റമദാൻ- ആർക്കെല്ലാം നിർബന്ധം?

ബുദ്ധിയുള്ളവരും പ്രായപൂർത്തിയായവരും ആരോഗ്യമുള്ളവരും, സ്ഥിരതാമസക്കാരുമായ എല്ലാ മുസ്ലിംകൾക്കും നോമ്പ് നിർബന്ധമാണെന്ന കാര്യത്തിൽ പണ്ഡിതൻമാർ ഏകോപിച്ചിരിക്കുന്നു. പക്ഷേ, സ്ത്രീകൾക്ക് നോമ്പ് നിർബന്ധമാകാൻ അവർ ആർത്തവത്തിൽനിന്നും പ്രസവരക്തത്തിൽ നിന്നും ശുദ്ധിയായിരിക്കണമെന്നു കൂടി നിബന്ധനയുണ്ട്. അതിനാൽ കാഫിർ, ഭ്രാന്തൻ, കുട്ടി, രോഗി, യാത്രക്കാരൻ, ഋതുമതി, പ്രസവരക്തക്കാരി, വയോവൃദ്ധൻ, ഗർഭിണി, മുലയൂട്ടുന്നവൾ എന്നിവർക്കൊന്നും നോമ്പ് നിർബന്ധമില്ല.
ഇവരിൽ കാഫിറിനും ഭ്രാന്തനും നോമ്പ് തീരെയില്ല. മറ്റു ചിലരോടാകട്ടെ രക്ഷാകർത്താവ് നോമ്പനുഷ്ഠിക്കാൻ ആജ്ഞാപിക്കണമെന്നാണ് വിധി. വേറെ ചിലർ നിർബന്ധമായും നോമ്പുപേക്ഷിക്കുകയും ആ നോമ്പ് മറ്റൊരിക്കൽ നിർവഹിക്കുകയുമാണ് വേണ്ടത്. മറ്റു ചിലർക്കാകട്ടെ നോമ്പുപേക്ഷിക്കുന്നതിൽ ഇളവുണ്ടെങ്കിലും അവർ പ്രായശ്ചിത്തം നല്കണം. ഇപ്പറഞ്ഞ ഓരോ വിഭാഗത്തെക്കുറിച്ചുമുള്ള വിവരം ചുവടെ ചേർക്കാം.
കാഫിറിന്റെയും ഭ്രാന്തന്റെയും നോമ്പ്
ഇസ്ലാമികമായ ഒരാരാധനാ കർമമാണ് നോമ്പ്. അതിനാൽ അമുസ്ലിംകൾക്ക് നിർബന്ധമാവുകയില്ല. ഭ്രാന്തനാകട്ടെ, ഉത്തരവാദിത്വത്തിന്റെ നിദാനമായ ബുദ്ധി നഷ്ടപ്പെട്ടതിനാൽ ഉത്തരവാദിത്വമേയില്ല. അലി(റ) നിവേദനം ചെയ്ത ഒരു ഹദീസിൽ നബി(സ) ഇപ്രകാരം പറയുന്നു: “മൂന്നാളുകളിൽ നിന്ന് പേന ഉയർത്തപ്പെട്ടിരിക്കുന്നു. ബോധം വരുന്നത് വരെ ഭ്രാന്തനിൽനിന്ന്, ഉണരുന്നതുവരെ ഉറങ്ങുന്നവനിൽനിന്ന് പ്രായപൂർത്തി എത്തുന്നതുവരെ കുട്ടിയിൽനിന്ന്.” (അഹമദ്, അബൂദാവൂദ്, തിർമിദി)
കുട്ടിയുടെ നോമ്പ്
കുട്ടികൾക്ക് നോമ്പ് നിർബന്ധമില്ലെങ്കിലും അവർക്ക് നോമ്പനുഷ്ഠിക്കാൻ കെല്പ്പുണ്ടാവുകയും അതിനു സാധിക്കുകയും ചെയ്യുന്ന കാലം മുതൽ, കഴിയുന്നതും ചെറുപ്പത്തിൽ തന്നെ അവരത് ശീലിക്കാൻ വേണ്ടി രക്ഷാകർത്താക്കൾ അവരോടതിന് ആജ്ഞാപിക്കേണ്ടതാണ്.
