അസ്തമിച്ചുവെന്ന് തെറ്റിദ്ധരിച്ച് നോമ്പ് മുറിച്ചാൽ

ചോദ്യം- വാച്ചിന്റെ തകരാറുകൊണ്ടോ നോട്ടപ്പിഴകൊണ്ടോ മറ്റോ സൂര്യൻ അസ്തമിച്ചുവെന്ന് തെറ്റുധരിക്കുകയും അസ്തമയത്തിനു പത്തോ പതിനഞ്ചോ മിനിറ്റ് മുമ്പ് നോമ്പു തുറക്കുകയും ചെയ്താൽ അതു ഖദാ വീട്ടേണ്ടതുണ്ടോ?
ഉത്തരം- പ്രഭാതമായിട്ടില്ലെന്നോ അസ്തമിച്ചു കഴിഞ്ഞുവെന്നോ തെറ്റുധരിച്ചു കൊണ്ട് നോമ്പുകാരൻ നോമ്പു മുറിയുന്ന വല്ലതും വർത്തിക്കുകയും പിന്നീട് യാഥാർത്ഥ്യം ബോധ്യപ്പെടുകയും ചെയ്താൽ ആ നോമ്പ് ഖദാ വീട്ടണമെന്നാ ഭൂരിപക്ഷം പണ്ഡിതന്മാർ നിർദേശിച്ചിട്ടുള്ളത്. ഇസ്ഹാഖ്, ഇബ്നു റാഹവൈഹി, ദാവൂദുള്ളാഹിരി, ഇബ്നുഹസം, ഹസൻ ബസ്വരി, മുജാഹിദ് തുടങ്ങി പല പ്രമുഖ പൂർവ സൂരികളും അയാളുടെ നോമ്പ് സാധുവായിരിക്കുന്നുവെന്നും ഖദാ വീട്ടേണ്ടതില്ലെന്നും പ്രസ്താവിച്ചിട്ടുണ്ട്. ഈ വീക്ഷണമാണ് തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ സ്വീകാര്യമായിട്ടുള്ളത്. അല്ലാഹു പറഞ്ഞു: നിങ്ങൾ പിശകായി ചെയ്തു പോയതിൽ കുറ്റമില്ല. പക്ഷേ, നിങ്ങൾ മനപൂർവം ചെയ്തതാണ് കുറ്റകരം. നബി(സ) പ്രസ്താവിച്ചു. നിശ്ചയം, എന്റെ സമുദായത്തിന്റെ നോട്ടപ്പിശകുകളെ അല്ലാഹു അവഗണിച്ചിരിക്കുന്നു. അസ്മാ ബിൻതു അബീബക്കറിൽ നിന്ന് ബുഖാരി ഉദ്ധരിക്കുന്നു. അവർ പറഞ്ഞു: ‘നബി (സ) യുടെ കാലത്ത് റമദാനിൽ മേഘാവൃതമായ ഒരു ദിവസം ഞങ്ങൾ നോമ്പ് തുറന്നു. പിന്നീട് സൂര്യൻ വെളിപ്പെട്ടു. ഈ ഹദീസിൽ അസമയത്ത് നോമ്പ് തുറന്നവരോട് അത് ഖദാ വീട്ടാൻ നബി (സ) കൽപിച്ചതായി പറയുന്നില്ല. നബി അവ്വിധം കൽപിച്ചിട്ടില്ല എന്നാണ് അതിൽനിന്ന് മനസ്സിലാക്കേണ്ടത്. കൽപിച്ചിരുന്നുവെങ്കിൽ ഈ സംഭവം പോലെതന്നെ അനിവാര്യ മായും ആ കൽപനയും ഉദ്ധൃതമാകുമായിരുന്നു.
സൈദുബ്നു വഹബിൽ നിന്ന് അബ്ദുർറസാഖ് ഉദ്ധരിക്കുന്നു: “ഉമറിന്റെ കാലത്ത് ഒരിക്കൽ ജനങ്ങൾ നോമ്പു തുറന്നു. ഹഫ് സയുടെ വീട്ടിൽ നിന്ന് വലിയൊരു കലം കൊണ്ടുവരുന്നതു ഞാൻ കണ്ടു. ആളുകൾ കുടിച്ചു. പിന്നീട് മേഘങ്ങൾക്കിടയിൽ നിന്ന് സൂര്യൻ വെളിപ്പെട്ടു. ആളുകൾക്ക് വലിയ വൈക്ലബ്യം തോന്നി. “നമുക്ക് ഇന്നത്തെ നോമ്പ് ഖദാവീട്ടാം’ എന്ന് അവർ പറഞ്ഞു. അപ്പോൾ ഉമർ ചോദിച്ചു: “എന്തിന് അല്ലാഹുവാണ, നമ്മൾ കുറ്റാ മൊന്നും ചെയ്യാൻ തുനിഞ്ഞിട്ടില്ല. സൂര്യൻ അസ്തമിച്ചു എന്ന ധാരണയോടെ നോമ്പുതുറക്കുകയും അപ്പോൾ അസ്തമിച്ചിരുന്നില്ല എന്ന് പിന്നീട് ബോധ്യപ്പെടുകയും ചെയ്താൽ, അത് കുറ്റമോ വ്രത ലംഘനമോ ആകുന്നതല്ലെന്നും അതിന്റെ പേരിൽ നോമ്പു ഖദാവീട്ടേണ്ട യാതൊരാവശ്യവുമില്ലെന്നും സാരം.