോമ്പനുഷ്ഠി ക്കുന്നത് റസൂൽ(സ) വിരോധിച്ചിരിക്കുന്നു എന്ന് അബൂഹുറയ്റ(റ) പ്രസ്താവിക്കുന്നു. (അഹ്മദ്, അബൂ ദാവൂദ്, നസാഈ, ഇബ്നുമാജഃ)
അറഫായിൽ വച്ചല്ലാതെ അറഫാ നോമ്പനുഷ്ഠിക്കുന്നത് പണ്ഡിതന്മാർ അഭികാമ്യമായി കരുതിയിരിക്കുന്നു എന്ന് തിർമിദി തുടർന്നു പറയുന്നു.
5. ഉമ്മുൽ ഫദ്ൽ(റ) പ്രസ്താവിക്കുന്നു: “അറഫാ ദിവസത്തിൽ നബി(സ) വ്രതമനുഷ്ഠിച്ചിട്ടുണ്ടോ എന്ന് സ്വഹാബിമാർക്ക് സംശയം ജനിക്കുകയുണ്ടായി. അങ്ങനെ ഞാൻ കുറച്ച് പാൽ തിരുമേനിയുടെ അടുത്തേക്ക് കൊടുത്തയച്ചു. അവിടന്ന് അറഫയിൽ വച്ച് ജനങ്ങളെ അഭിമുഖീകരിച്ച് പ്രസംഗിച്ചുകൊണ്ടിരിക്കെ അത് കുടിക്കുകയും ചെയ്തു.“ (ബുഖാരി, മുസ്ലിം)
ആശുറാ ദിവസം
1. അബൂഹുറയ്റ(റ) പറയുന്നു: നബി(സ)യോട് ഒരാൾ ചോദിച്ചു: “നിർബന്ധ നമസ്കാരം കഴിഞ്ഞാൽ ഏറ്റവും പുണ്യമുള്ള നമസ്കാരമേതാണ്?’ തിരുമേനി പറഞ്ഞു: “രാത്രിയിലെ നമസ്കാരം.’ “റമദാൻ കഴി ഞ്ഞാൽ ഏറ്റവും പുണ്യമുള്ള വ്രതമേതാണ്?’ “നിങ്ങൾ മുഹർറം എന്നു വിളിക്കുന്ന അല്ലാഹുവിന്റെ മാസം. ( ഈ പ്രയോഗം ശ്രേഷ്ഠതയെ കുറിക്കുന്നു. ) (അതിലുള്ള നോമ്പെന്നർഥം) (അഹ്മദ്, മുസ്ലിം, അബൂദാവൂദ്)
2. നബി(സ) ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടുവെന്ന് മുആവിയ(റ) നിവേദനം ചെയ്യുന്നു: “ഇത് ആശൂറാ ദിവസമാണ്. ഈ ദിവസത്തെ നോമ്പ് നിങ്ങൾക്കു നിർബന്ധമില്ല. ഞാൻ നോമ്പ് നോറ്റിരിക്കുന്നു. അതിനാൽ ഇഷ്ടമുള്ളവർ വ്രതമെടുക്കട്ടെ; ഇഷ്ടമു ള്ളവർ ഉപേക്ഷിച്ചുകൊള്ളട്ടെ.”(ബുഖാരി, മുസ്ലിം)
3. ആഇശ(റ) പറയുന്നു: “ആശൂറാ ദിവസം അനിസ്ലാമിക കാലത്ത് ഖുറൈശികൾ നോമ്പെടുത്തിരുന്ന ദിനമായിരുന്നു. നബി(സ) അന്ന് നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു. അങ്ങനെ മദീനയിൽ വന്നപ്പോൾ തിരുമേനി ആ ദിവസം നോമ്പെടുക്കുകയും ജനങ്ങളോട് നോമ്പെടുക്കാൻ കല്പിക്കുകയും ചെയ്തു. പിന്നീട് റമദാൻ നിർബന്ധമാക്കിയപ്പോൾ തിരുമേനി പറഞ്ഞു. “ഇഷ്ടമുള്ളവർക്ക് അന്ന് വ്രതമെടുക്കാം. ഇഷ്ടമുള്ളവർക്ക് ഉപേക്ഷിക്കാം. “ (ബുഖാരി, മുസ്ലിം)