മുഅവ്വിദിന്റെ മകൾ റുബയ്യിഅ (റ) പറയുന്നു. “ആശൂറാ ദിവസം പ്രഭാതത്തിൽ അൻസാറുകൾ താമസിക്കുന്ന പ്രദേശങ്ങളിലേക്ക് നബി(സ) ഇങ്ങനെ പറഞ്ഞയച്ചു: “ആരാണ് നോമ്പെടുത്തുകൊണ്ട് പ്രഭാതത്തിൽ പ്രവേശിച്ചത് അവരത് പൂർത്തീകരിക്കട്ടെ. നോമ്പില്ലാതെ നേരം പുലർന്നവരാകട്ടെ ദിവസത്തിന്റെ ബാക്കിഭാഗം നോമ്പെടുത്തുകൊള്ളട്ടെ. അതിനു ശേഷം ഞങ്ങൾ ആ ദിവസം വ്രതം അനുഷ്ഠിക്കുക പതിവായിരുന്നു. ചെറിയ കുട്ടികളെക്കൂടി ഞങ്ങൾ നോമ്പെടുപ്പിക്കാറുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ പള്ളിയിൽ പോവുമ്പോൾ കമ്പിളിരോമം കൊണ്ട് അവർക്ക് പാവ യുണ്ടാക്കിവക്കുകയും അവരിലാരെങ്കിലും ഭക്ഷണത്തിനുവേണ്ടി നിലവിളിച്ചാൽ നോമ്പ് തുറക്കുന്ന സമയം വരെ അത് കൊടുത്ത് സമാധാനിപ്പിക്കുകയും ചെയ്യു മായിരുന്നു. “ (ബുഖാരി, മുസ്ലിം)
പ്രായശ്ചിത്തം നല്കേണ്ടവർ
വയോവൃദ്ധൻ, വയോവൃദ്ധ, ശമനത്തിൽ പ്രതീക്ഷയില്ലാത്ത രോഗി, ഉപജീവനത്തിന് മറ്റു മാർഗമില്ലാതെ ക്ലേശകരമായ ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ എന്നിവർക്കെല്ലാം വ്രതാനുഷ്ഠാനം വിഷമക രമാവുകയും എല്ലാ ഋതുക്കളിലും അമൂലം കഠിന മായ ക്ലേശം അനുഭവിക്കേണ്ടിവരികയും ചെയ്യുന്ന പക്ഷം അവർക്ക് നോമ്പ് ഉപേക്ഷിക്കുന്നതിൽ ഇളവുണ്ട്. എന്നാൽ അതിനു പകരമായി അവർ ഓരോ ദിവസത്തേക്കും ഒരു സാധുവിന് ആഹാരം നല്കേണ്ടത് നിർബന്ധമത്രെ. അതിന് ഒരു സ്വാഅ് ( സ്വാഅ് ഏതാണ്ട് മൂന്ന് ലിറ്റർ വരും. ) ധാന്യമോ, അ സ്വാഅ് ധാന്യമോ, അതുമല്ലെങ്കിൽ ഒരു മുദ്ദ്( സ്വാഇന്റെ നാലിൽ ഒരു ഭാഗമാണ് മുദ്ദ് ) എത്രയാണ് നല്കേണ്ടതെന്നതിൽ അഭിപ്രായാന്തരമുണ്ട്. അതിന്റെ നിർണയത്തെ സംബന്ധിക്കുന്ന ഒരു തെളിവും ഹദീസിൽ വന്നിട്ടില്ല.
ഇബ്നു അബ്ബാസ്(റ) പറയുന്നു: “വയോവൃദ്ധന് നോമ്പുപേക്ഷിച്ച് ഓരോ ദിവസത്തിനും പകരം ഒരു സാധുവിന് ആഹാരം നല്കാൻ ഇളവ് നല്കപ്പെട്ടിരി ക്കുന്നു. അയാൾ അത് പിന്നീട് നിർവഹിക്കേണ്ടതുമില്ല ” (ദാറഖുത്നി, ഹാകിം- രണ്ട് പേരും ഇത് സ്വഹീ ഹാണെന്നും പറഞ്ഞിട്ടുണ്ട്.)
അത്വാഅ് നിവേദനം ചെയ്യുന്നു وعلى الذين يطيقونه فدية طعام مسكيين എന്ന ആയത്ത് ഇബ്നു അബ്ബാസ് ഓതുന്നതായി ഞാൻ കേട്ടു. അതിനുശേഷം അദ്ദേഹം പറഞ്ഞു: ഈ ആയത്ത് ദുർബലപ്പെട്ടതല്ല. ഇത് വയോവൃദ്ധന്നും വ യോവൃദ്ധക്കും ബാധകമായതാണ്. അവർക്ക് വ്രതമനുഷ്ഠിക്കാൻ സാധിക്കുകയില്ല. അതിനാൽ ഓരോ ദിവസവും അവർ ഒരു സാധുവിന് ആഹാരം നല്കണം ( ഇമാം മാലിക്കിന്റെയും ഇബ്നു ഹസ്മിന്റെയും അഭിപ്രായത്തിൽ അവർ മേൽ പറഞ്ഞ പ്രകാരം ആഹാരം നല്കുകയോ മറ്റു ദിവസങ്ങളിൽ നോമ്പനുഷ്ഠിക്കുകയോ വേണ്ടതില്ല. )
വ്രതാനുഷ്ഠാനം വളരെ ക്ലേശകരമായിത്തീരുന്ന മാറാരോഗിയും വൃദ്ധനെപ്പോലെത്തന്നെ അവർ തമ്മിൽ ഒരു വ്യത്യാസവുമില്ല. മുമ്പു പറഞ്ഞപ്രകാരം ക്ലേശകരമായ ഭാരിച്ച ജോലികൾ ചെയ്യുന്ന തൊഴിലാളികളും അപ്രകാരം തന്നെ.
ശൈഖ് മുഹമ്മദ് അബ്ദു പറയുന്നു. “ആയത്തിലെ يطيقونه ‘ എന്നത് കൊണ്ടുദ്ദേശിക്കപ്പെടുന്നത് ദുർബലരായ വൃദ്ധൻമാർ, മാറാരോഗികൾ തുടങ്ങിയവര ഖനികളിൽനിന്ന് കരി പുറത്തെടുക്കുക തുടങ്ങി അതികഠിനവും ക്ലേശകരവുമായ ജോലികൾ നിത്യമായി ചെയ്യേണ്ടിവരുന്ന തൊഴിലാളികളും അക്കൂട്ടത്തിൽ പെടുന്നു.
