നോമ്പു നോറ്റുവീട്ടാന്‍ കഴിയാത്തവരുടെ ഫിദ്യ
ചോദ്യം- ഞാനൊരു മാറാരോഗിയാണ്. കൂടാതെ വൃദ്ധനും. നോമ്പെടുക്കാന്‍ കഴിയില്ല. പിന്നീട് നോറ്റു വീട്ടാനും നിവൃത്തിയില്ല. ഫിദ്യ കൊടുക്കുകയേ നിര്‍വാഹമുള്ളൂ. എന്താണ് കൊടുക്കേണ്ടത്? എത്രയാണ് കൊടുക്കേണ്ടത്? ആര്‍ക്കാണ് കൊടുക്കേണ്ടത്? എങ്ങനെയാണ് കൊടുക്കേണ്ടത്? പണമായി കൊടുത്താല്‍ മതിയോ?
ഉത്തരം- താങ്കളെപ്പോലെ നോമ്പെടുക്കാന്‍ സാധിക്കാത്ത നിത്യരോഗികള്‍ക്കും, രോഗം മൂര്‍ഛിക്കുമെന്നോ രോഗമുക്തി വൈകുമെന്നോ ഭയപ്പെടുന്നവര്ക്കും റമദാന് വ്രതം ഉപേക്ഷിക്കാവുന്നതാണ്. പക്ഷേ ഇക്കാര്യം സ്വയം തീരുമാനിക്കാതെ വിശ്വസ്തനായ ഒരു ഡോക്ടറുടെ ഉപദേശം തേടിയതിനു ശേഷമായിരിക്കണമെന്നു മാത്രം.
ഇങ്ങനെ ഉപേക്ഷിക്കുന്നതിന് പകരമായി മറ്റൊരു ദിവസം നോറ്റുവീട്ടുകയാണ് വേണ്ടത്. അല്ലാഹു പറയുന്നു: ”എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്). (ഞെരുങ്ങിക്കൊണ്ട് മാത്രം) അതിനു സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവനുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്. എന്നാല്‍ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതല്‍ നന്മ ചെയ്താല്‍ അതവന് ഗുണകരമാകുന്നു. നിങ്ങള്‍ കാര്യം ഗ്രഹിക്കുന്നവരാണെങ്കില്‍ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്. അതുകൊണ്ട് നിങ്ങളില്‍ ആര് ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്). നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന് ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കാനും, നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുതന്നതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാനും വേണ്ടിയത്രെ (ഇങ്ങനെ കല്പിച്ചിട്ടുള്ളത്)” (അല്‍ബഖറ 184,185).
എന്നാല്‍, താങ്കളെപ്പോലുള്ള നിത്യരോഗികള്‍ക്ക് നോമ്പ് വീട്ടാന്‍ സാധിക്കാത്തതിനാല്‍ പരിഹാരമായി ഒരു അഗതിക്ക്, നഷ്ടപ്പെട്ട ഓരോ നോമ്പിനും പകരമായി ഭക്ഷണം നല്‍കുകയാണ് വേണ്ടത്. വളരെ ഞെരുക്കത്തോടെ മാത്രം നോമ്പനുഷ്ഠിക്കാന്‍ കഴിയുന്നവര്‍ എന്നാണ് ‘വ അലല്ലദീന യുത്വീഖൂനഹു’ എന്നതിന്റെ താല്പര്യമെന്നും ഇങ്ങനെയുള്ള രോഗികള്‍, മുലയൂട്ടുന്ന സ്ത്രീകള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരൊക്കെ ഈ ഗണത്തില്‍പെടുമെന്നും ഇതിന്റെ വിശദീകരണമായി സ്വഹാബിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇങ്ങനെ നല്കുന്ന ഭക്ഷണം എത്രയായിരിക്കണമെന്ന കാര്യത്തില്‍ പല അഭിപ്രായങ്ങളും കാണാം. ഒരു സ്വാഅ് (2,200 ഗ്രാം), അര സ്വാഅ് (1,100 ഗ്രാം), ഒരു മുദ്ദ് (രണ്ടുകൈകളും ചേര്‍ത്തു പിടിച്ചാല്‍ കൊള്ളുന്ന അളവ്). പക്ഷേ ഇതെല്ലാം പണ്ഡിതന്മാരുടെ അഭിപ്രായങ്ങളല്ലാതെ ഖുര്‍ആനിലോ സുന്നത്തിലോ വ്യക്തമായി വന്നിട്ടുള്ളതല്ല. അങ്ങനെ വരാത്തതിനാലാണീ അഭിപ്രായാന്തരവും. എന്തായാലും ഒരാള്‍ക്ക് മാന്യമായി ഭക്ഷണം കഴിക്കാനുള്ള വക നല്‍കണം. അത് ഭക്ഷണമായോ, ലഭിക്കുന്നവര്‍ക്ക് സൗകര്യം അതിന്റെ വിലയാണെങ്കില്‍ വിലയായോ നല്കിയാല് മതിയാകും. കാലദേശങ്ങള്‍ക്കനുസരിച്ച് തോത് വ്യത്യസ്തമായിരിക്കും. കേരളത്തിലിന്ന് നൂറ് രൂപ കണക്കാക്കിയാല്‍ രണ്ടര കിലോ ധാന്യം വാങ്ങാനുള്ള കാശായി. ഹോട്ടലില്‍ കയറി ഇടത്തരം ഭക്ഷണം കഴിക്കാനും ഏതാണ്ടിത് മതിയാകും. അങ്ങനെ വരുമ്പോള്‍ ഒരു മാസത്തെ റമദാന് 3000 രൂപ കൊടുക്കാം. ഉത്തരേന്ത്യയില്‍ പട്ടിണി കിടക്കുന്ന ധാരാളമാളുകളുണ്ട്. ഒരു നേരത്തെ ആഹാരത്തിന് കൊതിക്കുന്നവര്‍. അവര്‍ക്ക് ശരിയാംവണ്ണം അത് എത്തിച്ചു കൊടുക്കാനുള്ള സംവിധാനങ്ങള്‍ ഇന്ന് നമ്മുടെ നാട്ടില്‍ ഉള്ള സ്ഥിതിക്ക് അത് ഉപയോഗപ്പെടുത്തുന്നതാവും ഏറെ ഉചിതം. സ്വന്തം പ്രദേശത്തും അറിവിലും അങ്ങനെ വല്ലവരും ഉണ്ടെങ്കില്‍ അവര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്.