4. ഇബ്നു അബ്ബാസ്(റ) പറയുന്നു: “നബി(സ) മദീനയിൽ വന്നു. അപ്പോൾ ജൂതന്മാർ ആശൂറാ നോമ്പ് നോൽക്കുന്നതായി കണ്ടു. അവിടന്ന് ചോദിച്ചു: “ഇതെന്താണ്?’ അവർ പറഞ്ഞു: “ഇത് നല്ലൊരു ദിവസമാണ്; മൂസാനബിയെയും ഇസ്രായീല്യരെയും അല്ലാഹു ശത്രുക്കളിൽനിന്ന് രക്ഷിച്ച ദിനമാണിത്. അങ്ങനെ, മൂസാ നബി(അ) അന്ന് നോമ്പെടുക്കുകയുണ്ടായി. അപ്പോൾ നബി(സ) പറഞ്ഞു: “മൂസായോട് നിങ്ങളേക്കാൾ ബന്ധമുള്ളവൻ ഞാനാണ്. തുടർന്ന് തിരുമേനി ആ ദിവസത്തിൽ നോമ്പെടുക്കുകയും നോമ്പെടുക്കാൻ കല്പിക്കുകയും ചെയ്തു. (ബുഖാരി, മുസ്ലിം)
5. അബൂമൂസൽ അശ്അരി(റ) പറയുന്നു. ആശൂറാ ദിവസം ജൂതന്മാർ ആദരിക്കുകയും സുദിനമായി ആഘോഷിക്കുകയും ചെയ്യുന്ന ഒരു ദിവസമായിരുന്നു. “നിങ്ങൾ അന്ന് നോമ്പ് നോൽക്കുക’ എന്ന് നബി(സ) പറയുകയുണ്ടായി. (ബുഖാരി, മുസ്ലിം)
6. ഇബ്നു അബ്ബാസ് ഇങ്ങനെ പ്രസ്താവിക്കുന്നു. “നബി(സ) ആശൂറാ ദിവസം നോമ്പനുഷ്ഠിക്കുകയും അന്ന് നോമ്പെടുക്കാൻ കൽപിക്കുകയും ചെയ്തപ്പോൾ, “അല്ലാഹുവിന്റെ പ്രവാചകരേ, ജൂതന്മാരും ക്രിസ്ത്യാനികളും ആദരിക്കുന്ന ദിവസമാണല്ലോ അത് എന്ന് സഹാബിമാർ പറയുകയുണ്ടായി. അപ്പോൾ അവിടന്ന് പ്രതിവചിച്ചു. അടുത്ത വർഷമായാൽ ഇൻശാഅല്ലാഹ് നാം ഒമ്പതിന് (താസൂആഅ്) നോമ്പനുഷ്ഠിക്കുന്നതാണ്. പക്ഷേ, അടുത്ത വർഷം വരുന്നതിന് മുമ്പായിത്തന്നെ തിരുമേനി വഫാത്താവുകയാണുണ്ടായത്.“ (മുസ്ലിം, അബൂദാവൂദ്)
മറ്റൊരു നിവേദനമനുസരിച്ച് “അടുത്തതുവരെ (അതായത്, അടുത്ത ആശൂറാ വരെ) ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ തീർച്ചയായും ഒമ്പതിനു ഞാൻ വ്രതമെടുക്കും’ എന്നാണ് റസൂൽ പറഞ്ഞതെന്ന് കാണാം. (അഹ്മദ്, മുസ്ലിം)
ആശൂറാ നോമ്പ് മൂന്നുതരത്തിലാണെന്ന് പണ്ഡിതന്മാർ പറയുന്നു. അതിൽ ഒന്നാമത്തേത് ഒമ്പത്, പത്ത്, പതിനൊന്ന് എന്നീ മൂന്ന് ദിവസവും നോമ്പനു ഷ്ഠിക്കലാണ്. രണ്ടാമത്തേത് ഒമ്പതും പത്തും നോമ്പടുക്കലത്. മൂന്നാമത്തേത് പത്തിനു മാത്രം നോമ്പനുഷ്ഠിക്കലും.