ജീവപര്യന്തം കഠിനശിക്ഷ വിധിക്കപ്പെട്ട കുറ്റവാ ളികൾക്കും പ്രയോഗത്തിൽ വ്രതാനുഷ്ഠാനം ക്ലേശക രമാവുകയും പ്രായശ്ചിത്തം നല്കാൻ കഴിയുകയും ചെയ്യുന്നപക്ഷം അവരുടെ വിധിയും മേൽ പറഞ്ഞത് തന്നെ.
ഗർഭിണികളും മുലയുട്ടുന്ന സ്ത്രീകളും
തങ്ങളെക്കുറിച്ചോ തങ്ങളുടെ കുട്ടികളെക്കുറിച്ചോ ആപചങ്കയുള്ളവരാകുന്നപക്ഷം അവർക്ക് നോമ്പുപേക്ഷിക്കാം. എന്നാൽ അവർ പ്രായശ്ചിത്തം നല്കണമെന്നും മറ്റു ദിവസങ്ങളിൽ പകരം നോമ്പനുഷ്ഠിക്കേണ്ടതില്ലെന്നുമത്രേ. ഇബ്നു ഉമറിന്റെയും ഇബ്നു അബ്ബാസിന്റെയും അഭിപ്രായം.
وعلى الذين يطيقونه എന്ന സൂക്തം, വിഷമത്തോടെ നോമ്പനുഷ്ഠിക്കാൻ കഴിയുന്ന വയോവൃദ്ധന്നും വയോ വൃദ്ധക്കും നോമ്പുപേക്ഷിക്കുകയും ഓരോ ദിവസത്തിനും പകരം ഓരോ സാധുവിന് ആഹാരം നല്കുകയും ചെയ്യാമെന്ന ഇളവായിരുന്നുവെന്നും ഗർഭിണിയും മുലയൂട്ടുന്ന സ്ത്രീയും (കുട്ടികളെപ്പറ്റി ) ആശങ്കിക്കുന്ന പക്ഷം അവർക്കും നോമ്പുപേക്ഷിക്കുകയും ആഹാരം നല്കുകയും ചെയ്യാമെന്നും ഇബ്നു അബ്ബാസ് പറഞ്ഞതായി ഇക് രിമ മുഖേന അബൂദാവൂദ് ഉദ്ധരിക്കുന്നു.
ബസ്സാറിന്റെ നിവേദനപ്രകാരം ഇതിന്റെ ഒടുവിൽ ഇബ്നു അബ്ബാസ്(റ) ഗർഭിണിയായ തന്റെ അടിമ സ്ത്രീയോട് “നി നോമ്പനുഷ്ഠിക്കാൻ കഴിയാത്തവരുടെ സ്ഥാനത്താണ്. അതുകൊണ്ട് നീ പ്രായശ്ചിത്തം ചെയ്യണം. പക്ഷേ, നിനക്ക് ഖദാഅ് വേണ്ടാ“ എന്നു കൂടി പറഞ്ഞതായിക്കാണാം. ഇതിന്റെ പരമ്പര സ്വഹീഹാണെന്ന് ദാറഖുത്നി പ്രസ്താവിച്ചിരിക്കുന്നു.
ഗർഭസ്ഥ ശിശുവിനെ സംബന്ധിച്ച് ആപച്ഛങ്കയുള്ള ഗർഭിണിയെക്കുറിച്ച് ഇബ്നു ഉമറിനോട് ആരോ ചോദിച്ചപ്പോൾ അവർക്ക് നോമ്പുപേക്ഷിക്കാം. ഓരോ ദിവസത്തേക്കും ഒരു സാധുവിന് ആഹാരമായി ഒരു മുദ്ദ് ഗോതമ്പ് നല്കുകയും വേണം“ എന്ന് അദ്ദേഹം മറുപടി പറഞ്ഞതായി റാഫിൽ പ്രസ്താവിക്കുന്നു.( മാലിക് , ബൈഹഖി)
“യാത്രക്കാരന് നോമ്പും നമസ്കാരത്തിന്റെ പകുതിയും ഗർഭിണിയെയും മുലയൂട്ടുന്നവളെയും സംബന്ധിച്ച്ടത്തോളം നോമ്പും അല്ലാഹു വിട്ടുകൊടുത്തിരിക്കുന്നു” എന്നും ഹദീസിൽ വന്നിട്ടുണ്ട്.
ഹനഫികളുടെയും അബൂഉബൈദ്, അബൂസൗർ എന്നിവരുടെയും അഭിപ്രായത്തിൽ ഗർഭിണിയും മുലയൂട്ടുന്നവളും നോമ്പ് ഖദാ വിട്ടുക മാത്രമാണ് വേണ്ടത്. അവർ ഭക്ഷണം നല്കേണ്ടതില്ല.
