നോമ്പിൻറെ ശ്രേഷ്ഠത
‘സൗമ്’, ‘സ്വിയാം’ എന്നീ അറബിപദങ്ങൾക്ക് ഭാഷയിൽ വർജനം അഥവാ സംയമനം എന്നർഥമാകുന്നു. ഖുർആൻ പറയുന്നത് കാണുക:
إني نذرت للرحمن صوما ( ഞാൻ പരമകാരുണികന് സൗമ നേർന്നിരിക്കുന്നു ). അതായത്, സംസാരം വർജിക്കാമെന്ന് ശപഥം ചെയ്തി രിക്കുന്നു.
ഇവിടെ ആ പദം കൊണ്ട് വിവക്ഷ പ്രഭാതോദയം മുതൽ സൂര്യാസ്തമയം വരെ നോമ്പ് മുറിക്കുന്ന എല്ലാ കാര്യങ്ങളും ഉദ്ദേശ്യപൂർവം വർജിക്കുക എന്നത്.
1. റസൂൽ(സ) ഇങ്ങനെ പറഞ്ഞതായി അബൂഹു റയ്റ(റ) നിവേദനം ചെയ്യുന്നു: “മനുഷ്യന്റെ കർമങ്ങളെല്ലാം അവന്റേതാണ്, നോമ്പൊഴിച്ച്. അതെനിക്കുള്ള താണ്. അതിന് പ്രതിഫലവും ഞാനാണ് നല്കുക എന്ന് പ്രതാപവാനും മഹാനുമായ അല്ലാഹു പറഞ്ഞി രിക്കുന്നു. നോമ്പ് ഒരു രക്ഷാകവചമാകുന്നു. അതിനാൽ നിങ്ങളിൽ ഒരാളുടെ നോമ്പ് ദിവസമായാൽ അശ്ലീലം പറയുകയോ ബഹളം കൂട്ടുകയോ അവിവേകം പ്രവർത്തിക്കുകയോ ചെയ്യാതിരിക്കട്ടെ. ഇനി ആരെങ്കിലും അവനോട് അസഭ്യം പറയുകയോ ശണ്ഠ കൂടുകയോ ചെയ്യുന്ന പക്ഷം ഞാൻ നോമ്പുകാര നാണ്’ എന്നവൻ രണ്ടു പ്രാവശ്യം പറഞ്ഞുകൊള്ളട്ടെ. മുഹമ്മദിന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനാണ നോമ്പുകാരന്റെ വായയുടെ ഗന്ധം അന്ത്യ ദിനത്തിൽ അല്ലാഹുവിന്റെ അടുക്കൽ കസ്തൂരിയുടെ വാസനയെക്കാൾ നല്ല സുഗന്ധമായിരിക്കും. നോമ്പു കാരന് താൻ സന്തോഷിക്കുന്ന രണ്ട് സന്തോഷ് അവ സരങ്ങളുണ്ട്. നോമ്പ് തുറക്കുമ്പോൾ അതിൽ അയാൾ സന്തോഷിക്കുന്നു. തന്റെ നാഥനെ കണ്ടുമുട്ടുമ്പോഴും തന്റെ നോമ്പിനെക്കുറിച്ച് അയാൾ സന്തോഷിക്കുന്നതാണ്.” ( അഹ്മദ്, മുസ്ലിം, നസാഇ )
2. ബുഖാരിയും അബൂദാവൂദും ഉദ്ധരിച്ച് നിവേദനത്തിൽ “ നോമ്പൊരു കവചമാണ്’ എന്നു തുടങ്ങി, കസ്തൂരിയുടെ വാസനയേക്കാൾ നല്ല സുഗന്ധമായിരിക്കും എന്നതിനുശേഷം ഇങ്ങനെയാണുള്ളത്. “ അവനതാ എന്നെച്ചൊല്ലി ആഹാരവും പാനീയവും കാമ വികാരവും ഉപേക്ഷിക്കുന്നു. നോമ്പെനിക്കുള്ളതാണ്. അതിന് പ്രതിഫലം നല്കുന്നതും ഞാൻ തന്നെ സൽക്കർമങ്ങൾക്ക് പത്തിരട്ടിയാണ് പ്രതിഫലം,“