“ആശൂറാ ദിവസം ഒരാൾ തന്നോടും തന്റെ കൂടുംബത്തോടും ഔദാര്യം കൈക്കൊള്ളുന്ന പക്ഷം വർഷത്തിലെ മറ്റു കാലങ്ങളിൽ അല്ലാഹു അവനോടും ഔദാര്യം സ്വീകരിക്കും മെന്ന് നബി(സ) പറഞ്ഞതായി ജാബിർ(റ) വഴി ബൈഹഖിയും ഇബ്നു അബ്ദിൽ ബർറും ഉദ്ധരിക്കുന്നു. ഇത് മറ്റു ചില മാർഗങ്ങളിലൂ ടെയും നിവേദനം ചെയ്യപ്പെടുന്നുണ്ടെങ്കിലും അവയെല്ലാം ദുർബലങ്ങളത്രേ . പക്ഷേ, അവയെല്ലാം ഒരുമിച്ചു ചേർക്കുന്ന പക്ഷം ശക്തി പ്രാപിക്കുമെന്നാണ് സഖാവി പറയുന്നത്.
ശഅ്ബാനിൽ
റസൂൽ(സ) ശ്ബാനിൽ അധിക ദിവസവും നോ നോൽക്കാറുണ്ടായിരുന്നു. ആഇശ(റ) പറയുന്നു. റമദാൻ മാസമല്ലാത്ത മറ്റൊരു മാസത്തിലും മുഴുവനായി റസൂൽ(സ) നോമ്പെടുത്തത് ഞാൻ കണ്ടിട്ടില്ല. ശഅ്ബാൻ മാസത്തിലെന്നപോലെ അത്രയധികം ദിവസം മറ്റൊരു മാസത്തിലും തിരുമേനി നോമ്പെടുക്കുന്നതും ഞാൻ കണ്ടിട്ടില്ല.(ബുഖാരി, മുസ്ലിം)
ഉസാമത്തുബ്നു സൈദ്(റ) പറയുന്നു: ഞാൻ ചോദിച്ചു: “തിരുദൂതരേ, അവിടന്ന് ശഅ്ബാനിൽ നോമ്പെടുക്കുന്നത് മറ്റൊരു മാസത്തിലും നോമ്പെടുക്കുന്നത് ഞാൻ കണ്ടിട്ടില്ലല്ലോ?’ തിരുമേനി പറഞ്ഞു: “റജബിന്റെയും റമദാന്റെയും ഇടയിൽ ജനങ്ങൾ ശ്രദ്ധിക്കാതെ വിട്ടുകളയുന്ന മാസമാണത്. അത് കർമങ്ങൾ ലോകനാഥങ്കലേക്ക് ഉയർത്തപ്പെടുന്ന ഒരു മാസമത്രേ. അതിനാൽ ഞാൻ നോമ്പുകാരനായ നിലയിൽ എന്റെ കർമം ഉയർത്തപ്പെടാൻ ഞാനാഗ്രഹിക്കുന്നു.” (അബൂ ദാവൂദ്, നസാഈ)
ഇബ്നുഖുസൈമ ഇത് സ്വഹീഹാണെന്ന് പറഞ്ഞു.