ഇമാം ശാഫിഈയുടെയും ഇമാം അഹ്മദിന്റെയും അഭിപ്രായപ്രകാരം കുട്ടിയെ സംബന്ധിച്ചു മാത്രമുള്ള ആശങ്കയുടെ പേരിൽ ഗർഭിണികളും മുലയൂട്ടുന്നവരും നോമ്പുപേക്ഷിക്കുന്നപക്ഷം അവർ പകരം നോമ്പനുഷിക്കുകയും പ്രായശ്ചിത്തം നല്കുകയും വേണം ഇനി സ്വദേഹത്തെക്കുറിച്ച് മാത്രമോ അല്ലെങ്കിൽ കുട്ടിയെയും സ്വദേഹത്തെയും സംബന്ധിച്ചോ ഉള്ള ആശങ്കയാലാണ് നോമ്പുപേക്ഷിച്ചതെങ്കിൽ അവൾ പകരം നോമ്പനുഷ്ഠിച്ചാൽ മാത്രം മതിയാകുന്നതാണ്. മറ്റൊന്നും വേണ്ടതില്ല.
പകരം നോമ്പ് നിർബന്ധമുള്ളവർ
രോഗശമനം പ്രതീക്ഷിക്കുന്ന രോഗിക്കും യാത്രക്കാരന്നും വ്രതമുപേക്ഷിക്കാമെങ്കിലും അവർ മറ്റു ദിവസങ്ങളിൽ അത്രയും നോമ്പനുഷ്ഠിക്കേണ്ടത് നിർബന്ധമത്രെ . അല്ലാഹു പറയുന്നു. فمن كان منكم مريضا أو على سفر فعدة من أيام أخر
(നിങ്ങളിൽ ആരെങ്കിലും രോഗിയോ യാത്രക്കാരനോ ആവുന്നപക്ഷം മറ്റു ദിവസങ്ങളിൽ നിശ്ചിത എണ്ണം പൂർത്തീകരിച്ചുകൊള്ളട്ടെ.
മുആദ്(റ) പ്രസ്താവിക്കുന്നു.
“അല്ലാഹു നബി(സ)ക്ക് വ്രതാനുഷ്ഠാനം നിർബന്ധമാക്കികൊണ്ട് , يا أيها الذين آمنوا كتب عليكم الصيام كما كتب على الذين من قبلكم
എന്നു തുടങ്ങി وعلى الذين يطيقونة فدية طعام مسكين എന്നുവരെയുള്ള സൂക്തങ്ങൾ അവതരിപ്പിക്കുകയുണ്ടായി. അങ്ങനെ ഇഷ്ടമുള്ളവർ നോമ്പനുഷ്ഠിക്കുകയും ഇഷ്ടമുള്ളവർ ഒരു സാധുവിന് ആഹാരം നൽകുകയും ചെയ്തുകൊണ്ടിരുന്നു. അന്ന് അത്രയും മതിയായിരുന്നു.
പിന്നീട് അല്ലാഹു, شهر رمضان الذي انزل فيه القرآن എന്നു തുടങ്ങി فمن شهد منكم الشهر فليصمة എന്നത് വരെയുള്ള സൂക്തം അവതരിപ്പിച്ചു. അതോടെ ആരോഗ്യവാനും സ്ഥിരവാസിയുമായ ആൾക്ക് അവൻ റമദാനിലെ നോമ്പ് സ്ഥിരപ്പെടുത്തുകയും രോഗിയും യാത്രക്കാരന്നും അതിൽ ഇളവ് നൽകുകയും നോമ്പ്നുഷ്ഠിക്കാൻ കഴിയാത്ത വൃദ്ധൻ ആഹാരം നൽകണമെന്ന് നിശ്ചയിക്കുകയും ചെയ്തു. ഇത് അഹ്മദ് , അബൂദാവൂദ്,ബൈഹഖി എന്നിവർ ശരിയായ സനതോടുകൂടി ഉദ്ധരിച്ചിരിക്കുന്നു .
നോമ്പുപേക്ഷിക്കൽ അനുവദനീയമാക്കാൻ കാരണമായ രോഗം, നോമ്പുമൂലം വർധിക്കുന്നതോ സുഖപ്പെടാൻ കാലതാമസം നേരിടുമെന്നാശങ്കയുള്ളതോ ആയ കഠിന രോഗമത്രേ.
മുഗ്നിയിൽ പറയുന്നു. എല്ലാ രോഗം കാരണമായും, പല്ലിനോ , കൈവിരലിനോ വേദനയുണ്ടായാൽ പോലും നോമ്പുപേക്ഷിക്കൽ അനുവദനീയമാണെന്ന് മുൻഗാമികളിൽ ചിലർ പറഞ്ഞതായി റിപ്പോർട്ടുണ്ട്. തൽസംബന്ധമായ ഖുർആൻ വചനത്തിന്റെ വ്യാപ്തിയാണവർക്ക് തെളിവ്. യാത്രക്കാരനാണെങ്കിൽ അയാൾ ക്കാവശ്യമില്ലെങ്കിലും നോമ്പുപേക്ഷിക്കാമല്ലോ. അപ്രകാരം തന്നെയാണ് രോഗിയും എന്നൊരു ന്യായവും കൂടി അവർ തെളിവായി ഉദ്ധരിക്കുന്നു. ബുഖാരി,അത്വാഅ് , ളാഹിരികൾ എന്നിവരുടെ അഭിപ്രായം ഇതത്രെ .