3. നബി(സ) ഇപ്രകാരം പറഞ്ഞതായി അബ്ദുല്ലാഹിബ്നു അംറ് നിവേദനം ചെയ്യുന്നു: “നോമ്പും ഖുർആനും അന്ത്യദിനത്തിൽ അടിമയ്ക്ക് വേണ്ടി ശുപാർശ ചെയ്യുന്നതാണ്. നോമ്പ് പറയും: നാഥാ! ഞാനവനെ പകൽ ആഹാരത്തിൽ നിന്നും കാമവികാരത്തിൽനിന്നും തടയുകയുണ്ടായി. അതിനാൽ അവന്റെ കാര്യത്തിൽ എന്റെ ശുപാർശ സ്വീകരിക്കണമെന്ന്. ഖുർആൻ പറയും : ഞാനവനെ രാത്രി നിദ്രയിൽ നിന്നും തടഞ്ഞിരിക്കുന്നു. അതുകൊണ്ട് അവന്റെ കാര്യത്തിൽ എന്റെ ശുപാർശ സ്വീകരിക്കണമെന്ന്. അങ്ങനെ അവ രണ്ടിന്റെയും ശുപാർശ സ്വീകരിക്കപ്പെടുന്നതാണ്.“ ( അഹ്മദ് )
4. അബൂ ഉമാമ(റ) പ്രസ്താവിക്കുന്നു: “ഞാൻ റസൂലി(സ)ന്റെ അടുക്കൽ ചെന്ന്, എനിക്ക് സ്വർഗപ്രവേശനം നേടിത്തരുന്ന വല്ല കർമവും ഉപദേശിച്ചുതരണമെന്നാവശ്യപ്പെട്ടു. തിരുമേനി പറഞ്ഞു: നോമ്പനുഷ്ഠിച്ചുകൊള്ളുക. അതിനു തുല്യമായി മറ്റൊന്നുമില്ല. രണ്ടാമതും ഞാൻ ചെന്നു. അപ്പോഴും തിരുമേനി ആദ്യത്തെ മറുപടി തന്നെ നല്കി.” ( അഹ്മദ്, നസാഇ, ഹാകിം )
ഹാകിം ഇത് സ്വഹീഹാണെന്നുകൂടി പറഞ്ഞിരിക്കുന്നു.
5. നബി(സ) പറഞ്ഞതായി അബൂസഈദിൽ ഖുദ് രി (റ) പ്രസ്താവിക്കുന്നു: “ഏതെങ്കിലും ഒരടിമ അല്ലാഹുവിന്റെ മാർഗത്തിൽ ഒരു ദിവസം നോമ്പ് നോല്ക്കുന്ന പക്ഷം ആ ദിവസം കാരണമായി അല്ലാഹു അവന്റെ മുഖത്തുനിന്ന് നരകത്തെ എഴുപത് വർഷ ദൂരം അകറ്റാതിരിക്കുകയില്ല.’ (അബൂദാവൂദ് ഒഴിച്ച് സിഹാഹുകാരെല്ലാം ഉദ്ധരിച്ചത്)
6. നബി(സ) പറഞ്ഞതായി സഹ് ലുബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു.
إِنَّ فِي الجَنَّة بَابًا يُقَالُ لَهُ: الرَّيَّانُ، يدْخُلُ مِنْهُ الصَّائمونَ يومَ القِيامةِ، لاَ يدخلُ مِنْه أَحدٌ غَيرهُم، يقالُ: أَينَ الصَّائمُونَ؟ فَيقومونَ لاَ يدخلُ مِنهُ أَحَدٌ غَيْرُهُمْ، فإِذا دَخَلوا أُغلِقَ فَلَم يدخلْ مِنْهُ أَحَدٌ متفقٌ عَلَيْهِ.(സ്വർഗത്തിൽ റയ്യാൻ എന്ന് പേരായ ഒരു വാതിലുണ്ട്. നോമ്പുകാരെവിടെ’ എന്ന് അന്ത്യദിനത്തിൽ ചോദിക്കപ്പെടുന്നതും അവരിൽ ഏറ്റം ഒടുവിലത്തെ ആൾ പ്രവേശിച്ചുകഴിഞ്ഞാൽ ആ വാതിൽ അടയ്ക്കപ്പെടുന്നതുമാണ്.)
നോമ്പിന്റെ ഇനങ്ങൾ
നോമ്പ് രണ്ട് തരമാണ്. നിർബന്ധവും ഐഛികവും. നിർബന്ധ നോമ്പ് മൂന്നായി തിരിക്കാം.
1. റമദാൻ വ്രതം
2. കഫ്ഫാറത്ത് അഥവാ പ്രായശ്ചിത്തനോമ്പ്
3. നേർച്ച നോമ്പ്
റമദാൻ നോമ്പിനെയും ഐഛിക നോമ്പിനെയും സംബന്ധിച്ച് മാത്രമാണ് ഇവിടെ പ്രതിപാദിക്കാൻ പോകുന്നത്. (തുടരും)