എന്നാൽ ശഅ്ബാൻ പതിനഞ്ചിന് മറ്റു ദിവസങ്ങളെക്കാൾ കൂടുതൽ ശ്രേഷ്ഠതയുണ്ടെന്ന് വിശ്വസിച്ച് അന്നു പ്രത്യേകം പ്രതമെടുക്കുന്നതിന് ശരിയായ തെളിവില്ല.
യുദ്ധം വിരോധിക്കപ്പെട്ട മാസങ്ങളിൽ
ദുൽഖഅ്ദഃ, ദുൽഹിജ്ജ, മുഹർറം, റജബ് ഇവയാണ് യുദ്ധം വിരോധിക്കപ്പെട്ട മാസങ്ങൾ. പ്രസ്തുത മാസങ്ങളിൽ കൂടുതലായി നോമ്പെടുക്കുന്നത് അഭികാമ്യമത്രെ .
ബാഹിലഃ ഗോത്രത്തിൽ പെട്ട ഒരാളിൽ നിന്ന് നിവേദനം: അദ്ദേഹം നബി(സ)യെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: “തിരുദൂതരേ, കഴിഞ്ഞവർഷം താങ്കളുടെ അടുത്ത് വന്ന ആൾ തന്നെയാണ് ഞാൻ. തിരുമേനി “എന്തുകൊണ്ടാണ് നിങ്ങൾക്കിത്ര വ്യത്യാസം വന്നിരിക്കുന്നത്? നിങ്ങൾ കാഴ്ചക്ക് ഭംഗിയുള്ള ആളായിരുന്നുവല്ലോ. ആഗതൻ: “താങ്കളുമായി പിരിഞ്ഞതു മുതൽ രാത്രികാലത്തല്ലാതെ ഞാൻ ആഹാരം കഴിച്ചിട്ടില്ല. അപ്പോൾ റസൂൽ(സ) ചോദിച്ചു: “നിങ്ങളെന്തിനാണ് സ്വദേഹത്തെ ശിക്ഷിച്ചത്?’ അനന്തരം തിരുമേനി പറഞ്ഞു: “നിങ്ങൾ റമദാനിലും മറ്റു മാസങ്ങളിൽ ഓരോ ദിവസവും നോമ്പെടുക്കുക. ആഗതൻ: “എനിക്ക് വർധിപ്പിച്ചുതരണം. എനിക്ക് ശക്തിയുണ്ട്. തിരുമേനി: “എന്നാൽ രണ്ടു ദിവസം നോമ്പനുഷ്ഠിക്കുക.” ആഗതൻ: “എനിക്ക് ഇനിയും വർധിപ്പിച്ചു തരണം.” തിരുമേനി “എന്നാൽ യുദ്ധം വിരോധിക്കപ്പെട്ട മാസങ്ങളിൽ നോമ്പെടുക്കുകയും വിടുകയും ചെയ്യുക”. മൂന്നു വിരൽ മടക്കുകയും നിവർത്തുകയും ചെയ്തുകൊണ്ട് തിരുമേനി മൂന്നുപ്രാവശ്യം ഇപ്രകാരം പറഞ്ഞു.( മൂന്നു ദിവസം നോമ്പെടുക്കുക, പിന്നെ മൂന്ന് ദിവസം നോമ്പുപേക്ഷിക്കുക, പിന്നെയും അങ്ങനെ ചെയ്യുകയെന്നർഥം. ) (അഹ്മദ്, അബൂദാവൂദ്, ഇബ്നുമാജ , ബൈഹഖി)
റജബ് മാസം യുദ്ധം ഹറാമായ മാസമാണെന്നതൊഴിച്ചാൽ അതിൽ വ്രതമെടുക്കുന്നതിന് മറ്റു മാസങ്ങളെ അപേക്ഷിച്ച് പ്രത്യേക പുണ്യമൊന്നുമില്ല.