വ്രതാനുഷ്ഠാനം കൊണ്ട് രോഗം വരുമെന്ന് ന്യായമായി ആശങ്കിക്കുന്ന ആരോഗ്യവാന്നും രോഗിക്കന്ന പോലെ വ്രതമുപേക്ഷിക്കാവുന്നതാണ്. അപ്രകാരം തന്നെ ആരോഗ്യവാനും സ്ഥിരവാസിയുമാണെങ്കിലും കഠിനമായ വിശപ്പും ദാഹവും പിടിപെട്ടത്. കാരണം ഒരാൾ ജീവനാശം ഭയപ്പെടുന്നപക്ഷം അയാൾ നോമ്പ് ഉപേക്ഷിക്കുകയും പിന്നീടൊരിക്കൽ അത് അനുഷ്ഠിക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്.
അല്ലാഹു പറയുന്നു. ولا تقتلوا الفسكم إن الله كان بكم رحيما (النساء ٢٩) (നിങ്ങൾ നിങ്ങളെത്തന്നെ കൊന്നുകളയരുത്. അല്ലാഹു നിങ്ങളോട് കൃപയുള്ളവനത്രെ ).
വേറൊരിടത്ത് അവൻ പറയുന്നു. وما جعل عليكم في الدين من خرج (മതത്തിൽ അവൻ നിങ്ങൾക്ക് ഒരു ക്ലേശവും ഉണ്ടാക്കിവെച്ചിട്ടില്ല.)
എന്നാൽ രോഗിയായ ഒരാൾ നോമ്പനുഷ്ഠിക്കുകയും ക്ലേശം സഹിക്കുകയും ചെയ്യുന്നപക്ഷം അയാളുടെ നോമ്പ് സാധുവാകും. പക്ഷേ, അല്ലാഹുവിന് ഇഷ്ടകരമായ വിട്ടുവീഴ്ച അവഗണിച്ചുകൊണ്ട് സ്വയം വിഷമിക്കുന്നതിനാൽ പ്രസ്തുത നോമ്പ് കറാഹത്താണെന്നു മാത്രം.
റസൂലി(സ)ന്റെ ജീവിതകാലത്ത് സഹാബിമാരിൽ ചിലർ, തിരുമേനിയുടെ ഫത് വയുടെ അടിസ്ഥാനത്തിൽ രോഗികളായതോടൊപ്പം തന്നെ നോമ്പെടുക്കു കയും മറ്റു ചിലർ നോമ്പുപേക്ഷിക്കുകയും ചെയ്യാറുണ്ടായിരുന്നു.
ഒരിക്കൽ ഹംസത്തുൽ അസ്ലമി(റ) നബി(സ) തിരുമേനിയോട് ചോദിച്ചു: “അല്ലാഹുവിന്റെ തിരുദൂതരേ, എനിക്ക് യാത്രയിൽ നോമ്പനുഷ്ഠിക്കാൻ ശക്തി യുണ്ടെന്നാണ് തോന്നുന്നത്. അതിൽ വല്ല കുറ്റവു മുണ്ടോ?’ തിരുമേനി പറഞ്ഞു: “അത് യാത്രയിൽ നോമ്പുപേക്ഷിക്കാമെന്നത് അല്ലാഹുവിങ്കൽ നിന്നുള്ള ഒരിളവാണ്. ആരെങ്കിലും അത് സ്വീകരിക്കുന്നുവെങ്കിൽ അത്രയും നല്ലത്. ആരെങ്കിലും നോമ്പനുഷ്ഠി ക്കാനിഷ്ടപ്പെടുന്നുവെങ്കിൽ അവന് കുറ്റവുമില്ല. (മുസ്ലിം)
അബൂസഈദിൽ ഖുദ്രി(റ) പ്രസ്താവിക്കുന്നു. “ഞങ്ങൾ റസൂൽ(സ) തിരുമേനിയുടെ കൂടെ മക്കയിലേക്ക് യാത്ര പുറപ്പെട്ടു. ഞങ്ങളെല്ലാം നോമ്പുകാരായിരുന്നു. അങ്ങനെ ഞങ്ങളൊരു താവളത്തിൽ ഇറങ്ങിയപ്പോൾ തിരുമേനി പറഞ്ഞു: ‘നിങ്ങൾ ശത്രുക്കളുടെ അടുത്തെത്തിയിരിക്കുന്നു. വ്രതം ഉപേക്ഷിക്കുന്നത് നിങ്ങൾക്ക് കൂടുതൽ ശക്തി നൽകുന്നതായിരിക്കും. ഇതൊരു ഇളവായിരുന്നു. അങ്ങനെ ഞങ്ങളിൽ ചിലർ നോമ്പെടുക്കുകയും ചിലർ നോമ്പുപേക്ഷിക്കുകയും ചെയ്തു. പിന്നീട് ഞങ്ങൾ മറ്റൊരു താവളത്തിലെത്തിയപ്പോൾ അവിടന്ന് പറഞ്ഞു: “നിങ്ങൾ അടുത്ത പ്രഭാതത്തിൽ ശത്രുവിനെ നേരിടാൻ പോവുകയാണ്. നോമ്പുപേക്ഷിക്കുകയാണെങ്കിൽ അത് നിങ്ങൾക്ക് കൂടുതൽ ശക്തി നൽകുന്നതാണ്. അതുകൊണ്ട് നിങ്ങൾ നോമ്പുപേക്ഷിക്കുക. ഇതൊരു കല്പനയായിരുന്നു. അതിനാൽ ഞങ്ങൾ നോമ്പു മുറിച്ചു. അതിനുശേഷം റസൂലിന്റെ കൂടെത്തന്നെ യാത്രയിൽ ജനങ്ങൾ വ്രതമനുഷ്ഠിക്കുന്നതായും ഞാൻ കണ്ടിട്ടുണ്ട്.'(അഹ്മദ്, മുസ്ലിം, അബൂദാവൂദ്)
അബൂ സഈദിൽ ഖുദ്രി(റ) തന്നെ പ്രസ്താവിക്കുന്നു: “ഞങ്ങൾ റമദാനിൽ റസൂലി(സ)ന്റെ കൂടെ യുദ്ധത്തിന് പോവാറുണ്ട്. ഞങ്ങളിൽ വ്രതമെടുക്കുന്നവരും വ്രതമെടുക്കാത്തവരുമുണ്ടായിരുന്നു. എന്നാൽ വ്രതമെടുക്കാത്തവർ എടുത്തവരെയോ എടുത്തവർ എടുക്കാത്തവരെയോ ആക്ഷേപിച്ചിരുന്നില്ല. ശക്തിയുണ്ടെന്ന് സ്വയം തോന്നുന്നവർ നോമ്പെടുക്കുന്നപക്ഷം അത് നല്ലതുതന്നെ, ദൗർബല്യം അനുഭവപ്പെടുന്നവർ നോമ്പുപേക്ഷിക്കുന്നപക്ഷം അതും നല്ലത് തന്നെ എന്നായിരുന്നു അവരുടെ നിലപാട് ‘(അഹ്മദ്, മുസ്ലിം)
എന്നാൽ ഇതിൽ ഏതാണ് മൊത്തത്തിൽ ഉത്തമമെന്നതിൽ കർമശാസ്ത്ര പണ്ഡിതന്മാർക്കിടയിൽ അഭിപ്രായാന്തരമുണ്ട്. അബൂഹനീഫ, ശാഫിഈ, മാലിക് എന്നിവരുടെ അഭിപ്രായത്തിൽ, നോമ്പെടുക്കാൻ സാധിക്കുന്നവർക്ക് നോമ്പെടുക്കലും അതിനു സാധി ക്കാത്തവർക്ക് അതുപേക്ഷിക്കലുമാണുത്തമം. എന്നാൽ നോമ്പെടുക്കാതിരിക്കുകയാണുത്തമമെന്ന് ഇമാം അഹ്മദ് അഭിപ്രായപ്പെടുന്നത്.
ഉമറുബ്നു അബ്ദിൽ അസീസ് പറയുന്നത്. രണ്ടിൽ ഏതാണ് കൂടുതൽ സൗകര്യമെങ്കിൽ അതാണുത്തമം എന്നത്. അതിനാൽ തൽക്കാലം നോമ്പനുഷ്ഠിക്കാൻ സൗകര്യം തോന്നുകയും പിന്നീട് നോമ്പനുഷ്ഠിക്കാൻ വിഷമമാവുകയും ചെയ്യുന്ന ആളെ സംബന്ധിച്ചേടത്തോളം വ്രതമനുഷ്ഠിക്കലാണ് ഉത്തമമെന്നർഥം.
ശൗക്കാനി ഈ വിഷയം സൂക്ഷ്മമായി പഠിച്ച ശേഷം എത്തിച്ചേർന്ന നിഗമനം ഇപ്രകാരമാണ് വ്രതം വിഷമമാവുകയും ഉപദ്രവം വരുത്തുകയും ചെയ്യുന്ന വരെയും ശരീഅത്തിലെ ഇളവ് സ്വീകരിക്കാൻ വിമുഖത കാണിക്കുന്നവരെയും സംബന്ധിച്ചേടത്തോളം വ്രതം ഉപേക്ഷിക്കലാണുത്തമം. അപ്രകാരം തന്നെ യാത്രയിൽ നോമ്പെടുക്കുന്നപക്ഷം പൊങ്ങച്ചവും പ്രകടനവാഞ്ഛയും തന്നെ പിടികൂടുമെന്നാശങ്കയുള്ളവരും നോമ്പുപേക്ഷിക്കുന്നതാണുത്തമം. ഇതൊന്നുമില്ലാത്ത പക്ഷം വ്രതാനുഷ്ഠാനം തന്നെയാണ് അതുപേക്ഷിക്കുന്നതിനെക്കാൾ പുണ്യകരം.
യാത്രക്കാരൻ രാത്രിയിൽ നോമ്പെടുക്കാൻ കരു തുകയും നോമ്പിൽ പ്രവേശിക്കുകയും ചെയ്തശേഷ വും വേണമെങ്കിൽ പകൽ സമയത്ത് അയാൾക്ക് നോമ്പ് മുറിക്കാവുന്നതാണ്.