അതിൽ നോമ്പനുഷ്ഠിക്കുന്നതിന് പ്രത്യേകം പുണ്യ മുള്ളതായി ശരിയായ സുന്നത്ത് മുഖേന സ്ഥിരപ്പെട്ടിട്ടില്ല. അത് സംബന്ധമായി വന്ന റിപ്പോർട്ടുകളാകട്ടെ തെളിവിന് പോന്നതുമല്ല. ഇബ്നു ഹജർ പറയുന്നു. “അതിന്റെ ശ്രേഷ്ഠതയെ സംബന്ധിച്ചോ അതിലെ നോമ്പിനെക്കുറിച്ചോ അതിൽ ഒരു നിർണിത ദിവസത്തെ നോമ്പിനെപ്പറ്റിയോ അതിലെ ഒരു പ്രത്യേക രീതിയിലുള്ള നമസ്കാരത്തെ സംബന്ധിച്ചോ ശരിയും പ്രാമാണ്യയോഗ്യവുമായ ഒരു ഹദീസും വന്നിട്ടില്ല.
തിങ്കളാഴ്ചയും വ്യാഴാഴ്ചയും
അബൂഹുറയ്റ(റ) പ്രസ്താവിക്കുന്നു. നബി(സ) അധികവും നോമ്പനുഷ്ഠിച്ചിരുന്നത്. തിങ്കളാഴ്ചയും വ്യാഴാഴ്ചയുമായിരുന്നു. അത് സംബന്ധമായി തിരുമേനിയോട് ചോദിക്കപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: “എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും മനുഷ്യന്റെ കർമങ്ങൾ എടുത്തു കാണിക്കപ്പെടുന്നതാണ്. അങ്ങനെ എല്ലാ മുസ്ലിമിനും അല്ലെങ്കിൽ എല്ലാ മുഅമിന്നും അല്ലാഹു പാപമോചനം ചെയ്യുന്നു. തമ്മിൽ പിണങ്ങി നിൽക്കുന്ന വ്യക്തികൾക്കൊഴിച്ച്, അവരുടെ കാര്യം നിർത്തിവക്കുക’ എന്നായിരിക്കും അല്ലാഹു പറയുക. (അഹ്മദ്)
തിങ്കളാഴ്ച നോമ്പനുഷ്ടിക്കുന്നതിനെ സംബന്ധിച് നബി(സ)യോട് ചോദിച്ചപ്പോൾ അത് ഞാൻ ജനിച്ച ദിനവും എനിക്ക് ദിവ്യബോധനം അവതരിച്ച ദിനവുമാണ്’ എന്ന് തിരുമേനി മറുപടി പറഞ്ഞതായി സ്വഹീഹു മുസ്ലിമിൽ കാണാം.
ഓരോ മാസത്തിലും മൂന്ന് ദിവസം
അബൂദർറിൽ ഗിഫാരി പറയുന്നു: “ഓരോ മാസത്തിലും വെളുത്ത മൂന്നു ദിവസങ്ങളിൽ പതിമൂന്ന്, പതിനാല്, പതിനഞ്ച് എന്നീ തിയ്യതികളിൽ വ്രതമനുഷ്ഠിക്കാൻ നബി(സ) ഞങ്ങളോട് കല്പിച്ചു. ഒരു വർഷം മുഴുവൻ നോമ്പനുഷ്ഠിക്കുന്നതിന് തുല്യമാണത്’ എന്ന് അവിടുന്ന് പറയുകയും ചെയ്തു. (നസാഈ, ഇബ്നുഹിബ്ബാൻ അത് സ്വഹീഹാക്കി.)
നബി(സ) ഒരു മാസത്തിൽ ശനി, ഞായർ, തിങ്കൾ എന്നീ ദിവസങ്ങളിലും മറ്റൊരു മാസത്തിൽ ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിലും ഓരോ മാസത്തിന്റെയും ആരംഭത്തിലുള്ള മൂന്നു ദിവസവും ഓരോ മാസരംഭത്തിലെ വ്യാഴാഴ്ചയും തുടർന്നുള്ള തിങ്കളാഴ്ചയും അതിനു തൊട്ടുള്ള തിങ്കളാഴ്ചയും വ്രതമെടുത്തിരുന്നതായി നിവേദനങ്ങൾ വന്നിട്ടുണ്ട്.