ജാബിറുബ്നു അബ്ദില്ല(റ) പ്രസ്താവിക്കുന്നു. “മക്കാവിജയത്തിന്റെ വർഷത്തിൽ റസൂൽ(സ) മക്കയിലേക്കു പുറപ്പെട്ടു. അങ്ങനെ കുറാഉൽഗമിം (അസാന്റെ മുമ്പിലുള്ള ഒരു താഴ്വര)എന്ന സ്ഥലത്തെത്തുവോളം തിരുമേനി നോമ്പെടുത്തു. അങ്ങനെയിരിക്കെ ജനങ്ങൾക്ക് നോമ്പ് വളരെ ക്ലേശകരമായിരിക്കുന്നുവെന്നും അവിടന്ന് എന്താണ് ചെയ്യുന്നതെന്ന് അവർ നോക്കിക്കൊണ്ടിരിക്കുകയാണെന്നും ആരോ തിരുമേനിയോട് പറഞ്ഞു. അപ്പോൾ അവിടന്ന് ഒരു കോപ്പ വെള്ളം കൊണ്ടുവരാൻ പറഞ്ഞു. എന്നിട്ട്, അസറിന് ശേഷം, ജനങ്ങളെല്ലാം കാണുന്നവിധം അവിടന്നത് കുടിച്ചു. അനന്തരം ചിലർ നോമ്പു മുറിക്കുകയും ചിലർ നോമ്പ് തുടരുകയും ചെയ്തു. ചിലർ നോമ്പെടുത്ത വിവരം തിരുമേനി അറിഞ്ഞപ്പോൾ അവിടന്ന് പറഞ്ഞു: “അവരാണ് ധിക്കാരം പ്രവർത്തിച്ചവർ.( നിർദേശമുണ്ടായിട്ടും ഇവ സ്വീകരിക്കാത്തവരെന്നർഥം ) (മുസ്ലിം, നസാഇ, തിർമിദി) തിർമിദി ഇത് സ്വഹീഹാണെന്നും പറഞ്ഞിട്ടുണ്ട്.
എന്നാൽ സ്ഥിരവാസിയായ ഒരാൾ നോമ്പെടുക്കാൻ കരുതിയശേഷം പകൽസമയത്ത് യാത്ര പുറപ്പെടുന്നപക്ഷം അയാൾ നോമ്പു മുറിക്കാൻ പാടില്ലെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത് . പക്ഷേ, അനുവദനീയമാണെന്ന് അഹ്മദും ഇസ്ഹാഖും അഭിപ്രായപ്പെടുന്നത്. മുഹമ്മദുബ്നു കഅ്ബിൽ നിന്ന് തിർമിദി ഉദ്ധരിച്ച ഹദീസാനവർക്ക് തെളിവ്. അദ്ദേഹം പറയുന്നു: “ഞാൻ ഒരു റമദാനിൽ അനസുബ്നു മാലിക്കിന്റെ അടുത്തു ചെന്നു. അപ്പോൾ അദ്ദേഹം ഒരു യാത്രക്കൊരുങ്ങുകയാ യിരുന്നു. അദ്ദേഹത്തിനുവേണ്ടി വാഹനം ഒരുക്കി നിർത്തുകയും അദ്ദേഹം യാത്രാവസ്ത്രം മാറ്റുകയും ചെയ്തിരുന്നു. അനന്തരം അദ്ദേഹം ആഹാരം കൊണ്ടുവരാൻ പറഞ്ഞു. അത് കഴിക്കുകയും ചെയ്തു അപ്പോൾ“ ഇത് നബിചര്യയാണോ“ എന്ന് ഞാൻ അന്വേഷിച്ചു.“ അതെ, നബിചര്യതന്നെ“ എന്നു പറഞ്ഞ ശേഷം അദ്ദേഹം വാഹനത്തിൽ കയറി.“
ഉബൈദുബ്നു ജുബൈർ പ്രസ്താവിക്കുന്നു. “ഞാൻ അബൂബുസ്റത്തുൽ ഗിഫാരിയോടൊപ്പം റമദാനിൽ ഈജിപ്തിൽ നിന്നു ഒരു കപ്പലിൽ പുറപ്പെട്ടു. യാത്ര ആരംഭിച്ചപ്പോൾ അദ്ദേഹം ഭക്ഷണം അടുത്തേക്കുവച്ചുകൊണ്ട് എന്നോട് പറഞ്ഞു. ‘ അടുത്ത് വരിക’ ‘ താങ്കൾ വീടുകൾക്കിടയിലല്ലേ? ‘ എന്നു ഞാൻ ചോദി ച്ചപ്പോൾ ‘ നിങ്ങൾ റസൂലിന്റെ സുന്നത്തിനെ അവഗണിക്കുകയാണോ’ എന്നായിരുന്നു അബൂബുസയുടെ മറുപടി.” (അഹ്മദ്, അബൂദാവൂദ്) ഇതിന്റെ നിവേദകർ വിശ്വാസയോഗ്യരത്രേ.
ശൗക്കാനി പറയുന്നു: “യാത്രക്കാരൻ പുറപ്പെടാനുദ്ദേശിക്കുന്ന സ്ഥലം വിടുന്നതിനു മുമ്പുതന്നെ അയാൾക്ക് നോമ്പ് മുറിക്കാമെന്നതിന് ഈ രണ്ടു ഹദീസുകളും തെളിവത്രേ.“
അനസിന്റെ ഹദീസ് സ്വഹീഹാണെന്നും യാത്രക്കൊരുങ്ങുമ്പോൾ തന്നെ നോമ്പു മുറിക്കാമെന്നാണത് കുറിക്കുന്നതെന്നും ഇബ്നുൽ അറബി പറഞ്ഞിട്ടുണ്ടെന്നും അതുതന്നെയാണ് സത്യമെന്നും ശൗക്കാനി തുടർന്ന് പറയുന്നു.
നോമ്പുപേക്ഷിക്കൽ അനുവദനീയമായ യാത്ര നമസ്കാരം ഖസ്റാക്കാവുന്ന യാത്ര തന്നെയാണ്. അപ്രകാരം തന്നെ യാത്രക്കാരൻ ഒരിടത്ത് എത്രകാലം താമസിച്ചാൽ അയാൾക്ക് നമസ്കാരം ഖസ്റാക്കാമോ അപ്പോഴെല്ലാം അയാൾക്ക് നോമ്പുപേക്ഷിക്കുകയും ചെയ്യാം. അത് സംബന്ധമായി പണ്ഡിതന്മാരുടെ വിവിധ അഭിപ്രായങ്ങളും ഇബ്നുൽ ഖയ്യിമിന്റെ സൂക്ഷ്മ പഠനവും അതിനെക്കുറിച്ചുള്ള വിവരണവും, നമസ്കാരത്തിന്റെ ഖസറിനെക്കുറിച്ചുള്ള പ്രതിപാദനത്തിൽ മുമ്പ് വന്നിട്ടുണ്ട്.
മൻസൂറുൽ കൽബി പറഞ്ഞതായി അഹ്മദ്, അബൂദാവൂദ്, ബൈഹഖി, ത്വഹാവി എന്നിവർ ഉദ്ധരി ക്കുന്നു. ദിഹ്യതുബ്നു ഖലീഫ ഒരിക്കൽ റമദാനിൽ ഡമാസ്കസിലെ ഒരു ഗ്രാമത്തിൽ നിന്ന് പുറപ്പെട്ട് ഉദ്ദേശം ഫുസ്ത്വായിൽനിന്ന് അഖബ വരെയുള്ള ദൂരം ( പ്രസ്തുത ദൂരം ഒരു ഫർസഖ് ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ) യാത്ര ചെയ്തു. നോമ്പ് മുറിച്ചു അദ്ദേഹത്തിന്റെ കൂടെ കുറേ ജനങ്ങളും നോമ്പു മുറിച്ചു. മറ്റു ചിലർ നോമ്പു മുറിക്കാനിഷ്ടപ്പെട്ടില്ല. അനന്തരം തന്റെ ഗ്രാമത്തിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു. “അല്ലാഹുവാണ്, ഞാൻ കാണുമെന്ന് ഊഹികപോലും ചെയ്യാത്ത ഒരു കാര്യം ഞാനിന്നു കണ്ടു. കുറേ ആൾക്കാർ നബിതിരുമേനിയുടെയും സഹാബി മാരുടെയും ചര്യ അവഗണിച്ചിരിക്കുന്നു. നോമ്പെടുക്കുവരെക്കുറിച്ചാണ് അദ്ദേഹം അത് പറഞ്ഞത്. പിന്നെ അദ്ദേഹം, ‘ അല്ലാഹുവേ, എന്നെ നിങ്കലേക്ക് തിരിച്ചു വിളിക്കേണമേ’ എന്നു പ്രാർഥിക്കുകയുണ്ടായി.
മൻസൂറുൽ കൽബിയൊഴിച്ചു. ഈ ഹദീസിന്റെ റിപ്പോർട്ടർമാരെല്ലാം വിശ്വാസയോഗ്യരാണ് അദ്ദേഹം വിശ്വാസയോഗ്യനാണെന്ന് ഇജ്ലി പ്രസ്താവിച്ചിട്ടുണ്ട്.
നോറ്റുവീട്ടൽ നിർബന്ധമായവർ
ഋതുമതിയും പ്രസവരക്തക്കാരിയും നോമ്പുപേക്ഷിക്കൽ നിർബന്ധമാണെന്നും അവർ നോമ്പെടുക്കുന്നത് ഹറാമാണെന്നുമുള്ള കാര്യത്തിൽ കർമശാസ്ത്ര പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. അവർ നോമ്പു നോൽക്കുന്ന പക്ഷം അത് സാധുവാകയില്ല. നിഷ്ഫലമാണത്. തങ്ങൾക്ക് നഷ്ടപ്പെട്ടതവർ പിന്നീട് നിർവഹിക്കുകയും വേണം.
ആഇശ(റ) ഇങ്ങനെ പറഞ്ഞതായി ബുഖാരിയും മുസ്ലിമും നിവേദനം ചെയ്യുന്നു: ‘റസൂലി(സ)ന്റെ കാലത്ത് ഞങ്ങൾ ഋതുമതികളാവാറുണ്ടായിരുന്നു. അപ്പോൾ നോമ്പ് ഖദാ വീട്ടാൻ ഞങ്ങളോടാജ്ഞാപിക്കുമായിരുന്നു. നമസ്കാരം ഖദാ വീട്ടാൻ ഞങ്ങളോട് കല്പിക്കാറുണ്ടായിരുന്നില്ല.