ഒന്നിടവിട്ട് നോമ്പ്
അബ്ദുല്ലാഹിബ്നു അംറ്(റ) പറഞ്ഞതായി അബൂസലാത്തുബ്നു അബ്ദിർറഹ്മാൻ, നിവേദനം ചെയ്യുന്നു : റസൂൽ(സ) എന്നോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ രാത്രി മുഴുവൻ നമസ്കരിക്കുകയും പകൽ വ്രതമനുഷ്ഠിക്കുകയും ചെയ്യുന്നതായി എനിക്ക് വിവരം കിട്ടിയിട്ടുണ്ട്. അബ്ദുല്ലാഹിബ്നു അംറ്. “തിരുദൂതരേ അതു ശരിയാണ്. തിരുമേനി: “എന്നാൽ നിങ്ങൾ വ്രതമനുഷ്ഠിക്കുകയും അതുപേക്ഷിക്കുകയും വേണം. നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യണം. എന്തുകൊണ്ടെന്നാൽ നിന്റെ ശരീരത്തോട് നിനക്ക് ചില ബാധ്യതകളുണ്ട്. നിന്റെ ഭാര്യയോട് നിനക്ക് ചില ബാധ്യതകളുണ്ട്. നിന്റെ അതിഥിയോടുമുണ്ട് നിനക്ക് ചില ബാധ്യതകൾ, മാസംപ്രതി മൂന്ന് ദിവസം നോമ്പെടുതാൽ അത് നിങ്ങൾക്ക് മതിയാകുന്നതാണ്. അദ്ദേഹം പറയുന്നു: “അനന്തരം ഞാൻ കാഠിന്യം കൈക്കൊള്ളാൻ തുനിഞ്ഞു. അപ്പോൾ തിരുമേനി കഠിനമാക്കി. ഞാൻ പറഞ്ഞു: “തിരുദൂതരേ, എനിക്ക് ശാരീരിക ശക്തിയുണ്ട്. തിരുമേനി എങ്കിൽ എല്ലാ ആഴ്ചയും മൂന്നു ദിവസം വ്രതമെടുത്തുകൊള്ളുക.’ അദ്ദേഹം പറയുന്നു: “ഞാൻ പിന്നെയും കാഠിന്യം കൊണ്ടു. അപ്പോൾ അവിടന്നും കഠിനമാക്കി. ഞാൻ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേ, എനിക്ക് അതിനേക്കാൾ ശക്തിയുണ്ട്. അവിടന്ന് പ്രതിവചിച്ചു: “എങ്കിൽ നീ ദാവൂദ് നബിയുടെ നോമ്പ് സ്വീകരിക്കുക. അതിനെക്കാൾ കൂടുതലാക്കരുത്.’ ഞാൻ ചോദിച്ചു: ‘അല്ലാഹു വിന്റെ ദൂതരേ, ദാവൂദ് നബിയുടെ നോമ്പ് എങ്ങനെ യായിരുന്നു?’ അവിടന്ന് പറഞ്ഞു: “അദ്ദേഹം ഒരു ദിവസം നോമ്പെടുക്കുകയും ഒരു ദിവസം ഉപേക്ഷിക്കുകയുമായിരുന്നു പതിവ്.”(അഹ്മദും മറ്റുള്ളവരും റിപ്പോർട്ട് ചെയ്തത്.)
റസൂൽ(സ) പറഞ്ഞതായി അബ്ദുല്ലാഹിബ്നു അറിൽനിന്ന് ഇപ്രകാരം ഒരു നിവേദനം കൂടിയുണ്ട്. “അല്ലാഹുവിനേറ്റവും പ്രിയങ്കരമായ നോമ്പ് ദാവൂദി(അ)ന്റെ നോമ്പാകുന്നു. അല്ലാഹുവിനേറ്റവും പ്രിയങ്കരമായ നമസ്കാരം ദാവൂദി(അ)ന്റെ നമസ്കാരമാകുന്നു. അദ്ദേഹം രാത്രി പകുതിഭാഗം ഉറങ്ങും. മൂന്നിലൊരു ഭാഗം നമസ്കരിക്കും. വീണ്ടും ആറിലൊരുഭാഗം ഉറങ്ങും. അപ്രകാരം തന്നെ അദ്ദേഹം ഒരു ദിവസം വ്രതമെടുക്കും. ഒരു ദിവസം വ്രതമുപേക്ഷിക്കുകയും ചെയ്യും.
ഐഛിക നോമ്പുകാരന് നോമ്പുമുറിക്കാം
1. ഉമ്മു ഹാനിഅ്(റ) നിവേദനം ചെയ്യുന്നു. “നബി(സ) മക്കാവിജയ ദിനത്തിൽ ഞങ്ങളുടെ അടുത്ത് കടന്നുവന്നു. അങ്ങനെ കുടിക്കാൻ വെള്ളം കൊണ്ടുവരപ്പെട്ടു. അവിടന്ന് കുടിച്ച ശേഷം അതെനിക്ക് തന്നു. എനിക്ക് നോമ്പുണ്ടെന്ന് ഞാൻ പറഞ്ഞപ്പോൾ അവിടന്ന് പറഞ്ഞു: “ഐഛിക നോമ്പുകാരൻ തന്നെ സംബന്ധിച്ച് അധികാരമുള്ളവനാണ്. അതിനാൽ നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ നോമ്പ് തുടരാം. ഇഷ്ടമുണ്ടെങ്കിൽ മുറിക്കുകയും ചെയ്യാം.” (അഹ്മദ്, ദാറഖുത്നി, ബൈഹഖി)
ഹാകിം ഈ ഹദീസുദ്ധരിച്ച ശേഷം ഇതിന്റെ പരമ്പര സ്വഹീഹാണെന്ന് പറഞ്ഞു. അദ്ദേഹമുദ്ധരിച്ച വാചകങ്ങളിപ്രകാരമാണ്: ‘ഐഛിക നോമ്പുകാരൻ തന്നെ സംബന്ധിച്ച് അധികാരമുള്ളവനാണ്. അയാൾക്കിഷ്ടമെങ്കിൽ നോക്കാം. ഇഷ്ടമെങ്കിൽ മുറിക്കാം.
2. അബൂജുഹൈഫ(റ) പറയുന്നു: സൽമാന്റെയും അബുർഖന്റെയും ഇടക്ക് നബി(സ) സാഹോദര ബന്ധം സ്ഥാപിച്ചു. അങ്ങനെ സൽമാൻ അബുദാ ഇനെ സന്ദർശിക്കാൻ ചെന്നു. അപ്പോൾ അനു തന്റെ ഭാര്യ) ഉമ്മുദർദാസ് മോശമായ വസ്ത്രം ധരിച്ചതായി കണ്ടു. സൽമാൻ ചോദിച്ചു. “ഇതെന്താണ് ഇങ്ങനെ അവർ പറഞ്ഞു: “നിങ്ങളുടെ സഹോദരൻ അബുദ്ദർദാഇന് ലൗകിക കാര്യങ്ങളിൽ ഒരു താൽപര്യവുമില്ല. അങ്ങനെ അബുദ്ദർദാഅ് വന്ന് ആഹാരം പാകം ചെയ്തുകൊണ്ട് വന്നപ്പോൾ അദ്ദേഹം പറഞ്ഞു. “നിങ്ങൾ ഭക്ഷിക്കുക. എനിക്ക് നോമ്പാണ് . സൽമാൻ പറഞ്ഞു: “താങ്കൾ ഭക്ഷിക്കുന്നില്ലെങ്കിൽ ഞാനും ദക്ഷിക്കുന്നില്ല. അങ്ങനെ അദ്ദേഹവും ഭക്ഷണം കഴിച്ചു. രാത്രി സമയമായപ്പോൾ അബുദ്ദർദാഅ് നമസ്കരിക്കാനൊരുങ്ങി. സൽമാൻ പറഞ്ഞു: “താങ്കൾ ഉറങ്ങുക. വീണ്ടും ഒരുങ്ങിയപ്പോൾ സൽമാൻ വീണ്ടും ഉറങ്ങാൻ പറഞ്ഞു. അങ്ങനെ രാത്രിയുടെ അന്ത്യമായപ്പോൾ സൽമാൻ പറഞ്ഞു: “ഇപ്പോൾ എഴുന്നേൽക്കുക. അങ്ങനെ അവർ രണ്ടുപേരും നമസ്കരിച്ചു. എന്നിട്ട് സൽമാൻ അദ്ദേഹത്തോട് പറഞ്ഞു: “തീർച്ചയായും നിന്റെ നാഥനോട് നിനക്ക് ബാധ്യതയുണ്ട്. നിന്റെ ശരീരത്തോടുമുണ്ട് നിനക്ക് ബാധ്യത. നിന്റെ ഭാര്യയോടും നിനക്ക് ബാധ്യതയുണ്ട്. അതിനാൽ ഓരോരുത്തർക്കുമുള്ള ബാധ്യത അവർക്ക് നല്കുക. അനന്തരം അദ്ദേഹം നബിയുടെ അടുത്ത് ചെന്ന് സംഭവം പറഞ്ഞു. അവിടന്ന് പറഞ്ഞു: “സൽമാൻ പറഞ്ഞത് സത്യമാണ്. (ബുഖാരി, തിർമിദി)
3. അബൂസഈദിൽ ഖുദ് രി (റ) പറയുന്നു: “ഞാൻ റസൂൽ (സ)തിരുമേനിക്ക് വേണ്ടി ഒരു ഭക്ഷണം തയ്യാറാക്കി. അങ്ങനെ തിരുമേനിയും കൂട്ടുകാരും വീട്ടിൽ വന്നു . ഭക്ഷണം കൊണ്ടുവച്ചപ്പോൾ എനിക്ക് നോമ്പാണെന്ന് ഒരാൾ പറഞ്ഞു. അപ്പോൾ റസൂൽ( സ) പറഞ്ഞു: “നിങ്ങളുടെ സഹോദരൻ നിങ്ങളെ ക്ഷണിക്കുകയും നിങ്ങൾക്ക് വേണ്ടി അദ്ദേഹം വിഷമം സഹിക്കുകയും ചെയ്തിരിക്കയാണ്. പിന്നീട് അവിടന്ന് അദ്ദേഹത്തോട് പറഞ്ഞു: “നോമ്പ് മുറിക്കുക. വേണമെങ്കിൽ മറ്റൊരു ദിവസം പകരം നോമ്പെടുക്കുകയും ചെയ്യുക.” (ബൈഹഖി)
ഐഛികമായി നോമ്പെടുത്ത ഒരാൾക്ക് തന്റെ നോമ്പ് മുറിക്കാൻ ശരീഅത്തിൽ അനുവാദമുണ്ടെന്നാണ് അധിക പണ്ഡിതൻമാരുടെയും അഭിപ്രായം, എന്നാൽ മുറിച്ച നോമ്പിന് പകരം മറ്റൊരു ദിവസം നോമ്പെടുക്കുന്നത് നല്ലതാണെന്നും അവർക്കഭിപ്രായമുണ്ട്. മുകളിൽ പറഞ്ഞ സ്വഹീഹും വ്യക്തവുമായ ഹദീസുകളാണ്. അവർ അതിന് തെളിവാക്കിയിരിക്കുന്നത്.